Image

സാമൂഹ്യനീതിയില്‍ സ്ത്രീ സുരക്ഷ- (ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 01 December, 2018
സാമൂഹ്യനീതിയില്‍ സ്ത്രീ സുരക്ഷ- (ഡോ.നന്ദകുമാര്‍ ചാണയില്‍)
മനുസ്മൃതികളുടെ ആചാര്യന്‍ പണ്ടു പണ്ടേ പറഞ്ഞുവെച്ച ഒരു പ്രമാണമുണ്ട്. 'മാതാ രക്ഷതി ബാല്യേ, പിതാ രക്ഷതി കൗമാരേ, ഭര്‍ത്താ രക്ഷതി യൗവ്വനേ, പുത്രോ രക്ഷതി വാര്‍ദ്ധക്യേ, ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'; എന്നാല്‍ ഈ വചനങ്ങളിലെ അവസാന പാദം പലരും ശരിയായി ധരിക്കാത്തതുകൊണ്ടോ, അല്ല; അറിവില്ലായ്മകൊണ്ടോ തെറ്റായി വ്യാഖ്യാനിച്ചും ആസ്ഥാനത്ത് ഉദ്ധരിച്ചുകൊണ്ടുമാണ് കണ്ടുവരാറ്. സമൂഹത്തില്‍ സ്ത്രീയ്ക്കുള്ള പദവിയും പങ്കും പരിഗണിച്ച്, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുടുംബത്തിന്റെ മര്‍മ്മം ഒരു സ്ത്രീ ആകയാല്‍, അവരുടെ നിലനില്‍പും ഭദ്രതയും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ പൊതുധര്‍മ്മമായിത്തീര്‍ന്നു. അതുകൊണ്ടാണ് ശൈശവകാലത്ത് അമ്മയും, കൗമാരപ്രായത്തില്‍ പിതാവും യൗവ്വനത്തില്‍ ഭര്‍ത്താവും, വാര്‍ദ്ധക്യത്തില്‍ പുത്രനും സുരക്ഷയ്ക്കായി സ്വമേധയാ സ്ത്രീസുരക്ഷക്കായി ഈ ചുമതല ഏറ്റെടുത്തിരുന്നത്. അങ്ങിനെയുള്ള ഒരു സുരക്ഷാവലയത്തെ അസ്വാതന്ത്ര്യമായി തെറ്റായി ധരിച്ച് വ്യാഖ്യാനിക്കുന്നതുകൊണ്ടാണ് ഒരു സ്ത്രീയും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന് ചിലരെങ്കിലും ഘോഷിക്കാന്‍ ഹേതുവായതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. സ്ത്രീസുരക്ഷ സാമൂഹ്യനീതിയില്‍ അനുശാസിക്കുന്നുണ്ടെങ്കിലും, പ്രാവര്‍ത്തികമാക്കുന്നതില്‍ മറ്റു എല്ലാ മനുഷ്യവ്യാപരങ്ങളിലുമെന്നപോലെ ഇവിടെയും ലംഘിക്കപ്പെടുന്നതുകാണാം.

അണ്ഡത്തിന്റെയും, ഗര്‍ഭകോശത്തിന്റെയും, ഗര്‍ഭപാത്രത്തിന്റെയും, ശിശുവിന്റെ വളര്‍ച്ചക്കും നിലനില്‍പിനും ഉടമസ്ഥാവകാശം ഉടയോന്‍ സ്ത്രീക്കു മാത്രമായി കനിഞ്ഞനുഗ്രഹിക്കകൊണ്ട് സ്ത്രീസുരക്ഷഭദ്രമാക്കേണ്ടത് സമൂഹത്തിന്റെ ധര്‍മ്മവും ചുമതലയുമായി. അങ്ങിനെ സമൂഹനിലനില്പിന്റെ ആധാരകേന്ദ്രത്തെ ആദരപൂര്‍വ്വം സമാനഭാവനയോടെ നോക്കിക്കാണാന്‍ വിവേകമുള്ളവര്‍ക്കേ സാധിക്കൂ. സദാചാര വിഹീനത, അദമ്യമായ കാമാസക്തി, സ്വാര്‍ത്ഥത, അന്തസ്സാരവിഹീനത, പേശിബലത്തിന്റെ അഹങ്കാരം എന്നിവയാല്‍ തിമിരം ബാധിച്ച വിടന്മാര്‍ക്കു മാത്രമേ സ്ത്രീയെ കാമകേളിക്കുള്ള സാമഗ്രിയായി കാണാന്‍ സാധിക്കൂ. അതുകൊണ്ടാണല്ലോ അക്രമാസക്തപ്രവണതകളും ബലാല്‍സംഗങ്ങളും സമൂഹത്തില്‍ നടമാടുന്നത്. സ്ത്രീയുടെ പവിത്രതയും സുരക്ഷയും സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. സ്ത്രീയുടെ സ്വത്വത്തേയും ത്യാഗത്തേയും നിഷ്‌ക്കരുണം മറന്ന് ഒരു മേധാവിത്വം അടിച്ചേല്‍പിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? വാസ്തവത്തില്‍ സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെന്ന് യാഥാര്‍ത്ഥ്യം പലപ്പോഴും വിസ്തരിക്കപ്പെടുന്നു.

ജീവശാസ്ത്രപരവും ശാരീരികവുമായ ഘടകങ്ങളുടെ മറവില്‍ സ്ത്രീകളെ ഇകഴ്ത്തിക്കാട്ടുന്നതിനും അടിച്ചമര്‍ത്തുന്നതിനും നിയമപരിരക്ഷ എല്ലായ്‌പോഴും ലഭ്യമായിക്കൊള്ളണമെന്നില്ല. ജീവശാസ്ത്രപരമായ സവിശേഷതകള്‍ കാരണം സ്ത്രീകളെ അകറ്റി നിര്‍ത്തുന്നതോ വിവേചനം കാട്ടുന്നതോ ആയ ഏതു ആചാരവും യുക്തിഹീനവും അടിസ്ഥാനരഹിതവുമാണ്. മാനവചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത് മര്‍ദ്ദിതരും അടിച്ചമര്‍ത്തപ്പെട്ടവരും ഒരുനാള്‍(ഇന്നല്ലെങ്കില്‍ നാളെ) അടിമത്തത്തില്‍ നിന്നും മോചിപ്പിക്കപ്പെടുമെന്നുള്ള വസ്തുതയാണ്. സാമൂഹ്യം, രാഷ്ട്രീയം, സാമ്പത്തികം, കായികം എന്നീ മേഖലകളില്‍ പുരുഷാധിപത്യത്താല്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ കാലാകാലങ്ങളിലായി വിമോചനത്തിനായി ക്ലേശിക്കുന്നതും നാം കാണുന്നുണ്ടല്ലോ. പ്രസ്തുത മേഖലകളിലും വിശിഷ്യ മാനസികമായും സ്ത്രീസുരക്ഷ ലഭ്യമാകാത്തിടത്തോളംകാലം സമൂഹത്തില്‍ സ്ത്രീ ചൂഷണം തുടരുകയേ ഉള്ളൂ. അതാതു ഭരണകൂടങ്ങള്‍ക്ക് നിയമസുരക്ഷ വാഗ്ദാനം ചെയ്യാമെങ്കിലും അത് പ്രാവര്‍ത്തികമാക്കേണ്ടത്  പൊതുജനങ്ങളുടെ കടമയാണ്. സ്ത്രീസുരക്ഷക്കായി സ്ത്രീകള്‍തന്നെ സ്വയം സുസജ്ജരാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം തന്നെ അബലയെന്ന തെറ്റായ പദപ്രയോഗം സബല എന്നാക്കി തിരുത്തേണ്ട ചുമതലയുമുണ്ട്. വംശവര്‍ദ്ധനപ്രക്രിയയില്‍ സുപ്രധാനപങ്കും വഹിക്കുന്നത് മഹിളകളാണല്ലോ. പരമ്പരാഗതമായി തുടര്‍ന്നു വരുന്ന പുരുഷമേധാവിത്വത്തില്‍ നിന്നും മോചനം നേടുന്നതില്‍ ചില സ്ത്രീകളെങ്കിലും വൈമുഖ്യം കാണിച്ചാലും പൊതുവേ, പാരതന്ത്ര്യത്തില്‍ നിന്നും മോചനം പ്രാപിക്കാനും തുല്യത നേടാനുമുള്ള വാഞ്ച സജീവമാണെന്നത് ശുഭോര്‍ക്കം തന്നെ.

(സര്‍ഗ്ഗവേദിയില്‍ അവതരിപ്പിച്ചത്)

സാമൂഹ്യനീതിയില്‍ സ്ത്രീ സുരക്ഷ- (ഡോ.നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക