Image

ജോസഫിനെ പ്രശംസിച്ച്‌ ജസ്റ്റിസ്‌ കെമാല്‍ പാഷ

Published on 02 December, 2018
 ജോസഫിനെ പ്രശംസിച്ച്‌ ജസ്റ്റിസ്‌ കെമാല്‍ പാഷ

പദ്‌മകുമാര്‍-ജോജു ജോര്‍ജ്‌ കൂട്ടുകെട്ടിലൊരുങ്ങിയ ജോസഫ്‌ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്‌. മലയാളത്തിലെ ക്ലാസ്സിക്ക്‌ കുറ്റാന്വേഷണ സിനിമകളുടെ പട്ടികയിലേക്ക്‌ ജോസഫിനെയും കൂടി ചേര്‍ത്ത്‌ വെക്കാമെന്നാണ്‌ നിരൂപകര്‍ അഭിപ്രായപ്പെടുന്നത്‌.

സിനിമ മേഖലയില്‍ നിന്നും മറ്റും ചിത്രത്തെ പ്രശംസിച്ച്‌ നിരവധി പേരാണ്‌ രംഗത്തെത്തിയത്‌. ഇപ്പോഴിതാ ചിത്രത്തെ പ്രകീര്‍ത്തിച്ച്‌ രംഗത്ത്‌ വന്നിരിക്കുകയാണ്‌ ഹൈക്കോടതി മുന്‍ ജസ്റ്റിസ്‌ കെമാല്‍ പാഷ. പൊലീസ്‌ സേനയ്‌ക്ക്‌ അക്കാഡമിക്‌ ലെവലില്‍ പഠിക്കാവുന്ന ഒരു ചിത്രമാണ്‌ ജോസഫ്‌ എന്നാണ്‌ അദ്ദേഹം പറയുന്നത്‌.

`ഞാന്‍ ജോസഫ്‌ എന്ന ചിത്രം കണ്ടു. വളരെ നല്ല ഒരു ചിത്രമാണിത്‌. മികച്ചൊരു ക്രൈം ത്രില്ലര്‍ എന്നു തന്നെ പറയാം. ഏങ്ങനെയാണ്‌ ഒരു ക്രൈം അന്വേക്ഷിക്കേണ്ടതെന്ന്‌ വരച്ച്‌ കാണിക്കുന്ന ഒരു ചിത്രം. ഒരു ഷെര്‍ലോക്‌ ഹോംസ്‌ ചിത്രം പോലെ ഇതില്‍ നിരീക്ഷണവും കുറ്റാന്വേഷണവും അവതരിപ്പിച്ചിട്ടുണ്ട്‌.

ഇത്‌ പൊലീസ്‌ സേനയ്‌ക്ക്‌ അക്കാഡമിക്‌ ലെവലില്‍ പഠിക്കാവുന്ന ഒരു ചിത്രമാണിത്‌. അത്രമാത്രം കഷ്ടപ്പാടിലൂടെയാണ്‌ ഇതിലെ കഥാപാത്രം കേസ്‌ തെളിയിക്കുന്നത്‌' ജസ്റ്റിസ്‌ കെമാല്‍ പാഷ പറഞ്ഞു.

ചിത്രത്തിന്റെ മികച്ച നിലവാരത്തെ പ്രശംസിച്ച അദ്ദേഹം എം പദ്‌മകുമാര്‍ എന്ന സംവിധായകന്‍ വളരെ മനോഹരമായി തന്നെ ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്‌ എന്നും അഭിപ്രായപ്പെട്ടു. ജോസഫ്‌ എന്ന വിരമിച്ച പൊലീസ്‌ ഉദ്യോഗസ്ഥനായായാണ്‌ ചിത്രത്തില്‍ ജോജു എത്തുന്നത്‌. `മാന്‍ വിത്‌ സ്‌കാര്‍' എന്ന ടാഗ്‌ ലൈനില്‍ ഒരുങ്ങിയ സിനിമ വ്യത്യസ്‌തമായൊരു കുറ്റാന്വേഷണ കഥയാണ്‌ പറയുന്നത്‌.

സൗബിന്‍ ഷാഹിര്‍, സുധി കോപ്പ , ദിലീഷ്‌ പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു,ജാഫര്‍ ഇടുക്കി, ജെയിംസ്‌ എലിയാ, ഇര്‍ഷാദ്‌, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലണിനിരക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക