Image

ബുഷിന്റെ സംസ്‌കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍; ഇന്നും നാളെയും ക്യാപ്പിറ്റോളില്‍ പൊതുദര്‍ശനം

Published on 03 December, 2018
ബുഷിന്റെ സംസ്‌കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍; ഇന്നും നാളെയും ക്യാപ്പിറ്റോളില്‍ പൊതുദര്‍ശനം
വാഷിങ്ടന്‍:  അന്തരിച്ച യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്‌ള്യു. ബുഷിന്റെ മൃതദേഹം ഇന്നു വൈകിട്ട് 7.30 മുതല്‍ മുതല്‍ ബുധനാഴ്ച രാവിലെ 7 വരെ യുഎസ് ക്യാപ്പിറ്റോളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര കര്‍മങ്ങള്‍ ബുധനാഴ്ച രാവിലെ വാഷിങ്ടനിലെ നാഷനല്‍ കത്തീഡ്രലില്‍ നടത്തും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും പങ്കെടുക്കും.

ഹൂസ്റ്റനിലെ സെന്റ് മാര്‍ട്ടിന്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ എത്തിച്ചശേഷം വ്യാഴാഴ്ച രാവിലെ അന്തിമ സംസ്‌കാര കര്‍മം നടത്തും. ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയിലെ ജോര്‍ജ് എച്ച്. ഡബ്‌ള്യു. ബുഷ് പ്രസിഡന്‍ഷ്യല്‍ ലൈബ്രറിക്കു പിന്നില്‍ ബുഷ് കുടുംബത്തിന്റെ വക സ്ഥലത്താണ് മൃതദേഹം അടക്കം ചെയ്യുക. ബുഷിന്റെ ഭാര്യ ബാര്‍ബറ, മകള്‍ റോബിന്‍ എന്നിവരെ അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ്.

എയര്‍ ഫോഴ്‌സ് വണ്ണിലാണ് മൃതദേഹം അടങ്ങിയ പേടകം ഹൂസ്റ്റണില്‍ നിന്ന് വാഷിങ്ടനിലേക്കു കൊണ്ടുവരുന്നത്. അര്‍ജന്റീനയില്‍ ജി-20 ഉച്ചകോടിയുടെ സമാപനത്തോടനുബന്ധിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങിയ ട്രംപ്, മുന്‍പ്രസിഡന്റിനോടുള്ള ആദരസൂചകമായി തന്റെ ഔദ്യോഗിക വിമാനം ഇതിനായി വിട്ടുകൊടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക