Image

നിലപാട് വ്യക്തമാക്കി നടി മാലാ പാര്‍വതി

Published on 03 December, 2018
നിലപാട് വ്യക്തമാക്കി നടി മാലാ പാര്‍വതി
ദീപാ നിശാന്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി മാലാ പാര്‍വതി.

കുറപ്പേര് എന്നോടു ചോദിക്കുന്നു ദീപാ നിശാന്തിന്റെ വിഷയത്തില്‍ എന്താ ഒന്നും പറയാത്തത് എന്ന്? ഇടത് അനുഭാവി ആയതു കൊണ്ടുള്ള മൗനം ആണെന്ന് തോന്നുന്നു എന്നൊക്കെ.. പ്രിയപ്പെട്ടവരെ.. അല്ല. വീണു കിടക്കുന്നവരെ ചവിട്ടുക എന്നത് എനിക്ക് പറ്റാത്ത ഒരു പരിപാടിയാ. ചെയ്തതിലെ അബദ്ധവും തെറ്റും നമ്മളെ ഓരോരുത്തരെക്കാളും മനസ്സിലാക്കുന്നുണ്ടാവും ടീച്ചര്‍ക്ക്.

അതേപോലെ ആ കവിത ടീച്ചറിന്റെ പേരില്‍ വന്നപ്പോള്‍ കലേഷിന്റെ മനസികാവസ്ഥയും മനസ്സിലാക്കുന്നു. കലേഷിനോട് ആദരവ് മാത്രം. രണ്ടു പേര്‍ തമ്മിലുള്ള കാര്യമാണ്. സിനിമയില്‍ ഇതു നിറയെ കേള്‍ക്കാറുണ്ട്. കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്ന് ദ്യശ്യം എന്ന സിനിമയുടെ കഥയെ സംബന്ധിച്ച്, ഞാനും അഭിനയിച്ച കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥയെ സംബന്ധിച്ചെല്ലാം.

മൗലികമായ ഒരു കൃതിയെ അനുവാദം ഇല്ലാതെ തന്റേതാക്കുന്നത് തെറ്റാണ് എന്ന് അറിയാത്തവരല്ല ആരും. എങ്കിലും സംഭവിക്കുന്നുണ്ട്. തീരെ യോജിക്കുന്നില്ല. അതിനപ്പുറം, പരിഹസിച്ച് ഭ്രഷ്ഠ് കല്പിക്കുന്ന കലാരൂപത്തോട് യോജിക്കുന്നില്ല. വ്യക്തികളെ ആക്രമിക്കാന്‍ എനിക്ക് വ്യക്തിപരമായി സാധിക്കാറില്ല. ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ എന്നെ വല്ലാതെ വിഷമിപ്പിച്ച ഒന്നാണ്. കരുതിക്കൂട്ടി കൊന്നതൊന്നുമല്ല എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. പരിഹാസം പരിധി വിടുമ്പോള്‍, ആത്മാഭിമാനത്തോടെ ആരെയും ഫേസ് ചെയ്യാന്‍ വയ്യാത്തവന്റെ നിസ്സഹായവസ്ഥയാണ് എന്നെ കൂടുതല്‍ ബാധിക്കാറ്. അവരുടെ സ്വകാര്യമായ ആത്മഗതങ്ങളാണ് എന്നെ വേട്ടയാടാറ്.

ആരോപണം വരുമ്പോള്‍ത്‌ന്നെ ഭ്രഷ്ഠ് കല്പിക്കുന്ന അവസ്ഥ ദിലീപിന്റെ കാര്യത്തില്‍ കണ്ടു. ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. അത് മമത ഉള്ളതു കൊണ്ടല്ല. വീണു എന്നതാണ് ശിക്ഷ എന്നാണ് എന്റെ അഭിപ്രായം. ബാക്കി നിയമം തീരുമാനിക്കുന്നതും. ബസ്സ്റ്റാന്‍ഡില്‍ ഒക്കെ പോക്കറ്റ് അടിച്ച് പിടിച്ചു എന്നു പറയുന്നവരെ കാണുന്നവര്‍ കാണുന്നവര്‍ തല്ലും. തല്ലുന്നത് കണ്ടും തല്ലും, കാരണം പോലും ചോദിക്കാതെ. കേരളത്തില്‍ അങ്ങനെയും മരിച്ചിട്ടുണ്ട് ആള്‍ക്കാര്‍.

പിന്നീട് ആ മരിച്ച ആള്‍ അല്ല കുറ്റക്കാരന്‍ എന്നു തെളിഞ്ഞിട്ടുള്ള വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. അവരില്‍ മധുവിന്റെ മുഖം മാത്രമേ നമ്മള്‍ക്ക് അറിയു എന്നു മാത്രം. വീണു കിടക്കുന്നവരെ തല്ലാന്‍ ഞാനില്ല.

രാഷ്ട്രീയം പറയും . രാഷ്ട്രത്തെ മതങ്ങളുടെ പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരെ തീര്‍ച്ചയായും പറയും. ദൈവത്തെ വിറ്റ് വോട്ടാക്കുന്നവരെക്കുറിച്ച് പറയാവുന്നതൊക്കെ പറയും. ഫാസിസത്തിനെതിരെ പറഞ്ഞുകൊണ്ടേയിരിക്കും. അതുപോലെ ബലാത്സംഗങ്ങള്‍ക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും. അതിന്റെ പേരില്‍ എല്ലാ വിഷയങ്ങളിലും പറയണമെന്ന് നിര്‍ബന്ധം പിടിക്കരുത്. എല്ലാ മീടുവും സപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് സാധിക്കാറില്ല. സാധിച്ചിട്ടില്ല.

സമൂഹ മാധ്യമങ്ങളുടെ ശക്തി അപാരമാണ്. സ്മാര്‍ത്തവിചാരം പോലെയുള്ള വിചാരണകളില്‍ കുടുങ്ങുന്നത് കാണുമ്പോള്‍ പക്ഷേ ഭയവും ആകുലതയും തോന്നാറുണ്ട് അല്ല തോന്നുന്നുണ്ട്.കൂട്ടമായി കല്ലെറിയുന്നതിനോടൊപ്പം കൂടാന്‍ എന്നെ ദയവ് ചെയ്ത് നിര്‍ബന്ധിക്കരുത്.ഞാനില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക