Image

നിലയ്ക്കലിലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് നിരീക്ഷക സമിതി

അനില്‍ പെണ്ണുക്കര Published on 03 December, 2018
നിലയ്ക്കലിലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് നിരീക്ഷക സമിതി
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി. ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതിയാണ് നിലയ്ക്കലെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കല്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമിതി വിലയിരുത്തി.

ഉച്ചയോടെ എത്തിയ സമിതി നിലയ്ക്കല്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തി. പുതുതായി നിര്‍മ്മിച്ച വിരി വയ്ക്കാനുള്ള ഷെഡ്, നിലയ്ക്കലെ കുടിവെള്ള പ്ലാന്റ്, യു വി ആര്‍.ഒ പ്ലാന്റ്, കിയോസ്കുകള്‍, ശൗചാലയങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വിശ്രമസ്ഥലം, പൊലീസ് ബങ്കര്‍, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവ സന്ദര്‍ശിച്ചു. വൈകിട്ട് മൂന്ന് മണിയോടെ പമ്പയിലേക്ക് പരിശോധനയ്ക്കായി സമിതി തിരിച്ചു. സന്നിധാനത്ത് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ സമിതി ഇന്ന് (4) വിലയിരുത്തും. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, കെ.എസ്.ആര്‍.ടി.സി സി എം.ഡി ടോമിന്‍ തച്ചങ്കരി, ഇന്റലിജന്‍സ് ഐജി അശോക് യാദവ്, എ.ഡി.എം പി.ടി ഏബ്രഹാം, ശബരിമല എ.ഡി.എം വി.ആര്‍ പ്രേംകുമാര്‍, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.തുടര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയില്‍ ഏര്‍പ്പെത്തിയിട്ടുള്ള സൗകര്യങ്ങള്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി നേരിട്ട് വിലയിരുത്തി. ത്രിവേണി, ബസ്്സ്റ്റാന്റ്, പോലിസ്്‌സ്‌റ്റേഷന്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, പമ്പാനദീതീരം എന്നിവിടങ്ങളിലാണ് സമതി സന്ദര്‍ശനം നടത്തിയത്. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ഥാടകര്‍ക്കുവേണ്ടി ഒരു താല്‍ക്കാലിക കാത്തിരിപ്പുകേന്ദ്രം സജ്ജമാക്കാനും ടോയ്‌ലറ്റ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനും സമിതി നിര്‍ദേശിച്ചു. സമിതിയംഗങ്ങളായ ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് സിരിജഗന്‍, ഡി.ജി.പി. എ. ഹേമചന്ദ്രന്‍ എന്നിവരോടൊപ്പം കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോവിന്‍ എ. തച്ചങ്കരി, എ.ഡി.എം. വി.ആര്‍. പ്രേംകുമാര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.കെ. രമേഷ്കുമാര്‍, ദേവസ്വംബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍, വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിലയ്ക്കലിലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് നിരീക്ഷക സമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക