സഭയില്‍ നീതി ഉറപ്പാക്കണമെങ്കില്‍ സുതാര്യത വേണം; ജനാധിപത്യ ഭരണ സമ്പ്രദായം വരണം. പഴയ നസ്രാണികളുടെ ഇടയിലെ പള്ളിപൊതുയോഗ തീരുമാനപ്രകാരമുള്ള പള്ളിഭരണ സമ്പ്രദായമല്ലാതെ കത്തോലിക്കാ സഭയില്‍ ഇന്നുവരെ ജനാധിപത്യരീതിയിലുള്ള സഭാഭരണം നടന്നിട്ടില്ല. ഈ അടുത്ത കാലത്ത് നസ്രാണിസഭയിലും പൗരസ്ത്യ കാനോന്‍ നിയമത്തിലൂടെ ഹയരാര്‍ക്കിയല്‍ ഭരണം നടപ്പിലാക്കി. പൊതുയോഗത്തിനും പാരീഷ് കൗണ്‍സിലിനും വികാരിയെ ഉപദേശിക്കാനുള്ള അവകാശമേയുള്ളിപ്പോള്. 'ചര്‍ച്ച് ആക്ട്' നിയമമായാല്‍ ജനാധിപത്യപരമായ പള്ളിഭരണം നടപ്പില്‍വരും.
എല്ലാം ഞങ്ങള്‍, മെത്രാന്മാര് തീരുമാനിക്കും. മറ്റുള്ളവരെല്ലാം ഞങ്ങളെ അനുസരിച്ചാല്‍ മാത്രം മതി എന്ന മനോഭാവം അല്പം അതിരുകടന്നതല്ലേ? വിമത ശബ്ദങ്ങള്‍ കേഴ്പ്പിക്കുന്ന വൈദികരും കന്ന്യാസ്ത്രികളും അല്മായരുമെല്ലാം മെത്രാന്മാരുടെ നോട്ടത്തില്‍ സഭാശത്രുക്കളും സഭാവിരുദ്ധരും സഭയെ നശിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നവരുമാണ്. എന്നാല്‍ സഭാ നവീകരണക്കാര്‍ സഭാ സ്നേഹികളും സഭയില്‍ കാലോചിതമായ നല്ല മാറ്റങ്ങള്‍ ഉണ്ടാകാന്‍ പരിശ്രമിക്കുന്ന സഭാകൂട്ടായ്മയിലെ അംഗങ്ങളുമാണെന്ന് തിരിച്ചറിയാന്‍ മെത്രാന്മാര്ക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. തിന്മയുടെ ധിക്കാരത്തെ നേരിട്ട് അതിന്റെ സ്വതന്ത്ര വിഹാരത്തിനുമേല്‍ വട്ടോളിയച്ചനെ പോലുള്ളവര്‍ നേടുന്ന ത്യാഗത്തിന്റെയും സമരത്തിന്റെയും വിജയമായിരിക്കും നമ്മുടെയും വിജയം.
'ക്രൈസ്തവസഭകളും ജനാധിപത്യവും' എന്ന വിഷയത്തെ സംബന്ധിച്ച് വട്ടോളിയച്ചന്റെ അഭിപ്രായം എന്തെന്നറിയാനുള്ള നല്ലൊരവസരമാണ് കെ സി ആര് എം നോര്‍ത്ത് അമേരിക്ക സംഘടിപ്പിക്കുന്ന അടുത്ത ടെലികോണ്‍ഫെറന്‍സ്. നിങ്ങളെല്ലാവരെയും അതിലേക്കായി സ്നേഹപൂര്‍വം ക്ഷണിക്കുന്നു. ഡിസംബര്‍ 12, 2018 ബുധനാഴ്ച്ച (Time 9 pm EST) നടക്കാന്‍ പോകുന്ന ആ ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിക്കാനുള്ള നമ്പര്‍: 1-605-472-5785, ആക്സസ് കോഡ്: 959248#