Image

കിത്താബും കിത്താബിലെ കൂറയും (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ന്യൂജേഴ്‌സി)

Published on 04 December, 2018
കിത്താബും കിത്താബിലെ കൂറയും (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ന്യൂജേഴ്‌സി)
സീന്‍ 1 :ഞങ്ങളുടെ കോളേജ് വാട്‌സ്ആപ് ഗ്രൂപ്പില്‍, പഠനം കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞ ശേഷം ഞങ്ങളുമായി ബന്ധമൊന്നും ഇല്ലാതിരുന്ന ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തു. പഠിക്കുന്ന സമയത്ത് മറ്റു പെണ്‍കുട്ടികളെ പോലെ സല്‍വാര്‍ കമ്മീസും ഷാളും ഇട്ടു വന്നിരുന്ന അവള്‍ പക്ഷെ ഇപ്പോള്‍ ഒരു ഹിജാബ് കൂടി ധരിക്കുന്നുണ്ട്.

"അവള്‍ ഇപ്പോള്‍ ഒരു തനി മുസ്‌ലിയാര്‍ കുട്ടിയാണ്" ഇവളെ ഗ്രൂപ്പില്‍ ചേര്‍ത്ത പെണ്‍കുട്ടി പറഞ്ഞു

"ഓ താലിബാന്‍ ആണല്ലേ" ഗ്രൂപ്പിലെ ഒരു ആണ്‍കുട്ടിയുടെ കമന്റ് ഉടനെ വന്നു...

ഒരു മുസ്ലിം പെണ്‍കുട്ടിയെ തട്ടം ഇട്ട് കണ്ട ഉടനെ ലോകം കണ്ട ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ഒരു സംഘടനയുമായി ബന്ധപ്പെടുത്തിയതിന്റെ പ്രധാന കാരണം നമ്മുടെ സിനിമകളും പുസ്തകങ്ങളും പത്ര മാധ്യമങ്ങളും നിര്‍മിച്ചു വച്ച ചില വാര്‍പ്പ് മാതൃകകളുടെ ഫലമാണ്. പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴം പോലെയുള്ള സിനിമകള്‍ ചെയ്തു വച്ച ദ്രോഹം ചെറുതല്ല. മലപ്പുറത്ത് എന്‍ട്രന്‍സിന് മുസ്ലിങ്ങള്‍ക്ക് റാങ്ക് കിട്ടിയപ്പോള്‍ 2005 ല്‍ അച്യുതാന്ദന്‍ നടത്തിയ വിവാദ പ്രസ്താവനയും മുസ്ലിങ്ങളെ കുറിച്ചുള്ള ഇതേ മുന്‍ധാരണകള്‍ രാഷ്ട്രീയ നേതൃത്വങ്ങളില്‍ പോലും എത്ര ആഴത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന എന്ന് വെളിവാക്കിയ സംഭവം ആയിരുന്നു.

സീന്‍ 2 :

എന്റെ ജീവന്‍ തന്നെ ഒരു നാടകത്തിന് കടപ്പെട്ടിരിക്കുന്നു. ഞാന്‍ ഉപ്പ എന്ന് വിളിക്കുന്ന എന്റെ ഉമ്മയുടെ ബാപ്പ ശരിക്കും പയ്യന്നൂരിനടുത്ത് രാമന്തളി എന്ന സ്ഥലക്കാരനാണ്. 1929 ല്‍ ആണ് വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍ വെളിച്ചം വിതറികൊണ്ട് പുറത്തു വന്നത്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ഉപ്പ ഒരു നാടകം അവതരിപ്പിച്ചു. അന്ന് പക്ഷെ ഉപ്പ ജീവിച്ചിരുന്ന സ്ഥലത്തു സമുദായത്തില്‍ നാടകം അവതരിപ്പിക്കുന്നതും മറ്റും ആലോചിക്കാന്‍ കഴിയാത്ത തെറ്റായിരുന്നു (ശിര്‍ക്) , അതും ഓത്ത് പഠിച്ച ഒരു മുസ്‌ലിയാര്‍ അവതരിപ്പിക്കുന്നത്. ഉപ്പയെ സമുദായത്തില്‍ നിന്ന് പുറത്താക്കി. അന്നൊക്കെ സമുദായത്തില്‍ നിന്ന് പുറത്താക്കിയാല്‍, നാട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അങ്ങിനെയാണ് ഉപ്പ മട്ടാഞ്ചേരിയില്‍ വരുന്നതും, എന്റെ ഉമ്മയുടെ ഉമ്മയെ കല്യാണം കഴിക്കുന്നതും. മട്ടാഞ്ചേരിയില്‍ ഉപ്പ ഖുര്‍ആന്‍ പഠിപ്പിച്ച കുറെ പേരുണ്ടായിരുന്നു. എനിക്ക് കുറെ മലയാളം പദ്യങ്ങളും മറ്റും പഠിപ്പിച്ച് തന്നിട്ടുണ്ട്. മരിക്കുന്നതിന് മുന്‍പ് വളരെ കുറച്ച് പ്രാവശ്യം മാത്രമാണ് രാമന്തളിയില്‍ പോയിട്ടുള്ളത്. ഒരു പക്ഷെ ഈ ഓര്‍മ്മകള്‍ കൊണ്ടായിരിക്കണം, അവസാന കാലത്ത് മനസിന് സുഖം ഇല്ലാതെയാണ് മരിച്ചത്.

ചരിത്രം എടുത്ത് നോക്കിയാല്‍ , ഓട്ടോമാന്‍ സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന വേളയില്‍ ബ്രിട്ടന്‍ ഇന്ത്യയിലെ എല്ലാ മുസ്ലിങ്ങളുടെയും ശത്രു ആയിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം കേരളത്തിലെ മുസ്ലിങ്ങള്‍ ഇംഗ്ലീഷുകാരും ആയി ബന്ധപ്പെട്ട ഇംഗ്ലീഷ് ഭാഷയും ആധുനിക വിദ്യാഭ്യാസവും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒഴിവാക്കുകയും കൂടുതലും കച്ചവടവും ആയി ബന്ധപ്പെട്ട ജോലികളി ഏര്‍പ്പെടുകയും ചെയ്തു. അറബിയും അറബി മലയാളവും ആയിരുന്നു ഇവര്‍ മദ്രസകളില്‍ നിന്ന് പഠിച്ചുകൊണ്ടിരുന്നത്. അതിന് വളരെയധികം മാറ്റങ്ങള്‍ പിന്നീട് ഉണ്ടായെങ്കിലും ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ആണ് കേരളത്തിലെ മുസ്ലിങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിച്ചതും, മറ്റു ആളുകളുടെ ഒപ്പമോ അതിനു മുന്നെയോ മുസ്ലിം സമൂഹം വിദ്യാഭ്യസത്തിന്റെ കാര്യത്തില്‍ നടക്കാനും തുടങ്ങിയത്. പക്ഷെ ഇത് ഒന്നും മത സംഘടനകളുടെ പ്രവര്‍ത്തങ്ങള്‍ കൊണ്ട് നടന്നതല്ല എന്നത് പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യമാണ്. രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളും, വിദേശത്തു ചേക്കേറിയ വഴി ഉണ്ടായ സാമ്പത്തിക ഭദ്രതയും കാര്യങ്ങള്‍ എളുപ്പം ആക്കിക്കാണണം.

പള്ളിയില്‍ പോയി ബാങ്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്ന, ഒരു മുക്രിയുടെ മകളായ, പെണ്‍കുട്ടിയുടെ കഥയാണ് കിത്താബ് എന്ന നാടകം കൈകാര്യം ചെയ്യുന്നത്. ആ നാടകത്തിന്റെ ഒരു പ്രധാന പോരായ്മയായി പറയുന്നത് മേല്‍പ്പറഞ്ഞ മുന്‍ധാരണകള്‍ ധാരാളമായി ഉണ്ടെന്നുള്ളതാണ്. അത് വെളിവാക്കാന്‍ ആണ് കിത്താബിലെ കൂറ എന്ന പ്രതി നാടകം ചില സംഘടനകള്‍ നടത്തിയത്. പ്രായം ചെന്ന എല്ലാ മുസ്ലിങ്ങളും പച്ച ബെല്‍റ്റ് ധരിച്ചവരാണ് എന്ന ചില സിനിമാ മാധ്യമ ധാരണകളെ പൊളിച്ചെഴുതുന്നത് ആണവര്‍ ഉദ്ദേശിച്ചത്. പക്ഷെ കിത്താബ് ഉയര്‍ത്താന്‍ ശ്രമിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരു തരത്തിലും ഉള്ള മറുപടികള്‍ ഈ പ്രതി നാടകത്തില്‍ ഉണ്ടായില്ല എന്ന് മാത്രമല്ല, ചില കാര്യങ്ങള്‍ അപഹാസം ആയി പോവുകയും ചെയ്തു.

ഉദാഹരണത്തിന്, എല്ലാ മൊല്ലാക്കമാര്‍ക്കും താടി ഉണ്ടാവുമോ എന്ന ചോദ്യം. എന്റെ ഓഫീസില്‍ പോലും താടി വടിക്കാതെ മീശ മാത്രം വാദിച്ചു വരുന്ന ധാരാളം മുസ്ലിങ്ങളുണ്ട്. ഏതോ ഹദീസില്‍ മുഹമ്മദ് അങ്ങിനെ ചെയ്തു എന്നതാണ് ഇതിനാധാരം. ചില പൊതുധാരണകള്‍ സമൂഹത്തിലെ നിരീക്ഷണത്തില്‍ നിന്ന് വരുന്നതാണ്.

പിന്നെ നാടകത്തില്‍ പറയുന്ന മുക്രി നാല് കെട്ടിയതാണ് എന്ന കാര്യം. ഇപ്പോള്‍ നാല് കെട്ടിയ ആരെങ്കിലും ഉണ്ടാവുമോ എന്നുള്ള ചോദ്യം പ്രസക്തമാണ്, പക്ഷെ ഇസ്ലാമില്‍ അനുവദനീയം ആണ് എന്നുള്ള കാര്യം മറച്ചു വച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ അപൂര്‍വ്വം ആണെങ്കിലും അത് മതമായിട്ട് തിരുത്തിയതല്ല, മറിച്ച് നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഇടപെടലുകള്‍ ആണത് തിരുത്തിയത്. പക്ഷെ ഇപ്പോഴും ഇങ്ങിനെയുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടെന്നുള്ളത് സത്യമാണ്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തു വച്ച് ഒരു പെണ്‍കുട്ടി മലപ്പുറത്തുള്ളവരൊക്കെ ഒന്നില്‍ കൂടുതല്‍ കല്യാണം കഴിക്കുന്നവരാണ് എന്ന ഒരു കമന്റ് ചെയ്തത് കേട്ടിട്ട്, ഞാനും, കൂടെ ഉണ്ടായിരുന്നു മലപ്പുറം സുഹൃത്തും ഞെട്ടിയതും ഓര്‍ക്കുന്നു. മൂന്നു കെട്ടിയ ബാപ്പയും ഏഴു കെട്ടിയ ബാപ്പയുടെ ബാപ്പയും ഉള്ള ഞാന്‍ തന്നെ ഇത് സാധാരണ നടക്കുന്നതല്ല എന്ന് പറഞ്ഞു മനസിലാക്കേണ്ടി വന്നു. വ്യക്തികളുടെ സ്വകാര്യ അനുഭവവും സമൂഹത്തിലെ ഡാറ്റ അനുസരിച്ചുള്ള മനസിലാക്കലുകളും രണ്ടും രണ്ടാണ്.

കണ്ണ് മാത്രം കാണുന്ന രീതിയില്‍ ഉള്ള വസ്ത്രധാരണത്തെ കുറിച്ച് അത് അങ്ങിനെയല്ല എന്ന് വരുത്താന്‍ ഒരു ശ്രമം ഈ പ്രതിനാടകക്കാര്‍ നടത്തിയിരുന്നു, പക്ഷെ പാളിപ്പോയി. കാരണം കറുത്ത പര്‍ദ്ദയില്‍ പൊതിഞ്ഞ കുറച്ച് പെണ്‍കുട്ടികള്‍ ഈ തെരുവ് നാടകം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരുടെ ഇടയില്‍ തന്നെ ഉണ്ടായിരുന്നു. അറേബ്യയിലെ മരുഭൂമിയില്‍ ഉപയോഗിക്കുന്ന തരം വസ്ത്രം ഇത്ര മാത്രം ഹ്യൂമിഡിറ്റി ഉള്ള കേരളത്തില്‍ ഇടാന്‍ പറയുന്നതിന്റെ മണ്ടത്തരം ഇവര്‍ക്കറിയാന്‍ പാടില്ലാത്ത അല്ല, കാരണം ഈ പറഞ്ഞ തരാം വസ്ത്രം ആണുങ്ങള്‍ ധരിക്കുന്നില്ല എന്നത് തന്നെ. ഈ പ്രതി നാടകത്തിലെ നായകന്‍ പോലും ജീന്‍സ് ധരിച്ചു വരുമ്പോള്‍ പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മൂടിപൊതിഞ്ഞു ഹിജാബും ധരിച്ചാണ് അഭിനയിക്കുന്നത്. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത വസ്ത്ര ധാരണ രീതികളാണ് കേരളത്തില്‍ മുസ്ലിം സ്ത്രീകളില്‍ മതം അടിച്ചേല്‍പ്പിക്കുന്നത്.

കിത്താബ് എന്ന നാടകം മേല്‍പ്പറഞ്ഞ പോലെ ചില പൊതു വാര്‍പ്പുമാതൃകകള്‍ ഉണ്ട് എന്ന കുറ്റം ഒഴിച്ചാല്‍ ഇസ്ലാമിലെ ഒരു പ്രധാനപ്പെട്ട വിഷയത്തെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് വാങ്ക് കൊടുക്കാമോ? ഇവിടെ അമേരിക്കയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ചില സ്ത്രീപക്ഷ സംഘടനകള്‍ മുസ്ലിം പള്ളികള്‍ ആരംഭിക്കുകയും അവിടെ സ്ത്രീകള്‍ വാങ്ക് കൊടുക്കുകയൂം ചെയ്ത വാര്‍ത്ത വായിച്ചിരുന്നു. പക്ഷെ ആണുങ്ങള്‍ വരുന്ന പള്ളിയില്‍ പെണ്ണുങ്ങള്‍ വാങ്ക് കൊടുത്താല്‍ എന്താണ് പ്രശ്‌നം?

എന്റെ ഉമ്മയുടെ ഉമ്മ മരിച്ച ശേഷം കബര്‍സ്ഥാനത് പോയിരുന്നു യാസീന്‍ ഓതിയ എന്റെ ഉമ്മയൊട് പള്ളിയിലെ ചിലര്‍ പറഞ്ഞത് സ്ത്രീകള്‍ക്ക് ഇങ്ങിനെ ചെയ്യാന്‍ പാടില്ല എന്നാണ്. അത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് എന്ന് ഉമ്മ തിരിച്ചു ചോദിച്ചപ്പോള്‍ മറുപടി ഉണ്ടായില്ല.

സ്ത്രീകള്‍ വാങ്ക് കൊടുത്താല്‍ എന്താണ് എന്ന ചോദ്യത്തിനും ഉത്തരം അത് തന്നെയാണ്, ആരും ഇങ്ങിനെ ചെയ്യാറില്ല. എന്തുകൊണ്ടാണ് എന്ന് ആര്‍ക്കും വലിയ പിടിയില്ല. ഖുര്‍ആനില്‍ സ്ത്രീകള്‍ വാങ്ക് കൊടുക്കരുത് എന്നില്ല. ഖുര്‍ആന്‍ സ്ത്രീവിരുദ്ധം അല്ല എന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ നോക്കുമ്പോള്‍, പുരുഷ നിര്‍മിതമായ മറ്റെല്ലാ മതങ്ങളെയും പോലെ സ്ത്രീവിരുദ്ധം തന്നെയാണ് ഇസ്‌ളാം. പക്ഷെ സ്ത്രീക്ക് ഒരു തരത്തിലും സ്വത്തവകാശം ഇല്ലാതിരുന്ന കാലത്ത് പുരുഷന് കിട്ടുന്നതിന്റെ പകുതി എങ്കിലും സ്വത്തവകാശം നല്‍കിയ ഒരു മതം, കാലം മാറിയതിന് അനുസരിച്ച് മാറാതെ വന്നപ്പോള്‍ സ്ത്രീവിരുദ്ധം ആയി മാറി. ഖുര്‍ആന്‍ മാറാതെ നിന്നു, കാലവും സമൂഹങ്ങളും മുന്നോട്ട് നടന്നു. സ്ത്രീക്ക് പകുതി സ്വത്തിനു അവകാശം ഉള്ളെങ്കില്‍ പുരുഷന്‍ ഇടുന്ന വസ്ത്രത്തിന്റെ പകുതി വസ്ത്രം സ്ത്രീ ധരിച്ചാല്‍ പോരെ എന്ന പരിഹാസത്തില്‍ കൂടിയാണ് കിത്താബ് എന്ന നാടകം ഈ വിഷയത്തെ അവതരിപ്പിക്കുന്നത്.

ആദ്യമായി വാങ്ക് കൊടുത്തത് അടിമയും ആദ്യമായി ഇസ്ലാം സ്വീകരിച്ച ചുരുക്കം ചിലരില്‍ ഒരാളും ആയ ബിലാല്‍ ആണ്. ഇസ്ലാം തുടങ്ങിയ സമയത്ത് എങ്ങിനെ വാങ്ക് കൊടുക്കണം എന്ന ചര്‍ച്ച നടക്കുമ്പോള്‍ അടുത്തുണ്ടായിരുന്ന ബിലാലിനോട് വാങ്ക് കൊടുക്കാന്‍ മുഹമ്മദ് കല്‍പ്പിച്ചു എന്നാണ് കഥ. ഒരു പക്ഷെ ഒരു പെണ്‍കുട്ടിയാണ് അടുത്ത് ഉണ്ടായിരുന്നത് എങ്കില്‍ വാങ്ക് വിളിക്കാന്‍ അവളോടാവും അങ്ങിനെ പറയാന്‍ സാധ്യത.

പറഞ്ഞു വരുമ്പോള്‍, ഖുറാനും ഹദീസുകളും അതെ പോലെ തന്നെ പിന്തുടരാനോ അതോ കാലം മാറുന്നതിന് അനുസരിച്ച് മനുഷ്യന്റെ ബുദ്ധി ഉപയോഗിക്കാനോ എന്നുള്ളത് ഇസ്ലാമിലെ ഒരു പഴയ ചോദ്യമാണ്.എന്റെ ചെറുപ്പത്തില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ ഒരു പ്ലേറ്റില്‍ മഷി കൊണ്ടെഴുതി കുറച്ചു പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അത് വെള്ളം കലക്കി കുടിക്കുമായിരുന്നു. ഖുര്‍ആന്‍ വാക്യങ്ങള്‍ ദൈവം തന്നെയാണ് എന്നുള്ള ചില ധാരണകളുടെ അടിസ്ഥാനനത്തില്‍ ആണ് അങ്ങിനെ ചെയ്യുന്നത്. ഖുര്‍ആന്‍ അറബി ഭാഷയില്‍ മാത്രമേ പഠിക്കാന്‍ പാടുള്ളൂ എന്ന് ചില മുസ്ലിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നതിന്റെ കാരണവും അത് തന്നെ.

ഇസ്ലാമില്‍ ഉയര്‍ന്നുവന്ന രണ്ടു ചിന്താധാരകള്‍ ഉണ്ട്. ഖുര്‍ആന്‍ ദൈവ വചനം മാത്രമാണ് എന്നും, ദൈവം മനുഷ്യന്‍ ബുദ്ധി നല്‍കിയിട്ടുള്ളത് അത് ഉപയോഗിക്കാന്‍ ആണെന്നും പറയുന്ന മുത്തസില (ങൗ'മ്വേശഹമ) വിഭാഗത്തിനായിരുന്നു ഇസ്ലാമിന്റെ പുഷ്കല കാലത്തെ സ്വാധീനം. അള്ളാഹു മനുഷ്യന് സ്വതന്ത്രമായി ചിന്തിക്കാന്‍ തലച്ചോറ് കൊടുക്കുകയും എന്നാല്‍ അതുപയോഗിക്കാതെ ഖുര്‍ആനില്‍ പറയുന്ന കാര്യങ്ങള്‍ അതെ പോലെ തന്നെ ചെയ്യുകയും ചെയ്യുന്നതില്‍ സാംഗത്യം ഒന്നുമില്ല എന്നാണിവര്‍ വിശ്വസിച്ചത്. ദൈവം തന്ന തലച്ചോര്‍ മനുഷ്യ നന്മയ്ക്ക് ഉപയോഗിക്കുക എന്നതായിരുന്നു ഇവരുടെ നിലപാട്. ശാസ്ത്ര രംഗത്ത് ഇസ്‌ളാമിലെ സുവര്‍ണ കാലഘട്ടം ഇവരുടെ കാലത്തായിരുന്നു.

പക്ഷെ ഇബ്ന്‍ ഹന്‍ബാലിന്റെ വധത്തിനു ശേഷം ഇസ്ലാമില്‍ അശ്ഹരി (അവെ’മൃശ) എന്ന പാരമ്പര്യ വാദികള്‍ക്ക് മുന്‍കൈ വന്നു . ഖുര്‍ആന്‍ തന്നെ ദൈവം ആണെന്നും, അതില്‍ പറയുന്ന കാര്യങ്ങള്‍ അതേപടി പാലിക്കണം എന്നും. മനുഷ്യന്‍ സ്വതന്ത്ര ബുദ്ധി ഉപയോഗിക്കുന്നത് ഖുര്‍ആന്‍ എതിരാണെന്നും മറ്റുമുള്ള ഈ വിഭാഗക്കാര്‍ക്കാണ് ഇന്ന് ഇസ്ലാമില്‍ മുന്‍കൈ. നാടകം അവതരിപ്പിക്കുന്നത് ശിര്‍ക്കാണ് എന്ന അവസ്ഥ എങ്കിലും മാറിയല്ലോ, ഭാഗ്യം...

നാടകങ്ങള്‍ മാത്രമല്ല ഒരു കലയും നിരോധിക്കേണ്ടതല്ല.എല്ലാവരും അവരവരുടെ കാര്യങ്ങള്‍ അവതരിപ്പിക്കട്ടെ. കലകള്‍ നിരോധിച്ചത് കൊണ്ട് മനുഷ്യന്‍ പരസ്പരം അകലുക മാത്രെമേ ഉള്ളൂ. ഗുലാം അലിയുടെ ഗസല്‍ ശിവസേന മുടക്കിയതും, മീശ നിരോധിക്കണം എന്ന് പറഞ്ഞു ഹൈന്ദവ സംഘടനകള്‍ ഒച്ചപ്പാട് ഉണ്ടാക്കിയതും, എല്ലാം മനുഷ്യനെ പരസ്പരം അകറ്റിയിട്ടേ ഉള്ളൂ.

തെറ്റുകള്‍ തിരുത്തി കിത്താബ് എന്ന നാടകം കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ചു കാണും എന്ന് പ്രതീക്ഷിച്ചു കൊണ്ട്....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക