Image

ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തതിന്റെ പേരില്‍ കൊല്ലത്ത് യുവാവിനെ രണ്ടംഗ സംഘം മര്‍ദിച്ചു

Published on 04 December, 2018
ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തതിന്റെ പേരില്‍ കൊല്ലത്ത് യുവാവിനെ രണ്ടംഗ സംഘം മര്‍ദിച്ചു
കൊല്ലം: ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. കരുനാഗപ്പള്ളി സ്വദേശി ഷിബുവിനാണ് മര്‍ദ്ദനമേറ്റത്. മറ്റൊരു ബൈക്കിനെ മറികടന്നതിന്റെ പേരിലാണ് ആക്രമണം. കൊല്ലം രാമന്‍കുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ശക്തിക്കുളങ്ങര പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. 

മൂന്നാംകുറ്റിയില്‍ ഫാന്‍സി സ്‌റ്റോര്‍ നടത്തുന്ന ഷിബു കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. രണ്ടുപേര്‍ സഞ്ചരിച്ച ഒരു ബൈക്കിനെ മറികടന്നതിന്റെ പേരില്‍ ഇവര്‍ ഷിബുവിനെ പിന്‍തുടര്‍ന്ന് അസഭ്യം പറയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇവരില്‍നിന്ന് രക്ഷപ്പെടാന്‍ ഷിബു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറി. പിന്നാലെയെത്തിയ സംഘം ഷിബുവിനെ ആക്രമിക്കുകയായിരുന്നു.

കത്തിയുമായാണ് ഇവര്‍ ഷിബുവിനെ ആക്രമിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരും ചേര്‍ന്ന് ഷിബുവിനെ മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ഹെല്‍മറ്റുകൊണ്ട് മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. സമീപത്തുണ്ടായിരുന്നവര്‍ ഷിബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. 

അക്രമികള്‍ സ്ഥലത്തുനിന്ന് പോയ ശേഷം മാത്രമാണ് ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിബുവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഏതാനും ദിവസം മുന്‍പ് കൊല്ലത്ത് യുവാവിനെ എട്ടംഗ സംഘം ആക്രമിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക