Image

അഗസ്ത വെസ്റ്റ്‌ലന്‍ഡ് കേസ്: ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു

Published on 04 December, 2018
അഗസ്ത വെസ്റ്റ്‌ലന്‍ഡ് കേസ്: ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു
ന്യൂഡല്‍ഹി: ദുബായി സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറിയ അഗസ്ത വെസ്റ്റ്‌ലന്‍ഡ് വി.വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടുകേസിലെ മുഖ്യ ഇടനിലക്കാരന്‍ ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹിയിലെത്തിച്ചു. ചൊവ്വാഴ്ചയാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറുന്ന നടപടികള്‍ ദുബായില്‍ പൂര്‍ത്തിയായത്. 

മിഷേലിനെ കൈമാറണമെന്ന് ദുബായ് സര്‍ക്കാരിനോട് ഇന്ത്യ നിരന്തരമായി ആവശ്യപ്പെട്ടുവരുകയായിരുന്നു. ബുധനാഴ്ച പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. മിഷേലിനെതിരേ കോടതി നേരത്തേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചോദ്യംചെയ്യാനായി ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.ഐ. കോടതിയില്‍ ആവശ്യപ്പെടും.

ഇന്ത്യന്‍ ജയിലുകളിലെ മോശമായ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്നുകാട്ടി കൈമാറ്റം തടയാന്‍ മിഷേല്‍ ശ്രമം നടത്തിയിരുന്നു. ഇന്ത്യയില്‍ മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്ക് തന്നെ വിധേയമാക്കുമെന്ന് ഭയമുണ്ടെന്നും മിഷേല്‍ അറിയിച്ചെങ്കിലും ഇത് ദുബായ് കോടതി തള്ളി. മിഷേല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനുപിന്നാലെ ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവിനായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക