Image

ടാന്‍സാനിയയില്‍ ഇന്ത്യന്‍ സന്യാസിനി വാഹനാപകടത്തില്‍ മരണമടഞ്ഞു

Published on 04 December, 2018
 ടാന്‍സാനിയയില്‍ ഇന്ത്യന്‍ സന്യാസിനി വാഹനാപകടത്തില്‍ മരണമടഞ്ഞു
ഡൊഡോമ: ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ ശുശ്രൂഷ ചെയ്തു വരികയായിരുന്ന കാര്‍മലൈറ്റ് സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ സഭാംഗവും കാണ്ഡമാല്‍ സ്വദേശിനിയുമായ കന്യാസ്ത്രീ വാഹനാപകടത്തില്‍ മരണമടഞ്ഞു. നവംബര്‍ ഇരുപത്തിയേഴിന് നടന്ന വാഹനാപകടത്തില്‍ സി. രോഹിണി എന്ന സന്യാസിനിയാണ് മരണമടഞ്ഞത്. നാല്‍പത്തിനാല് വയസ്സായിരുന്നു.

ടാന്‍സാനിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കാര്‍മലൈറ്റ് സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ സുപ്പീരിയര്‍ ജനറല്‍ സി. ക്രിസിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോകും വഴിയാണ് അപകടം നടന്നത്. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ സിസ്റ്റര്‍ രോഹിണി തത്ക്ഷണം മരിക്കുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കട്ടക്ക് ഭുവനേശ്വര്‍ അതിരൂപതയിലെ ഔര്‍ ലേഡി ഓഫ് ചാരിറ്റി ഇടവകാംഗമായ സിസ്റ്റര്‍ രോഹിണി ടാന്‍സാനിയന്‍ മിഷ്ണറി പ്രവര്‍ത്തനത്തിനായി കഴിഞ്ഞ ജൂണിലാണ് നിയോഗിക്കപ്പെട്ടത്. നേരത്തെ കാണ്ഡമാലിലും ബര്‍ഹാംപുര്‍ രൂപതയിലും മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലും അവര്‍ സേവനമനുഷ്ഠിച്ചിരുന്നു. കാര്‍മലൈറ്റ് സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ (CSST ) സന്യാസി സമൂഹം 1887 ല്‍ എറണാകുളത്താണ് സ്ഥാപിതമായത്. വിദ്യാഭ്യാസം, വൃദ്ധ പരിചരണം, അനാഥ സംരക്ഷണം കൂടാതെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും സി.എസ്.എസ്.ടി സമൂഹം നടത്തി വരുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക