Image

പ്രവീണ്‍ വധക്കേസ് അസാധാരണ സംഭവങ്ങളിലൂടെ; ഇന്നത്തെ വാദം കേള്‍ക്കല്‍ നിര്‍ണ്ണായകം (അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 05 December, 2018
പ്രവീണ്‍ വധക്കേസ് അസാധാരണ സംഭവങ്ങളിലൂടെ; ഇന്നത്തെ വാദം കേള്‍ക്കല്‍ നിര്‍ണ്ണായകം  (അനില്‍ പെണ്ണുക്കര )
ദിശ തെറ്റി തീരം കാണാതെ ആഴക്കടലില്‍ പെട്ടുപോയ യാത്രക്കാരെ പോലെ അലയുകയാണ് ഇന്ന് വര്‍ഗീസ് കുടുംബം കാരണം പ്രവീണ്‍ വധക്കേസ് കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നയിക്കപ്പെടുകയാണ്. ഇന്ന് ഷിക്കാഗോയില്‍ നടക്കുന്ന കോടതി വാദം കേള്‍ക്കല്‍ നിര്‍ണ്ണായകമാണ് .പുതിയ ജഡ്ജിയെ വാദം കേള്‍ക്കലിനായി നിയമിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം നിര്‍ണ്ണായകവുമാകുന്ന സാഹ ചര്യത്തിലൂടെയാണ് പ്രവീണ്‍ വര്‍ഗീസ് വധക്കേസ് കടന്നു പോകുന്നത്.

2014 ല്‍ ആരംഭിച്ച നീതിക്ക് വേണ്ടിയുള്ള പോരാട്ടയാത്രയില്‍ ഇന്നുവരെ പല പരീക്ഷണങ്ങളും വര്‍ഗീസ് കുടുംബത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. അപ്പോഴും ദൈവം ഇട്ട് തന്ന ഒരു കച്ചിത്തുരുമ്പില്‍ പിടിച്ചു കയറി ആ പോരാട്ടം തുടരുകയാണുണ്ടായത്. എങ്ങുമെത്താതെ അടിവരയിട്ട് നിര്‍ത്തുമായിരുന്ന പ്രവീണ്‍ വധക്കേസ് നിര്‍ണ്ണായകവഴിത്തിരിവിലേക്ക് കൊണ്ടുവരാന്‍ ദൈവം പറഞ്ഞയച്ചതുപോലെയാണ് റോബിന്‍സണ്‍ പ്രത്യക്ഷപ്പെട്ടത്. 

സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന ഉത്തരവാദിത്തത്തെക്കാള്‍ സഹോദരങ്ങളെപ്പോലെ കണ്ട് വര്‍ഗീസ് കുടുംബത്തെ സഹായിക്കാനാണ് റോബിന്‍സണ്‍ ശ്രമിച്ചത്. പരിമിതികള്‍ക്കപ്പുറത്ത് രാവും പകലും മറന്ന് വര്‍ഗീസ് കുടുംബത്തിനായി പോരാടുകയായിരുന്നു റോബിന്‍സണ്‍ എന്ന ആ ദൈവദൂതന്‍. എന്നാല്‍ ചാര്‍ജ്ഷീറ്റിലെ ഒരു വാക്കിന്റെ സംശയത്തില്‍ ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക് പ്രതിയായ ബത്തൂണിന്റെ വെറുതെ വിട്ടു. വര്‍ഗീസ് കുടുംബത്തിനും റോബിന്‍സണിനും ഒരു വലിയ തിരിച്ചടിയായിരുന്നു അത്. എങ്കിലും പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടം അങ്ങകലെയുണ്ടെന്ന വിശ്വാസത്തില്‍ പോരാട്ടത്തില്‍ നിന്നും പിന്മാറാതെ അവര്‍ മുന്നോട്ടുനടന്നു. 

ഇന്ന് റോബിന്‌സണിന് നേരെ പുതിയ ഒരു വെല്ലുവിളിയുമായി രംഗത്തെത്തുകയാണ് പ്രതിഭാഗം വക്കീല്‍ സ്റ്റീവ് ഗ്രീന്‍ബര്‍ഗ്.
അമേരിക്കന്‍ നിയമവ്യവസ്ഥയനുസരിച്ച് ഒരു കേസില്‍ രണ്ടാമത് വിചാരണ നടത്താന്‍ നിലവിലുള്ള കേസ് ഡിസ്മിസ് ചെയ്ത് പുതിയ കേസ് ഫയല്‍ ചെയ്യണം. എങ്കില്‍ മാത്രമേ പ്രോസിക്യൂഷന് പുതിയ വിചാരണക്കുള്ള നടപടികള്‍ നടത്താന്‍ സാധിക്കൂ. പ്രവീണ്‍ വധക്കേസില്‍ ആദ്യത്തെ വിചാരണ തള്ളിപ്പോയ സാഹചര്യത്തില്‍ പുതിയ വിചാരണ നടത്താനും പഴയ കേസ് ഡിസ്മിസ് ചെയ്യാനും പ്രോസിക്യൂഷന്‍ ജുഡീഷ്യല്‍ സര്‍ക്യൂട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 

എന്നാല്‍ പ്രതിഭാഗം സമര്‍പ്പിച്ച അപ്പീല്‍ തികച്ചും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണിനെ അടിച്ചമര്‍ത്തുന്നതായിരുന്നു. പ്രവീണിന് വേണ്ടിയുള്ള ലാവ്‌ലിയുടെ പോരാട്ടത്തിന് തേരുതെളിക്കുന്നത് റോബിന്‌സണാണെന്നും ഈ കേസില്‍ നിന്നും റോബിന്‍സണിനെ മാറ്റിനിര്‍ത്തിയാല്‍ മാത്രമേ ഗേജ് ബത്തൂണിന് രക്ഷപ്പെടാനാകുമെന്നും മനസ്സിലാക്കിയ പ്രതിഭാഗം വക്കീല്‍ വളരെ സമര്‍ഥമായി റോബിന്‌സണിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചരിക്കുകയാണ്. 

പഴയ കേസ് ഡിസ്മിസ് ചെയ്യുന്നതോടെ പ്രവീണ്‍വധകേസ് ഇല്ലാതാവുമെന്നും അതിനാല്‍ കേസില്‍ നിന്ന് ഗേജ് ബത്തൂണ്‍ പൂര്‍ണ്ണ സ്വാതന്ത്രനാകുമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണിനെ കേസില്‍ നിന്നും നീക്കം ചെയ്യണമെന്നും ആയിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദങ്ങള്‍. അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ അസാധാരണമായ പല നീക്കങ്ങളും നടന്ന ഈ കേസ് ഇനിയെന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും.

ഗേജ് ബത്തൂണിനെ ഇനി ഒരിക്കലും പ്രവീണ്‍ വധക്കേസില്‍ പ്രതിയാക്കരുതെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഒഴിവാക്കണമെന്നുമുള്ള ഗ്രീന്‍ബര്‍ഗിന്റെ വാദത്തിന് എന്ത് യുക്തിയാണുള്ളതെന്ന് സമൂഹം ചോദിക്കുന്നു. പ്രതിഭാഗത്തിന്റെ ഇത്തരം അറംപറ്റിയ വാദങ്ങളെ എതിര്‍ത്തുകൊണ്ട് 18 പേജോളമുള്ള സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് റോബിന്‍സണ്‍. കേസിന്റെ ആദ്യംമുതലുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുകയും ശേഷം പ്രതിഭാഗത്തിന്റെ അന്യായ വാദങ്ങളെ വിമര്‍ശിക്കുകയും ചെയ്തതാണ് റോബിന്‍സണിന്റെ മറുപടി. 

സാക്ഷികളും തെളിവുകളും അനുസരിച്ച് ബത്തൂണ്‍ കുറ്റക്കാരനാണെന്ന് വിചാരണ സമയത്ത് ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്കും ജൂറി ബെഞ്ചും അംഗീകരിച്ചിരുന്നു. അപകടമരണമെന്ന് പറഞ്ഞു എഴുതിത്തള്ളാന്‍ ശ്രമിച്ച ഈ കേസില്‍ സത്യസന്ധമായ തെളിവുകളും സാക്ഷികളും നിരത്തി ബത്തൂണ്‍ കുറ്റക്കാരനാണെന്ന് തെളിയിച്ചെങ്കിലും പ്രതി നിഷ്പ്രയാസം സ്വാതന്ത്രനാവുകയായിരുന്നു. പ്രതിയുടെ ശിക്ഷാകാലാവധി തീരുമാനിക്കാനിരുന്ന കോടതി ഒത്തുചേരലിലാണ് ഒരു വാക്കിന്റെ സംശയത്തില്‍ ബത്തൂണിനെ വെറുതെവിട്ടത്. ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്കിന്റെ അന്യായവിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അതിനാല്‍ നിലവിലുള്ള കേസ് ഡിസ്മിസ് ചെയ്ത് പുതിയ വിചാരണനടത്തി സത്യം തെളിയിക്കപ്പെടണമെന്നാണ് റോബിന്‍സണിന്റെ ആവശ്യം.

പ്രവീണ്‍ വധക്കേസ് ആദ്യം അന്വേഷിച്ചിരുന്ന മൈക്കല്‍ കാറിന്റെ നിഗമനങ്ങള്‍ എല്ലാം തന്നെ പ്രതിഭാഗത്തിന് അനുകൂലമായതായിരുന്നു. പ്രവീണ്‍ ഹൈപോതെര്‍മിയ ബാധിച്ചു മരണപ്പെട്ടതാണെന്ന കാറിന്റെ കണ്ടെത്തലിനെ പിന്‍താങ്ങി ബത്തൂണിനെ കുറ്റവിമുക്തനാക്കാന്‍ ശ്രമിക്കുകയാണ് ഗ്രീന്‍ബര്‍ഗ്. എന്നാല്‍ കാറിന്റെ നിഗമനങ്ങള്‍ കൊണ്ട് ഈ കേസ് മുന്നോട്ട് പോയിരുന്നെങ്കില്‍ അമേരിക്കന്‍ നീതിന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും എന്നെന്നേക്കുമായി ഇല്ലാതാകുമായിരുന്നെന്ന് റോബിന്‍സണ്‍ പറഞ്ഞു. പ്രതിഭാഗം സമര്‍പ്പിച്ച അപ്പീലില്‍ റോബിന്‍സണ്‍ ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്കിനെയും അറ്റോര്‍ണി ജനറല്‍ ലിസ മാഡിഗണിനെയും അഴിമതിവീരര്‍ എന്ന് പറഞ്ഞതായി ചൂണ്ടിക്കാട്ടുന്നുണ്ട്.

 പ്രതിഭാഗത്തിന്റെ ഇത്തരം നുണക്കഥകള്‍ മൊത്തം നിയമസംഹിതക്ക് തന്നെ നാണക്കേടുണ്ടാക്കുമെന്ന് റോബിന്‍സണ്‍ വ്യക്തമാക്കി. കോടതിയിലുണ്ടായ അന്യായ വിധി അമേരിക്കയുടെ ചരിത്രത്തിലെ വലിയ അപരാധമാണെന്ന് സമൂഹം പറയുന്നുണ്ട്. പുതിയ വിചാരണ നടത്തണമെന്ന് തന്നെയാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. പ്രോസിക്യൂട്ടര്‍ ആരാണെന്നു തീരുമാനിക്കാനുള്ള അവകാശം പ്രതിഭാഗത്തിനില്ലെന്നും തെറ്റായ ആരോപണങ്ങള്‍ നിരത്തി പ്രവീണ്‍ വധക്കേസിനെ ഇല്ലായ്മചെയ്യാന്‍ കഴിയില്ലെന്നും റോബിന്‍സണ്‍ പറഞ്ഞു. സത്യത്തിന്റെയും നീതിയുടെയും മാര്‍ഗത്തിലൂടെ തന്നെ പ്രവീണിന് നീതി ലഭിക്കാന്‍ പുതിയ വിചാരണ നടത്തണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് റോബിന്‍സണ്‍ സത്യവാങ്മൂലം അവസാനിപ്പിച്ചത്.

പ്രവീണ്‍ വധക്കേസില്‍ മാത്രം ഉണ്ടായിട്ടുള്ള അസാധാരണമായ സംഭവങ്ങളും റോബിന്‍സണ്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ജഡ്ജ് ആയിരുന്ന മാര്‍ക്ക് ക്ലാര്‍ക് റിട്ടയര്‍മെന്റിന്റെ ഭാഗമായി കേസില്‍ നിന്നും പിന്‍വാങ്ങി. പിന്നീട് മറ്റൊരു ജഡ്ജ് കേസ് ഏറ്റെടുക്കുകയും എന്നാല്‍ മുമ്പ് ഈ കേസിന്റെ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന കാരണം പറഞ്ഞ് അദ്ദേഹവും ഒഴിവായി. ശേഷം ഡേവിഡ് ബ്ലഡ് വര്‍ത് എന്ന ജഡ്ജിന്റെ കീഴിലേക്ക് കേസ് വരികയും കാരണങ്ങള്‍ ബോധിപ്പിക്കാതെ അദ്ദേഹവും കേസില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഇപ്പോള്‍ കേസ് ചീഫ് ജസ്റ്റിസ് സ്ലോവെഴ്‌സന്റെ പരിഗണനയിലാണുള്ളത്. 4 ജഡ്ജിമാരിലൂടെ കേസ് കൈമാറിപോയ സാഹചര്യമാണുള്ളത്. അമേരിക്കയുടെ ചരിത്രത്തില്‍ അസാധാരണം അത്യപൂര്‍വമെന്നുമൊക്കെ പറയാവുന്ന ഈ കേസ് 4 വര്‍ഷങ്ങള്‍ക്കിപ്പുറവും അവസാനമില്ലാത്ത അലയുകയാണ്. കണ്ണീരും പ്രാര്‍ത്ഥനയുമായി വര്‍ഗീസ് കുടുംബവും അവര്‍ക്ക് പിന്തുണയുമായി ഒരായിരം ജനസമൂഹവും ഇപ്പോഴും പ്രതീക്ഷ കൈവെടിയാതെ കാത്തിരിക്കുന്നു, പ്രവീണിന് നീതി ലഭിക്കുമെന്ന വിശ്വാസത്തോടെ ....

പ്രവീണ്‍ വധക്കേസ് അസാധാരണ സംഭവങ്ങളിലൂടെ; ഇന്നത്തെ വാദം കേള്‍ക്കല്‍ നിര്‍ണ്ണായകം  (അനില്‍ പെണ്ണുക്കര )പ്രവീണ്‍ വധക്കേസ് അസാധാരണ സംഭവങ്ങളിലൂടെ; ഇന്നത്തെ വാദം കേള്‍ക്കല്‍ നിര്‍ണ്ണായകം  (അനില്‍ പെണ്ണുക്കര )പ്രവീണ്‍ വധക്കേസ് അസാധാരണ സംഭവങ്ങളിലൂടെ; ഇന്നത്തെ വാദം കേള്‍ക്കല്‍ നിര്‍ണ്ണായകം  (അനില്‍ പെണ്ണുക്കര )പ്രവീണ്‍ വധക്കേസ് അസാധാരണ സംഭവങ്ങളിലൂടെ; ഇന്നത്തെ വാദം കേള്‍ക്കല്‍ നിര്‍ണ്ണായകം  (അനില്‍ പെണ്ണുക്കര )പ്രവീണ്‍ വധക്കേസ് അസാധാരണ സംഭവങ്ങളിലൂടെ; ഇന്നത്തെ വാദം കേള്‍ക്കല്‍ നിര്‍ണ്ണായകം  (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക