Image

പ്രത്യേക യോഗത്തില്‍ ബുലന്ദ്‌ശ്വര്‍ കൊലപാതകം ചര്‍ച്ചയായില്ല; മുഖ്യമന്ത്രി ആവശ്യപ്പെട്ടത്‌ ഗോഹത്യ നടത്തുന്നവര്‍ക്കെതിരെ നടപടി

Published on 05 December, 2018
 പ്രത്യേക യോഗത്തില്‍ ബുലന്ദ്‌ശ്വര്‍ കൊലപാതകം ചര്‍ച്ചയായില്ല; മുഖ്യമന്ത്രി ആവശ്യപ്പെട്ടത്‌ ഗോഹത്യ നടത്തുന്നവര്‍ക്കെതിരെ നടപടി
ലഖ്‌നൗ: സംസ്ഥാനത്ത്‌ ഗോഹത്യ നടത്തുന്നവര്‍ ആരായിരുന്നാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ യു.പി മുഖ്യന്ത്രി യോഗി ആദിത്യനാഥ്‌. ഇന്നലെ രാത്രി ചേര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ബുലന്ദ്‌ശ്വറില്‍ സംഘപരിവാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ്‌ ഉദ്യോഗസ്ഥന്‍ സുബോധ്‌ കുമാര്‍ സിങ്ങിനെ കുറിച്ച്‌ ഒരക്ഷരം പറയാതെയായിരുന്നു യോഗി ആദിത്യനാഥ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

ബുലന്ദ്‌ശ്വര്‍ കലാപത്തിന്‌ കാരണമായ ഗോഹത്യ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ്‌ യോഗത്തില്‍ യോഗി ആദിത്യനാഥ്‌ ആവശ്യപ്പെട്ടതെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്ത പൊലീസ്‌ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സംഭവത്തിന്‌ പിന്നില്‍ ചില ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗോഹത്യ നടത്തിയവര്‍ക്കെതിരെയും അതിന്‌ കൂട്ടുനിന്നവര്‍ക്കെതിരെയും എത്രയും പെട്ടെന്ന്‌ നടപടിയെടുക്കണമെന്നാണ്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി അവനീഷ്‌ ആവാസ്‌തി പറഞ്ഞു.

കൊലപാതകക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‌ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടില്ല. ഗോഹത്യ നടത്തിയവരെ കണ്ടെത്താനും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ്‌ അദ്ദഹേം പറഞ്ഞത്‌- അവനീഷ്‌ പറഞ്ഞു.

പ്രത്യേക യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥോ മറ്റ്‌ ഉദ്യോഗസ്ഥരോ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസുദ്യോഗസ്ഥന്‍ സുബോധ്‌ കുമാര്‍ സിങ്ങിനെ കുറിച്ച്‌ ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ 28 പേരെയാണ്‌ പൊലീസ്‌ ഇതുവരെ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. അറസ്റ്റിലായിരിക്കുന്നത്‌ ബജ്‌റംഗദളിന്റേയും വി.എച്ച്‌.പിയുടേയും ബി.ജെ.പി യൂത്ത്‌ വിങ്ങിന്റേയും പ്രധാനപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമാണ്‌.

കലാപം മനപൂര്‍വം തയ്യാറാക്കിയതാണെന്ന്‌ വ്യക്തമാകുന്ന തെളിവുകളെല്ലാം ഇതിനകം പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക