Image

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) ഫോമക്ക് ആറ് വീടുകള്‍ നല്‍കി

പന്തളം ബിജു തോമസ്. Published on 05 December, 2018
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) ഫോമക്ക്  ആറ് വീടുകള്‍ നല്‍കി
കാലിഫോര്‍ണിയ: അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തിന്റെ ഭാഗമായി മാറുവാന്‍ പോകുന്ന ഫോമയുടെ ഏറ്റവും വലിയ ചാരിറ്റി പ്രോജക്ടായ ഫോമാ വില്ലേജ് പ്രോജക്ടിന് ആറ് വീടുകള്‍ ഒരുക്കി മലയാളി അസോസിയേഷന്‍ ഓഫ്‌നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) മാതൃകയാകുന്നു. www.MANCAonline.org 

കേരളത്തിലെ മഹാപ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവയില്‍ തകര്‍ന്നു പോയ കുടുംബങ്ങള്‍ക്ക് ഫോമാ അത്താണിയാകുമ്പോള്‍, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ വലിയ ഒരു സന്ദേശം കൂടി മുന്നോട്ടു വയ്ക്കുകയാണ്. ജീവിതത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീടും, അനുബന്ധ സൗകര്യങ്ങളും ഒരുക്കുക എന്നത് സഹജീവിയായ മനുഷ്യന്റെ കടമയാണന്നും, അത് അസോസിയേഷനിലെ അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെ സാധിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ''മങ്ക'' പ്രസിഡന്റ് സജന്‍ മൂലെപ്ലാക്കല്‍ അറിയിച്ചു.

ഫോമയുടെ വില്ലേജ് പ്രൊജക്ടില്‍ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക്,  ആറ് വീടുകള്‍  നിര്‍മ്മിക്കുന്നതിനുള്ള തുക മങ്ക നല്‍കും. പ്രളയനാന്തര കേരളത്തെ സഹായിക്കാന്‍ ഏതാണ്ട് ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ ആണ്  മങ്ക  ശേഖരിച്ചത്. അന്‍പതിനായിരം ഡോളര്‍ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബാക്കിയുള്ള തുക ഫോമയുടെ വില്ലേജ്‌ പ്രോജക്ടിനായി നല്‍കുമ്പോള്‍ ഞങ്ങള്‍ സന്തോഷത്തിലാണ്. കാരുണ്യ സ്പര്‍ശം, അത് അര്‍ഹിക്കുന്ന കൈകളില്‍ എത്തുമെന്നും  സമയ ബന്ധിതമായി പദ്ധതി നടപ്പിലാകുമെന്നുള്ള വിശ്വാസമാണ് മങ്കക്കുള്ളത്.

മങ്ക ചാരിറ്റി പ്രവര്‍ത്തങ്ങള്‍ തുടങ്ങിയിട്ട്  37 വര്‍ഷമായി.  സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ മാതൃകയാക്കേണ്ടവതന്നെയാണ്. പ്രളയം കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തികാവസ്ഥകളെ താറുമാറാക്കി ഇല്ലാതാക്കിയപ്പോള്‍ മങ്കയുടെ പ്രവര്‍ത്തകര്‍ നവകേരള പുനര്‍നിര്‍മ്മിതിക്കായി മറ്റാരേക്കാളും മുന്നിട്ടു രംഗത്തിറങ്ങി.

പ്രസിഡന്റ് സജന്‍ മൂലെപ്പ്‌ളാക്കല്‍, സെക്രെട്ടറി സുനില്‍ വര്‍ഗീസ്, ട്രഷറര്‍ ലിജു ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ടോജോ തോമസ്, ട്രസ്റ്റിബോര്‍ഡ് അംഗമായ റീനു ചെറിയാന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മങ്ക മുന്‍ പ്രസിഡന്റ് ഗീത ജോര്‍ജ്, മലയാളി സംഘടനകളായ ''കിളിക്കൂട്'', ''മോഹം'', തെലുങ്ക് അസോസിയേഷന്‍, തമിഴ് മന്‍ട്രം തുടങ്ങിയ സംഘടനകളുടെയും, വ്യക്തികളുടെയും സഹായ സഹകരണങ്ങളിലൂടെയാണ് പ്രളയ ദുരിതാശ്വാസത്തിനായുള്ള ഈ തുക സമാഹരിച്ചത്.

മങ്കയുടെ സഹായം വിലമതിക്കാനാവാത്തതാണ്. ആറ് വീടുകള്‍ എത്ര തലമുറയ്ക്ക് ഉപകാരപ്പെടും. ഇനിയും സഹായം ആവശ്യമുണ്ട്. നമ്മുടെ സഹജീവികള്‍ക്ക് കിടപ്പാടമൊരുക്കാന്‍ അമേരിക്കന്‍ മലയാളി സംഘടനകളും, വ്യക്തികള്‍ക്കും ഒപ്പം ചേരാം. ഫോമായുടെ രണ്ടു എക്‌സിക്യുട്ടീവുകള്‍ പ്രതിനിധാനം ചെയ്യുന്ന ഈ മങ്കയുടെ സഹായം വളരെ വലുതാണ്. ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോ: സെക്രട്ടറി സാജു ജോസഫ്, RVP ജോസഫ് ഔസോ എന്നിവരെ നാഷണല്‍ കമ്മറ്റി പ്രത്യേകം അഭിനന്ദിച്ചു. 

ആറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാനുള്ള തീരുമാനം ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി അവരെ പുനരധിവസിപ്പിക്കുന്ന ഉത്തരവാദിത്വമാണ് ഫോമാ ഏറ്റെടുക്കുന്നത്.

 ഇനിയും സഹായവുമായി സംഘടനകളും വ്യക്തികളും മുന്നോട്ടു വരണമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, ജോ: ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ അഭ്യർത്ഥിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക