Image

നവയുഗം തുണച്ചു; അഭയ കേന്ദ്രത്തില്‍ നിന്നും രജനി നാട്ടിലേയ്ക്ക് മടങ്ങി

Published on 05 December, 2018
നവയുഗം തുണച്ചു; അഭയ കേന്ദ്രത്തില്‍ നിന്നും രജനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോണ്‍സറുടെ ഭാര്യയുടെ പീഢനം സഹിയ്ക്കാനാകാതെ ഒളിച്ചോടി ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്നാട് ചെന്നൈ സ്വദേശിനി രജനി രേഖയാണ് ബുദ്ധിമുട്ടേറിയ പ്രവാസജീവിതാനുഭവങ്ങളിലൂടെ കടന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസം മുന്‍പാണ് രജനി സൗദിയിലെ ജുബൈലില്‍ ഒരു വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. സ്‌പോണ്‍സര്‍ നല്ല മനുഷ്യന്‍ ആയിരുന്നു. എന്നാല്‍ അയാളുടെ ഭാര്യയുടെ പെരുമാറ്റം സൗഹൃദപരമായിരുന്നില്ല. തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുകയും, അനാവശ്യമായി ശകാരിയ്ക്കുകയും ചെയ്യുന്ന ശീലമായിരുന്നു ആ സ്ത്രീയുടേത്. എങ്കിലും അവരുടെ എല്ലാ മാനസികപീഢനങ്ങളും സഹിച്ചു, രജനി അവിടെ പിടിച്ചു നിന്നു.

എന്നാല്‍ പിന്നീട് സ്പോണ്‍സറുടെ ഭാര്യ കൂടുതല്‍ മോശമായി പെരുമാറാന്‍ തുടങ്ങുകയും, ചിലപ്പോള്‍ ദേഷ്യപ്പെട്ട് ദേഹോപദ്രവം തുടങ്ങുകയും ചെയ്തപ്പോള്‍, രജനിയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഒരു രാത്രി ആരുമറിയാതെ ആ വീട്ടില്‍ നിന്നും അവര്‍ ഒളിച്ചോടി.
എങ്ങോട്ടു പോകണമെന്നറിയാതെ, ജുബൈലിലെ ഒരു ഷോപ്പിംഗ് മാളിന്റെ കാര്‍ പാര്‍ക്കിങ് ഏരിയായില്‍ രാത്രി കഴിച്ചു കൂട്ടിയ രജനിയെ, രാവിലെ അവിടെയെത്തിയ ചില മലയാളികള്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ട് ചെന്നാക്കി. പോലീസുകാര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് രജനി സ്വന്തം അവസ്ഥ പറഞ്ഞ്, നാട്ടിലേയ്ക്ക് തിരികെപോകാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും രജനിയുടെ സ്പോണ്‍സറെ നേരില്‍ ബന്ധപ്പെട്ട് സംസാരിച്ചു. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ രജനിയ്ക്ക് എക്‌സിറ്റ് നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.

മഞ്ജുവിന്റെ സഹായഅഭ്യര്‍ത്ഥന മാനിച്ച്, പഞ്ചാബ് സ്വദേശിയായ ഡി.എസ്.ലോവല്‍ വാടന്‍, രജനിയ്ക്ക് വിമാനടിക്കറ്റ് നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും നന്ദി പറഞ്ഞ്,രജനി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: രജനി (വലത്) മഞ്ജു മണിക്കുട്ടനൊപ്പം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക