Image

രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ ഇന്ന്‌ തിരിതെളിയും

Published on 07 December, 2018
രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ ഇന്ന്‌ തിരിതെളിയും
തിരുവനന്തപുരം : ഇരുപത്തി മൂന്നാമതു രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ ഇന്ന്‌ തിരിതെളിയും. വൈകിട്ട്‌ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്‌ദാസ്‌ ഗുപ്‌ത മുഖ്യാതിഥിയാകും.

നടിയും സംവിധായികയുമായ നന്ദിതാ ദാസ്‌, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ്‌ മജീദിക്ക്‌ മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച്‌ ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

മേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ നാളെ (ശനിയാഴ്‌ച ) രാവിലെ ഒന്‍പതു മുതല്‍ ആരംഭിക്കും.എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി പതിനൊന്നു വരെ തൊട്ടടുത്ത ദിവസത്തെ സിനിമകള്‍ റിസര്‍വ്‌ ചെയ്യാവുന്ന രീതിയിലാണ്‌ റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്‌.

മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ registration.iffk.in/-  ല്‍ രജിസ്‌ട്രേഷനായി ഉപയോഗിച്ച മെയില്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌തോ, സിഡിറ്റ്‌ പുറത്തിറക്കിയിട്ടുള്ളiffk  2018 എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സീറ്റ്‌ റിസര്‍വ്‌ ചെയ്യാം.

മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്‌. ദിവസവും പരമാവധി മൂന്നു സിനിമകളാണ്‌ ഒരാള്‍ക്ക്‌ റിസര്‍വ്‌ ചെയ്യാന്‍ കഴിയുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക