Image

പ്രവീണ്‍ വധക്കേസ് ; റോബിന്‍സണിനെതിരെയുള്ള പ്രസ്താവന പ്രതിഭാഗം പിന്‍വലിച്ചു

അനില്‍ പെണ്ണുക്കര Published on 07 December, 2018
പ്രവീണ്‍ വധക്കേസ് ; റോബിന്‍സണിനെതിരെയുള്ള പ്രസ്താവന പ്രതിഭാഗം പിന്‍വലിച്ചു
പ്രവീണ്‍വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍   പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‌സണിനെതിരെ യുള്ള പ്രസ്താവന പ്രതിഭാഗം പിന്‍വലിച്ചു. റോബിന്‍സണിനെ പ്രവീണ്‍ വധക്കേസില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രതിഭാഗം വക്കീല്‍ സ്റ്റീവ് ഗ്രീന്‍ബര്‍ഗ് പിന്‍വലിച്ചത്. ആദ്യവിചാരണ തള്ളിപ്പോയ സാഹചര്യത്തില്‍ പഴയ കേസ് ഡിസ്മിസ് ചെയ്ത് പുതിയ വിചാരണ നടത്തുന്നതിനായി റോബിന്‍സണ്‍ ജുഡീഷ്യല്‍ സര്‍ക്യൂട്ട് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ ഗ്രീന്‍ബര്‍ഗ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് റോബിന്‍സണിനെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്കിന് ശേഷം ഇപ്പോള്‍ കേസ് ജെഫ്രി ഗോഫിനെറ്റിന്റെ പരിഗണനയിലാണ്. ഇരു ഹര്‍ജികളും സ്വീകരിച്ച കോടതി ഡിസംബര്‍ 5 ന് വിചാരണ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച നടന്ന കോടതി ഒത്തുച്ചേരലില്‍ ഇരുഭാഗത്തിന്റെയും ആവശ്യങ്ങള്‍ കേള്‍ക്കാനും പരിഗണിക്കാനും അടുത്ത മാസത്തേക്ക് കേസ് മാറ്റിവെച്ചു. ഈ സാഹചര്യത്തിലാണ് ഹര്‍ജിയില്‍ പരാമര്‍ശിച്ച റോബിന്‌സണിനെക്കുറിച്ചുള്ള വാദങ്ങള്‍ പിന്‍വലിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചത്. 

റോബിന്‍സണിനെ നീക്കം ചെയ്താല്‍ മാത്രമേ ബത്തൂണിന് സ്വതന്ത്രനാകാന്‍  സാധിക്കുകയുള്ളു എന്ന് മനസിലാക്കിയ പ്രതിഭാഗം തന്ത്രപരമായി റോബിന്‌സണിനെതിരെ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജിയിലെ ആവശ്യം ഒഴിവാക്കിക്കൊണ്ടുള്ള പ്രതിഭാഗത്തിന്റെ തീരുമാനത്തില്‍ ഒരുപാട് സന്തോഷിക്കുന്നുണ്ടെന്ന് ലൗലി  വര്‍ഗീസ് പറഞ്ഞു.

പ്രവീണ്‍ വധക്കേസില്‍ ലൗലി വര്‍ഗീസിന്റെ  പോരാട്ടത്തിനൊപ്പം താങ്ങും തണലുമായി നിന്ന നീതിമാനാണ് സ്‌പെഷ്യല്‍ പ്രോസികൂട്ടര്‍  ഡേവിഡ് റോബിന്‍സണ്‍ . പ്രവീണ്‍ വധക്കേസില്‍ ഇപ്പോഴും പടപൊരുതുന്ന വ്യക്തിത്വം. ലോകമനസ്സാക്ഷിയെ ഞെട്ടിത്തരിപ്പിച്ച പ്രവീണ്‍ വധകേസ് ഇപ്പോഴും ചര്‍ച്ചകളില്‍ സജീവമാകുമ്പോള്‍ ഡേവിഡ് റോബിന്‍സണ്‍ എന്ന സ്‌പെഷ്യല്‍ പ്രോസികൂട്ടറും, അദ്ദേഹത്തിന്റെ പോരാട്ടവും ഏറെ ശ്രദ്ധിക്കപ്പെടുന്നു .  ഈ കേസിന്റെ നാള്‍വഴിയിലെ  അവസാനത്തെ എട്  ലൗലി വര്‍ഗീസും കുടുംബവും പ്രാര്‍ത്ഥനയോടെ കാത്തിരുന്ന കോടതിയുടെ അന്തിമവിധി പലരുടെയും ഇടപെടല്‍ മൂലം കീഴ്‌മേല്‍ മറിഞ്ഞതാണ് .

 പ്രതിയെന്ന് തെളിയിക്കപ്പെട്ട ഗേജ് ബത്തൂണ്‍ കേസില്‍ നിന്നും ശിക്ഷാവിധികളില്‍ നിന്നും നിഷ്പ്രയാസം പുറത്തു വരികയും ചെയ്തു. എന്താണ് കോടതിയുടെ തീരുമാനത്തിന് കരണമെന്നറിയാന്‍ ലൗലി വര്‍ഗീസും റോബിന്‍സണും രംഗത്തേക്കിറങ്ങി. ഇന്ന് ലോകമെമ്പാടുമുള്ളവരും കോടതിയുടെ ഈ ന്യായമല്ലാത്ത വിധിക്കു പിന്നിലെ യഥാര്‍ത്ഥ കാരണം അറിയാന്‍ വെമ്പല്‍ കൊള്ളുകയാണ്. റോബിന്‍സണ്‍ എഴുതിത്തയ്യാറാക്കിയ ചാര്‍ജ് ഷീറ്റിലെ 'നോവിങ്‌ലി' എന്ന പദം സംശയമുളവാക്കി എന്ന കോടതിയുടെ മുടന്തന്‍ ന്യായങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും എല്ലാവരെയും വിശ്വസിപ്പിക്കാന്‍ കഴിഞ്ഞു. (പ്രവീൺ കൊല്ലപ്പെടുമെന്ന്  'അറിഞ്ഞു കൊണ്ട്' മർദ്ദിച്ചു എന്നതാണ്പ്രശ്നമായത്.) 

എന്നാല്‍ ഈ കാരണങ്ങള്‍ കൊണ്ടൊന്നും പ്രവീണ്‍ വധകേസിനു അടിവരയിടാന്‍ കഴിയില്ലെന്ന് ലൗലി വര്‍ഗീസും  റോബിന്‍സണും ഉറച്ചു വിശ്വസിക്കുന്നു. വീണ്ടും അടുത്തമാസം  മാസം ഒന്പതിന് കേസ് പരിഗണയ്ക്ക് വരുമ്പോള്‍ പുതിയതായി നിയമിക്കപ്പെട്ട ജഡ്ജി ഈ കേസിനെക്കുറിച്ച എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരിക്കുകയാണ് ലൗലി വര്‍ഗീസും കുടുംബവും ,ഒപ്പം നിയമലോകവും അമേരിക്കന്‍ മലയാളികളും .

2014 സെപ്റ്റംബര്‍ 14 നാണ് പ്രവീണിന്റെ മൃതദേഹം കാര്‍ബോണ്ടേല്‍ വനാന്തരങ്ങളില്‍ നിന്ന് കണ്ടെടുക്കുന്നത്. ലൗലിയുടെയും റോബിന്‌സണിന്റെയും നീണ്ട നാലുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ സെപ്റ്റംബര്‍ 17 ന് പ്രതിയെന്ന് തെളിയിക്കപ്പെട്ട ഗേജ് ബത്തുണിന് ശിക്ഷ വിധിക്കാനായി കോടതി തീരുമാനിച്ചിരുന്നു. എന്നാല്‍ അന്നത്തെ കോടതി ഒത്തുചേരലില്‍ ഗേജിനെ വെറുതെ വിടുകയാണെന്നും പുതിയ വിചാരണ ഉടന്‍ ഉണ്ടാകുമെന്നും ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്കിന്റെ നേതൃത്വത്തിലുള്ള ജൂറി വിധിക്കുകയായിരുന്നു. ഗേജിന് വിധി പ്രകാരം 20 മുതല്‍ 60 വര്‍ഷം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് കോടതി തീരുമാനം മാറ്റിക്കളഞ്ഞു. റോബിന്‍സണിന്റെ വാദങ്ങളും അദ്ദേഹം നിരത്തിയ സാക്ഷികളും തെളിവുകളും 'പെര്‍ഫെക്ട്' ആണെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. പ്രവീണ്‍ വധക്കേസ് അന്തിമ വിധിയിലേക്ക് എത്തിക്കാന്‍ റോബിന്‍സണ്‍ എടുത്ത പ്രയത്‌നവും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.

സത്യസന്ധതയും കൃത്യതയും കൈവെടിയാതെ തന്റെ കരിയറില്‍ ശ്രദ്ധാലുവായ റോബിന്‍സണ്‍ ലൗലി  വര്‍ഗീസിന്റെ വേദനയും ഒപ്പം അവരുടെ ഭാഗത്തെ ന്യായവും മനസിലാക്കി പ്രവീണ്‍ വധക്കേസ് ഏറ്റെടുക്കുകയായിരുന്നു. വെറും അപകടമരണമായി എഴുതിത്തള്ളാവുന്ന ഈ കേസിനു വഴിത്തിരിവുണ്ടായത് റോബിന്‍സണ്‍ രംഗത്തെത്തിയതോടെയാണ്. കൃത്യമായ സാക്ഷികളും തെളിവുകളും കോടതിയില്‍ ഹാജരാക്കി പ്രവീണിന് നീതി വാങ്ങിക്കൊടുക്കാന്‍ റോബിന്‍സണ്‍ അത്യധികം പരിശ്രമിച്ചു. എല്ലാ കഷ്ടപ്പാടുകള്‍ക്കും അന്ത്യം കുറിക്കുമെന്ന് ലോകം മൊത്തം ആ ദിവസമാണ് കോടതി തെറ്റായ തീരുമാനമെടുത്ത് എല്ലാവരെയും അമ്പരപ്പിച്ചുകളഞ്ഞത്.

കോടതിയുടെ തീരുമാനം 100 ശതമാനവും തെറ്റായിരുന്നെന്നു തെളിയിക്കുന്ന തരത്തിലാണ് റോബിന്‍സണ്‍ അപ്പീല്‍ തയ്യാറാക്കിയത്. ചാര്ജഷീറ്റിലെ വെറും ഒരു വാക്കിന്റെ പേരില്‍ അതുവരെ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച സത്യമായ സാക്ഷികളും തെളിവുകളും മറികടന്ന് കോടതി ഒട്ടും ന്യായമല്ലാത്ത വിധി പറഞ്ഞുവെങ്കിലും അത് കോടതിയുടെ മാത്രം അനാസ്ഥയാണെന്നു റോബിന്‍സണ്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനക്ക് എതിരായി എടുത്ത ആ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നെന്നും റോബിന്‍സണ്‍ പറഞ്ഞിരുന്നു . പ്രതിയോട് കോടതിക്കും പോലീസിനുമുള്ള ഉദാര സമീപനവും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു . കേസിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഹര്‍ജിയില്‍ വിശദമായി പറയുന്നുണ്ടെന്നും പുതിയതായി വന്ന ജഡ്ജി മനസിലാക്കുമെന്നും ലൗലി വര്‍ഗീസ് പറഞ്ഞു. റോബിന്‌സണിനെ അന്നും ഇന്നും പൂര്‍ണ്ണമായും വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പ്രയത്‌നത്തിന് നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ലൗലി വര്‍ഗീസ് ഈ മലയാളിയോട് പറഞ്ഞു . ഈ ഒന്‍പതിന് വീണ്ടും ഈ  കേസ് വിചാരണയ്ക്ക് എടുക്കുമെന്നാണ് ലൗലിയും കുടുംബവും ഉറച്ചു വിശ്വസിക്കുന്നത്.

എങ്കിലും ഗേജ് ബത്തൂണിനു അര്‍ഹമായ ശിക്ഷ ദൈവം നല്‍കി  ക്കഴിഞ്ഞു എന്ന്   വിശ്വസിക്കുകയാണ്  ഈ കുടുംബം .അതുകൊണ്ട് ഇനിയും കോടതി എടുക്കുന്ന ഓരോ തീരുമാനങ്ങളും ഒരു  നിയോഗം ആയി കാണുവാനാണ്   ലൗലി വര്‍ഗീസുംകുടുംബവും ആഗ്രഹിക്കുന്നത്

പ്രവീണ്‍ വധക്കേസ് ; റോബിന്‍സണിനെതിരെയുള്ള പ്രസ്താവന പ്രതിഭാഗം പിന്‍വലിച്ചുപ്രവീണ്‍ വധക്കേസ് ; റോബിന്‍സണിനെതിരെയുള്ള പ്രസ്താവന പ്രതിഭാഗം പിന്‍വലിച്ചുപ്രവീണ്‍ വധക്കേസ് ; റോബിന്‍സണിനെതിരെയുള്ള പ്രസ്താവന പ്രതിഭാഗം പിന്‍വലിച്ചുപ്രവീണ്‍ വധക്കേസ് ; റോബിന്‍സണിനെതിരെയുള്ള പ്രസ്താവന പ്രതിഭാഗം പിന്‍വലിച്ചുപ്രവീണ്‍ വധക്കേസ് ; റോബിന്‍സണിനെതിരെയുള്ള പ്രസ്താവന പ്രതിഭാഗം പിന്‍വലിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക