Image

2.0 : സിനിമ സാങ്കേതിക മികവില്‍ 2.0- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 08 December, 2018
2.0 : സിനിമ സാങ്കേതിക മികവില്‍ 2.0- (ഏബ്രഹാം തോമസ്)
തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഒരു അമിതാഭ് ബച്ചന്‍ ചിത്രം (ആജ് കാ അര്‍ജൂന്‍) പുറത്തു വരുന്നതിന് മുമ്പ് അച്ചടി മാധ്യമങ്ങളില്‍ 1 കോടി രൂപയുടെ പ്രചരണം(പരസ്യങ്ങള്‍ക്ക് പുറമെ) നടത്തി ചരിത്രം സൃഷ്ടിച്ചു. ഇപ്പോള്‍ ഒരു ബോളിചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് നേരില്ലാതെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് 25 കോടി രൂപ മുതല്‍ 60 കോടി രൂപ വരെ ചെലവഴിക്കുന്നുണ്ട്. രജനികാന്തിന്റെ പുതിയ ചിത്രം 2.0 യ്ക്ക് നിര്‍മ്മാണചെലവ് 260 കോടിരൂപ വരുമെന്നും ചാനലുകളിലും അച്ചടി മാധ്യമങ്ങളിലും നേരിട്ടല്ലാതെ നടത്തുന്ന പരസ്യചെലവുകളെകുറിച്ച് തനിക്ക് അറിയില്ലെന്നും സംവിധായകന്‍ ശങ്കര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ നീണ്ട്  നിന്ന ഊര്‍ജ്ജിതമായ പ്രചരണത്തിന് ശേഷമാണ് 2.0 തിയേറ്ററുകളില്‍ എത്തിയത്. തമിഴില്‍ നിര്‍മ്മിച്ച ചിത്രം ഹിന്ദിയിലും തെലുങ്കിലും ഡബ് ചെയ്തിട്ടുണ്ട്. അനൗദ്യോഗിക കണക്കുകള്‍ നിര്‍മ്മാണചെലവ് 543 കോടി രൂപയായും ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് 2.0 എന്നും പറയുന്നു.

2010 ല്‍ പുറത്തുവന്ന യന്ത്രിരന്റെ തുടര്‍ക്കഥയായാണ് 2.0 അവതരിപ്പിക്കപ്പെടുന്നത്. ഒരു വിജന പ്രദേശത്തെ  മൊബൈല്‍ ടവറില്‍ ഒരു ശാസ്ത്രജ്ഞന്‍ പക്ഷിരാജന്‍ (അക്ഷയ് കുമാര്‍) തൂങ്ങിമരിക്കുന്നു. അയാള്‍ക്ക് ഒരു പക്ഷിയുടെ രൂപവും വിപരീത ഊര്‍ജ്ജവും ലഭിക്കുന്നു. തിരക്കലുകുണ് ട്രത്തെ അയാളുടെ വീട്ടില്‍ വിവിധതരം പക്ഷികളെ ഓമനിച്ചു വളര്‍ത്തിയിരുന്ന അയാള്‍ മൊബൈല്‍ ടവറുകള്‍ വര്‍ധിച്ചു വരുന്നതും പക്ഷികള്‍ കൂട്ടംകൂട്ടമായി റേഡിയേഷന്‍ മൂലം മരിച്ചു വീഴുന്നതും കണ്ട് മനം നൊന്തിരുന്നു. വാര്‍ത്താപ്രക്ഷേപണമന്ത്രിയെയും ഉദ്യോഗസ്ഥരെയും കണ്ട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിക്കുവാന്‍ തയ്യാറായില്ല. അങ്ങനെയാണ് അയാള്‍ തൂങ്ങിമരിച്ചത്. പക്ഷിരാജന് ലഭിച്ച അമാനുഷശക്തി അയാള്‍ നിഷേധാത്മകമായി ഉപയോഗിക്കുന്നു. പ്രദേശത്തെ മൊബൈല്‍ ഫോണുകളെയെല്ലാം ആകര്‍ഷിച്ച് ജനങ്ങളില്‍  പരിഭ്രാന്തി പടര്‍ത്തു. മന്ത്രി ഉള്‍പ്പെടെ ചിലരുടെ വയറുകളില്‍ കയറി മൊബൈലുകള്‍ പൊട്ടിത്തെറിക്കുന്നു.

ശാസ്ത്രജ്ഞന്‍ വശീകരന്‍ (രജിനീകാന്ത്) മുമ്പ് യന്തിരനെ കണ്ടുപിടിച്ച് പ്രസിദ്ധനായിട്ടുണ്ട്. ഇപ്പോള്‍ നീല(ഏമി ജാക്‌സണ്‍) എന്നൊരു ആന്‍ഡ്രോയ്ഡ് സ്ത്രീയെ നിര്‍മ്മിച്ച് അവരെക്കൊണ്ട് ക്രിയാത്മകമായ പല പ്രവര്‍ത്തികളും ചെയ്തുവരുന്നു. നദികള്‍പോലെ ഒഴുകിവന്ന് സംഭ്രാന്തി പടര്‍ത്തുന്ന അവസ്ഥയില്‍ നിന്ന് നാടിനെ രക്ഷിക്കുവാന്‍ വശീകരനും നീലയും നിയോഗിക്കപ്പെടുന്നു. മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന യന്ത്രിരനെ മോചിപ്പിച്ച് ആ യന്ത്രമനുഷ്യന്റെ സഹായത്തോടെ പക്ഷിരാജനുമായി വശീകരന്‍ ഏറ്റുമുട്ടുന്നു. ആദ്യ ഏറ്റുമുട്ടലില്‍ യന്ത്രിരന്‍ നശിപ്പിക്കപ്പെടുന്നുവെങ്കിലും നീല യന്ത്രമനുഷ്യന്റെ ഭാഗങ്ങള്‍ കൂട്ടി യോജിപ്പിച്ച് വീണ്ടും ഏറ്റുമുട്ടലിന് തയ്യാറാകുന്നു. യന്ത്രിരന്റെ 500 പ്രതിരൂപങ്ങള്‍ നിര്‍മ്മിച്ച് ശക്തികൂട്ടുന്നു. ചിട്ടി എന്ന പേരില്‍ യന്ത്രിരനും, 3.0 ആയി കുട്ടിയും നീലയും വശീകരനും ചേര്‍ന്ന് പക്ഷി രാജനെ നശിപ്പിക്കുന്നു.
പ്രമേയ ദാരിദ്ര്യം രജനീകാന്ത് ചിത്രങ്ങളിലെ സ്ഥിരം പോരായ്മയാണ്. ഇത്തവണ ഒരു മാനുഷിക പ്രശ്‌നം മൂലം ഈ കുറവ് പരിഹരിക്കാമെന്ന് പ്രതീക്ഷിച്ചു. പക്ഷെ കെട്ടുറപ്പുള്ള ഒരു തിരക്കഥ തയ്യാറാക്കുവാന്‍ കഴിഞ്ഞില്ല. സംഭാഷണത്തിന് നിലവാരമില്ല എന്ന് ആദ്യം മുതലേ അനുഭവപ്പെടും. സംഭാഷണത്തിനും സ്വന്തം ശൈലിക്കും നിര്‍ത്താതെ കരഘോഷം നേടിയിരുന്ന നടന്‍ എങ്ങോ മറഞ്ഞതായാണ് അനുഭവപ്പെടുക. ആദ്യ പകുതി വല്ലാതെ ഇഴഞ്ഞ് നീങ്ങുന്നു.

സാധാരണ രജനി ചിത്രങ്ങളിലെ പ്രകടനം 2.0 ല്‍ കാണാന്‍ കഴിയുകയില്ല. മണിക്കൂറുകള്‍ നീണ്ട മേക്കപ്പിലൂടെ രൂപമാറ്റവുമായി എത്തുന്ന അക്ഷയ്കുമാര്‍ പ്രേക്ഷകരില്‍ കാര്യമായ ചലനം സൃഷ്ടിക്കുന്നില്ല. അടുത്ത കാലത്ത് ഹിന്ദിയില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങളില്‍ നായകനായി തിളങ്ങിയ അക്ഷയ് ബോളിവുഡില്‍ ഒതുങ്ങിക്കൂടുന്നതായിരിക്കും നല്ലത്. ഏമി ജാക്‌സണ് കാര്യമായി ഒന്നും ചെയ്യാനില്ല. പ്രത്യക്ഷപ്പെടുന്ന രംഗങ്ങളിലെ പ്രകടനം കുറവുകള്‍ക്ക് അതീതമാണ്. സുധാംശു പാണ്ഡേ, അഡില്‍ ഹുസൈന്‍ കലാഭവന്‍ ഷാജോണ്‍, കെ.ഗണേശന്‍ എന്നിവരാരും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നില്ല. മദന്‍ കര്‍ക്കിയും നാമുത്തുകുമാറും എഴുതിയ ഗാനങ്ങള്‍ക്ക് എ.ആര്‍.റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. ഗാനങ്ങള്‍ മൂന്നെണ്ണവും വളരെ വേഗം വിസ്മരിക്കപ്പെടും.

2.0 യുടെ അസാധാരണ ശക്തി സാങ്കേതിക മികവാണ്. ഇന്ത്യയിലെയും പുറത്തുമുള്ള പ്രതിഭാധനരായ ആയിരക്കണക്കിന് സാങ്കേതിക വിദഗ്ധര്‍ സൃഷ്ടിച്ച സെറ്റുകള്‍, രൂപ, പ്രതിരൂപങ്ങള്‍, സംഘട്ടനങ്ങള്‍, വിഷ്വല്‍ ഇഫക്ടുകള്‍, കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജുകള്‍, ടേബിള്‍ മോഡലുകളുടെ സന്നിവേശം, ശബ്ദമിശ്രണം(റസൂല്‍ പൂക്കുട്ടിയും മറ്റ് വിദഗ്ധരും) എന്നിവ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം നല്‍കുന്നു. ഈ വിഭാഗങ്ങളില്‍ അത്യപൂര്‍വകാഴ്ചകള്‍ ഇന്ത്യയ്ക്ക് നല്‍കാനാവും എന്ന് 2.0 തെളിയിക്കുന്നു. ശങ്കറിന്റെ ഈ നേട്ടം അഭിനന്ദനാര്‍ഹമാണ്.

2.0 : സിനിമ സാങ്കേതിക മികവില്‍ 2.0- (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക