Image

കോണ്‍ഗ്രസ് നേതാക്കളായിരുന്ന എം. ഐ ഷാനവാസിനെയും സണ്ണി കല്ലൂരിനെയും അനുസ്മരിച്ചു..

ജീമോന്‍ റാന്നി Published on 08 December, 2018
കോണ്‍ഗ്രസ് നേതാക്കളായിരുന്ന എം. ഐ ഷാനവാസിനെയും സണ്ണി കല്ലൂരിനെയും അനുസ്മരിച്ചു..
ഹൂസ്റ്റണ്‍: കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റും കരുത്തുറ്റ പാര്‍ലമെന്ററിയേ നുമായിരുന്ന എം. ഐ. ഷാനവാസിന്റെയും  കേരള കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന സണ്ണി കല്ലൂരിന്റെയും അകാല വേര്‍പാടില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഓ.സി)   ടെക്‌സാസ് ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.

ഡിസംബര്‍ 6 നു ശനിയാഴ്ച്ച വൈകുന്നേരം  8  മണിക്ക് നടത്തപ്പെട്ട ടെലി കോണ്‍ഫറന്‍സ് കമ്മിറ്റിയിലാണ് അനുശോചനം രേഖപ്പെടുത്തിയത്. സെക്രട്ടറി ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. 

പ്രസിഡന്റ് ജോസഫ് ഏബ്രഹാം അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഉജ്ജ്വല വാഗ്മിയും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന  ഷാനവാസിന്റെ അകാല വേര്‍പാട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും  വയനാട് നിയോജകമണ്ഡലത്തിനും നികത്താനാവാത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നു അനുശോചന പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സണ്ണി കല്ലൂരിന്റെ നിര്യാണം മൂലം കോട്ടയം നഗരത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കേരളത്തിലെ കര്‍ഷക സമൂഹത്തിനും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും  അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു പ്രത്യേക സമ്മേളനം നടത്തുന്നതിനും തീരുമാനിച്ചു. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയില്‍ പുതിയ ഭരണ സംവിധാനം ഉണ്ടാകുന്നതിനെ പറ്റി പ്രതിപാദിച്ചു. 
അമേരിക്കയിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടു കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം സാം പെട്രോഡയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിനു (ഐ.ഓ.സി) കരുത്ത് നല്‍കുന്നതിന്റെ ഭാഗമായി കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനായി മെമ്പര്‍ഷിപ് ക്യാമ്പയിനു തുടക്കം കുറിയ്ക്കുന്നതിനും തീരുമാനിച്ചു.  നൂറു ഡോളര്‍ നല്‍കി ലൈഫ് മെമ്പര്‍ഷിപ് എടുത്തുകൊണ്ടു സംഘടനയെ ശക്തമാക്കാന്‍ ടെക്‌സസിലെ കോണ്‍ഗ്രസ് അനുഭാവികളെ  ബന്ധപെടുന്നതിനും തീരുമാനിച്ചു. 

ജോസഫ് ഏബ്രഹാം,  ബേബി മണക്കുന്നേല്‍, പൊന്നു പിള്ള, ഡോ  ഈപ്പന്‍ ദാനിയേല്‍, ജെയിംസ് കൂടല്‍, വാവച്ചന്‍ മത്തായി, ജീമോന്‍ റാന്നി, എബ്രഹാം തോമസ്, ദാനിയേല്‍ ചാക്കോ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.   
കോണ്‍ഗ്രസ് നേതാക്കളായിരുന്ന എം. ഐ ഷാനവാസിനെയും സണ്ണി കല്ലൂരിനെയും അനുസ്മരിച്ചു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക