Image

സൈന്യത്തെ വ്യക്തി സ്വത്തായി ഉപയോഗിക്കുന്നതില്‍ ലജ്ജയില്ലാത്ത ആളാണ് മിസ്റ്റര്‍ 36 , മോദിയെ സൂചിപ്പിച്ച്‌ രാഹുല്‍

Published on 08 December, 2018
സൈന്യത്തെ വ്യക്തി സ്വത്തായി ഉപയോഗിക്കുന്നതില്‍ ലജ്ജയില്ലാത്ത ആളാണ് മിസ്റ്റര്‍ 36 , മോദിയെ സൂചിപ്പിച്ച്‌ രാഹുല്‍

 2016ലെ മിന്നലാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് റിട്ട. ലഫ്. ജനറല്‍ ഡിഎസ് ഹൂഡ. കാര്യങ്ങള്‍ പര്‍വതീകരിച്ചുകാണിക്കുകയാണ് ചെയ്തത്. മിന്നാലാക്രമണം ആവശ്യമായിരുന്നു. ഞങ്ങള്‍ക്ക് അത് ചെയ്ത് മതിയാകുമായിരുന്നുള്ളൂ. പക്ഷേ ആക്രമണം രാഷ്ട്രീയവല്‍ക്കരിച്ചു. അമിതമായ പ്രചാരണം നല്‍കി. അത് സൈന്യത്തിന് ഒരിക്കലും ഗുണം ചെയ്യില്ല. മറുപടി പറയേണ്ടത് രാഷ്ട്രീയക്കാരാണെന്നും ഹൂഡ പറഞ്ഞു. ചണ്ഡീഗഡില്‍ സൈനിക സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കവെയാണ് ഹൂഡ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തിരിച്ചടിയാകുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.

ഹൂഡയുടെ പ്രസ്താനക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെയും ബിജെപിയെയും ലക്ഷ്യമിട്ട് രംഗത്തെത്തി. ഹൂഡയെ പോലുള്ള സൈനികരില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സൈന്യത്തെ വ്യക്തി സ്വത്തായി ഉപയോഗിക്കുന്നതില്‍ ലജ്ജയില്ലാത്ത ആളാണ് മിസ്റ്റര്‍ 36 എന്ന് മോദിയെ സൂചിപ്പിച്ച്‌ രാഹുല്‍ കുറിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മിന്നലാക്രമണം പ്രചരിപ്പിക്കപ്പെട്ടുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.


മോദിയെ തുറന്നുകാട്ടിയതില്‍ ജനറല്‍ ഹൂഡയോട് നന്ദിയുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. തരംതാണ രാഷ്ട്രീയകളികള്‍ക്ക് സൈന്യത്തെ ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

2016 സപ്തംബറിലാണ് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം നടന്നത്. പുലര്‍ച്ചെ പാകിസ്താന്‍ അതിര്‍ത്തിയില്‍ കടന്ന് അക്രമികളുടെ കേന്ദ്രം തകര്‍ത്ത് നേരം വെളുക്കുംമുമ്ബ് സൈനികര്‍ തിരിച്ചെത്തുകയായിരുന്നു. വളരെ സാഹസികമായ ആക്രമണം ആസൂത്രണം ചെയ്തവരില്‍ ജനറല്‍ ഹൂഡയുമുണ്ടായിരുന്നു. ഉറിയില്‍ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന് മറുപടിയായിട്ടാണ് സൈന്യം മിന്നലാക്രമണം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക