Image

ഗൃഹാതുരക്കിളി ചിലക്കുന്നു ! (കവിത: ജയന്‍ വര്‍ഗീസ്)

Published on 08 December, 2018
ഗൃഹാതുരക്കിളി ചിലക്കുന്നു ! (കവിത: ജയന്‍ വര്‍ഗീസ്)
തുഞ്ചന്റെ പാട്ടിലെപ്പെണ്ണേ,
പഞ്ച വര്‍ണ്ണക്കിളിപ്പെണ്ണേ,
കൊഞ്ചിക്കുഴഞ്ഞൊന്നു വായോ, മനസിന്റെ
തുഞ്ചത്തിരുന്നൊന്നു പാടോ !

മൊഞ്ചുള്ള നിന്നിളം ചുണ്ടില്‍,
പുഞ്ചിരിപ്പാല്‍പ്പതച്ചെണ്ടില്‍,
കൊഞ്ചും മലയാളമേ, മമ നാടിന്റെ
പിഞ്ചോമനേ, ഒന്നു പാടൂ !

അഞ്ചു ഭൂഖണ്ഡങ്ങള്‍ താണ്ടി,
സഞ്ചരിച്ചിത്രയും ദൂരെ,
പഞ്ച നക്ഷത്ര വിലാസമാ, മീമണ്ണില്‍
വഞ്ചി നാട്ടിന്‍ പാട്ടു പാടൂ !

പുഞ്ചപ്പാടത്തിന്‍ വരന്പില്‍, പുസ്തക
സഞ്ചിയും തൂക്കി നടന്ന,
പിഞ്ചു ബാല്യത്തിന്റെ വേദന പേറുന്ന
പഞ്ചവടിപ്പാട്ടു പാടൂ !

പഞ്ചാരപ്പൂഴി യതിരില്‍, കായലില്‍,
വഞ്ചിക്കാര്‍ പാടുന്ന പാട്ടില്‍,
പഞ്ചമി ' ചേച്ചി ' യെ തേടിയലയുന്ന
നെഞ്ചു പൊട്ടും കഥ പാടൂ ! *

വഞ്ചിയുറങ്ങുന്ന കായല്‍, ചാരെ,
പുഞ്ച വിളയുന്ന പാടം.
' കൊഞ്ച് കിള്ളാന്‍ ' പോകു ' മഞ്ചു' മാര്‍ക്കുള്ളിലെ
നെഞ്ചിടിപ്പിന്‍ കഥ പാടൂ ! * *

കഞ്ചുക കെട്ടഴി, ച്ചമ്മിഞ്ഞ നിന്‍ മൃദു
ചെഞ്ചോര ച്ചുണ്ടിലിറ്റിച്ച് ,
തുഞ്ചനും, കുഞ്ചനു മൂട്ടി വളര്‍ത്തിയ
പിഞ്ചല്ലേ, നീയൊന്നു പാടൂ !

കൊഞ്ചും മലയാളമേ, മമ നാടിന്റെ
പിഞ്ചോമലേ, എന്റെ പൊന്നേ,
പിഞ്ചിളം ചുണ്ടില്‍ വിടരും നിന്‍ പാല്‍പ്പത
പ്പുഞ്ചിരി പൂം പാട്ടു പാടൂ !

തുഞ്ചന്റെ പാട്ടിലെപ്പെണ്ണേ,
പഞ്ചവര്‍ണ്ണ ക്കിളിപ്പെണ്ണേ,
കൊഞ്ചിക്കുഴഞ്ഞൊന്നു വായോ, മനസിന്റെ
തുഞ്ചത്തിരുന്നൊന്നു പാടോ !

* കറുത്തമ്മയുടെ കുട്ടിയേയും ഒക്കത്തേന്തി കാണാതായ ചേച്ചിയെ തേടിയലയുന്ന ചെമ്മീനിലെ കഥാപാത്രം പഞ്ചമി.

* * തീരദേശ പീലിംഗ് ഷെഡ്ഡുകളില്‍ നിന്ന് വാഗ്ദാനങ്ങളുടെ വലയില്‍ കുടുക്കി ബോംബെ അധോലോകത്തേക്കും, അവിടെ നിന്ന് ചുവന്ന തെരുവുകളിലേക്കും പ്രമോട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ നിന്നുള്ള നിറയൗവനങ്ങളില്‍ ഒരാള്‍ മാത്രമാണ് അഞ്ചു.
Join WhatsApp News
പഞ്ച വര്‍ണ കിളി 2018-12-09 08:25:24
പഞ്ച വര്‍ണ കിളികള്‍ ഇന്നു കാക്ക പോലെ
പാട്ടും കാക്ക കരച്ചില്‍ 
andrew 
കാക്ക 2018-12-09 19:45:26
ഞാന്‍ എന്ന ഭാവങ്ങളുടെ പ്രതിമകളില്‍ , ബിംബളില്‍ കാഷ്ടി ക്കുന്നതിന്റെ  സുഖം ഒന്ന്  വേറെ 
64 കലകളിലെ ചക്രവര്‍ത്തിയുടെ സുഖത്തിലും ഉപരി ആണ്  ഞാന്‍ എന്ന ഭാവങ്ങളുടെ  പൊള്ള ബിംബങ്ങളെ  ഉടച്ചു  വെറും പാട്ട പെറുക്കുന്നവന്  വെറുതെ കൊടുക്കുന്ന സുഖം .
ഞാന്‍ എന്ന ഭാവങ്ങളുടെ തലയില്‍ തന്നെ കാഷ്ടിക്കണം
andrew
കണ്ണാടി 2018-12-09 20:13:00
ഹാ ഹാ ഹാ കാക്കേ കാക്കേ
അടുത്തിടെയെങ്ങാനും കണ്ണാടിയിൽ നോക്കിയിട്ടുണ്ടോ?
ഹാ! ഹാ! ഹാ! കണ്ണാടി 2018-12-09 20:58:43
ഹാ ഹാ ഹാ കണ്ണാടി; ഞാന്‍ നോക്കിയപോള്‍ എല്ലാം നിന്‍റെ കറുത്ത ചിറകുകുകള്‍ 
എന്തിനേയും ഉടക്കാന്‍ കൊതിക്കുന്ന മുറിവേറ്റ വെക്തിതം 
വേണ്ട മോനേ ദിനേശാ 
പോയി ചുരുണ്ട പായില്‍ ചുരുണ്ടുകൂടി  ഉറങ്ങു.
നീ തല്ലി പൊളിച്ച കുരിശുകള്‍ നിന്നേ നോക്കി കൊഞ്ഞനം കാട്ടുന്നു.
അവയോട് ഫയട്ടു ചെയ്യു.
വെറും തെരുവ് പൂച്ച നീ; നര സിംഹത്തോട് ഉരക്കല്ലേ മോനേ!
അഴക് 2018-12-09 18:40:26
മൊഞ്ചുള്ള മൊഴിയാണേ, കൊഞ്ചം
അഴകാന സൊല്ലാണേ
എല്ലാ മൂട്ടിലും 2018-12-09 18:47:13
പഞ്ച വർണ കിളി, എന്നും കാക്ക പോലെ
എല്ലത്തിന്റെ മൂട്ടിലും കാഷ്ഠിക്കണോ?
വിദ്യാധരൻ 2018-12-10 12:03:46
പാടുവാനുണ്ടുള്ളിൽ മോഹം 
പാട്ടു വരുന്നില്ല പക്ഷെ 
വാളെടുക്കുന്നവർ എല്ലാം 
വെളിച്ചപ്പാടെന്നപോലെ
പാട്ടുകാരാണിന്നു നാട്ടിൽ; 
കാട്ടുന്ന കോപ്രാഞ്ചം കഷ്ടം !
അത്യന്താധുനിക ഭൂതം 
കുത്തിപ്പിടിക്കുന്നെൻ തൊണ്ടേൽ
പാടെണമെന്ന മോഹം
പാടുപെടുന്നു പാടാൻ  
കൂട്ടിൽൽ കിടക്കും കിളിയെപ്പോലെ 
കൂട്ടുന്നു ബഹളം  തൊണ്ടേൽ
ഉണ്ടോ വല്ലതും മാർഗ്ഗം 
ഉണ്ടേൽ പറയെന്റെ കവി ?
മുട്ടുന്നു ശ്വാസമെനിക്ക് 
പെട്ടന്നൊരു മാർഗ്ഗം ചൊല്ല് 
തുഞ്ചനും കുഞ്ചനും ആരാ ?
മൊഞ്ചുണ്ട് പേരുകൾ കേൾക്കാൻ 
ആരായാൽ നമ്മെൾക്കെന്താ 
ആരോ തൊഴിലില്ലാത്തോരാവാം 
സഞ്ചിയും തൂക്കി നടന്നാൽ 
കഞ്ഞി കുടി നടക്കില്ല
അലസരായിരുന്നു കരഞ്ഞാൽ 
വിളയില്ല പറമ്പിലൊന്നും 
തുഞ്ചന്റെ പാട്ടിലെ പെണ്ണാം 
പഞ്ചവർണ്ണക്കിളി പെണ്ണും 
തേടുന്നു അന്നത്തിനായി 
പാടുന്നതിനോടോപ്പോം 
പോകട്ടെ ഗൃഹാതുരക്കിളി 
പോകട്ടെ പറന്നങ്ങു വാനിൽ
ദൂരെ എറിയാം തോളിലെ സഞ്ചി 
ഭാരമുള്ളോരാ സഞ്ചി 
പോകുവാനുണ്ടേറെ ദൂരും 
വേഗം നടക്കൂ പോകാം
നമ്മക്ക് കൈകോർത്തു പാടാം 
ഉണ്മയിൻ പാട്ടുകൾ ഒന്നായി  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക