Image

കണ്ണൂരിന്റെ സ്വപ്‌നങ്ങള്‍ ഇന്ന് യാഥാര്‍ഥ്യമായി

Published on 09 December, 2018
കണ്ണൂരിന്റെ സ്വപ്‌നങ്ങള്‍ ഇന്ന് യാഥാര്‍ഥ്യമായി

രണ്ട് പതിറ്റാണ്ടായി ഉത്തരമലബാര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്നങ്ങള്‍ ചിറക് വിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ഫ്ലാഗ്‌ഒാഫ് ചെയ്തതോടെ നാലാമത്തെ വിമാനത്താവളം നാടിന്റേതായി. ഇന്ന് രാവിലെ 9.50ന് 152 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി വിമാനമാണ് ചരിത്രമുഹൂര്‍ത്തത്തിന്റെ ആകാശഖ്യാതിയുമായി പറന്നുയര്‍ന്നത് . വ്യോമയാന സഹമന്ത്രി ജയന്ത്സിന്‍ഹ മുഖ്യാതിഥിയായി . മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷതവഹിച്ചു .


97,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ആഭ്യന്തര, അന്തര്‍ദേശീയ പാസഞ്ചര്‍ ടെര്‍മിനലുകളും 3050 മീറ്റര്‍ റണ്‍വേയുമുള്‍പ്പെട്ട കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 വിമാനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം. 24 ചെക്ക് ഇന്‍ കൗണ്ടറുകളും 32 എമിഗ്രേഷന്‍ കൗണ്ടറുകളും നാല് ഇ-വിസ കൗണ്ടറുകളും 16 കസ്റ്റംസ് കൗണ്ടറുകളുമാണ് ഒരുക്കിയിട്ടുള്ളത്. വന്‍കിട വിമാനങ്ങളില്‍ നേരിട്ട് പാസഞ്ചര്‍ ടെര്‍മിനലിലേക്ക് പ്രവേശിക്കാവുന്ന ആറ് എയ്റോബ്രിഡ്ജുകളും പ്രത്യേകതയാണ്. ഒരേ സമയം 2000 യാത്രക്കാര്‍ക്ക് വന്നു പോകാവുന്നവിധത്തില്‍ അഞ്ച് നിലകളിലായി പാകപ്പെടുത്തിയതാണ് പാസഞ്ചര്‍ ടെര്‍മിനല്‍. 35 ശതമാനം സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ സ്വകാര്യ ഒാഹരി ഉടമകള്‍ക്ക് മേല്‍കൈയുള്ള വിമാനത്താവളത്തിന് ഒരുവര്‍ഷം 250 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

വിമാനത്താവളം ആദ്യത്തെ രണ്ടുവര്‍ഷത്തിനകം ലാഭത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള വയനാട്, കോഴിക്കോട്, മേഖലയില്‍നിന്ന് കണ്ണൂര്‍-തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നുമുള്ള റോഡ് വികസന നടപടി ത്വരിതഗതിയിലാണ്.ആഭ്യന്തര, അന്തര്‍ദേശീയ സര്‍വിസുകളുടെ സമൃദ്ധിയോടെയാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനംചെയ്യുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഗള്‍ഫ് സര്‍വിസുകളാണ് തുടക്കംമുതല്‍ ആരംഭിക്കുന്നത്. അബൂദബി, ദോഹ, ദുബൈ, ഷാര്‍ജ, മസ്കത്ത്, റിയാദ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന് അനുമതി ലഭിച്ചത്. വിമാനത്താവളങ്ങളിലെ സ്ലോട്ട് അനുമതിയും വിമാനത്തിന്റെ കുറവും കാരണം ദുബൈ, മസ്കത്ത് സര്‍വിസുകള്‍ ഉടനെ ഉണ്ടാവില്ല. കണ്ണൂര്‍- ഷാര്‍ജ റൂട്ടില്‍ ശനി, തിങ്കള്‍, ബുധന്‍, വെള്ളി, കണ്ണൂര്‍- അബൂദബി റൂട്ടില്‍ ഞായര്‍, ചൊവ്വ, വ്യാഴം, കണ്ണൂര്‍-ദോഹ റൂട്ടില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി, കണ്ണൂര്‍- റിയാദ് റൂട്ടില്‍ ഞായര്‍, വ്യാഴം, വെള്ളി, റിയാദ്-കണ്ണൂര്‍ റൂട്ടില്‍ വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളിലാണ് സര്‍വിസ്.ഗോ എയര്‍ ആഭ്യന്തര സര്‍വിസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനദിവസം ഗോ എയര്‍ യാത്രാ വിമാനം ഡല്‍ഹിയില്‍നിന്ന് രാവിലെ എട്ടരക്ക് പുറപ്പെട്ട് 11.30ന് കണ്ണൂരിലിറങ്ങും. കണ്ണൂരില്‍ ആദ്യമിറങ്ങുന്ന പാസഞ്ചര്‍ വിമാനം ഇതാകും. ബംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിേലക്കും ഉദ്ഘാടനദിവസം ഗോ എയര്‍ സര്‍വിസ് നടത്തും. ഡല്‍ഹി, തിരുവനന്തപുരം സര്‍വിസുകള്‍ ഉദ്ഘാടനദിവസം മാത്രമാണ്. ചൊവ്വ ഒഴികെ ആഴ്ചയില്‍ ആറുദിവസം ബംഗളൂരുവിലേക്കും തിരിച്ചും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ഹൈദരാബാദിലേക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ചെെന്നെയിലേക്കുമാണ് ഗോ എയര്‍ സര്‍വിസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക