• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

പശു ഒരു സാധു ജീവി ആയിരുന്നു (കഥ: ജോസഫ് എബ്രഹാം)

SAHITHYAM 09-Dec-2018
നാരായണന്‍ ഒരു പശുനെ വാങ്ങിച്ചു.പശുന്നു പറഞ്ഞാല്‍ നടാടെയാണ് അജ്ജാതി ഒരു പശു ആ നാട്ടിന്‍പുറത്ത് എത്തിയത്. നാരായണന്‍റെവീട്ടിലേക്കുള്ള പശുന്‍റെ വരവ് തന്നെഒരു സംഭവമായിരുന്നു. ഗ്രാമത്തിലെ ചെമ്മണ്‍ നിരത്തിലൂടെ പൊടിപറത്തി ഓടിയെത്തിയ മോയ്തീന്റെ ‘ടാറ്റക്കുട്ടി’ യിലാണ്അവള്‍അവിടെ എത്തിയത്. വണ്ടീന്റെ മോളില്‍തലയെടുപ്പോടെ നിറഞ്ഞു നിന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള അവളുടെ മനോഹരമായ ഉടല്‍ കണ്ട എല്ലാരും കണ്ണെടുക്കാതെ അവളെത്തന്നെ നോക്കിനിന്നു.
നിലം മുട്ടെ നീളമുള്ള വാല്‍,കന്നിയെങ്കിലും വലിയ അകിട്. അടിവയറ്റിലൂടെ അകിടിലേക്ക് നീളുന്ന തടിച്ച പാല്‍ ധമനി,പരന്നു നീണ്ട മുതുകും മനോഹരമായ തലയും. അങ്ങിനെസൌന്ദര്യവും ഗുണനിലവാരവും ഒത്തുചേര്‍ന്നത് എന്ന് സ്വര്‍ണക്കടക്കാരന്‍ പരസ്യം ചെയ്യുന്നതുപോലെലക്ഷണമൊത്തഒരു ഗോ കന്യകയായിരുന്നവള്‍.
പത്തുസെന്റു പുരയിടവും അതില്‍ ഒരു കൂരയുമായി താമസിച്ചിരുന്ന കൂലിപ്പണിക്കാരന്‍ നാരായണനോട് ഒരു പശൂനെ വാങ്ങി വളര്ത്തിക്കൂടെ എന്ന ചോദ്യം ആദ്യമായി ചോദിച്ചത്ആയിടെ നാട്ടില്‍ പുതിയതായി വന്ന ഗ്രാമസേവകനാണ്.
അതിനൊള്ള പാങ്ങൊന്നുമില്ല എന്ന് പറഞ്ഞു നാരായണന്‍ഒഴിഞ്ഞുമാറിയെങ്കിലുംസ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും ബാങ്ക് ലോണിനെക്കുറിച്ചും, അതില്‍ കിട്ടാന്‍ പോകുന്ന സബ്‌സിഡികളെക്കുറിച്ചും, ഒരു പശുവിനെ വളര്‍ത്തിയാല്‍ ഉണ്ടാക്കാവുന്ന വരുമാനത്തെക്കുറിച്ചുമൊക്കെഗ്രാമസേവകന്‍ വിശദീകരിച്ചു പറഞ്ഞപ്പോള്‍ നാരായണനും ഭവാനിയും ഒരു പശൂനെ വാങ്ങി പാലുവിറ്റ് ദാരിദ്ര്യത്തില്‍ നിന്ന് കരേറുന്നതിനെക്കുറിച്ച്‌സ്വപ്നം കാണാന്‍ തുടങ്ങി.
നാരായണന്‍റെപിന്നീടുള്ള ദിനങ്ങള്‍ ബ്ലോക്ക് ഓഫീസിലേക്കും ബാങ്കിലേക്കും അവിടെനിന്നും പശുവിനെക്കുറിച്ചുള്ള അന്വോഷണത്തിലേക്കും നീണ്ടു. അന്വോഷണം അവസാനം എത്തിചേര്‍ന്നത് നസ്രാണി പാതിരിമാരുടെ ഒരു ആശ്രമത്തിലെ തൊഴുത്തിലാണ്.അവിടെ പാതിരിമാരുടെ തൊഴുത്തില്‍ ‘ഡോളി’യെന്ന മാമോദീസ പേരുള്ളവളുംവാവിനായി കാത്തിരിക്കുന്നതുമായ യവ്വനയുക്തയില്‍ നാരായണന്‍റെ കണ്ണുടക്കി. പ്രഥമദൃഷ്ടിയാല്‍ തന്നെ മൂപ്പര്‍ക്ക് അവളെ വല്ലാതങ്ങ് പിടിച്ചുപോയി.
അവളുടെ അമ്മ ദിനം തോറും നാല്‍പ്പതു ലിറ്റര്‍ പാല്‍ ചുരത്തുമെന്നുആശ്രമത്തിലെ കറവക്കാരന്‍ പറഞ്ഞുകേട്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. പറഞ്ഞ പണവും കറവക്കാരന് നാട്ടുനടപ്പ് അനുസരിച്ചുള്ള കയര്‍ കാണവും കൊടുത്തു അവളെ വാങ്ങിച്ചുകൊണ്ടുപോന്നു.
ഡോളിയെയും കൊണ്ട് വീട്ടിലെത്തിയ നാരായണന്‍ ആദ്യം ചെയ്തത്അവളെ കുളിപ്പിച്ച് പുണ്യാഹം തളിച്ചു ശുദ്ധയാക്കി.ചുറ്റിനുമുള്ളത് മുഴുവന്‍ അസൂയക്കാരുടെ കൂട്ടമായതുകൊണ്ട് എല്ലാ ദൃഷ്ടിദോഷവും പോക്കാനായി ഭവാനി കടും ചുവപ്പുള്ള വറ്റല്‍ മുളകും ഉപ്പു കല്ലും കൊണ്ട് ഡോളിയെ ഉഴിഞ്ഞ് അടുപ്പിലിട്ടു എരിയിച്ചു.നാരായണന്‍നസ്രാണിടച്ചുള്ള അവളുടെ പേരുമാറ്റി പുതിയ പേരിടീലിനുള്ള ചടങ്ങ് നടത്തി.
മിക്കവാറും സിനിമേലൊക്കെ ഹിന്ദുക്കളുടെ പശുക്കള്‍ക്കിടുന്ന പേരായ ‘മാളു’എന്ന നാമമാണ് നാരായണന്‍ അവള്‍ക്കായി നിശ്ചയിച്ചത്. ആ പേര് അവളുടെ ചെവിയില്‍ മൂന്നുപ്രാവശ്യം വിളിച്ചശേഷം അവളുടെ തിരുനെറ്റിയില്‍ ഒരു ചന്ദനക്കുറിയും വരച്ച്അതില്‍ ഒരു സിന്ദൂര തിലകവും ചാര്‍ത്തി അവളുടെ ‘ഘര്‍വാപ്പസി’ പൂര്‍ത്തിയാക്കി.ചെവികള്‍ മൂന്ന് വട്ടം കൂര്‍പ്പിച്ചും പിന്നീട് താളത്തില്‍ ഇളക്കിയും തലയാട്ടിയും പുതിയപേര്‍ അംഗീകരിച്ചതായി അവളും പ്രഖാപിച്ചു. ആ സമയം നാരായണന്‍റെ പേരക്കിടാവ് കോലായില്‍ ഇരുന്നു അവന്‍റെ പാഠപുസ്തകം ഉറക്കെ വായിച്ചു“പശു ഒരു സാധു മൃഗമാണ്. പശു നമുക്ക് പാലു തരും ........”അതു കേട്ട് നാരായണനും ഭവാനിയും അങ്ങോട്ടുമിങ്ങോട്ടും നോക്കി പുഞ്ചിരിച്ചു.
നാരായണനും ഭവാനിയും മാളുവിനെ മകളെപ്പോലെ സ്‌നേഹിച്ചു പരിപാലിച്ചു. ചാണകം മെഴുകിയ തറയില്‍ പായ വിരിച്ചുറങ്ങുന്ന നാരായണന്‍മാളുവിനു കിടക്കാന്‍ പനയുടെ അലകുകള്‍ ചേര്‍ത്ത് തറവിരിച്ചു. ആഴമുള്ള കിണറ്റില്‍ നിന്ന് വെള്ളം വലിച്ചുകോരി എന്നും അവളെ കുളിപ്പിച്ച് വൃത്തിയാക്കും, തൊഴുത്തിലെ ചാണകം കോരികളഞ്ഞു കഴുകി വൃത്തിയാക്കും. ഭവാനിയുമൊത്ത് തൊടികളായ തൊടികളിലൊക്കെയലഞ്ഞു നല്ല പച്ചപുല്ലുകള്‍ മാളുവിനായി കെട്ട് കെട്ടായി കൊണ്ടു വരും. പുല്ലുതീരുമ്പോള്‍ കൊടുക്കാനായി വിലകൊടുത്തു വാങ്ങിയ കച്ചിയും സൂക്ഷിച്ച് വച്ചിട്ടുണ്ട്.മാളുവിനു കുടിക്കാനായി അയല്‍പക്കത്തെ വീടുകളില്‍ കയറിയിറങ്ങി വലിയ ചരുവം നിറയെ കാടിവെള്ളം ശേഖരിച്ചുകൊണ്ടുവരും. പലചരക്കുകടക്കാരന്‍ ഗോപീടെ കടയില്‍ നിന്ന് കടം പറഞ്ഞു തേങ്ങാ പിണ്ണാക്കും കടലപിണ്ണാക്കുമെല്ലാം വാങ്ങിച്ചു കൊടുക്കും.
കൌമാരത്തിലേക്കു കടന്ന മകള്‍ എന്നാണ് ഋതുമതിയാകുന്നതെന്ന ആകാംക്ഷയോടെനോക്കിയിരിക്കുന്ന ഒരമ്മയെപ്പോലെ എല്ലാദിവസവും ഭവാനിയും നാരായണനും മാളുവിനെ നിരീക്ഷിക്കും. വാവ് ദിവസങ്ങള്‍ അടുക്കുമ്പോള്‍ മാളുവിന്റെ നിര്‍ത്താതെയുള്ള കരച്ചിലിനായിഅവര്‍ കാതോര്‍ക്കും. നാരായണന്‍റെയും ഭവാനിയുടെയും കാത്തിരിപ്പങ്ങനെ നീളുകയാണ്. ഒരു അമ്മയാകണമെന്ന വിചാരമൊന്നും മാളുവിനിതുവരെയും തോന്നിയിട്ടില്ലായെന്ന് തോന്നുന്നു. ഒരു കൊച്ചു പൈക്കിടാവിനെപ്പോലെ തുള്ളിച്ചാടി നടക്കാനാണ് അവള്‍ക്ക് ഇപ്പോഴും ഇഷ്ടം.
നാരായണന്‍മാളുവിനെക്കുറിച്ചുള്ള സങ്കടപ്പൊതി മൃഗഡോക്ടര്‍ മുമ്പാകെ തുറന്നു വച്ചു. ഡോക്ടര്‍ അതിലേക്കു ചില പൊടിമരുന്നുകളുടെയും ഹോര്‍മോണ്‍ ഗുളികകളുടെയും കുറിപ്പടി വച്ചുകൊടുത്തു. പരുത്തിക്കുരുവുംനിലക്കടലയും ധാരാളമായി പുഴുങ്ങികൊടുക്കുവാനും ഉപദേശം നല്‍കി.ഡോക്ടര്‍ പറഞ്ഞ മരുന്നും തീറ്റയുമൊക്കെ മാളുവിനു മുറതെറ്റാതെ നല്‍കിപ്പോന്നു. ഇതൊക്കെ തിന്നു കുടിച്ചും മാളു ഒന്നുകൂടി മിനുങ്ങി സുന്ദരിയായതല്ലാതെ മാളുവിനു വിശേഷമൊന്നും ഉണ്ടായില്ല.
മുറതെറ്റാതെ ഗഡുക്കള്‍ അടക്കണമെന്നും എങ്കില്‍ മാത്രമേ സബ്‌സിഡി കിട്ടുകയുള്ളൂ വെന്നും അല്ലാത്തപക്ഷം മുഴുവന്‍ തുകയും അടയ്‌ക്കേണ്ടിവരുമെന്നും കാണിച്ചുകൊണ്ട് ചില നോട്ടീസുകള്‍ ബാങ്ക് കാരുടെ വകയായിവന്നത് ഇതിനിടയില്‍ നാരായണന്‍ കൈപ്പറ്റി.
പലചരക്ക് കടക്കാരന്‍ ഗോപി നാരായണനെ കണ്ടപ്പോള്‍ പറ്റ്കാശ് കൂടി വരുന്നതിനെപ്പറ്റി ആവലാതി പറഞ്ഞു.
“ന്‍റെ ഗോപീ യീ ഇങ്ങനെ ബേജറാക്കാതെ. മ്മടെ മാളുവൊന്നു പെറ്റോട്ടെ, അന്‍റെ കായ് മുഴോന്‍ തന്നു തീര്‍ത്തോള്ണ്ട്”
“ ന്റെ നായരെ, നിങ്ങളെന്ത് വര്‍ത്താനാ യീ പറേണത്.ഇങ്ങടെ മച്ചി പൈ പെറ്റിട്ട് ന്റെ കായ് തരാന്നാ ? നടക്കണ കാര്യം വല്ലതും പറയിന്‍”.
മാളു ഒരു മച്ചി പൈയാന്നഗോപീടെ വര്‍ത്താനം കേട്ട നാരായണനു ദേഷ്യം വന്നു എങ്കിലും അയാളെ പിണക്കേണ്ടന്നു കരുതി ഒന്നും പറഞ്ഞില്ല.
ബാങ്കില്‍ നിന്ന് പലവുരു നോട്ടീസു വന്നു. ഒരു ദിനം മാളുവിനുള്ള ഒരുകെട്ട് പുല്ലും തലയിലേന്തി പാട വരമ്പത്തൂടെ വരുമ്പോഴാണ് എതിരെവന്ന കമലാക്ഷി നാരായണനോട് ചോദിച്ചത്
“യെന്തിനാ നായരേ ങ്ങളീ മച്ചിപ്പയിനു വേണ്ടീ വെറുതെ കെടന്നു നയിച്ചണത്. അയിനെ വല്ല അറവുകാര്‍ക്ക് കൊടുത്ത് തടീന്ന് ഒയിവാക്കിക്കൂടെ ങ്ങക്ക്.”
മാളൂനെ മച്ചിയെന്നു വിളിച്ചതിലും അറവുകാര്‍ക്ക് കൊടുക്കാന്‍ പറഞ്ഞതിലും നാരായണന് വല്ലാത്ത കോപം തോന്നി.പക്ഷെ കമലാക്ഷിയുടെ നാവിനെക്കുറിച്ചു നല്ല പിടിപാട് ഉണ്ടായിരുന്ന നാരായണന്‍ കോപം കടിച്ചമര്‍ത്തി പുല്ലുകെട്ടുമായി ഒന്നും മിണ്ടാതെ നടന്നു.
തൊഴുത്തിലേക്ക് പുല്ലുമായിവരുന്ന നാരായണനെ കണ്ട മാളൂ സ്‌നേഹത്തോടെ നോക്കി അമറി. നാരായണന്‍ പുല്ലുകെട്ടു കുടഞ്ഞു കുറച്ചെടുത്ത് മാളുവിനു കൊടുത്തു. അവള്‍ അത് സാവധാനം ചവക്കാന്‍ തുടങ്ങി. പുല്ലു തിന്നുന്ന മാളുവിന്റെ ഉടലില്‍ നാരായണന്‍ പതിയെ തടവി. അപ്പോള്‍ പുല്ലുതീറ്റ നിര്‍ത്തി മാളു നാരായണന്‍റെ നേരെ നോക്കി പിന്നീട് സാവധാനം അവളുടെ അരമുള്ള നാവുകൊണ്ട് നാരായണന്‍റെ കൈകളില്‍ നക്കി.
തൊഴുത്തില്‍ നിന്ന് തിരികെ വീടിന്‍റെ ഉമ്മറത്തേക്ക് എത്തിയപ്പോള്‍ വേലിക്കലേക്ക് ആരോ വരുന്നത് നാരായണന്‍ കണ്ടു. വന്നയാള്‍ സ്വയംപരിചയപ്പെടുത്തി. ബാങ്കിലെ ഫീല്‍ഡ് ഓഫീസര്‍ ആയിരുന്നു. ബാങ്ക് ലോണ്‍ കുടിശ്ശിക അടക്കാത്തത് കാരണം നേരിട്ട് വിവരം അറിയാന്‍ വന്നതാണ്.
“ന്റെ സാറെ മ്മടെ കയ്യീല്‍ ഇപ്പൊ ഒന്നൂല്ല അതോണ്ട അടവ് മൊടങ്ങീത്”
തെല്ലിട നിര്‍ത്തി മാളുവിനെ ചൂണ്ടി നാരായണന്‍ പറഞ്ഞു
“ഓളൊന്നു പെറ്റ് കഴിഞ്ഞാല്‍ പിന്നെ ഒരീസംപോലും ഇങ്ങടെ കായ് മൊടങ്ങൂലാ”
നാരായണന്‍റെ വാക്ക് കേട്ട ബാങ്ക് ഓഫീസര്‍ പറഞ്ഞു
“ ന്റെ ചങ്ങാതീ ങ്ങളീ മച്ചി പയ്യിന്‍റെ പാല്‍ വിറ്റിട്ട് ലോണ്‍ അടക്കാനിരിക്കാ? നല്ല കാര്യായി.അയിനെ വല്ല അറവുകാര്‍ക്കുംകൊടുത്തിട്ട് കിട്ടുന്ന കായ് ബാങ്കീല്‍ കൊണ്ടീന്ന് അടക്കിന്‍. ബാക്കി ഉറുപ്പികക്ക് വേണച്ചാല്‍ മാനേജരോട് പറഞ്ഞ് ലോണ്‍ പുതുക്കാന്‍ നോക്കാം. അല്ലാച്ചാല്‍ അറിയാല്ലോ,വീടും തൊടീം ബാങ്ക് ജപ്തി ചെയ്യും പറഞ്ഞില്ലാന്ന് വേണ്ട”
ബാങ്കിലെ ഓഫീസര്‍ പോയപ്പോള്‍ നാരായണന്‍ തിരിഞ്ഞു മാളുവിന്റെ മുഖത്തേക്ക് നോക്കി. അവള്‍ ചെവിവട്ടം പിടിച്ചു നാരായണനെ തന്നെ നോക്കി നില്‍ക്കയാണ്. അവളുടെ മുഖം വല്ലതായിരിക്കുന്നതായി നാരായണന്‍ കണ്ടു.
അന്ന് രാത്രിയില്‍ നാരായണനും ഭവാനിയും ഉറങ്ങിയില്ല. രാത്രിമുഴുവന്‍ അവര്‍ പരസ്പരം സങ്കടപ്പെട്ടുവര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നു. മാളുവിനെ അറവുകാര്‍ക്ക് വില്‍ക്കുക എന്നത് സ്വന്തം മകളെ കൊല്ലാന്‍ കൊടുക്കുന്നതിനു സമമായിട്ടാണ് അവര്‍ക്ക് തോന്നിയത്. പക്ഷെ മച്ചിയെന്നു പേര് വീണ അവളെ ഇനി അറവുകാരന്‍ അല്ലാതെ വേറെ ആരാണ് വാങ്ങുക? ബാങ്കുകാര്‍ കിടപ്പാടം കൊണ്ടുപോകുമെന്നു വരുമ്പോള്‍ എങ്ങിനെയാണ് ഇനി മാളുവിനെ പോറ്റാന്‍ കഴിയുക?.
പിറ്റേന്ന് നാരായണന്‍ കാലിക്കച്ചവടം ചെയ്യുന്ന മൊയ്തീനെ കണ്ട് മാളുവിന്റെ കാര്യം പറഞ്ഞു.
“ന്റെ നായരേ ഓളെ ഇപ്പൊ ഇറച്ചി പൈസക്കെ എടുക്കാന്‍ കയ്യൂ. പക്ഷേങ്കി അതൊക്കെ ഇപ്പ ബല്യ എടങ്ങേറ് പിടിച്ച പണിയാണ്, ങ്ങക്ക് അറിയാല്ലോ ഈ നാട്ടീ നടക്കണ പുകിലൊക്കെ. കച്ചറക്കു വയക്കിനുമൊന്നും മ്മക്ക് കയ്യൂല”
നാരായണന്‍ ഒന്നും മിണ്ടിയില്ല. തെല്ലിട കഴിഞ്ഞു മൊയ്തീന്‍ പറഞ്ഞു
“ന്നാലുംങ്ങടെസിതി ഞമ്മക്ക് നല്ലോണം അറിയാം, ഒരു സഹായം ആയിക്കോട്ടെന്നു ബിച്ചാരിച്ചാണ് അല്ലാതെ ....”
രാത്രി ആകുമ്പോള്‍ മാളുവിനെ കൊണ്ടുപോകാന്‍ മൊയ്തീന്‍ വണ്ടിയുമായി വരാമെന്നാണ് ഏറ്റിരിക്കുന്നത്. തിരികെ വീട്ടിലേക്കു നടക്കുമ്പോള്‍ പാടവരമ്പില്‍ നാമ്പ് നീട്ടിയിരിക്കുന്ന ഇളം പുല്ലുകള്‍ നാരായണന്‍ കണ്ടു. മാളുവിനു ഏറ്റവും ഇഷ്ടമുള്ളവയാണവ. അയാള്‍ വരമ്പത്ത് കുന്തിച്ചിരുന്നു പുല്ലുകള്‍ കൈകൊണ്ടു വലിച്ചു പറിച്ചു. പറിച്ചെടുത്ത പുല്ലുകള്‍ ഒരു കെട്ടായി കെട്ടിയെടുത്തു തോട്ടിലെ വെള്ളത്തില്‍ ഇട്ടു നന്നായി കഴുകി മണ്ണെല്ലാം കളഞ്ഞു വൃത്തിയാക്കി നേരെ തൊഴുത്തിലേക്ക് നടന്നു. കയ്യില്‍ ഇളം പുല്ലുമായി വരുന്ന നാരായണനെ കണ്ട മാളൂ സന്തോഷത്തോടെ അമറുകയും ചെവികള്‍ ആട്ടുകയും ചെയ്തു. മാളു കൊതിയോടെ പുല്ലു തിന്നുബോള്‍ നാരായണന്‍ അവളുടെ കഴുത്തിലും മുതുകിലും തടവിക്കൊണ്ട് അവിടെത്തന്നെ നിന്നു.
നാരായണന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി ചുടുബാഷ്പം തന്റെ ഉടലില്‍ വീണപ്പോള്‍ പുല്ലുതീറ്റ നിര്‍ത്തി മാളു നാരായണന്‍റെ നേരെ നോക്കി. പിന്നീട് അയാളെ സാന്ത്വനിപ്പിക്കാന്‍ വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്ന അയാളുടെ കാലുകളിലെ ഉപ്പുരസം അവളുടെ നാവുകൊണ്ട് അവള്‍ നക്കിയെടുത്തു.
രാത്രി ആയപ്പോള്‍ മൊയ്തീന്‍ വണ്ടിയുമായി വന്നു. മൊയ്തീനെ കണ്ടതോടെ ഭവാനി അടുക്കളയുടെ ഇരുളിലേക്ക് ഉള്‍വലിഞ്ഞു.ചെത്തിതേക്കാത്ത കരിപിടിച്ച് വികൃതമായ ചെങ്കല്‍ ഭിത്തിയില്‍ പുറം ചാരിനിന്നു അവര്‍ നിശബ്ദമായി കരഞ്ഞു.
മൊയ്തീന്‍ മാളുവിന്റെ കയര്‍ അഴിച്ചു അവളെ തൊഴുത്തിന് പുറത്തേക്ക് കൊണ്ടുവന്ന് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന് അടുത്തേക്ക് തെളിക്കാന്‍ തുടങ്ങി. മുറ്റത്ത് നില്‍ക്കുന്ന നാരായണനെ കണ്ട മാളു അയാളുടെ നേരെ നോക്കി. മാളുവിന്റെ നോട്ടം നേരിടാനാവാതെ അയാള്‍ ദൂരെ ഇരുട്ടിലേക്ക് വെറുതെ നോക്കി. അവള്‍ നാരായണനെ നോക്കി ഉറക്കെ കരഞ്ഞു, മൊയ്തീന്‍ അവളുടെമൂക്ക്കയറില്‍ പിടിച്ചു വലിച്ചു നടത്തിക്കാന്‍ നോക്കി.മൂക്കുകയര്‍ മുറുകി കുറേശ്ശെ ചോര പൊടിയാന്‍ തുടങ്ങിയെങ്കിലും അവള്‍ വേദന സഹിച്ചു മുന്നോട്ടു നടക്കാന്‍ കൂട്ടാക്കാതെ നാരായണനെ നോക്കി അവിടെത്തന്നെ നിന്നു.
മുതുകില്‍ പതിച്ച വടിയുടെ പുളച്ചിലില്‍ ഉറക്കെ കരഞ്ഞുകൊണ്ടവള്‍ മുന്നോട്ടു നടന്നു.മുന്നോട്ടു നടക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് കുതറി തലവെട്ടിച്ചു അവള്‍ നാരായണന്‍ നിന്നിടത്തേക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.മൊയ്തീന്‍ അവളെയുംകൊണ്ട് വണ്ടിക്കരികില്‍ എത്തി. വണ്ടിയില്‍ കയറാതെ ഭയപ്പെട്ടു നിന്ന അവളുടെ മുതുകില്‍ നിരവധി തവണ വടി പുളഞ്ഞെങ്കിലും അവള്‍ കയറാന്‍ കൂട്ടാക്കാതെ നാരായണനെ നോക്കി ഉറക്കെ കരഞ്ഞുകൊണ്ട് അവിടെത്തന്നെ ഉറച്ചുനിന്നു.
ഇരുട്ടില്‍ അവിടവിടെയായായി ആളനക്കം, കുറച്ചാളുകള്‍ വണ്ടിക്കു ചുറ്റുംകൂടി. ആളുകള്‍ വന്നതോടെ മൊയ്തീനും സഹായിയും മാളുവിനെ അവിടെ വിട്ടേച്ചു വണ്ടിയില്‍ കയറി ഓടിച്ചു പോയി. ആള്‍ക്കൂട്ടം നാരായണനെ നോക്കി ആക്രോശിച്ചു.
പുലരുവാന്‍ ഇനിയും നേരമുണ്ട് നാരായണന്‍ ശബ്ദമുണ്ടാക്കതെ വാതില്‍ തുറന്നു ചാണകം മെഴുകിയ കോലായിയുടെ വെറുംനിലത്ത് കുത്തിയിരുന്ന് ഒരു ബീഡി കത്തിച്ചു പുകവിട്ടുകൊണ്ട് ആലോചനയില്‍ മുഴുകി. അയാളുടെ കണ്ണുകള്‍ തൊഴുത്തിലേക്ക് നീണ്ടു. അവിടെമാകെ നിശബ്ദമാണ് അയാള്‍ മാളുവിന്റെ അരികിലേക്ക് നടന്നു നാരായണന്‍റെ കാലടിശബ്ദം കേട്ട അവള്‍ കിടപ്പില്‍നിന്നു ചാടിയെഴുന്നേറ്റു. അയാള്‍ അടുത്തെത്തിയപ്പോള്‍ അവള്‍ അയാളെ മുഖം കൊണ്ട് മുട്ടിയുരുമ്മാന്‍ തുടങ്ങി. നാരായണന്‍ മാളുവിന്റെ കഴുത്തിലെ കയര്‍ അഴിച്ചു ചുരുട്ടിയെടുത്ത് തൊഴുത്തിന് പുറത്തേക്കു നടന്നു. മാളുവിനെ തീറ്റാന്‍ കൊണ്ടുപോകാറുള്ള മല മുകളിലേക്കുള്ള വഴിയിലൂടെ അയാള്‍ ഇരുളില്‍ തനിയെ പോകുന്നത് ഇമവെട്ടാതെ മാളു നോക്കി നിന്നു.


ജോസഫ് എബ്രഹാം
josephmathaiabraham@gmail.com
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇല്ല (കവിത : ജിഷ രാജു)
It's all gone far, but still... (poem- Retnakumari)
പ്രണയമേ, പ്രണതി (ഒരു വാലന്റയിന്‍ കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)
പ്രണയം(കവിത: ജെയിംസ് കുരീക്കാട്ടില്‍)
പ്രണയലേഖനം എങ്ങനെ എഴുതണം (ലൈലാ അലക്‌സ്)
സ്‌നേഹബലി (ജോസ് ചെരിപുറം)
ഒളിത്താവളം (ബിന്ദു ടിജി)
പ്രണയ ദേവാലയങ്ങള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
സ്വപ്‌നസഞ്ചാരങ്ങള്‍ (കവിത: രമ പ്രസന്ന പിഷാരടി)
ഒരു വാലന്റയിന്‍ കഥ( ഡാര്‍ക്ക് ചോക്ലേറ്റും, ചുവന്ന വൈനും- സി. ആന്‍ഡ്രൂസ് )
വാലന്‍ടൈന്‍ (ഒരു വ്യത്യസ്ത വീക്ഷണം: തൊടുപുഴ കെ ശങ്കര്‍ മുംബൈ)
പ്രണയ വര്‍ണങ്ങള്‍ (മനോജ് തോമസ് അഞ്ചേരി)
വാലന്റൈന്‍സ്‌ ഡേയിലെ ആത്മീയത (ഡോ. മാത്യു ജോയിസ്, ഒഹായോ)
സഖി (കവിത: ശങ്കര്‍ ഒറ്റപ്പാലം)
നീ മിണ്ടിയില്ല (കവിത: സാരംഗ് സുനില്‍ കുമാര്‍)
ജന്മദേശം വിളിക്കുന്നു (കവിത : മഞ്‌ളുള ശിവദാസ് )
സ്‌നേഹത്തിന്‍ നൊമ്പരം (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)
പ്രകൃതീ, പ്രണയിനീ ! (കവിത -പ്രണയവാര രചനകള്‍.: ജയന്‍ വര്‍ഗീസ്)
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 32: സാംസി കൊടുമണ്‍)
മഞ്ഞു പൊഴിയുമ്പോള്‍ (കവിത: ജോസഫ് നമ്പിമഠം)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM