Image

സ്‌ത്രീകള്‍ ശബരിമലയില്‍ പോകുന്നതിനേക്കാള്‍ നല്ലത്‌ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ പോകുന്നതെന്ന്‌ കുരീപ്പുഴ ശ്രീകുമാര്‍

Published on 10 December, 2018
സ്‌ത്രീകള്‍ ശബരിമലയില്‍ പോകുന്നതിനേക്കാള്‍ നല്ലത്‌  തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ പോകുന്നതെന്ന്‌ കുരീപ്പുഴ ശ്രീകുമാര്‍


കോഴിക്കോട്‌: ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ സ്‌ത്രീകള്‍ കയറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പക്ഷേ അവിടെ പോയാല്‍ സ്‌ത്രീകള്‍ക്ക്‌ എന്തെങ്കിലും പുണ്യം കിട്ടുമോ എന്നൊന്നും അറിയില്ലെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍.

''ശബരിമലയില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ സ്‌ത്രീകള്‍ കയറും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ശബരിമലയില്‍ പോയാല്‍ സ്‌ത്രീകള്‍ക്ക്‌ എന്തെങ്കിലും പുണ്യം കിട്ടുമോ എന്ന്‌ ചോദിച്ചാല്‍ എനിക്ക്‌ അങ്ങനെയൊരു അഭിപ്രായമില്ല.


കുടുംബങ്ങളില്‍ നിന്ന്‌ ജാതിയേയും മതത്തേയും അന്ധവിശ്വാസങ്ങളേയും മാറ്റിനിര്‍ത്താന്‍ കേരളത്തിന്‌ സാധിച്ചില്ല. ചരിത്രത്തില്‍ പുരോഗമനത്തിന്‌ വേണ്ടിയിട്ടുള്ള എല്ലാ സമരങ്ങളും ആദ്യഘട്ടത്തില്‍ പരാജയപ്പെടുന്നതായിട്ടാണ്‌ നമ്മള്‍ കാണുന്നതെന്നും കുരീപ്പുഴ പറഞ്ഞു.

പെരുനാട്‌ കലാപം നോക്കിയാല്‍ അവിടെ സ്‌ത്രീ ഉടുപ്പിട്ട്‌ ചന്തയില്‍ ചെല്ലുമ്പോള്‍ അത്‌ വലിച്ചുകീറാന്‍ സവര്‍ണഗുണ്ടകളുണ്ടാകുന്നു. സദാചാരക്കാര്‍ ഉണ്ടാകുന്നു. അതിനെതിരെ ജനങ്ങള്‍ സംഘടിക്കുന്നു.
അതിന്‌ ശേഷം അയ്യങ്കാളി കൊല്ലത്ത്‌ വരുന്നു. റൗക്ക്‌ കൊടുക്കുന്നു. കല്ലുമാല മുറിച്ചുകളയാന്‍ പറയുന്നു. അതിന്‌ ശേഷവും ഒരുപാട്‌ സ്‌ത്രീകള്‍, നമ്മള്‍ ഉടുപ്പിടാന്‍ പാടില്ലെന്ന്‌ വിശ്വസിച്ചിരുന്നു. അങ്ങനെ ഉടുപ്പിടാതെ അവര്‍ അന്തപുരങ്ങളില്‍ നാലുചുമരുകളില്‍ കഴിഞ്ഞു കൂടി. പിന്നീട്‌ നമ്മള്‍ കാണുന്നത്‌ ഇന്നത്തെ കേരളമാണ്‌. ഇന്ന്‌ ഉടുപ്പിടാത്തത്‌ ആരുമില്ലല്ലോ കേരളത്തില്‍? കുരീപ്പുഴ ചോദിക്കുന്നു.


ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‌ അടികൊള്ളുന്നത്‌ പി കൃഷ്‌ണപിള്ളയാണ്‌. പിള്ളമാര്‍ അന്ന്‌ സമൂഹത്തില്‍ ജാതിയില്‍ താഴ്‌ന്ന ശ്രേണിയാണ്‌. അവിടെ ക്ഷേത്രത്തില്‍ കയറി മണിയടിക്കാന്‍ കഴിയാതിരുന്നിട്ടും പി. കൃഷ്‌ണപിള്ള മണിയടിക്കുന്നു. അതിന്‌ അദ്ദേഹത്തെ തല്ലുകയാണ്‌. മഹാത്മഗാന്ധി ഈ പ്രശ്‌നത്തില്‍ ഇടപെടുന്നു. ആ സമരം പിന്‍വലിക്കുന്നു. പിന്നീട്‌ കുറേക്കാലത്തിന്‌ ശേഷമാണ്‌ അവിടെ എല്ലാവര്‍ക്കും കയറാന്‍ കഴിഞ്ഞത്‌.

അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഇത്തരം സമരങ്ങള്‍ പിന്നോക്കം പോകുന്നതും പിന്നീട്‌ മേല്‍ക്കൈ നേടുന്നതുമാണ്‌ കാണുന്നത്‌. ശബരിമലയില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ സ്‌ത്രീകള്‍ കയറും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ യുക്തിവാദി സംഘങ്ങളല്ല. അത്‌ വര്‍ഗ ബഹുജന സംഘങ്ങളാണ്‌. അവരുടെ കൂട്ടത്തില്‍ വിശ്വാസികളുണ്ട്‌, അവിശ്വാസികളുണ്ട്‌. ഇവരുടെയെല്ലാം സ്വാതന്ത്ര്യത്തെ അവര്‍ക്ക്‌ സംരക്ഷിക്കേണ്ടതായുണ്ട്‌. അതുകൊണ്ട്‌ ഈ യുക്തിവാദി സംഘങ്ങള്‍ ചെയ്യുന്നതുപോലെ ഈ വിശ്വാസികളെയോ വിശ്വാസത്തെയോ നേരിട്ട്‌ എതിര്‍ക്കുകയെന്നത്‌ അവര്‍ ചെയ്യില്ല.- കുരീപ്പുഴ പറയുന്നു.

ആര്‍.എസ്‌.എസുകാര്‍ തന്നെ ആക്രമിച്ചത്‌ രണ്ട്‌ വിഷയം പറഞ്ഞതിന്റെ പേരിലായിരുന്നു. ഒന്ന്‌ വടയമ്പാടി വിഷയവും മറ്റൊന്ന്‌ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന്‌ വയ്‌ക്കാന്‍ കഴിയാത്ത വിഷയം പറഞ്ഞതിന്റെ പേരിലും.

വടയമ്പാടിയില്‍ ദളിതര്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലം ഒരു മതില്‍ കെട്ടി അടിക്കുകയാണ്‌. ജാതി മതില്‍ കെട്ടി പൊതു സ്ഥലം ഇല്ലാതാക്കരുത്‌ എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. രണ്ടാമത്‌ അശാന്തന്റെ കാര്യം.അക്കാദമി അവാര്‍ഡൊക്കെ കിട്ടിയ വലിയ ചിത്രകാരനെ അദ്ദേഹം മരിച്ചപ്പോള്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന്‌ വെക്കാന്‍ സമ്മതിച്ചില്ല. അതിനുടത്ത്‌ ഒരു അമ്പലം ഉണ്ട്‌ എന്ന്‌ പറഞ്ഞിട്ടായിരുന്നു അത്‌.

എന്നെ ആക്രമിച്ചത്‌ ഒരിടത്ത്‌ കോണ്‍ഗ്രസുകാരും മറ്റേടത്ത്‌ ബി.ജെ.പിക്കാരുമാണ്‌. അവര്‍ തമ്മില്‍ വ്യത്യാസമൊന്നും ഇല്ല. എന്നെ ആക്രമിക്കുന്നതുവരെ ഞാന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പേര്‌ പറയാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക്‌ പേര്‌ പറയാം. കാരണം അവര്‍ എന്നെ കൃത്യമായി നോട്ടം ഇട്ടിരിക്കുകയാണല്ലോ?
അതിന്‌ ശേഷവും പല സ്ഥലങ്ങളിലും വെച്ച്‌ അവര്‍ എന്നെ ഹറാസ്‌ ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്‌തിട്ടുണ്ട്‌. അത്‌ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും കുരീപ്പുഴ ശ്രീകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക