Image

നിസാരമല്ല സിപിഎമ്മിന്‍റെ രാജസ്ഥാനിലെ രണ്ട് വിജയങ്ങള്‍

Published on 11 December, 2018
നിസാരമല്ല സിപിഎമ്മിന്‍റെ രാജസ്ഥാനിലെ രണ്ട് വിജയങ്ങള്‍

ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാനില്‍ സിപിഎം രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചിരിക്കുന്നു. തൃപുര നഷ്ടപ്പെട്ട സിപിഎം ഇന്ത്യയില്‍ ഇനി കേരളത്തില്‍ മാത്രമെന്ന് ഉറക്കെ പറഞ്ഞവരുടെ മുമ്പിലാണ് കാവിപുതച്ചു നിന്ന രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളെ സിപിഎം ചുവപ്പിച്ചിരിക്കുന്നത്. വളരെ ചെറുതെങ്കിലും അഭിനന്ദനം നല്‍കണം ഈ വിജയത്തിന്. കാരണം ഇന്ന് രാജസ്ഥാനില്‍ ബിജെപിക്ക് അടിപതറിയെങ്കില്‍ അതിന് പിന്നില്‍ ഒരു കാരണം സിപിഎം സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭങ്ങള്‍ തന്നെയായിരുന്നു.
28 മണ്ഡലങ്ങളിലാണ് ഇത്തവണ രാജസ്ഥാനില്‍ സിപിഎം മത്സരിച്ചത്. ഏഴോളം സീറ്റുകള്‍ മികച്ച വോട്ട് ഷെയര്‍ നേടാന്‍ സിപിഎമ്മിന് കഴിഞ്ഞു. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാന്‍, ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാല്‍ എന്നിവര്‍ സിപിഎമ്മിന്‍റെ എം.എല്‍.എ മാരായി വിജയിക്കുകയും ചെയ്തു. 
കര്‍ഷക പ്രക്ഷോഭങ്ങള്‍ നേതൃത്വം നല്‍കാനും കര്‍ഷകന്‍റെ പ്രശ്നങ്ങളെ അഡ്രസ് ചെയ്യാനും കഴിഞ്ഞു എന്നതാണ് രാജസ്ഥാനില്‍ സിപിഎമ്മിന് നേട്ടമുണ്ടാക്കിയത്. കര്‍ഷക ഗ്രാമങ്ങളിലെ ജനത സിപിഎമ്മിന് വോട്ടു ചെയ്തു. 
ദേശിയ തലത്തില്‍ സമീപകാലത്തുണ്ടായ വന്‍ കര്‍ഷക റാലികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് സിപിഎമ്മായിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെയും ഡല്‍ഹിയിലെയും ലോംഗ് മാര്‍ച്ചുകള്‍ സിപിഎം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ യഥാര്‍ഥ ഇന്ത്യയുടെ പ്രശ്നത്തെ ഉയര്‍ത്തുന്ന പ്രസ്ഥാനമായി ജനത്തിന് മുമ്പില്‍ നില്‍ക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു. കേരളത്തില്‍ മാത്രം ഭരണമുള്ള മറ്റുള്ള സംസ്ഥാനങ്ങളില്‍ സംഘടനാ സംവിധാനം തന്നെ ദുര്‍ബലമായ സിപിഎമ്മിന് ഇത്രയും സാധിച്ചത് യഥാര്‍ഥ രാഷ്ട്രീയം നിര്‍വഹിച്ചതു കൊണ്ടുതന്നെയാണ്. അഖിലേന്ത്യാ തലത്തില്‍ സിപിഎമ്മിന് പ്രസക്തിയുണ്ടാകുന്നതും ഇതുകൊണ്ടു തന്നെ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക