Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-27: ഏബ്രഹാം തെക്കേമുറി)

Published on 11 December, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-27: ഏബ്രഹാം തെക്കേമുറി)
അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിന്റെ മങ്ങിയധാരയില്‍ കണ്ണീര്‍തുള്ളികളെ പെരുവിരല്‍കൊണ്ടു് തോണ്ടിത്തെറുപ്പിച്ചു് ബാബു നടകല്ലില്‍ ഇരുന്നു. ഉറക്കം തന്റെ കണ്‍പോളകളോടകന്നിരിക്കുന്നു. എങ്ങനെ ഉറങ്ങാനാകും?
തന്നോടൊന്നു ഉരിയാടാന്‍പോലും സമയം കണ്ടെത്താതെ സൗഭാഗ്യത്തിന്റെ പട്ടുമെത്തയില്‍ അനന്തശയനം നടത്തുകയല്ലേയവള്‍? എന്തൊക്കെ കുമ്പസാരങ്ങളായിരുന്നു? സ്‌നേഹത്തിന്റെ മധുരിമയില്‍, പ്രണയത്തിന്റെ വികാരവിവശതയില്‍ പുലമ്പിയിരുന്നതു്. എന്നിട്ടിപ്പോള്‍?
മൗനമായി, ഏതോ പുണ്യകര്‍മ്മം ചെയ്യുന്ന സംതൃപ്തിയോടെ, ഒരു അനാഥകൊച്ചിനെയെണ്ണവണ്ണം രജനിയെയുംകൊണ്ടു് നാളെ പുറപ്പെടാന്ള്ള ഒരുക്കം. ‘എല്ലാ പൊല്ലാപ്പുകളുടെയും സെമിത്തേരി കുഴിച്ചാല്‍ കിട്ടുന്നതു് ഒരു സ്ത്രീയുടെ അസ്ഥിയോ തലയോട്ടിയോ ആയിരിക്കു’മെന്നു്് ഏതോ മഹാന്‍ പറഞ്ഞതു് എത്രയോ ശരി!
നക്ഷത്രങ്ങള്‍ കണ്ണുകള്‍ ചിമ്മിയടക്കുന്നു. കാര്‍മേഘങ്ങള്‍ ചന്ദ്രനെ മൂടുന്നു. വെളിച്ചം ഇരുട്ടായി മാറുന്നു. നിഴലുകള്‍ അപ്രത്യക്ഷമാകുന്നു. ഏകാന്തതയുടെ ഭീകരത തനിക്കെതിരേ നാവു പിളര്‍ക്കുന്നു. ഇരുട്ടിന്റെ കൈകള്‍ തന്റെ കഴുത്തിന്നേരെ നീണ്ടുവരുന്നു. ആ കൈപ്പത്തികളില്‍ ആറാറു വിരലുകളും ഓരോ വിരലിലും ഈരണ്ടു നഖങ്ങളും ഉള്ളതായിത്തോന്നി. അഴിച്ചിട്ട മുടിയും രക്തംപുരണ്ട നാവും ഇരുളില്‍ പ്രത്യക്ഷമായി. അതു തന്നെനോക്കി പല്ലിളിക്കുന്നതിനോടൊപ്പം നാവുകൊണ്ടു് ചിറികള്‍ നക്കിത്തുടക്കുന്നു.
മുട്ടിനിടയില്‍ തലയും തിരുകി ബാബു കണ്ണുകള്‍ ഇറുക്കിയടച്ചു.
+ + + + + +
അപ്‌സ്റ്റെയറിലെ ഇരുമ്പഴികള്‍ക്കുള്ളിലൂടെ ഒരു ചുവന്ന നാവു് പ്രത്യക്ഷമായി. ഇരുളില്‍ പുനലൂരാന്‍ തുറിച്ചുനോക്കവേ ഇരയെക്കണ്ട ബാലസിംഹത്തെപ്പോലെ അതു തനിക്കെതിരേ പതുങ്ങിപ്പതുങ്ങി അടുക്കുന്നതായിത്തോന്നി. സൂക്ഷിച്ചുനോക്കവേ മന്ഷ്യന്റെ തലയോടു സദൃശ്യമുള്ള മുഖത്തോടു് ഒരു ബാലസിംഹം പ്രത്യക്ഷപ്പെട്ടു. പയ്യാനിപ്പാപ്പന്റെ മുഖത്തോടൊപ്പം കരുത്തേറിയ ഉടലില്‍ അതു് തനിക്കെതിരേ നിലയുറപ്പിച്ചു് ഇരുവശത്തേക്കും തലചരിച്ചു് അട്ടഹാസം മുഴക്കുന്നു. ഈ ക്രുദ്ധനായ സിംഹത്തോടു് നേരിടാന്‍ താന്‍ അശക്തനായപോലെ പുനലൂരാന്‍ മൂളുകയും ഞരങ്ങുകയും ചെയ്തു.
റാഹേലമ്മ ഏതോ അശുഭസ്വപ്നം കണ്ടു. ഓര്‍മ്മകളില്‍കൂടി ആ സ്വപ്നം’മെനേ, മേനെ തെക്കാല്‍ ഉപാര്‍സീം’ എന്ന ദാര്യാവേശിനോടുള്ള ന്യായവിധിയെ ധ്വനിപ്പിച്ചു. പുള്ളിപ്പുലിക്കു സദൃശ്യനായൊരുവന്‍ കറുത്തഫ്രെയിമുള്ള കണ്ണടയുംവച്ചു് മെത്രാന്‍വേഷവുമണിഞ്ഞു് മുമ്പില്‍.
റാഹേലമ്മയാകെ വിയര്‍ത്തു. ഒരു കുമ്പസാരത്തിന്റെ വക്കിലേക്കു് അവര്‍ ഉറക്കത്തില്‍ വഴുതിവീണു. ‘പൊറുക്കേണമേ, തമ്പുരാനേ വീഴ്ചകള്‍ വന്നതു് ക്ഷമിക്കേണമേ. എന്തിനീ മെത്രാന്‍വേഷം കാട്ടി ഈ അബലയെ പരീക്ഷിക്കണം. സംഗതി ശരിയാണു്. പക്‌ഷേ ഇന്നദ്ദേഹം സഭയിലെ മേലദ്ധ്യക്ഷനല്ലേ? ഞങ്ങള്‍ രണ്ടുപേരും ബാല്യത്തില്‍ ഒന്നിച്ചുവളര്‍ന്നു. കൗമാരത്തില്‍ പലതും ചെയ്തു. യൗവനത്തില്‍ വേര്‍പിരിഞ്ഞു.
എന്റെമകന്‍ ടൈറ്റസു് അദ്ദേഹത്തിന്റെ മകനാണു് സത്യം. എന്നാല്‍ ഇതൊക്കെയും രഹസ്യമാക്കിവച്ച എന്റെ കഴിവിന്് ഇങ്ങനെ പരീക്ഷിക്കാതെ എന്റെ തമ്പുരാനേ!. . . . . . ഉറക്കത്തില്‍ അറിയാതെ പ്രാര്‍ത്ഥിച്ചുപോയി റാഹേലമ്മ. അത്രമാത്രം ബീഭത്‌സമായ ഒരു മുഖം തനിക്കെതിരേ കയറിവരുന്നു. മൃഗങ്ങളുടെ ഒരു നീണ്ടനിര അതിനെ അന്ധാവനം ചെയ്യുന്നു. പെണ്ണാടുകള്‍ മുട്ടാടിന്റെ പുറത്തു ചാടിക്കയറുന്നു. മുട്ടാടുകള്‍ നിര്‍വികാരതയോടു് പച്ചിലകള്‍ തേടിപ്പോകുന്നു.
മുട്ടാടു് ഗര്‍ഭം ധരിച്ചു് ഒരു മന്ഷ്യക്കുഞ്ഞിനെ പ്രസവിക്കുന്നു. അതിനെ മുലയൂട്ടുവാന്‍ ആരും ഇല്ലായ്കയാല്‍ അതു ക്ഷണത്തില്‍ വളര്‍ന്നു് പെണ്ണാടുകളെ ശപിക്കുന്നു.
‘മക്കളെയൂട്ടുവാന്‍ നല്‍കിയ സ്തനങ്ങളെ കാമവിലാസത്തിനായി കാമുകന്മാര്‍ക്കു നല്‍കി രസിക്കയും മക്കളെ മറന്നുകളകയും ചെയ്യുന്ന തള്ളമാരെ നിങ്ങള്‍ ശപിക്കപ്പെട്ടിരിക്കുന്നു.’ ശാപത്തിന്റെ ഇടിമിന്നലില്‍ റാഹേലമ്മക്കു് മോഹാലസ്യം അന്ഭവപ്പെട്ടു.
+ + + + + +
ടൈറ്റസിന്റെ മുറിയില്‍ ഒരു മിന്നല്‍പ്പിണര്‍ മിന്നിമറഞ്ഞു. അതിന് ഏഴു നിറങ്ങളുണ്ടായിരുന്നു. നിറങ്ങളില്‍ ഏഴു ലോകത്തിന്റെ അതിര്‍വരമ്പുകള്‍ രേഖപ്പെടുത്തിയിരുന്നു. ‘നീയെഴുന്നേറ്റു കാണുക’യെന്നൊരു ശബ്ദവും കേട്ടു.
ഉറക്കത്തില്‍ ടൈറ്റസു് തുറിച്ചുനോക്കി. കണ്ടാലും സര്‍വതും ഒന്നാക്കപ്പെടുന്നതുപോലെ തോന്നി. അഞ്ചു ഭൂഖണ്ഡങ്ങളെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു. ടൈറ്റസേ പറയുക! ചക്കരക്കു് അകവും പുറവും ഉണ്ടോ? സര്‍വദേശവുമെനിക്കൊരുപോലെ. ഈ ഭൂതലത്തില്‍ ആരും ശ്രേഷ്ടരോ, ഒന്നും ശ്രേഷ്ഠത ഉള്ളതോ അല്ല. മന്ഷ്യനെല്ലാം എന്റെ സൃഷ്ടിയാകുന്നു. ഒന്നിനേയും ശ്രേഷ്ഠമെന്നോ, മലിനമെന്നോ എണ്ണരുതു്. എനിക്കിഷ്ടമുള്ളവരോടു് ഞാന്‍ കരുണ കാണിക്കുന്നു. ഉപജീവനത്തിന്ള്ള മാര്‍ക്ഷം ഞാനവന് കാണിച്ചുകൊടുക്കുന്നു. സകലത്തിന്റെയും വഴി ഇവിടെ വഷളായിരിക്കുന്നു.
ചിന്താവിഷ്ടനായി ടൈറ്റസു് ഉണര്‍ന്നുനോക്കവേ, മോളിയുടെ വായില്‍ക്കൂടി ന്രയും പതയും വരുന്നു. അവള്‍ എന്തൊക്കെയോ പുലമ്പുന്നു.
‘യൂദാ കെട്ടിഞാന്ന കയറല്ലേ തന്റെ ഈ ഇടക്കെട്ടു്? മുപ്പതു വെള്ളിക്കാശിന് തക്കം കിട്ടിയപ്പോള്‍ അരുമനാഥനെ ഒറ്റിക്കൊടുത്തതുപോലെ, ചോരയും നീരുമുള്ള പെണ്ണുങ്ങളെ കാണുമ്പോള്‍ സഭയുടെ തക്‌സാ മറന്നുകളയുന്ന അഭിനവയൂദാസുകളെ
അവിസ്മാരത്തിന്റെ ലക്ഷണം കണ്ടിട്ടും ടൈറ്റസു് മോളിയെ ഉണര്‍ത്തിയില്ല. ‘വല്ലപ്പോഴുമല്ലേ മന്ഷ്യന്് ഇത്തരം സ്വപ്നലോകത്തില്‍ തീര്‍ത്ഥാടനം ചെയ്യാനാവൂ. അവള്‍ കാണട്ടെ’. അയാള്‍ അവളെ സൂക്ഷിച്ചു നോക്കിക്കൊണ്ടു് അങ്ങനെ ഇരുന്നു.
മോളി പിന്നെയും സ്വപ്നം കണ്ടെതെന്തെന്നാല്‍:
വടക്കുനിന്നൊരു ചുഴലിക്കാറ്റു് ആഞ്ഞടിക്കുന്നു. അതു പള്ളികളുടെ മേല്‍ക്കൂരയില്‍ ആഞ്ഞുതട്ടുന്നു. പള്ളിമണികളോരോന്നായി നിലംപതിക്കുന്നു. അതോടൊപ്പം ഒരു കനത്ത ശബ്ദവും കേള്‍ക്കുന്നു. ‘നിര്‍ത്തുക. നിങ്ങളുടെ ആരാധനകളുടെ ശബ്ദം എനിക്കു മതിയായി. നിങ്ങള്‍ സ്വര്‍ക്ഷരാജ്യത്തില്‍ കടക്കുന്നുമില്ല. കടക്കുന്നവരെയൊട്ടു കടപ്പാന്‍ സമ്മതിക്കുന്നുമില്ല.’
ആ ശബ്ദത്തിനോടൊപ്പം മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പ്രത്യക്ഷമായി. അവരുടെ നെറ്റിയില്‍ ഓരോരുത്തരുടെയും ജാതിയും മതവും എഴുതപ്പെട്ടിരുന്നു. ‘കൊല്ലുക’യെന്നൊരു ശബ്ദവും കേട്ടു. ദൈവങ്ങള്‍ യുദ്ധത്തിനായി പുറപ്പെട്ടു. ഭൂതലം ഒരു അടര്‍ക്കളമായി മാറി. മിസൈലുകള്‍ ഇരമ്പിപ്പാഞ്ഞു. ഒരു മിസൈലിന്റെ മുനയില്‍ റവ.ഡോ. പാല്‍പ്പറമ്പന്‍ അന്തരീക്ഷത്തിലേക്കു് ഉയരുന്നു.
‘ഇതാ ദൈവത്തിന്റെ ന്യായവിധി.’ മോളി പിറുപിറുത്തു.
+ + + + + +
അന്നുരാത്രി ആര്‍. എസു്. കെ കേട്ടതോ: ഇവിടെക്കയറി വരികയെന്നൊരു ശബ്ദം. ശരീരം നന്നേ വിയര്‍ക്കുന്നതായി തോന്നി. അതോടൊപ്പം അയാള്‍ ഭൂതലത്തില്‍ നിന്നും ഉയര്‍ത്തപ്പെടുന്നതുപോലെ. താന്‍ മൂന്നാം സ്വര്‍ക്ഷത്തോളം എടുക്കപ്പെടുന്നതായി അയാള്‍ക്കു തോന്നി.
ഒരു വിജനസ്ഥലത്തു് താന്‍ ചെന്നെത്തിയപോലൊരു തോന്നല്‍. സൂക്ഷിച്ചു നോക്കവേ കുറെ ചെറുജീവികള്‍ അവിടെ. വിഭിന്നാകൃതിയില്‍. ഇഞ്ചുകളുടെ വലിപ്പം മാത്രമുള്ള ജീവികള്‍. എങ്കിലും അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഭൂതലത്തിലെ കാര്യങ്ങള്‍. അക്കൂട്ടത്തില്‍ ഒരു ചെറുജീവി അയാളോടു ചോദിക്കുന്നു.
‘കല്ലറയ്ക്കല്‍ രാജന്‍ സ്കറിയാ നിങ്ങള്‍ക്കെന്നെ അറിയില്ല. എങ്കിലും ഒരു വ്യക്തിയെപ്പറ്റി ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ.. . . ഒരു സരോജിനി . ഒരു പാവം പെണ്ണു്. പണ്ടു് ’
‘എനിക്കറിയില്ല.’ ആര്‍. എസു്. കെ. ചെറുത്തു.
‘ഒന്നോര്‍ത്തു നോക്കൂ. . . . . പണ്ടു് ഓട്ടോറിക്ഷയില്‍ പരിയംപുറത്തു് കൊണ്ടിറക്കിയ സരോജിനി നിങ്ങള്‍ ഓര്‍ക്കുന്നില്ലയെങ്കില്‍ ഓര്‍ക്കണ്ടാ. പക്‌ഷേ ഒന്നു ഞാന്‍ പറയട്ടേ. ദേഹവും ആത്മാവുമില്ലാത്ത ദേഹിയായി അലയുന്ന ഈ വലിയ കൂട്ടത്തെ കാണുന്നില്ലേ? എന്തിനാണെന്നല്ലേ? പ്രതികാരദുര്‍ക്ഷകളാണു ഞങ്ങള്‍. ദൈവത്തോടുപോലും പകരം ചോദിക്കും. ഇത്തരം ഒരു ജന്മം അന്വദിച്ചതിന്്. മന്ഷ്യനോടു് പ്രതികാരം ചെയ്യും. ഞങ്ങളെ ജനിപ്പിച്ചതിന്്. സാത്താനോടും പ്രതികാരം ചെയ്യും. അകാലത്തില്‍ ഞങ്ങളെ അലസിപ്പിച്ചതിന്്.
താങ്കള്‍ വന്നെത്തിയിരിക്കുന്ന ഈ സ്ഥലം ഏതെന്നല്ലേ? നരകത്തിന്റെയും സ്വര്‍ക്ഷത്തിന്റെയും അതിര്‍ത്തിയിലുള്ള സ്ഥലം. അലസിപ്പിക്കുന്ന ഗര്‍ഭത്തെപ്പറ്റി വേദഗ്രന്ഥങ്ങള്‍ പറയുന്നുണ്ടു്. എന്നാല്‍ നിങ്ങളാരും അതു കാണുന്നില്ലതാന്ം. ഇബിലീസു് ദൈവത്തോടു് പറയുന്നു. ‘എന്നെ നീ വഴിതെറ്റിച്ചിരിക്കകൊണ്ടു് മന്ഷ്യരെ നിന്റെ നേര്‍മാര്‍ക്ഷത്തില്‍നിന്നും വഴി തെറ്റിക്കാന്‍ ഞാന്‍ പതിയിരിക്കതന്നെ ചെയ്യും.’ മന്ഷ്യന്റെയും, അദൃശ്യലോകത്തിലെ അത്ഭുതസൃഷ്ടികളുടെയും ലൈംഗികതൃഷ്ണ ഒരു വിരോധാഭാസമായി ഇന്നും തുടരുകയല്ലേ?. പാപത്തില്‍ ഞങ്ങളുടെ അമ്മ ഞങ്ങളെ ഗര്‍ഭം ധരിച്ചു അകൃത്യത്തില്‍ ഞങ്ങള്‍ ഉരുവായി .
നമ്മുടെ വല്യമ്മ ഒരു ഫലം പറിച്ചു തിന്നില്ലേ? അതോടെ ഒരു ശാപവും നേടിയില്ലേ? കഷ്ടവും ഗര്‍ഭധാരണവും. അങ്ങനെയെങ്കില്‍ മന്ഷ്യന്‍ എങ്ങിനെ ദൈവസന്നിധിയില്‍ നീതിമാനാകും?. സ്ത്രീ പ്രസവിച്ചവന്‍ എങ്ങനെ നിര്‍മ്മലനാകും?.
അല്ലയോ വിവേകത്തിന്റെ വഴി പിന്‍തുടരുന്നവനേ, ജ്ഞാനത്തിന്റെ പുസ്തകം കൊണ്ടുനടക്കുന്നവനേ അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കാണുന്നില്ലയോ?”
ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന രാജന്‍ സ്കറിയായെ നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു. താന്‍ മൂന്നാം സ്വര്‍ക്ഷത്തോളവും എടുക്കപ്പെട്ടുവോ? ഈ കണ്ടതെല്ലാം വാസ്തവമോ? ഈ വചനം സത്യമോ? ഉപജീവനം ലക്ഷ്യമാക്കിയാണു് ഈ വേദപുസ്തകം കൈയ്യിലെടുത്തതു്. അതുതന്നേ പറയുന്നു ‘ദൈവഭക്തി നല്ല ആദായസൂത്രമാകുന്നു’വെന്നു്. എന്നിട്ടിപ്പോള്‍ ഞാന്‍ പ്രസംഗിച്ചതെല്ലാം സത്യമായിട്ടു വന്നാല്‍ അയ്യോ! പ്രവചനങ്ങളെല്ലാം ശരിയായിവന്നാല്‍! എന്റെ അവസ്ഥ എന്തു്? എന്റെ പ്രസംഗങ്ങള്‍ കേട്ട അനേകര്‍ രക്ഷിക്കപ്പെട്ടു് ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ പ്രസംഗിച്ച ഞാന്‍ കൈവിടപ്പെട്ടു് നിത്യനരകത്തിന് അവകാശിയായി മാറുകയോ?
ഒരിക്കലും പശ്ചാത്തപിക്കാന്‍ ഇടംകൊടുക്കാതെ മറന്നുകളഞ്ഞ തെറ്റുകളല്ലേ തന്റെ മുമ്പില്‍ ഇപ്പോള്‍ ചുരുള്‍ നിവര്‍ന്നതു്? അയാള്‍ ആ ഇരുണ്ട വെളിച്ചത്തില്‍ ലിസിയുടെ മുഖത്തേക്കു് തുറിച്ചുനോക്കി. അവള്‍ ഉറക്കത്തിന്റെ നിര്‍വൃതിയിലലിയപ്പെട്ടിരിക്കുന്നു. എന്നിട്ടും, ആ കണ്ണുകള്‍ക്കു് എന്തോ ക്രുദ്ധഭാവം. ആമുഖത്തിന് എന്തോ ബീഭത്സത. എല്ലാംകൊണ്ടും ഭീകരത നിറഞ്ഞ രാത്രിയില്‍ ഭയാനകമായ ഓര്‍മ്മകളില്‍ അലഞ്ഞുനടക്കുന്ന മനസ്സു്.
കാര്‍മേഘങ്ങള്‍ ഉറഞ്ഞുകൂടിയിരുന്നു. കാറ്റിന്റെ ചിറകില്‍ അതു് ലക്ഷ്യസ്ഥാനം കണ്ടെത്തി. സംഹാരതാണ്ഡവത്തോടു് തമ്മില്‍പൊരുതി ഇടിമിന്നലുകളെ സൃഷ്ടിച്ചു് തകര്‍ന്നില്ലാതായി ജലകണങ്ങളായി ഭൂതലത്തിലേയ്ക്കു് വര്‍ഷിച്ചു.
ആ രാവും പാതിരാവിനോടു് വിട പറഞ്ഞിരിക്കുന്നു. വിടരുന്ന പുതുപുലരിയില്‍ തെളിയുന്ന പുതുമുഖങ്ങളെ ജ്വലിപ്പിക്കുന്ന നവരശ്മികള്‍ കിഴക്കേ ചക്രവാളത്തിനോടു് സമീപിച്ചു കൊണ്ടേയിരുന്നു. സര്‍വം ശാന്തമായുറങ്ങുന്നു.


(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക