Image

ജോയ് ഇട്ടന് കര്‍മ്മ രത്‌ന പുരസ്കാരം സമ്മാനിച്ചു

സ്വന്തം ലേഖകന്‍ Published on 11 December, 2018
ജോയ് ഇട്ടന് കര്‍മ്മ രത്‌ന പുരസ്കാരം സമ്മാനിച്ചു
തിരുവനന്തപുരം :ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനായ കാരുണ്യ ഹസ്തം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ കര്‍മ്മ രത്‌ന പുരസ്കാരം അമേരിക്കന്‍ മലയാളി സാംസ്കാരിക ,സാമൂഹ്യ ,സംഘടനാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ശ്രീ:ജോയ് ഇട്ടനുനല്‍കി ആദരിച്ചു . കേരളാ സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ആണ് അവാര്‍ഡ് നല്‍കിയത് .തിരുവനതപുരത്ത് സംഘടിപ്പിച്ച ലളിതമായ ചടങ്ങിലായിരുന്നു അവാര്‍ഡ് നല്‍കിയത് .

അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കേരളത്തിന്റെ സമ്പത്ത് ആണെന്നും,പ്രളയദുരിതങ്ങള്‍ ഉണ്ടായ സമയത്ത് അവര്‍ നല്‍കിയ സഹായങ്ങള്‍ കേരളം ഒരിക്കലും മറക്കുകയില്ല .അത്തരത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവവര്‍ത്തിക്കുന്നവരെ അനുമോദിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജോയ് ഇട്ടന് അവാര്‍ഡ് നല്‍കിക്കൊണ്ട് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു .തുടങ്ങിയ കാലം മുതല്‍ ജീവകാരുണ്യ രംഗത്ത് സജീവമായ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി വര്‍ഷം തോറും അതെ മേഖലയില്‍ ഉള്‍പ്പെട്ടവരെ ആദരിക്കുന്നു എന്നതും സന്തോഷം നല്‍കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

തലസ്ഥാന നഗരി ആസ്ഥാനമാക്കി, നിരാലംബര്‍ക്ക് ആശ്രയവും സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും സഞ്ചരിച്ചു വരുന്ന കാരുണ്യഹസ്തം ചാരിറ്റബിള്‍ സൊസൈറ്റി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ്, സ്വാതന്ത്യം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പോരാട്ടം ആദിവാസി മേഖലകളില്‍ താമസിക്കുന്നവരുടെ ഉന്നമനം, നിരാലംബര്‍ക്ക് കാരുണ്യത്തിന്റെ സ്പര്‍ശം, ഇവയുടെ സാക്ഷാത്കാര യാത്രയിലാണ് കാരുണ്യഹസ്തം ഇന്നും.രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സൊസൈറ്റി 200 കുടുംബംഗങ്ങള്‍ക്ക് ധാന്യ കിറ്റ് വിതരണവും തൊഴില്‍ രഹിതരായ നിര്‍ധന കുടുംബത്തിലെ സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗമായ തയ്യല്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ,നിര്‍ധന കുംബത്തിലെ പെണ്‍കുട്ടിക്ക് വിവാഹ ധനസഹായവും നല്‍കുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു .അതോടൊപ്പം സമൂഹത്തിന് മാതൃകയാകും വിധം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന സാമൂഹ്യ പ്രതിഭകളെ കാരുണ്യ ഹസ്തം കര്‍മ്മരത്‌ന പുരസ്കാരം നല്കി ആദരിക്കുന്നതിന്റെയും ഭാഗമായാണ് ജോയ് ഇട്ടന് കര്‍മ്മ രത്‌ന പുരസ്കാരം നല്‍കി ആദരിക്കുന്നതെന്ന് കാരുണ്യ ഹസ്തം പ്രസിഡന്റ് എലിസബത്ത് ജോര്‍ജ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു .ട്രസ്റ്റ് സെക്രട്ടറി ഷേയ്ഖ് ഖാന്‍ ,വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍, ലീഗല്‍ അഡ്വൈസര്‍ അഡ്വ.ജഹാംഗീര്‍, ജോ. സെക്രട്ടറി ബിനു ബെഞ്ചമിന്‍ ,പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍സണ്‍ മാമ്മലശ്ശേരി ,സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം മേരി ജോര്‍ജ് തോട്ടം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .
ഈ ചടങ്ങിന് ശേഷം മുഖ്യമന്ത്രി ശ്രീ .പിണറായി വിജയന്‍റെ ചേമ്പറിലെത്തിയ അവാര്‍ഡ് ജേതാക്കളെ അദ്ദേഹവും അഭിനന്ദിക്കുകയും അമേരിക്കന്‍ മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ജോയ്ഇ ട്ടന്‍ അമേരിക്കയിലേതുപോലെ കേരളത്തിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ് .പ്രധാനമായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ആണ് സജീവം. 2016 18 ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് , നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്‍റ്, യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെന്പര്‍ എന്ന നിലയിലും സജീവമായി പ്രവര്‍ത്തിക്കുന്നു . ഫൊക്കാനയുടെ കഴിഞ്ഞ കമ്മിറ്റിയുടെ ചാരിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറയ്ക്കുവാനും ജോയ് ഇട്ടന് സാധിച്ചിട്ടുണ്ട്
ജോയ് ഇട്ടന് കര്‍മ്മ രത്‌ന പുരസ്കാരം സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക