Image

പാഠം ഒന്ന്, പശു പാല്‍ മാത്രം തരും വോട്ട് തരില്ല

കലാകൃഷ്ണന്‍ Published on 11 December, 2018
പാഠം ഒന്ന്, പശു പാല്‍ മാത്രം തരും വോട്ട് തരില്ല

പാഠം ഒന്ന്, പശു പാല്‍ മാത്രം തരും വോട്ട് തരില്ല. സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ഒരു ട്രോളാണിത്. പശു രാഷ്ട്രീയം കൊണ്ട് ഇന്ത്യയെ നിലനിര്‍ത്താമെന്ന് വ്യാമോഹിച്ച ഹിന്ദുത്വരാഷ്ട്രീയക്കാര്‍ക്ക് മതേതര ഇന്ത്യകൊടുത്ത തിരിച്ചടി ട്രോളിലൂടെ പുറത്തു വരുന്നു. എന്തായാലും തമാശകള്‍ക്കും ട്രോളുകള്‍ക്കും ഏറെ വഴിവെച്ചിരിക്കുന്ന വിജയം കൂടിയാണ് നിയമസഭാ ഇലക്ഷന്‍ വിധിയിലൂടെ വന്നിരിക്കുന്നത്. 
ഏറ്റവും കൂടുതല്‍ ട്രോള്‍ നേടുന്നത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. കേരളത്തിലെ ബിജെപി നേതാക്കളും ട്രോളുകള്‍ ഏറ്റുവാങ്ങുന്നതില്‍ പിന്നിലല്ല. എല്ലാം അയ്യപ്പസ്വാമിയുടെ കോപം എന്ന തലക്കെട്ടോടെയാണ് ട്രോളന്‍മാര്‍ ബിജെപി കേരളാ നേതാക്കളെ വരവേറ്റത്. ഇലക്ഷന്‍ ഫലം പുറത്തു വന്ന അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാലത്ത് ഈ അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിയുടെ മുന്നേറ്റം പ്രവചിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കെ.സുരേന്ദ്രനാണ് ഏറ്റവും കൂടുതല്‍ പരിഹാസം ഏറ്റുവാങ്ങുന്നത്. 
ഇതിനിടയില്‍ രാജസ്ഥാനില്‍ സിപിഎം നേടിയ രണ്ട് നിയമസഭാ സീറ്റുകള്‍ കേരളത്തിലെ ഇടതുപക്ഷ സൈബര്‍ പോരാളികളെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഒരു സീറ്റുള്ള കേരളത്തിലെ ബിജെപിയേക്കാള്‍ വലിയ പാര്‍ട്ടിയാണ് ഇപ്പോള്‍ രാജസ്ഥാനില്‍ സിപിഎം എന്ന മട്ടില്‍ വലിയ പരിഹാസമാണ് കേരളത്തിലെ ബിജെപിക്കാരും സംഘികളും ഇപ്പോള്‍ നേരിടുന്നത്. 
വരാന്‍ പോകുന്ന ലോക്സഭയില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടുമെന്ന പ്രവചനത്തോടെ മോദിയുടെ ഡ്രൈവര്‍ തുള്ളിച്ചാടുന്ന ട്രോളും ഏറെ വൈറലായി. മോദിക്ക് ഇനി ലോകം ചുറ്റുന്ന പരിപാടി നിര്‍ത്താം എന്ന് വ്യഗ്യം. അമിത് ഷായെ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കുന്ന ബിജെപിയുടെ പൊങ്ങച്ചത്തെയും പൊളിച്ചടുക്കുന്നുണ്ട് സോഷ്യല്‍ മീഡിയ. കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയുന്ന അമിത് ഷായെ അവതരിപ്പിച്ചാണ് സോഷ്യല്‍ മീഡിയ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക