Image

നവയുഗവും, എംബസ്സിയും തുണച്ചു; തമിഴ്‌നാട് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.

Published on 12 December, 2018
നവയുഗവും, എംബസ്സിയും തുണച്ചു; തമിഴ്‌നാട് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ മൂലം ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദിയുടേയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. 

തമിഴ്‌നാട് തേനി സ്വദേശിനിയായ ഫാത്തിമ ബീബിയാണ് ഏറെ ദുരിതങ്ങള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഫാത്തിമ, ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്ക്ക് നാട്ടില്‍ നിന്നുമെത്തിയത്.  എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി മോശം ജോലിസാഹചര്യങ്ങളാണ് അവര്‍ക്ക് അവിടെ നേരിടേണ്ടി വന്നത്. വിശ്രമമില്ലാതെ രാപകലോളം പണി ചെയ്യിച്ച വീട്ടുകാര്‍, മതിയായ ഭക്ഷണം പോലും നല്‍കിയിരുന്നില്ല എന്ന് ഫാത്തിമ പറയുന്നു. വഴക്കും, അനാവശ്യമായ ശകാരവും ആവോളം കിട്ടിയിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായതിനാല്‍, ഏതു കഷ്ടപ്പാട് സഹിച്ചും ജോലിയില്‍ പിടിച്ചു നില്‍ക്കാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ നാല് മാസം പിന്നിട്ടിട്ടും വീട്ടുകാര്‍ ശമ്പളമൊന്നും നല്‍കിയില്ല. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ആ വീട്ടില്‍ നിന്നും ഒളിച്ചോടിയ ഫാത്തിമ, റാക്കയിലെ ഇന്ത്യന്‍ എംബസ്സി സേവനകേന്ദ്രത്തില്‍ എത്തി പരാതി പറഞ്ഞു. എംബസ്സി സേവനകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ വിവരം വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, ഫാത്തിമയുടെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും, കോബാര്‍ പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ്ക്കുകയും ചെയ്തു.

മഞ്ജുവും നവയുഗം പ്രവര്‍ത്തകരും ഫാത്തിമയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. അയാളുടെ പിടിവാശി നിയമനടപടികള്‍ വൈകിപ്പിച്ചതിനാല്‍ മൂന്നു മാസത്തോളം ഫാത്തിമയ്ക്ക് അഭയകേന്ദ്രത്തില്‍ തന്നെ താമസിയ്‌ക്കേണ്ടി വന്നു. ഒടുവില്‍ മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി ഫാത്തിമയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും,  അഭയകേന്ദ്ര അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു.

കൈയ്യില്‍ പണമൊന്നുമില്ലാതിരുന്ന ഫാത്തിമയ്ക്ക്, മഞ്ജുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്, സാമൂഹ്യപ്രവര്‍ത്തകനായ വര്‍ഗ്ഗീസ് പെരുമ്പാവൂര്‍, വിമാനടിക്കറ്റും, എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടില്‍ എത്താനുള്ള യാത്രാക്കൂലിയും നല്‍കി.  
നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു ഫാത്തിമ നാട്ടിലേയ്ക്ക് മടങ്ങി.



നവയുഗവും, എംബസ്സിയും തുണച്ചു; തമിഴ്‌നാട് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക