Image

മുന്‍മന്ത്രി സി.എന്‍.ബാലകൃഷ്‌ണന്‍റെ സംസ്‌കാരച്ചടങ്ങുകള്‍ തൃശ്ശൂരില്‍ നടന്നു

Published on 12 December, 2018
മുന്‍മന്ത്രി സി.എന്‍.ബാലകൃഷ്‌ണന്‍റെ സംസ്‌കാരച്ചടങ്ങുകള്‍ തൃശ്ശൂരില്‍ നടന്നു
അന്തരിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സി.എന്‍.ബാലകൃഷ്‌ണന്‍റെ മൃതദേഹം സംസ്‌കരിച്ചു. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പിലാണ്‌ സംസ്‌കാരചടങ്ങുകള്‍ നടന്നത്‌.

മന്ത്രിമാരായ എ.സി.മൊയ്‌തീന്‍, വി.എസ്‌.സുനില്‍ കുമാര്‍ കോണ്‍ഗ്രസ്‌ നേതാക്കളായ വി.എം.സുധീരന്‍, പി.സി.ചാക്കോ ഉള്‍പ്പെടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ്‌ അദ്ദേഹത്തിന്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയത്‌.

ദീര്‍ഘകാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റും കെ.പി.സി.സി ട്രഷററുമായിരുന്നു.

പത്താം ക്ലാസ്‌ പാസ്സായതിനു ശേഷം പൊതുരംഗത്തിറങ്ങിയ സി.എന്‍. തന്‍റേടത്തോടെ ഓരോ മേഖലയും കീഴടക്കിയത്‌ അസാമാന്യമായ മനസാന്നിദ്ധ്യത്തോടെയായിരുന്നു. 2011-ലെ തെരഞ്ഞെടുപ്പിലാണ്‌ സി.എന്‍ ബാലകൃഷ്‌ണന്‍ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക്‌ മത്സരിച്ചത്‌.

ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ സഹകരണ, ഖാദി വകുപ്പ്‌ മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന്‌ മത്സരിച്ച അദ്ദേഹം സി.പി.എമ്മിലെ എന്‍.ആര്‍.ബാലനെതിരെ 6685 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പുറനാട്ടുകര ശ്രീരാമകൃഷ്‌ണ ഗുരുകുല വിദ്യാമന്ദിരം എല്‍.പി. സ്‌കൂള്‍ അധ്യാപികയായിരുന്ന തങ്കമണിയാണ്‌ ഭാര്യ. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഗീത, മിനി എന്നിവര്‍ മക്കളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക