Image

രാജസ്ഥാനിൽ ബിജെപി സ്വയം ബലിയാടായി

Published on 12 December, 2018
രാജസ്ഥാനിൽ ബിജെപി സ്വയം ബലിയാടായി
രാജസ്ഥാനില്‍ ബിജെപി നടത്തിയ രാഷ്ട്രീയതന്ത്രം ഫലപ്രദമായി എന്നുവേണം കരുതാന്‍. വിജയ് രാജ സിന്ധ്യ എന്ന ഒറ്റയാള്‍ പട്ടാളത്തിനെ ഒതുക്കുവാന്‍ അമിത് ഷാ മോഡി സഖ്യത്തിന് ഇതില്‍പരം മറ്റൊന്നും അവിടെ ചെയ്യാനുണ്ടായിരുന്നില്ല. മൂന്നു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേന്ദ്രനേതൃത്വം വാസ്തവത്തില്‍ രാജസ്ഥാനില്‍ ഇളകിയാട്ടം തീരുമാനിച്ചതുതന്നെ. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള നേതൃത്വം പോലും ബിജെപിയില്‍ നിന്നും മാറിനില്‍ക്കുന്ന ഒരു അവസ്ഥയായിരുന്നു ജയ്പൂരില്‍ ഉണ്ടായിരുന്നത്. ഇങ്ങനെ എല്ലാതരത്തിലും ജരാനര ബാധിച്ച രാജസ്ഥാനില്‍ ഇത്രയെങ്കിലും സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി വിജയരാജ സന്ധ്യ കരുതുന്നു. മോഡിയെ അംഗീകരിക്കാന്‍ തയ്യാറായില്ല എന്നതു മാത്രമല്ല മറിച്ച് കേന്ദ്രത്തില്‍ പിരിമുറുക്കം നടത്തുവാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രമിച്ചു എന്നതാണ് ബിജെപി അടുത്തകാലംവരെ നേരിട്ടുകൊണ്ടിരുന്ന വലിയ ഒരു പ്രതിസന്ധി. രാജസ്ഥാനില്‍ ബിജെപി അധികാരത്തില്‍ വീണ്ടും വന്നിരുന്നു എങ്കില്‍ വരാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്നും ഒരു നേതാവ് എന്ന നിലയില്‍ വിജയ് രാജ സിന്ധ്യ പ്രധാനമന്ത്രി പദത്തിന് മോഡിക്ക് ഒരു കടുത്ത എതിരാളിയായി മാറിയേനെ. ഈ നീക്കത്തിന് ശക്തമായി പ്രതിരോധിക്കുവാന്‍ മോഡി സഖ്യത്തിന് കഴിഞ്ഞു എന്നത് ചില്ലറക്കാര്യമല്ല. വിജയ് രാജ സിന്ധ്യ തോറ്റുപോകും എന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ആര്‍എസ്എസ് അവസാന ശ്രമമെന്ന നിലക്ക് മാത്രമാണ് ജയ്പൂരില്‍ കാവികൊടി പിന്നില്‍ അണിനിരന്നത് തന്നെ.
ഹിന്ദി ഹിന്ദുത്വരാഷ്ട്രീയം നന്നായി അറിയാവുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രചാരണ ആയുധമാക്കി രാജസ്ഥാനില്‍ ഇറക്കിയപ്പോള്‍ മോദി നടപ്പാക്കിയത് യഥാര്‍ത്ഥ രാഷ്ട്രീയ തന്ത്രം തന്നെയായിരുന്നു.
വാസ്തവത്തില്‍ കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു ബിജെപി തോറ്റു കൊടുക്കുകയായിരുന്നു രാജസ്ഥാനില്‍ സംഭവിച്ചത്. പലയിടത്തും കാര്യമായ പ്രചാരണങ്ങളും പ്രകടനപത്രികകളും പോലുമില്ലാതെയാണ് ഭാരതീയ ജനതാപാര്‍ട്ടി മത്സരിക്കാനിറങ്ങിയ പോലും. രാജസ്ഥാനില്‍ ബിജെപി നടത്തിയ മോശം പ്രചാരണപരിപാടികള്‍ തന്നെയാണ് അവരുടെ തോല്‍വിക്ക് വഴിവെച്ചത് കോണ്‍ഗ്രസ് നിരീക്ഷകന്‍ കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടത് ഈ നിലയ്ക്കു വേണം വായിക്കുവാന്‍.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് നേടിയ വിജയം അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പോലും അമ്പരപ്പിക്കുന്നതായി. ശ്രീരാമന്‍ വനവാസത്തിനു പോയ വഴി തീര്‍ഥാടന സ്ഥിരം പാതയായി മാറ്റം എന്ന ഹിന്ദുത്വ പ്രഖ്യാപനം തന്നെയാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പുറത്തെടുത്തത്. രാജസ്ഥാനില്‍ ആവട്ടെ നോട്ടു നിരോധനവും അവര്‍ മുന്നിലേക്ക് എടുത്തുവച്ചു. ഛത്തീസ്ഗഡില്‍ വികസനവിരോധികള്‍ എന്ന പ്രശ്‌നം ആണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ആയുധമാക്കിയത്. എന്നാല്‍ ഇതൊന്നുമായിരുന്നില്ല വോട്ടര്‍മാരെ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു കുത്തുവാന്‍ പ്രേരിപ്പിച്ചത് എന്നത് ഒരു യാഥാര്‍ത്ഥ്യം. കൂടെ നില്‍ക്കുവാന്‍ ആരുണ്ട് എന്ന ചോദ്യത്തിന് വോട്ടിംഗ്ഗ്‌മെഷീനിലൂടെ ഈ മൂന്ന്‌സംസ്ഥാനങ്ങളിലെ ജനത മറുപടി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ രോഗി ഇച്ഛിച്ചതും പാല് വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന നിലക്കാണ് ബിജെപി കേന്ദ്രനേതൃത്വം ഇപ്പോഴത്തെ താല്‍ക്കാലിക പരാജയങ്ങളെ നോക്കിക്കാണുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക