Image

വിഡോ ഓഫ്‌ സൈലന്‍സ്‌: കലാപഭൂമിയില്‍ ഇരകളാക്കപ്പെടുന്നവരുടെ കഥ

Published on 12 December, 2018
   വിഡോ ഓഫ്‌ സൈലന്‍സ്‌: കലാപഭൂമിയില്‍ ഇരകളാക്കപ്പെടുന്നവരുടെ കഥ
ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്‌ കാശ്‌മീര്‍. എന്നാല്‍ തീവ്രസംഘര്‍ഷഭൂമിയായ അവിടെ യുദ്ധവും തീവ്രവാദവും ചേര്‍ന്നു തകര്‍ത്തെറിയുന്ന മനുഷ്യജീവിതങ്ങളിലേക്കുള്ള സഞ്ചാരമാണ്‌ വിഡോ ഓഫ്‌ സൈലന്‍സ്‌ എന്ന ഹിന്ദി ചിത്രം.

രാജ്യരക്ഷക്കായി നിയോഗിക്കപ്പെട്ട സൈന്യത്തിന്റെ നടപടികളും രാഷ്‌ട്രീയവും മതവും കൂട്ടിക്കലര്‍ത്തിയ തീവ്രവാദവും ചേര്‍ന്നു നിസഹായതയുടെ, തീരാവേദനയുടെ കനല്‍വഴികളില്‍ അനാഥമാക്കുന്ന മനുഷ്യരുടെ കഥയാണ്‌ പ്രവീണ്‍ മോര്‍ച്ചാലേ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത വിഡോ ഓഫ്‌ സൈലന്‍സ്‌ എന്ന ചിത്രം. 

കാശ്‌മീര്‍ ലോകത്തിന്റെ മുന്നില്‍ അറിയപ്പെടുന്നതു തന്നെ യുദ്ധത്തിന്റെയും തീവ്രവാദത്തിന്റെയും പശ്ചാത്തലത്തിലാണ്‌. കാശ്‌മീരിന്റെ താഴ്‌വാരങ്ങളില്‍ ഏറ്റുമുട്ടലുകളും ബോംബ്‌ സ്‌ഫോടനങ്ങളും വെടിയൊച്ചകളും സാധാരണമാണ്‌.

കാണാതാകുന്നവരും കൊല്ലപ്പെടുന്നവരും ഏറെയാണ്‌. ഇങ്ങനെ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്യുന്നവരുടെ അനാതമാകുന്ന കുടുംബങ്ങളുടെ അവരുടെ ആശ്രിതര്‍ കടന്നു പോകേണ്ടി വരുന്ന യാതനകളുടെ കഥയാണ്‌ ഈ ചിത്രം. ദുരന്തങ്ങളുടെ അവസാനിക്കാത്ത വെടിയൊച്ചകളും മണ്ണില്‍ കുഴിച്ചിട്ട മൈനുകള്‍ പോലെ തീവ്രവാദ ഭീകരതയും സദാ വേട്ടയാടുന്ന കുടുംബങ്ങള്‍.

ഏതൊരു യുദ്ധത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും ആത്യന്തികമായ ഇരകള്‍ സത്രീകളും കുട്ടികളുമാണ്‌. അതുകൊണ്ടു തന്നെ കാശ്‌മീരിലും സ്ഥിതി വ്യത്യസ്‌തമാകുന്നില്ല. നരകയാതനകള്‍ക്കിടയിലൂടെ കടന്നു പോകേണ്ടി വരുന്ന അവര്‍ ഭരണകൂട ഭീകരതയ്‌ക്കും നീതിരാഹിത്യത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയാകേണ്ടി വരുന്നു. 

ഏഴു വര്‍ഷം മുമ്പ്‌ കാണാതായ തന്റെ ഭര്‍ത്താവിനെ കാത്തിരിക്കുകയാണ്‌ ആസ്യ എന്ന യുവതി. സാധാരണ കുടുംബമായിരുന്നു അവളുടേത്‌. ഒരു രാത്രി സൈനികര്‍ വന്ന്‌ അവളുടെ ഭര്‍ത്താവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോവുകയായിരുന്നു. ആസ്യയുടെയും വൃദ്ധമാതാവിന്റെയും രോദനങ്ങള്‍ക്കും അപേക്ഷകള്‍ക്കും വിലയുണ്ടായില്ല.

അന്നു രാത്രി സൈനികര്‍ കൊണ്ടു പോയ ഭര്‍ത്താവിനെ കുറിച്ച്‌ ആസ്യക്ക്‌ പിന്നീട്‌ യാതൊരു വിവരവും കിട്ടുന്നില്ല. പ്രായം ചെന്ന രോഗിയായ ഭര്‍ത്തൃമാതാവും പതിനൊന്നു വയസായ മകളും മാത്രമാണ്‌ ആസ്യക്കുള്ളത്‌. അതിന്റെ കൂടെ സാമ്പത്തികബാധ്യതകളും. മറ്റൊരു വിവാഹം കഴിക്കാന്‍ ആസ്യയെ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ട്‌. പക്ഷേ ആസ്യ സമ്മതിക്കുന്നില്ല. തന്റെ ഭര്‍ത്താവ്‌ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ തന്നെ അവള്‍ കാത്തിരിക്കുകയാണ്‌. 

ഏഴു വര്‍ഷമായിട്ടും ഭര്‍ത്താവനെ കുറിച്ച്‌ ഒരു വിവരവും ഇല്ലാത്തതിനാല്‍ അവള്‍ അയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. അതിനായി അധികൃതരെ പലവട്ടം സമീപിച്ചിട്ടും ഫലം കാണുന്നില്ല. രജിസ്‌ട്രാര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ വിസമ്മതിക്കുകയാണ്‌. ആസ്യയെ പോലെ കാശ്‌മീരിലുള്ള 
അര്‍ധവിധവകള്‍ക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചെല്ലാം അയാള്‍ വളരെ വാചാലമായി ആസ്യയോ
ട്‌ സംസാരിക്കുന്നു.

ഇയാള്‍ തന്നോട്‌ നീതി കാട്ടുമെന്ന്‌ ആസ്യ വിചാരിക്കുമ്പോഴാണ്‌ രജിസ്‌ട്രാറുടെ തനി നിറം പുറത്തു വരുന്നത്‌. സര്‍ട്ടിഫിക്കറ്റ്‌ നല്‍കണമെങ്കില്‍ അവരുടെ ഭൂമി അയാള്‍ക്ക്‌ നല്‍കണം. അല്ലെങ്കില്‍ അവളുടെ ശരീരം അയാള്‍ക്ക്‌ കാഴ്‌ച വയ്‌ക്കണം. ആസ്യ രണ്ടിനും വഴങ്ങുന്നില്ല. ആസ്യയുടെ ജീവിതത്തില്‍ മറ്റൊരാഘാതമേല്‍പ്പിച്ചുകൊണ്ട്‌ ഭര്‍ത്താവിന്റെ അമ്മയും മരിക്കുന്നു.

അതോടെ അനാഥത്വം ഏതാണ്ട്‌ കീഴ്‌പ്പെടുത്തുകയാണ്‌ ആസ്യയെ. ഈ അവസരത്തില്‍ ആസ്യയുടെ മരണ സര്‍ട്ടിഫിക്കറ്റ്‌ അവള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക്‌ അയച്ചു കൊടുത്തുകൊണ്ട്‌ രജിസ്‌ട്രാര്‍ തന്റെ പക വീട്ടുന്നു. ഇതോടെ ആസ്യക്ക്‌ ഉപജീവന മാര്‍ഗത്തിനുള്ള ജോലിയും നഷ്‌ടപ്പെടുന്നു. പൗരനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥര്‍ തന്നെ അവരോട്‌ ക്രൂരത കാട്ടുന്നതിന്റെ അടയാളപ്പെടുത്തലായി ആസ്യയുടെ ജീവിതം മാറുന്നു.

എന്നാല്‍ ഒരവസരത്തില്‍ അവള്‍ മണ്ണില്‍ കുഴിച്ചിട്ട മൈന്‍ കണക്കെ പൊട്ടിത്തെറിക്കുന്നു. നീതിരാഹിത്യവും ക്രൂരതകളും മാത്രം അടിച്ചേല്‍പിക്കുന്ന ഭരണകൂടത്തോടുള്ള അവളുടെ പ്രതിഷേധമായി അത്‌ പ്രേക്ഷകന്‌ അനുഭവപ്പെടും. ആസ്യയില്‍ നിന്നും പ്രേക്ഷകര്‍ അതു തന്നെയാണ്‌ പ്രതീക്ഷിക്കുന്നതും. 

കാശ്‌മീരിലെ സാധാരണക്കാരായ സ്‌ത്രീകള്‍. യുദ്ധവും തീവ്രവാദവും എല്ലാം ചേര്‍ന്ന്‌ തച്ചുടച്ച ജീവിതത്തിന്റെ ചോരപ്പാടുകളായി ജീവിക്കുന്ന ആസ്യയെ പോലെ ധാരാളം സ്‌ത്രീകള്‍ കാശ്‌മീരിലുണ്ട്‌. എവിടേക്കും പോകാനിടമില്ലാത്തവര്‍.

ഭരണകൂട ഭീകരതക്കു മുന്നില്‍ ശിരസ്‌ കുനിച്ച്‌ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നവര്‍. അമ്മമാരും ഭാര്യമാരും പെണ്‍മക്കലുമെല്ലാം പലവിധത്തിലുള്ള ക്രൂരതകള്‍ക്കിരയായി ജീവിക്കേണ്ടി വരുന്ന സാഹചര്യം. നെഞ്ചുതുളച്ചു കയറുന്ന വെടിയുണ്ടയേക്കാള്‍ ജീവിതം നരകതുല്യമായി മാറ്റുന്ന വ്യവസ്ഥിതിയുടെ വാള്‍ത്തലപ്പിലൂടെയാണ്‌ ഈ നിസഹായരായ മനുഷ്യരുടെ സഞ്ചാരം.

അതല്ലെങ്കില്‍ കടന്നു പോകുന്ന ഓരോ നിമിഷത്തെയും അതിജീവനം. ഈ വിഹ്വലതകള്‍ മുഴുവന്‍ അതിന്റേതായ വികാരതീവ്രതയോടെ അനുഭവിപ്പിക്കാന്‍ വിഡോ ഓഫ്‌ സൈലന്‍സിന്‌ കഴിഞ്ഞു എന്നതാണ്‌ സിനിമ തീരുമ്പോള്‍ തിയേറ്ററില്‍ നിന്നുയരുന്ന കൈയടി വ്യക്തമാക്കുന്നത്‌. 






































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക