Image

കല്‍ക്കത്ത, അവള്‍ അങ്ങനെയാണ് ! (പി. ടി. പൗലോസ്)

Published on 13 December, 2018
കല്‍ക്കത്ത, അവള്‍ അങ്ങനെയാണ് ! (പി. ടി. പൗലോസ്)
കല്‍ക്കത്ത. അവള്‍ അങ്ങനെയാണ്. ആദ്യം നമ്മെ മടുപ്പിക്കും, പിന്നെ പ്രണയിക്കും, പിരിയാന്‍ നേരം കരയിപ്പിക്കും.

ഇത് എന്റെമാത്രം വാക്കുകളല്ല. കല്‍ക്കത്തയെ പഠിച്ചവരുടെയും അവളെ അനുഭവിച്ചവരുടെയും ഹൃദയത്തില്‍നിന്നും അടര്‍ന്നുവീണ ശരികളുടെ മാനിഫെസ്‌റ്റോ ആണ്. രണ്ടര പതിറ്റാണ്ട് എനിക്കന്നം തന്ന് അന്തിയുറക്കിയ നിന്നെ, ജീവിതത്തിന്റെ നേര്‍വരകളെ ഉല്‍ക്കാഴ്ചയോടെ ചൂണ്ടിക്കാണിച്ച നിന്റെ ഹൃദയവിശാലതയെ എനിക്കെങ്ങനെ പ്രണയിക്കാതിരിക്കാനാകും ? നിന്നെ പിരിയുമ്പോള്‍ എനിക്കെങ്ങനെ കരയാതിരിക്കാന്‍ കഴിയും ? കാരണം നീ കല്‍ക്കട്ടയാണ് . അല്ല, കൊല്‍ത്തയാണ് ! കാളിയും കാറല്‍ മാര്‍ക്‌സും കൈകോര്‍ക്കുന്ന, ആദിമതവും ആധുനികതയും ഒപ്പം സഞ്ചരിക്കുന്ന, മന്ത്രങ്ങളും മുദ്രാവാക്യങ്ങളും കഥയും കവിതയും ഗാനങ്ങളും ഒരേ കാറ്റില്‍ ലയിക്കുന്ന കൊല്‍ക്കത്ത. നിന്നെക്കുറിച്ച് ശതക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതിയാലും നിന്നെ പൂര്‍ണമായി വിവരിക്കാന്‍ എനിക്കാകില്ല. എങ്കിലും ഞാനെഴുതട്ടെ നിന്നെക്കുറിച്ചല്പം.

ടോളിഗഞ്ചിലൂടെ കിതച്ചു കിതച്ചു പോകുന്ന ട്രാമുകള്‍, പാര്‍ക്ക് സ്ട്രീറ്റിലെ
നിശാക്‌ളബ്ബുകള്‍, പാര്‍ക്ക് സര്‍ക്കസ്സിലെ ഗ്രഹജീവിതങ്ങള്‍, ഓടിത്തളന്നു മൂക്കുകുത്തിക്കിടക്കുന്ന കൈറിക്ഷകളും ജീവിതത്തിന്റെ സകല പ്രകാശങ്ങളും കെട്ട കണ്ണുകളുള്ള റിക്ഷാക്കാരും. ചരിത്രവും സംസ്കാരവും വിഭജനവും വിശ്വാസവും വിപ്ലവവും വേദാന്തവും വിവേകാനന്ദനും രാമകൃഷ്ണപരമഹംസരും ടാഗോറും നേതാജിയും അരവിന്ദഘോഷും ചിത്തരഞ്ജന്‍ദാസും സ്വന്തമായ മഹാനഗരത്തിന്റെ മായാജാലങ്ങള്‍. നിംതലഘട്ടിലെ നിലക്കാത്ത മന്ത്രോച്ചാരണങ്ങളുടെ രാപ്പകലുകളും മൃതശരീരങ്ങള്‍ കത്തിയുയരുന്ന പുകയും കരിഞ്ഞ മനുഷ്യമാംസത്തിന്റെ മനം മറിക്കുന്ന ഗന്ധവും തൊട്ടപ്പുറത്തെ സോനാഗാച്ചിയിലെ ഉന്മാദരാവുകളുടെ തീവ്രത കൂട്ടും. സോനാഗാച്ചി ഏക്കറുകള്‍ പരന്നുകിടക്കുന്ന പതിനായിരക്കണക്കിന് ലൈംഗീകത്തൊഴിലാളികള്‍ അധിവസിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ റെഡ്‌ലൈറ്റ് ഏറിയ. സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ ഇവിടം സജീവം. നിയമം കയ്യേറുന്നവരും നിയമം കാക്കുന്നവരും ഇവിടെ ഒരുമിക്കുന്നു. ഭരണപക്ഷ പ്രതിപക്ഷഭേദമില്ലാതെ കൊടിയടയാളങ്ങളില്ലാതെ നേതാക്കള്‍ ഇവിടെ ഒത്തുചേരുന്നു. ഭക്തിയും ഭക്തിരാഹിത്യപ്രത്യയശാസ്ത്രങ്ങളും വ്യവസ്ഥകളില്ലാതെ സമന്വയിക്കുന്ന സോഷ്യലിസ്റ്റ് ജില്ല . ഇവിടെയിപ്പോഴും പുതിയ കാലം വിളക്കുകള്‍ കൊളുത്തുകയും തണല്‍ തേടുകയും ചെയ്യുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു ശേഷം സമത്വസുന്ദരമായൊരു 'സുവര്‍ണ്ണ ബംഗാള്‍' മോഹിച്ച് നിലവിലുള്ള വ്യവസ്ഥിതികള്‍ക്കെതിരെ പടവാളെടുത്ത ബംഗാളിന്റെ ക്ഷോഭിക്കുന്ന യൗവ്വനത്തെക്കുറിച്ചും അവരുടെ എഴുപതുകളിലെ എരിഞ്ഞടങ്ങിയ വിപ്ലവവീര്യത്തെക്കുറിച്ചുമറിയാന്‍ പോകാം ബംഗാളിന്റെ ദൂരങ്ങളിലേക്ക് സിലിഗുരിയിലേക്കും നക്‌സല്‍ബാരിയിലേക്കും. സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ട് അലംകൃതമായ ഒരു കാലത്തിന്റെ വ്യവസ്ഥിതി നടപ്പാക്കാന്‍ കൊടുവാളെടുത്ത കനുസന്യാളിന്‍റെയും അസിംചാറ്റര്‍ജിയുടേയും വിപ്ലവവീര്യവും ചാരുമജുംദാറിന്റെ ഉന്മൂലനസിദ്ധാന്തവും വെറും ബുദ്ധിശൂന്യതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും പദ്ധതിയായിരുന്നുവെന്ന് കാലം തിരിച്ചറിഞ്ഞു. കാലത്തിന്റെ ചാരക്കൂന വീണുമൂടിയെങ്കിലും ഇന്നും കാണാം കെടാത്ത ചില കനല്‍ക്കട്ടകള്‍ , വിഫലമായ കുറെ സ്വപ്നങ്ങളുടെ അവശിഷ്ടങ്ങളായി അതിവിചിത്രമായൊരു പുരാരേഖ പോലെ.... ബംഗാളിന്റെ ചുവപ്പന്‍ ചക്രവാളത്തില്‍ അകാലത്തില്‍ പൊലിഞ്ഞ വസന്തത്തിന്റെ ഇടിമുഴക്കത്തിനൊരടിക്കുറിപ്പു പോലെ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക