Image

ഐഎപിസി ഡാളസ് ചാപ്റ്റര്‍: മീനാ നിബു പ്രസിഡന്റ്, സാം മത്തായി സെക്രട്ടറി

ഡോ . മാത്യു ജോയിസ് Published on 13 December, 2018
ഐഎപിസി ഡാളസ് ചാപ്റ്റര്‍: മീനാ നിബു പ്രസിഡന്റ്, സാം മത്തായി സെക്രട്ടറി
ഡാളസ് : ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ്ബിന്റെ ഡാളസ് ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ഐഎപിസിയുടെ സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ തിരഞ്ഞെടുപ്പ് പ്രക്രീയകള്‍ക്കു നേതൃത്വം നല്‍കി.

പുതിയ വര്‍ഷത്തിലെ ഭാരവാഹികളായി മീനാ നിബു (പ്രസിഡന്റ് ), രാജു തരകന്‍ (വൈസ് പ്രസിഡന്റ് ), സാം മത്തായി (സെക്രട്ടറി ), ജോജി അലക്സ് (ജോയിന്റ് സെക്രട്ടറി ), വിത്സണ്‍ തരകന്‍ (ട്രഷറര്‍ ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ചാപ്റ്റര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി പി.സി.മാത്യു , അനുപമ വെങ്കിടേഷ്, പ്രൊഫ. ജോയി പല്ലാട്ടുമഠം, ഏലിക്കുട്ടി ഫ്രാന്‍സിസ് , ഫ്രിക്സ്മോന്‍ മൈക്കിള്‍ എന്നിവരെയും നോമിനേറ്റ് ചെയ്തു.

ചാപ്റ്റര്‍ പ്രസിഡന്റ് ആയി അവരോധിക്കപ്പെടുന്ന മീനാ നിബു, ഡാളസ്സില്‍ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ സജീവപ്രവര്‍ത്തകയാണ് . 1990-92 കാലങ്ങളില്‍ തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജ് ആര്‍ട്സ് ക്ലബ് സെക്രട്ടറിയും യൂണിയന്‍ കൗണ്‍സിലറും ആയിരുന്നു. തുടര്‍ന്ന് മാധ്യമരംഗത്തേക്ക് കടന്നുവന്നുകൊണ്ടു ദൂരദര്‍ശന്റെ അവതാരകയായി നിരവധി പരിപാടികള്‍ കാഴ്ചവെയ്ക്കുകയുണ്ടായി. പിന്നീട് 15 വര്‍ഷങ്ങള്‍ ഏഷ്യാനെറ്റില്‍ അവതാരകയും ന്യൂസ്റീഡറും തുടര്‍ന്ന് ജയ്ഹിന്ദ് ടീവിയിലും അവതാരക ആയിരുന്ന മീനാ ഇപ്പോള്‍ ഫ്ളവേഴ്സ് ടീവിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 2001 മുതല്‍ സ്വരജതി എന്ന മ്യൂസിക് ആന്‍ഡ് ഡാന്‍സ് സ്‌കൂള്‍ നടത്തുകയുംപ്രൊഫെഷണല്‍
നാടകരംഗത്ത് സജീവമായി വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മികച്ച സംഘാടകയും മാധ്യമ പ്രവര്‍ത്തകയുമാണ് മീനാ നിബു.

വൈസ് പ്രസിഡന്റ് രാജു തരകന്‍ കേരളത്തില്‍ ദീര്‍ഘകാലം ദിനപത്രങ്ങളില്‍ റിപ്പോര്‍ട്ടറായി സേവനം അനുഷ്ഠിക്കുകയും വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അനവധി ലേഖനങ്ങള്‍ രചിച്ചിട്ടുമുള്ള മാധ്യമപ്രതിഭയാണ്. കഴിഞ്ഞ 15 വര്‍ഷമായി ഡാളസ്സില്‍ നിന്നും സ്വന്തമായി എക്സ്പ്രസ് ഹെറാള്‍ഡ് എന്ന പത്രം നടത്തുകയും സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്നു.

സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സാം മത്തായി കേരളത്തില്‍ സെന്റ് ജോണ്‍സ് കോളജിലെ യൂണിയന്‍ മാഗസിന്‍ എഡിറ്ററും, രഥം മാഗസിന്റെ ജനറല്‍ എഡിറ്ററുമായിരുന്നു. കേരളാ ട്രിബ്യുണല്‍ പ്രസിദ്ധീകരണത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ആയിരുന്ന സാം , ഡാളസ് മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് കൂടിയാണ് .

ജോയിന്റ് സെക്രട്ടറി ആയ ജോജി തെരഞ്ഞെടുത്ത അലക്സാണ്ടര്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്നു. ഡാളസിലെ സാംസ്‌കാരിക മേഖലയില്‍ സജീവമാണ് ജോജിയുടെ പ്രവര്‍ത്തനങ്ങള്‍.

പുതിയ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട വിത്സണ്‍ തരകന്‍ , ബാങ്ക് ഒഫ് അമേരിക്കയുടെ ഓപ്പറേഷന്‍ ടീം മാനേജര്‍ ആണ്. ട്രൂ മാക്സ് മീഡിയയുടെ ഡയറക്ടര്‍ , ഫ് ളവേഴ്സ് ടീവിയുടെ അമേരിക്കന്‍ റീജണല്‍ മാനേജര്‍, കേരളാ പെന്തക്കോസ്റ്റല്‍ റൈറ്റേഴ്സ് ഫോറം ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ വിവിധ മാധ്യമ രംഗങ്ങളില്‍ തന്റെ മികവും പാടവവും തെളിയിച്ചൂ കൊണ്ടിരിക്കുന്ന സജീവ അംഗം കൂടിയാണ്. ഇന്ത്യയില്‍ നിന്നും വരുന്ന വിവിധ സംഗീത കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ 18 ലധികം വര്‍ഷങ്ങളില്‍ വിവിധ മെഗാഷോകള്‍ സംഘടിപ്പിക്കുന്നതിലും വിത്സണ്‍ തരകന്‍ തന്റെ വിജയഗാഥ തുടരുന്നു.

ചാപ്റ്റര്‍ അഡ് വൈസറിഅംഗം പി.സി. മാത്യു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ എത്തിയ സജീവ അംഗമാണ്. എംജി യൂണിവേഴ്സിറ്റിയുടെ മുന്‍ സെനറ്റ് മെമ്പര്‍, ബഹറിന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലയില്‍ കരുത്തു തെളിയിച്ച ഇദ്ദേഹം ഡാളസിലെ ഇര്‍വിങ് എമറാള്‍ഡ് വാലി ഹോം ഓണേഴ്സ് അസോസിയേഷന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് കൂടിയാണ്. വിവിധ മാധ്യമങ്ങളിലെ ഫ്രീലാന്‍സ് എഴുത്തുകാരനായ മാത്യു, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്കന്‍ റീജണല്‍ ചെയര്‍മാന്‍ എന്ന നിലയിലും സാമൂഹ്യ സാംസ്‌കാരികരംഗങ്ങളില്‍ സജീവ പങ്കാളിയാണ്.

അനുപമ വെങ്കിടേഷ് അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയും ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ റ്റീ വീയുടെ ന്യൂസ് ഹെഡ്ഡുമാണ്. ഡാളസ്സിലെ സാമൂഹ്യ മാധ്യമരംഗങ്ങളില്‍ നിറസാന്നിധ്യം പകരുന്ന പൊഫ . ജോയി പല്ലാട്ടുമഠം ഐഎപിസിയുടെ ഡാളസ് ചാപ്റ്ററിന്റെ സജീവ അംഗം കൂടിയാണ് .

പ്രസ് ക്ലബ്ബിന്റെ ആരംഭം മുതല്‍ ഡാളസ്സില്‍ സജീവമായി നിലകൊള്ളൂന്ന ഏലിക്കുട്ടി ഫ്രാന്‍സിസ് 1972 മുതല്‍ ഡാളസ്സിലെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു. നോര്‍ത്ത് അമേരിക്കയില്‍ തുടങ്ങിവെച്ച ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് .

അഡ്വൈസറി അംഗമായ ഫ്രിക്സ്മോന്‍ മൈക്കിള്‍ 1995 ലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബിസിനസ് മാനേജുമെന്റ് ബിരുദധാരിയും ടെക്സാസിലെ അവന്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും, സിഇഒയുമാണ്. കൂടാതെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ ബിസിനസ് ഫോറം സെക്രട്ടറിയുമായ ഫ്രിക്സ്മോന്‍ ടെക്സാസിലെ വിവിധ ബിസിനസ് സാമൂഹ്യ രംഗങ്ങളില്‍ നിറസാന്നിധ്യം പകരുന്ന വ്യക്തിപ്രഭാവമാണ് .

ഡാളസ് ചാപ്റ്ററിന്റെ പുതിയ നേതൃത്വനിരയെ ഐപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ബാബു സ്റ്റീഫന്‍, വൈസ് ചെയര്‍പേഴ്സണ്‍ വിനീത നായര്‍, ബോര്‍ഡ് സെക്രട്ടറി ഡോ . മാത്യു ജോയിസ്, പ്രസിഡന്റ് റെനി മെഹ്റാ, ജനറല്‍ സെക്രട്ടറി തോമസ് മാത്യു , ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ തുടങ്ങിയവര്‍ അനുമോദിച്ചു ആശംസകള്‍ നേര്‍ന്നു.
ഐഎപിസി ഡാളസ് ചാപ്റ്റര്‍: മീനാ നിബു പ്രസിഡന്റ്, സാം മത്തായി സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക