Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 25: സാംസി കൊടുമണ്‍)

Published on 16 December, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 25: സാംസി കൊടുമണ്‍)
“നിങ്ങള്‍ വെള്ള പൂശിയ ശവക്കല്ലറകളാകുന്നു.’ മനുഷ്യരാശിയുടെ ആകെത്തുക ആ ദൈവപുത്രന്‍ എത്ര ഭംഗിയായി പറഞ്ഞിരിക്കുന്നു. അതിനെക്കാള്‍ നല്ല ഒരുപമ രണ്ട ായിരം വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും കണ്ടെ ത്താന്‍ കഴിഞ്ഞിട്ടില്ലല്ലോ....

ഒരിക്കലും തൃപ്തനല്ലാത്ത, അയല്‍ക്കാരന്റെ സ്വകാര്യതയില്‍ സദാ ഒളിഞ്ഞു നോക്കുന്ന, ഭൂമിയിലുള്ളതെല്ലാം തിന്നു തീര്‍ക്കാന്‍ വായ് പൊളിച്ചിരിക്കുന്ന, സ്വാര്‍ത്ഥതയുടെ ഉടല്‍രൂപം എന്നൊരു കൂട്ടിച്ചേര്‍ക്കല്‍ കൂടിയായാല്‍ പൂര്‍ണ്ണമാകുമോ... നിര്‍വചനം.

“”വൈ സോ സ്ലോ....?’’ അവള്‍ മുന്‍ സീറ്റിലിരുന്ന് ചോദിക്കുന്നു. അവളുടെ അകവും പുറവും ഒരുപോലെ കറുത്തതായിരുന്നു. അവള്‍ ഒരേറ്റുമുട്ടലിനു തയ്യാറാണെന്ന് ജോസിനു മനസ്സിലായി. അവള്‍ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. ബസ്സിലുള്ളവര്‍ പക്ഷം പിടിക്കും. സിറ്റി സ്പീഡ് ലിമിറ്റ് മുപ്പതു മൈലാണ്. അതിനു മുമ്പ് അവളുടെ വായടയ്ക്കണം. ജോസ് അവളെ രൂക്ഷമായൊന്നു നോക്കി. “”നിനക്ക് ഇതിലും സ്പീഡു വേണമെങ്കില്‍ ഒരു ടാക്‌സി എടുത്തു പോയ്ക്കൂടേ....’’ അല്പം ഉറക്കെയുള്ള ആത്മഗതം കേട്ടവള്‍ വിറച്ചു. ഓര്‍മ്മകളില്‍ മായിച്ചിട്ടും മാറാത്ത ചില സംഭവങ്ങള്‍ തികട്ടി വരികയായിരുന്നു.

“”യു ബ്ലഡി ഇമ്മിഗ്രന്റ്‌സ്....’’ അവള്‍ പറയുകയാണ്. ഞങ്ങളുടെ ജോലിയെല്ലാം തട്ടിയെടുക്കാന്‍ വന്നിരിയ്ക്കയാ....’’ അപ്പോള്‍ കാരണം അതാണ്. ആധിപത്യത്തിലെ വിള്ളലായി ഒരിന്ത്യക്കാരന്‍. ഇതു തുടങ്ങിയിട്ടേയുള്ളൂ. ഇതു കുടിയേറ്റക്കാരുടെ ഭൂമിയാണ്. ഒരു കാലത്ത് വെള്ളക്കാര്‍ വിട്ടുകളയുന്ന ചെറു ജോലികള്‍ കറുത്തവര്‍ അനുഗ്രഹമായി കരുതിയിരുന്നു. സിംഹം ഉപേക്ഷിക്കുന്ന എല്ലിന്‍കൂടുകള്‍ നക്കി സായൂജ്യമടയുന്ന ഹൈയീനകളുടെ മനോഭാവം. ഒരു കുടിയേറ്റക്കാരന്‍ എന്നും സമരത്തിലാണ്. നിലനില്‍പ്പിനുവേണ്ട ിയുള്ള സമരം. മുമ്പേ വന്നവന്റെ കണ്ണിലെ കരടായവര്‍.

“”ഗോ ബാക്ക് ടു യുവര്‍ കണ്‍ട്രി...’’ അവള്‍ പറയുന്നു.

രാജ്യം നഷ്ടപ്പെട്ട അര്‍ജ്ജുനനെ നിനക്കറിയില്ലല്ലോ സ്ത്രീയേ.... ജോസ് മനസ്സില്‍ പറഞ്ഞു. യുധിഷ്ഠിരന്റെ ചൂതിലെ പണയപ്പണ്ട ങ്ങളോ ഞങ്ങള്‍. അഴിമതിയും സ്വജനപക്ഷപാതവും, സമരങ്ങളും, കൊടികളും കൊണ്ട ് നിറഞ്ഞ മുദ്രാവാക്യങ്ങളില്‍ മാത്രം അഭിരമിക്കുന്ന ഒരു ജനതയുടെ കര്‍മ്മഫലമാണ്. ഒന്നും ചെയ്യാന്‍ ആരും സമ്മതിക്കില്ല. സമരങ്ങളാണ്. എല്ലാം ഞാനാണ്. നീ എനിക്ക് മുദ്രാവാക്യങ്ങള്‍ വിളിക്കാനുള്ള അടിമ. നിനക്കു ഞാന്‍ തൊഴില്‍ശാലകള്‍ പണിയില്ല. അഥവാ പണിതാല്‍ ഞാനത് അവകാശങ്ങളുടെ പേരില്‍ പൂട്ടിക്കും. യുവത്വം കെണിയിലായവന്റെ രാജ്യത്തുനിന്നും ഒളിച്ചോടിയവന്റെ നഷ്ടം നിനക്കറിയില്ല. നീ അടിമത്തത്തിന്റെ ചങ്ങലയില്‍ നിന്നും ഇപ്പോഴും മോചനം കാത്തു കിടക്കുന്നവളല്ലേ.... നീ എന്നെക്കാള്‍ എങ്ങനെ മെച്ചമാകും.

പ്രകോപിതനാകാതിരിക്കുവാനുള്ള പരിശീലനം കിട്ടിയവനെപ്പോലെ അയാള്‍ അവളെ അവഗണിച്ചു. തെരുവ് ഇന്നലെകളെപ്പോലെയായിരുന്നു. ചതിക്കുഴികള്‍ മാത്രം ഒളിച്ചു കളി നടത്തുന്നു. അത് സ്വയം മാറിക്കൊണ്ട ിരിക്കുന്നു. ഓരോന്നും പുതിയ പ്രശ്‌നങ്ങളായി സാരഥിക്കു ചുറ്റും ചോദ്യങ്ങളാകുന്നു. വൈ ടു മിനിറ്റ് ലേറ്റ്.... ഐയാം വെയിറ്റിങ്ങ് ഹാഫവര്‍.... അതര്‍ ഗൈ ഡിഡ്റ്റ് സ്റ്റോപ്പ്.... നോ മണി.... ഇതിനെല്ലാം ഉത്തരം കണ്ടെ ത്തേണ്ട വന്‍.... ഐ ഡോണ്‍ഡ് നോ... അജ്ഞത നടിച്ചും പ്രതികരിക്കാതെയും എത്ര നാള്‍ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാര്‍.... സ്വര്‍ക്ഷരാജ്യം നിമിത്തം... അല്ല ഉദരം നിമിത്തം. ഉദരം.... അതൊരു വലിയ സത്യമാണ്. ദൈവത്തെക്കാള്‍ വലിയ സത്യം. എന്തിനെയും ദഹിപ്പിച്ച് വായും പിളര്‍ന്നിരിക്കുന്ന ഉദരമേ.... നിനക്കായി അപരിചിതരുടെ നഗരത്തില്‍, നമ്മുടേതായി ഒന്നും ഇല്ലാത്ത, വേദനകളെ മാത്രം നൊന്തു പ്രസവിക്കുന്ന ഈ നഗരത്തില്‍ എന്തിനു വന്നു. വന്നെങ്കില്‍ തന്നെ എന്തിനു നില്‍ക്കണം. എന്തേ തിരിച്ചു പോയില്ല. ഓരോ അപമാനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും സ്വയം പറയും, ഇന്നു തന്നെ തിരികെ പോകണം. പക്ഷേ തിരികെ പോക്കു മാത്രം നടന്നില്ല. തന്നെ തിരിച്ചെടുക്കാന്‍ ആരാണുള്ളത്. ഉള്ളവര്‍ക്കതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. തിരസ്കരിക്കപ്പെട്ടവന്റെ ജീവിതം. ആയിരങ്ങളില്‍ ഒരുവനായി ജീവിയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ടവന്‍. ജീവന്റെ ഏറ്റവും താഴെ ശ്രേണിയില്‍ ചവിട്ടി മെതിക്കപ്പെടാനായി ഒരു ജീവിതം. ഇതു ദുഃഖമാണ്.

ജോലി വിരസമായി തുടങ്ങിയിരിക്കുന്നു. ആദ്യനാളുകളിലെ കൗതുകം എവിടെയോ നഷ്ടമായിരിക്കുന്നു. തെരുവിലെ കാഴ്ചകള്‍ തനി ആവര്‍ത്തനങ്ങള്‍. വിരസത ഒഴിവാക്കാന്‍ സാം ചാക്കോയെപ്പോലെ എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ട ിരുന്നാല്‍ എന്തേ എന്നു തോന്നും. പക്ഷെ എന്തു നേട്ടം.

“”ഊര്‍ജ്ജ നഷ്ടമല്ലാതെ സാമേ.... താനൊന്നും നേടുന്നില്ല. ഈ ജനം നമ്മെ തിരിച്ചറിയാനോ, നാം പറയുന്നതു കേള്‍ക്കാനോ പോകുന്നില്ല. നമ്മുടെ തൊലിയുടെ നിറം മാറാത്തിടത്തോളം അവര്‍ക്കു നമ്മള്‍ നാലാം വേദക്കാരാണ്. വെറും ചെരുപ്പുകുത്തികള്‍. നാം നമ്മുടെ അതിരുകള്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണം.’’ ജോസ് സാമിനോടായി പറഞ്ഞു.

“”അങ്ങനെ കഴിയാന്‍ എന്റെ പട്ടി വരും. ഞാനും ടാക്‌സ് കൊടുക്കുന്നവനാ.... എനിക്കും ചില അവകാശങ്ങളുണ്ട ്. എന്റെ സ്ഥാനം എനിക്കടയാളപ്പെടുത്തണം...’’ സാം പറഞ്ഞു.

“”ടാക്‌സ് കൊടുത്തില്ലെങ്കില്‍ ഏപ്രില്‍ പതിനഞ്ചുവരെ അവര്‍ ക്ഷമിക്കും. പതിനാറാം തീയതി നിയമത്തിന്റെ അദൃശമായ കരങ്ങളാല്‍ തന്നെ പിടിക്കും. പിന്നെ തന്റെ സ്ഥാനം അവര്‍ അടയാളപ്പെടുത്തിക്കൊള്ളും.’’ സാമിന്റെ മുഖത്തേക്കിരച്ചു കയറുന്ന രക്തപ്രവാഹത്തെ തിരിച്ചറിഞ്ഞ് ജോസ് പ്രതികരണത്തിനായി കാത്തു.

സ്വിങ്ങ് റൂമിലെ ഒരു ഒഴിഞ്ഞ കോണില്‍ രണ്ട ു കുടിയേറ്റക്കാര്‍ തങ്ങളുടെ മീല്‍ ടൈമില്‍ കണ്ട ുമുട്ടിയതായിരുന്നു.

സാമിന്റെ മുഖത്തെ പേശികള്‍ അയഞ്ഞു. ഒരു പരാജിതനെപ്പോലെ സാം പറഞ്ഞു “”എടോ... എന്റെ ജീവിതം നായ നക്കി. മടുത്തു.’’ സാം ജോസിനു മുഖം കൊടുക്കാതെ എങ്ങോട്ടോ നോക്കി. എന്നിട്ട് ന്യൂ പോര്‍ട്ടിന്റെ മിത്തോള്‍ സിഗരറ്റ് ഒന്നു ജോസിനു കൊടുത്ത് മറ്റൊന്നിനു തീ കൊളുത്തി. എന്നിട്ട് മൗനം തുറന്ന് അയാള്‍ ചോദിച്ചു “”എന്തിനാടോ നമ്മളൊക്കെ ഇങ്ങനെ ജീവിക്കുന്നത്?’’

ധാരാളം പേര്‍ നമുക്ക് മുന്നെ നിത്യേന എന്നോളം ചോദിച്ചിട്ടുള്ള ചോദ്യം. ആരെങ്കിലും ഉത്തരം കണ്ടെ ത്തിയോ.... എന്തായിരുന്നു ഉത്തരം. ഓരോ ഉത്തരങ്ങളും വ്യത്യസ്തങ്ങളാകാം. ദീര്‍ഘമൗനങ്ങളുമാകാം. ജോസ് ഓര്‍ത്തു.

“”ഞാന്‍ മടുത്തെടോ എല്ലാവരും എന്നും എന്റെ പിന്നാലെയാണ്.’’ സാം പെട്ടെന്നു പറഞ്ഞു.

“”ഉം.... എന്തു പറ്റി?’’ ജോസ് ചോദിച്ചു.

“”എന്തുണ്ട ാകാന്‍... ആ ജൂത കുഞ്ഞില്ലിയോ.... ലാറി…. അവന്‍ ഇന്നലെ എന്നെ മൂന്നു മിനിറ്റ് ഹാട്ടാണെന്നും പറഞ്ഞ് റൈറ്റപ്പു ചെയ്തു. എന്റെ ലീഡര്‍ അഞ്ചു മിനിറ്റ് നേരത്തെ പോയാലും അവനു കുഴപ്പമില്ല, അവരൊക്കെ കൂടിയുള്ള ഒരു ഒത്തുകളിയാ... കസ്റ്റമര്‍ കംപ്ലയിന്റുണ്ട ത്രേ.... ഒരുത്തിക്ക് ഞാന്‍ എന്നും നേരത്തെ പോകുന്നതുകൊണ്ട ് ജോലിക്കെത്താന്‍ താമസിക്കുന്നു. പരാതിയാണ്.... ഞാന്‍ വിടില്ല. ഹിയറിങ്ങിനു പോകട്ടെ.... മാനേജുമെന്റും യൂണിയനും എല്ലാവരും കൂടി എന്നെ കുടുക്കാന്‍ ശ്രമിയ്ക്കുകാ...’’ ആരൊക്കെയോ ശ്രദ്ധിക്കുന്നു. ഷെഡ്യൂള്‍ അനുസരിച്ച് സമയം പാലിക്കാന്‍ നാം ബാദ്ധ്യസ്ഥരാ.... എല്ലാവരും തിരക്കുള്ള ജീവിതത്തില്‍ സമയം പാലിച്ചിരിക്കണം. ജോലിക്കു പോകുന്നവര്‍ ബസ്സിന്റെ സമയം നോക്കിയാണ് ബസ്സ് സ്റ്റോപ്പില്‍ വരുന്നത്. മൂന്നാം ലോകത്തിലെപ്പോലെ അനന്തമായ കാലം കാത്തിരുപ്പിനായി ഇല്ല. ജോസ് മനസ്സില്‍ പറഞ്ഞു. സാമിനെക്കുറിച്ചുള്ള പരാതി പലരും പറഞ്ഞു കേട്ടിട്ടുണ്ട ്. മറ്റു ചിലര്‍ എന്തു ചെയ്യുന്നു എന്നതിലാ സാമിന്റെ കണ്ണ്. അവന്റെ വണ്ട ിയില്‍ എന്താ ആളില്ലാത്തത്. എല്ലാവരും എന്റെ വണ്ട ിയില്‍ മാത്രമേ യാത്ര ചെയ്യുന്നുള്ളൂ. അടിസ്ഥാന രഹിതമായ സ്വയം കല്പിത ഭാവനകളാണ്. ലാറി എത്രയോ നല്ല ഡിസ്പാച്ചറാണ്. ഏതെല്ലാം സമയങ്ങളില്‍ അയാള്‍ തന്നെ സഹായിച്ചിരിക്കുന്നു. ഇതൊന്നും സാമിനോടു പറയാന്‍ പറ്റില്ല. എല്ലാവരേയും അയാള്‍ ശത്രുക്കളായി കാണുന്നു.

വിഷയം മാറ്റാനായി ജോസ് ചോദിച്ചു “”പിള്ളാരൊക്കെ എന്തു പറയുന്നു?’’

“”പിള്ളാര്.... മറ്റൊരു പെയിന്‍ ഇന്‍ദ ഡാഷ്.... അല്ലാതെന്ത്..... അനുഭവിക്കട്ട്.... തള്ളയാ എല്ലാത്തിനെയും വഷളാക്കുന്നത്. ചോദിക്കുന്നതിനെല്ലാം കാശു കൊടുക്കും. പിന്നെ അവരുടെ തോന്ന്യവാസമാ....’’ സാം എന്തൊക്കെയോ തോണ്ട ി പുറത്തിടുകയാണ്. സാമിന്റടുത്തു നിന്ന് രക്ഷപെടണം. ജോസ് ഓര്‍ത്തു. പലപ്പോഴും എല്ലാവരും സാമിനെ ഒഴിവാക്കുകയാണ് പതിവ്. എന്നും പരാതികള്‍ മാത്രം. ആരെപ്പറ്റിയും ഒരു നല്ലവാക്കു കേട്ടിട്ടില്ല. സാം നല്ലവനാണ്. ഉള്ളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അപകര്‍ഷത മുഴുവന്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുള്ള വ്യഗ്രതയാണ്. മാത്യുവും, ബെന്നിയും കടന്നുവന്നപ്പോള്‍ രക്ഷപെട്ടവനെപ്പോലെ അവരെ ജോസ് അങ്ങോട്ടു വിളിച്ചു. “”ഇതെന്തു ഇന്ത്യന്‍ ക്ലബ്ബോ....’’ ലിഞ്ചെന്ന ജമേക്കന്‍ നാലിന്ത്യക്കാരെ ഒന്നിച്ചു കണ്ട പ്പോള്‍ ചോദിച്ചു. “”യാ മാന്‍.... ഞങ്ങള്‍ നിന്നെയൊക്കെ ഇവിടെ നിന്നും ചാടിക്കും.’’ ജോസ് പറഞ്ഞു. സദാപ്രസന്നനും, ചുളിവുകള്‍ വീഴാത്ത യൂണിഫോം ധരിക്കുന്നവനുമായ ലിഞ്ച് പൊട്ടിച്ചിരിച്ചു.
“”നീ കഴിഞ്ഞ ക്രിക്കറ്റ് മാച്ച് കണ്ടേ ാ ടി.വി.യില്‍.’’ ലിഞ്ച് ചോദിച്ചു.
“”ഇല്ല....’’

“”യാ മാന്‍.... അതൊരു നല്ല കളിയായിരുന്നു. ഇന്ത്യന്‍ ടീം നന്നായി കളിക്കും... ഞങ്ങളുടെ ഒക്കെ ചെറുപ്പത്തില്‍ ക്രിക്കറ്റ് ഞങ്ങളുടെ ജീവിതമായിരുന്നു..... ഇവിടെ വന്ന് എല്ലാം നഷ്ടമായി.’’ ലിഞ്ച് നഷ്ടങ്ങളുടെ ഓര്‍മ്മയിലായി. ഇന്ത്യക്കാരെല്ലാം ക്രിക്കറ്റു കളിക്കുന്നവരാണെന്നും അവരെല്ലാം ഹിന്ദുക്കളാണെന്നും ധരിച്ചിരിക്കുന്ന പൊതു ധാരണയിലാണ് ലിഞ്ച്.

പെട്ടെന്നാണ് ടി.വി.യില്‍ ബ്രെയ്ക്ക് ഇന്‍ ന്യൂസ് ഫ്‌ളാഷ് ചെയ്തത്. ഇന്ത്യയില്‍ വന്‍ കലാപം. ബാബറി മസ്ജിത് ഹിന്ദു തീവ്രവാദികള്‍ തകര്‍ത്തു. പകരം രാമക്ഷേത്രം പണിയാന്‍ പോകുന്നു.

വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും കരകയറാന്‍ അല്പസമയം വേണ്ട ി വന്നു. നൂറ്റാണ്ട ുകളായി വിങ്ങി നിന്ന ഒരു കുരു പൊട്ടി ഒലിച്ചിരിക്കുന്നു. അതില്‍ ഇന്നും വമിക്കുന്ന വിഷമേറ്റ് എത്ര നിരപരാധികള്‍, മരിക്കും.

നിന്റെ ബന്ധുക്കള്‍ ആരെങ്കിലും അവിടെ ഉണ്ടേ ാ? ആരൊക്കെയോ ചോദിക്കുന്നു. ബന്ധുവല്ലാത്തതാരാണ്? ഓരോ ഭാരതീയനും എന്റെ സഹോദരി സഹോദരന്മാരാണെന്നാണു പഠിപ്പിച്ചത്. ഒരു വര്‍ക്ഷീയ കലാപം എത്ര ഭീകരമായിരിക്കും. ഇന്ത്യയുടെ ഹൃദയത്തില്‍ അവര്‍ കത്തി വെച്ചിരിക്കുന്നു. ആഹ്ലാദപ്രകടനവും ലഡുവിതരണവും, ദൃശ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍, ഇന്ത്യ കരഞ്ഞോ...? ചിരിച്ച കുറെ മതഭ്രാന്തന്മാരുണ്ട ാകാം. ഒരു ജീവിത കാലമത്രയും ഇന്ത്യയെ കെട്ടിപ്പടുക്കാന്‍, നഗ്നപാദനായി തെക്കുവടക്കു നടന്ന ഒരു സാധു മനുഷ്യന്റെ ആത്മാവിനെ ഇപ്പോഴാണവര്‍ ശരിക്കും കൊന്നത്. ആ മനുഷ്യന്‍ നമുക്കു തന്നത് കുറെ വാക്കുകളല്ല. ഒരു ജീവിതമാണ്. ഇന്ത്യാമഹാരാജ്യം ഈ മുറിവുകളെ ഉണക്കും. അവള്‍ ഇതിലും വലിയ ഭീകരതകളെ അതിജീവിച്ചതല്ലേ.... തലമുറതലമുറയായി പലരാലും കീഴടക്കപ്പെട്ടവള്‍. കൈബര്‍ പാസ് തുറന്ന കുടിയേറ്റവും, പിടിച്ചടക്കലുകളും. മുഗളന്മാരുടെ രണഭേരികളും, തോറ്റവന്റെ പാലായനത്തിന്റെ നിലവിളികള്‍. സന്ധികള്‍ പിടിച്ചടക്കലുകള്‍. സ്വയം സമര്‍പ്പിക്കലുകള്‍, അട്ടഹാസങ്ങള്‍, ആത്മാഹൂതികള്‍. വിലാപങ്ങളുടെ ഭൂമി. പിന്നെ ശാന്തമായ പുറം തോട്. നീറിപ്പുകയുന്ന അകം. അകത്തെ തീ പുറത്തേക്ക് പടരാന്‍ അനുകൂലമായ കാലംവരെ കാത്തതാകാം. ബാബറി തര്‍ക്കമായിരുന്നിരിക്കാം. മുറിവുകള്‍ ഉണ്ട ാക്കിയിരിക്കാം. ഒരു ദൈവത്തെ കുടിയിറക്കി മറ്റൊന്നിനെ വാഴിച്ചിരിക്കാം... എന്നാലും ഒന്നുമറിയാത്ത ഈ തലമുറയുടെ കഴുത്തറുത്തു പരിഹാരം നേടാമോ...? ഇനി വരാന്‍ പോകുന്ന തലമുറ ഈ അത്യാചാരത്തിന്റെ പുത്തന്‍ കഥകള്‍ക്കൊണ്ട ് അവരുടെ ഇളം തലമുറയെ ഉല്‍ബുദ്ധരാക്കില്ലെ ഇത് എവിടെ അവസാനിക്കും.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക