Image

സുരേഷ്‌ഗോപി മിനിസ്‌ക്രീനിലെത്തുമ്പോള്‍

Published on 10 April, 2012
സുരേഷ്‌ഗോപി മിനിസ്‌ക്രീനിലെത്തുമ്പോള്‍
മലയാളത്തിന്റെ എന്റര്‍ടെയിന്റ്‌മെന്റ്‌ ചാനലുകളില്‍ ഇപ്പോള്‍ ഷോ ബിസ്‌നസ്സാണ്‌ അരങ്ങ്‌ തകര്‍ക്കുന്നത്‌. ഒരു കാലഘട്ടം മുഴുവനും നിറഞ്ഞു നിന്ന പരമ്പരകളുടെ ആധിപത്യം മറികടന്ന്‌ റിയാലിറ്റി ഷോകള്‍ കുടുംബ സദസ്സുകളിലേക്ക്‌ കടന്നു വന്നത്‌ എത്രയോ വേഗമാണ്‌. ഇപ്പോഴിതാ റിയാലിറ്റി ഷോകളോട്‌ മത്സരിക്കാന്‍ ഗെയിം ഷോകള്‍ തയാറെടുക്കുന്നു. സൂര്യയും ഏഷ്യാനെറ്റും തന്നെയാണ്‌ ഇപ്പോള്‍ ഗെയിം ഷോകള്‍ മലയാളത്തിന്‌ സമ്മാനിച്ചിരിക്കുന്നത്‌. മുമ്പ്‌ കൈരളിയിലെ അശ്വമേധത്തിനു ശേഷം ഒരു ഗെയിം ഷോ മലയാളത്തില്‍ ഇല്ലാതിരുന്നു എങ്കില്‍ ഇപ്പോഴിതാ ലോകമെങ്ങും പ്രശസ്‌തമായ കോടീശ്വരന്‍ ഗെയിം ഷോ തന്നെ മലയാളത്തിലേക്ക്‌ എത്തുന്നു.

ഏഷ്യാനെറ്റില്‍ ഏപ്രില്‍ ഒമ്പത്‌ മുതല്‍ കോടീശ്വരന്‍ ഗെയിം ഷോ അരങ്ങേറും. അമിതാഭ്‌ ബച്ചന്‍ ഹിറ്റാക്കിയ കോന്‍ ബനേഗാ ക്രോര്‍പതിയുടെ മലയാളം പതിപ്പാണ്‌ കോടീശ്വരന്‍. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സൂപ്പര്‍താരം മിനിസ്‌ക്രീനില്‍ അവതാരകനായി എത്തുന്നു എന്നതാണ്‌ കോടീശ്വരന്‍ പരിപാടിയുടെ ഹൈലൈറ്റ്‌. സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപിയാണ്‌ കോടീശ്വരനില്‍ ചോദ്യങ്ങളുമായി മത്സരാര്‍ഥികളെ നേരിടുന്നത്‌. കോടീശ്വരന്റെ ഹോട്ട്‌ സീറ്റില്‍ മത്സരാര്‍ഥികളെ നേരിടാന്‍ മൂന്ന്‌ പേരുകളാണ്‌ ഏഷ്യാനെറ്റ്‌ പരിഗണിച്ചിരുന്നത്‌. മമ്മൂട്ടി, സുരേഷ്‌ഗോപി, പൃഥ്വിരാജ്‌ എന്നിവര്‍. അവസാനം സുരേഷ്‌ ഗോപി തന്നെ ഈ ദൗത്യവുമായി ടീവി പ്രേക്ഷകര്‍ക്ക്‌ മുമ്പിലേക്ക്‌ എത്തുന്നു.

സിനിമാ താരങ്ങള്‍ ചാനലുകളില്‍ എത്തുന്നത്‌ ഒരു പുതുമയല്ല ഇപ്പോള്‍. നിരവധി റിയാലിറ്റി ഷോഖളില്‍ ജഡ്‌ജുമാരായി എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന സിനിമതാരങ്ങള്‍ തന്നെയാണ്‌. സൂര്യാ ടിവിയിലെ ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പോഗ്രാം അവതരിപ്പിക്കുന്നത്‌ സുപ്രസിദ്ധ ചലച്ചിത്ര താരം മുകേഷാണ്‌. ഇതിനെ തുടര്‍ന്നാണ്‌ ഏഷ്യാനെറ്റ്‌ കോടീശ്വരന്‍ എന്ന ഗെയിം ഷോയിലേക്ക്‌ കടന്നത്‌. ചാനല്‍ യുദ്ധങ്ങള്‍ക്ക്‌ പേരുകേട്ട മലയാളത്തില്‍ കോടീശ്വരനെ മറികടക്കാന്‍ അപ്പോള്‍ തന്നെ അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഏഷ്യാനെറ്റിന്റെ കോടീശ്വരന്‍ രംഗത്ത്‌ എത്തുന്നതിനു മുമ്പു തന്നെ സൂര്യാ ടിവി കൈയ്യില്‍ ഒരു കോടി എന്ന ഗെയിം ഷോയിലൂടെ മംമ്‌താ മോഹന്‍ദാസിനെ രംഗത്തിറക്കി. ഈ ഷോയിലേക്ക്‌ സുപ്രസിദ്ധ സിനിമാ താരങ്ങളെ പരിഗണിച്ചെങ്കിലും അവസാനം മംമ്‌തയില്‍ എത്തുകയായിരുന്നു. മംമ്‌ത ഇപ്പോള്‍ വിജയകരമായി ഈ ഷോ നയിക്കുന്നുമുണ്ട്‌.

എന്നാല്‍ മലയാള ടെലിവിഷന്‍ രംഗത്തേക്ക്‌ ഒരു സൂപ്പര്‍താരം എത്തുന്നു എന്നതാണ്‌ ഏഷ്യാനെറ്റിന്റെ കോടീശ്വരന്‍ പോഗ്രാമിന്‌ വന്‍ പബ്ലിസിറ്റി നേടിക്കൊടുക്കുന്നത്‌. ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്‌ടതാരമായി മാറിയ, മികച്ച നടനുള്ള ദേശിയ പുരസ്‌കാരം നേടിയിട്ടുള്ള സുരേഷ്‌ഗോപി തന്നെ അവതാരകനായി എത്തുമ്പോള്‍ ഇത്‌ തീര്‍ച്ചയായും മലയാള ടെലിവിഷന്‍ രംഗത്ത്‌ ഒരു ചരിത്രമാണ്‌. നാളെ സിനിമാ താരങ്ങള്‍ അതും മുഖ്യധാര നായകന്‍മാരും നായികമാരുമൊക്കെ ടെലിവിഷനിലേക്ക്‌ എത്താന്‍ ഇതൊരു തുടക്കവുമായിരിക്കും.

എത്രയോ സിനിമകളില്‍ നമ്മള്‍ കേട്ട്‌ രസിച്ചിട്ടുള്ള സുരേഷ്‌ഗോപിയുടെ സംഭാഷണ ശൈലി തന്നെയാവും ഈ പരിപാടിയുടെ ഹൈലൈറ്റ്‌ എന്നത്‌ ഉറപ്പ്‌. സുരേഷ്‌ ഗോപിയുടെ ശുദ്ധമായ സംഭാഷണ മികവും, ആശയ വിനിമയ പാടവവും, സ്‌ക്രീന്‍ പ്രസന്‍സുമെല്ലാം കോടീശ്വരന്‍ പരിപാടിയെ മികവുറ്റതാക്കും എന്നു തന്നെ പ്രതീക്ഷിക്കാം. അതിനു വേണ്ടി ഏറെ തയാറെടുപ്പുകളോടു കൂടിയാണ്‌ കോടീശ്വരന്റെ ഹോട്ട്‌ സീറ്റില്‍ മത്സരാര്‍ഥികളെ നേരിടാന്‍ സുരേഷ്‌ഗോപി ഒരുങ്ങുന്നത്‌. മലയാളത്തില്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഏറ്റവും റിച്ചായ ഷോ കൂടിയാവും കോടീശ്വരന്‍ എന്ന്‌ ചാനല്‍ അണിയറക്കാര്‍ ഉറപ്പു പറയുന്നു.

എന്തായാലും വരും ദിവസങ്ങളില്‍ ചാനലിലെ പോരാട്ടം ഏഷ്യാനെറ്റിലെ കോടീശ്വരനും, സൂര്യ ടിവിയിലെ കൈയ്യില്‍ ഒരു കോടിയും തമ്മിലാകും എന്നുറപ്പ്‌. ഇവിടെ നേര്‍ക്ക്‌ നേര്‍ മത്സരിക്കേണ്ടത്‌ സുരേഷ്‌ഗോപിക്കും മംമ്‌താ മോഹന്‍ദാസിനും തന്നെയാണ്‌. പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ആര്‍ക്കാണ്‌ കൂടുതല്‍ കഴിയുക എന്നതാവും ഏവരും ഉറ്റുനോക്കുന്നത്‌.

ഇന്ത്യന്‍ റിയാലിറ്റി ഷോ ചരിത്രത്തില്‍ കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഷോ അവതരിപ്പിച്ചു കൊണ്ട്‌ അമിതാഭ്‌ ബച്ചനാണ്‌ ഒരു വിപ്ലവത്തിന്‌ തുടക്കം കുറിച്ചത്‌. വിദേശ ഗെയിം ഷോയായ `ഹൂ വാണ്ട്‌സ്‌ ടു ബി എ മില്യണയര്‍' എന്ന ഗെയിം ഷോയുടെ ഇന്ത്യന്‍ പതിപ്പായിരുന്നു ഇത്‌. അമിതാഭിന്‌ സിനിമയില്‍ ഒരു മോശം കാലം നേരിടേണ്ടി വന്ന സാഹചര്യത്തിലായിരുന്നു കോന്‍ബനേഗാ ക്രോര്‍പതി കടന്നു വന്നത്‌. പിന്നീട്‌ ഏവരും കണ്ട്‌ ബച്ചന്‍ മിനി സ്‌ക്രീനില്‍ ചരിത്രമെഴുതുന്നതായിരുന്നു. ഇന്ത്യ അതുവരെ കണ്ട ചാനല്‍ റേറ്റിംഗുകള്‍ കോന്‍ ബനേഗാ ക്രോര്‍പതി തിരുത്തിയെഴുതി. നാലു പതിപ്പുകളില്‍ ഈ ഷോയുടെ അവതാരകനായി ബച്ചന്‍ കടന്നു വന്നു. പിന്നീട്‌ ബോളിവുഡ്‌ സിനിമയിലെ കിംഗ്‌ ഖാനും ഈ പോഗ്രാമില്‍ അവതാരകനായി എത്തി.

ഇപ്പോള്‍ തമിഴില്‍ വിജയാ ടിവിയില്‍ സൂപ്പര്‍താരം സൂര്യയും കോടികളുടെ ഗെയിം ഷോ അവതരിപ്പിക്കുന്നുണ്ട്‌. ഇവിടെയും വിജയ ചരിത്രമാണ്‌ സൂര്യ നേടിയത്‌. ഹിന്ദിയിലും തമിഴിലും വിജയം നേടിയ കോടീശ്വരന്‍ ഗെയിം ഷോ ആദ്യമായി മലയാളത്തില്‍ എത്തുമ്പോള്‍ വന്‍ പ്രതീക്ഷകളാണ്‌ നിലനില്‍ക്കുന്നത്‌. അവതാരകന്റെ പ്രസന്റേഷന്‍ തന്നെയാണ്‌ ഗെയിംഷോയുടെ വിജയം എന്ന്‌ അമിതാഭ്‌ ബച്ചന്‍ തെളിയിച്ച അതേ ഫ്‌ളോറിലേക്കാണ്‌ സുരേഷ്‌ഗോപിക്കും കടന്നു വരേണ്ടത്‌. എന്തായാലും സുരേഷ്‌ഗോപി ഇവിടെ വിജയം നേടുമോ എന്നത്‌ കാത്തിരുന്നത്‌ കാണാം.

എന്നാല്‍ കോടീശ്വരന്‍ ഗെയിം ഷോ ചില വിവാദങ്ങളും സൃഷ്‌ടിച്ചേക്കാം. ബോളിവുഡിലെയോ, തമിഴിലെയോ സിനിമാ സാഹചര്യമല്ല മലയാളത്തിലേത്‌. ഇവിടെ ചലച്ചിത്ര താരങ്ങള്‍ മിനി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്‌ ഫിലിം ചേംബറും, പ്രൊഡ്യൂസര്‍ അസോസിയേഷനും എക്കാലത്തും എതിര്‍ത്തു പോരുന്ന ഒരു കാര്യമാണ്‌. മലയാള സിനിമയുടെ നഷ്‌ടങ്ങള്‍ ചൂണ്ടി കാണിച്ചാണ്‌ ഈ രണ്ടു സംഘടനകളുടെയും എതിര്‍പ്പ്‌. എന്നാല്‍ ഇതിനെ മറികടന്നും നിരവധി താരങ്ങള്‍ ചാനല്‍ സ്‌ക്രീനുകളില്‍ കടന്നു വരുന്നു. താരസംഘടനയായ അമ്മയുടെ പരോക്ഷമായ അനുമതിയാണ്‌ താരങ്ങളെ ഇതിനു തുണയ്‌ക്കുന്നത്‌. എന്നാല്‍ ആദ്യമായി ഒരു സൂപ്പര്‍താരം തന്നെ ചാനലിലേക്ക്‌ കടന്നു വരുമ്പോള്‍ ഫിലിം ചേംബറും, പ്രൊഡ്യൂസര്‍ അസോസിയേഷനും ഇത്‌ നിസാരമായി കാണാന്‍ ഇടയില്ല. ചാനലിലേക്ക്‌ സുരേഷ്‌ ഗോപിയുടെ കടന്നു വരവ്‌ നാളെ സിനിമക്കാരുടെ ചാനലിലേക്കുള്ള ഒഴുക്കിനെ സഹായിക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്‌. എല്ലാത്തിനും കാത്തിരിക്കാം കോടീശ്വരന്റെ ആദ്യ പ്രതികരണങ്ങള്‍ ലഭിക്കുന്നത്‌ വരെ...
സുരേഷ്‌ഗോപി മിനിസ്‌ക്രീനിലെത്തുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക