Image

ആരാണ് കെ എസ് ആര്‍ ടി സി യെ കൊല്ലുന്നത് ? (മുരളി തുമ്മാരുകുടി)

Published on 18 December, 2018
ആരാണ് കെ എസ് ആര്‍ ടി സി യെ കൊല്ലുന്നത് ? (മുരളി തുമ്മാരുകുടി)
ആരും ജെസ്സിക്കയെ കൊന്നില്ല (No one Killed Jessicca) എന്ന വിദ്യ ബാലന്‍ ചിത്രം പറയുന്നത് ജെസ്സിക്ക ലാല്‍ എന്ന മോഡല്‍ വെടിയേറ്റു മരിച്ച കഥയാണ്. ഡല്‍ഹിയിലെ ഒരു ബാറില്‍ ജോലി ചെയ്യുകയായിരുന്നു ജെസ്സിക്ക. ബാര്‍ അടക്കാറായ നേരത്ത് ഒരു കസ്റ്റമര്‍ കൂട്ടുകാരുമായെത്തി മദ്യം ആവശ്യപ്പെട്ടപ്പോള്‍ ജെസ്സിക്ക മദ്യം വിളന്പിയില്ല. അയാള്‍ ഉടന്‍ തോക്കെടുത്ത് വെടിവച്ചു ജെസ്സിക്കയെ കൊന്നു. ദൃക്സാക്ഷികള്‍ ഉണ്ടായിരുന്ന കേസായിരുന്നിട്ടും, കേസ് കോടതിയിലെത്തിയപ്പോള്‍ സാന്പത്തികമായും രാഷ്ട്രീയമായും വലിയ കഴിവും ബന്ധങ്ങളുമുള്ള പ്രതിയുടെ ബന്ധുക്കള്‍ സാക്ഷികളെ വിലക്കെടുത്തും മൊഴിമാറ്റിയും പ്രതിയെ കോടതി വെറുതെ വിടുന്ന സാഹചര്യമുണ്ടായ കഥയാണ്. കഥ അവസാനിക്കുന്‌പോള്‍ ഒരു വശത്ത് ഒരു പെണ്‍കുട്ടി മരിച്ചു എന്ന സത്യം, മറുവശത്ത് അതിനാരും ഉത്തരവാദികള്‍ അല്ല എന്ന വിധി. സമൂഹത്തോട്, നീതിന്യായ വ്യവസ്ഥയോട്, രാഷ്ട്രീയത്തോട് ഒക്കെ വലിയ വെറുപ്പ് തോന്നാതെ ആ സിനിമ കണ്ടിറങ്ങാന്‍ പറ്റില്ല.

കെ എസ് ആര്‍ ടി സി യുടെ ഇപ്പോഴത്തെ നില, എം പാനല്‍ കാരെ പിരിച്ചു വിട്ട് അത്രയും പേരെ പി എസ് സി ലിസ്റ്റില്‍ നിന്നെടുക്കണം എന്നുള്ള വിധി, ഓരോ സമരത്തിനും ബസിനു കല്ലെറിയുന്ന സമൂഹം, ഇതൊക്കെ കാണുന്‌പോള്‍ എനിക്ക് ജെസ്സിക്കയുടെ കഥയാണ് ഓര്‍മ്മ വരുന്നത്. സിനിമയില്‍ ജെസ്സിക്ക മരിച്ചതിനു ശേഷമാണ് കഥ തുടങ്ങുന്നതെങ്കില്‍ ഇവിടെ മരണക്കിടക്കയില്‍ കിടക്കുന്ന കെ എസ് ആര്‍ ടി സിയാണ് പ്രധാന കഥാപാത്രം. ഇക്കണക്കിന് പോയാല്‍ ഇനി ഒരു പത്തുവര്‍ഷം കൂടി ഈ പ്രസ്ഥാനം ജീവനോടെ ഇരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ സംഭവിക്കുന്‌പോള്‍ അതിന്റെ ഉത്തരവാദിത്തം ആരുടേതായിരിക്കും?

തീര്‍ച്ചയായും പെന്‍ഷന്‍കാരുടേതല്ലെന്ന് നമുക്കറിയാം. ജീവിതകാലം മുഴുവന്‍ പ്രസ്ഥാനത്തിനു വേണ്ടി ജോലി ചെയ്തവരാണവര്‍. വയസ്സുകാലത്ത് മറ്റുള്ള എല്ലാ സര്‍ക്കാര്‍ ജോലിക്കാരെയും പോലെ പെന്‍ഷനും മേടിച്ചു ശേഷിച്ച കാലം കൊച്ചുമക്കളേയും നോക്കി അല്ലലില്ലാതെ ജീവിക്കണമെന്നാണ് അവരുടേയും ആഗ്രഹം. ലോകത്തെല്ലായിടത്തും പെന്‍ഷന്‍ പ്രായം അറുപത്തഞ്ചില്‍ നിന്നും എഴുപതിലേക്ക് നീങ്ങുന്ന കാലത്ത്, അറുപത് വയസ്സിനു താഴെ റിട്ടയറായി വീട്ടിലിരിക്കേണ്ടി വന്നത് അവരുടെ കുറ്റമല്ല. പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലാത്ത തരത്തില്‍ പ്രസ്ഥാനം മുന്നോട്ടുപോകുന്‌പോള്‍ ഗാലറിയിലിരുന്നു സങ്കടപ്പെടാനല്ലാതെ അവര്‍ക്ക് ഒന്നിനും കഴിയുകയുമില്ല.

എം പാനല്‍ കണ്ടക്ടര്‍മാരുടെ സങ്കടം നമ്മള്‍ ഇന്നലെ കണ്ടതാണ്. അഞ്ചും പത്തും വര്‍ഷം കേരളത്തില്‍ ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന മറുനാട്ടുകാര്‍ക്ക് കിട്ടുന്ന വരുമാനത്തിലും കുറവ് ശന്പളം വാങ്ങി യാതൊരു ജോലി സ്ഥിരതയുമില്ലാതെ പ്രസ്ഥാനത്തിന് വേണ്ടി ജോലി ചെയ്തവരാണവര്‍. കെ എസ് ആര്‍ ടി സി ആസന്ന മൃത്യുവായതില്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും?

എം പാനലുകാരെ മാറ്റി പുതിയതായി വരുന്ന കണ്ടക്ടര്‍മാരെയും ഒരു കണക്കിനും കുറ്റപ്പെടുത്താന്‍ പറ്റില്ലല്ലോ. പത്താം ക്ളാസ് മുതല്‍ പി എച്ച് ഡി വരെ പഠിച്ച്, മിടുക്കരായി പി എസ് സി പരീക്ഷ എഴുതി, ന്യായമായും അവര്‍ക്ക് കിട്ടേണ്ട നിയമനത്തിന് വേണ്ടി പോരാടി. പ്രസ്ഥാനം നന്നായാലേ ഭാവിയുള്ളെന്ന് അവര്‍ക്കറിയാം. അതിനുവേണ്ടി ജീവിതകാലം മുഴുവന്‍ ജോലി ചെയ്യാനും, ജോലിയില്‍ റിട്ടയര്‍ ചെയ്യാനും, പറ്റിയാല്‍ പെന്‍ഷന്‍ മേടിക്കാനും അവരും തയ്യാറാണ്. സര്‍ക്കാര്‍ ജോലിയുടെ അത്രയും ഗ്ലാമര്‍ ഇല്ലെങ്കിലും സമൂഹത്തില്‍ വിലയുള്ള ഒരു ജോലി തന്നെയാണ് ഇതും. വെറുതെയാണോ പി എച്ച് ഡി കഴിഞ്ഞവര്‍ പോലും ഈ ജോലിക്ക് വരുന്നത്.

പി എസ് സി വഴി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലുള്ളവര്‍ പുറത്തു നില്‍ക്കുന്‌പോള്‍ അഞ്ചും പത്തും വര്‍ഷം താല്‍ക്കാലികമായി ആളുകളെ ജോലിക്ക് വെക്കുന്നത് ഒരിക്കലും ധാര്‍മ്മികമായി ശരിയല്ല. നിയമത്തിന്റെ മുന്നിലും അത് ശരിയല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. നിയമം നടപ്പിലാക്കുക എന്നതാണ് കോടതിയുടെ ജോലി. അല്ലാതെ കെ എസ് ആര്‍ ടി സി ലാഭത്തിലോ നഷ്ടത്തിലോ നടത്തുകയോ നില നിര്‍ത്തുകയോ അല്ല. അതൊക്കെ കോര്‍പ്പറേഷന്‍ മാനേജ്മെന്റിന്റെ ജോലിയാണ്. ഭരണഘടന ഓരോരുത്തര്‍ക്കും ഓരോ ജോലി കൊടുത്തിട്ടുണ്ട്.

ലാഭത്തില്‍ പ്രസ്ഥാനം നടത്തുക എന്നത് തൊഴിലാളി യൂണിയനുകളുടെ ഉത്തരവാദിത്തമല്ല. തൊഴിലാളികളുടെ തികച്ചും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് പ്രധാനം. ആയിരക്കണക്കിന് പുതിയ തൊഴിലാളികള്‍ വരുന്നതോടെ യൂണിയനുകള്‍ കൂടുതല്‍ ശക്തി പ്രാപിക്കും, കൂടുതല്‍ സംഘടിതമായി കാര്യങ്ങള്‍ ചെയ്യും. ലാഭം ഉണ്ടാക്കേണ്ടതെല്ലാം മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്.

വാസ്തവത്തില്‍ ബസ് മാനേജ് ചെയ്യുക എന്നത് സര്‍ക്കാരിന്റെ ജോലിയല്ല. ഗതാഗതത്തിന് നയങ്ങളും നിയമങ്ങളും ഉണ്ടാക്കുക, വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക, പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക ഇതൊക്കെയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷെ സ്വാതന്ത്ര്യത്തിന് മുന്‍പേ തുടങ്ങിയ ഒരു പ്രസ്ഥാനമാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍. ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനമാണ്. പതിനായിരക്കണക്കിന് ആളുകള്‍ അംഗങ്ങളായ തൊഴിലാളി യൂണിയനുകളുണ്ട്. ഇങ്ങനെയുള്ള ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകേണ്ടത് വോട്ടു വാങ്ങി ഭരിക്കുന്ന ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്തം തന്നെയല്ലേ? മന്ത്രിമാര്‍ നേരിട്ട് ബസോടിച്ചു വരെ കെ എസ് ആര്‍ ടി സി യെ നയിച്ചിട്ടുണ്ട്. എം ഡി മാര്‍ ആകുന്നവര്‍ ജാക്കിവെച്ച് ടയര്‍ മാറ്റിയിട്ടും കണ്ടക്ടറായി ടിക്കറ്റ് കൊടുത്തും പ്രസ്ഥാനത്തെ നന്നാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിക്കുന്നു.

എന്നിട്ടും കെ എസ് ആര്‍ ടി സി യുടെ കാര്യം അധോഗതി തന്നെയായതിനു കാരണം പലതാണ്. ആ പ്രസ്ഥാനം നടത്താന്‍ ആത്മാര്‍ത്ഥത മാത്രം പോരാ ലോജിസ്റ്റിക്‌സ് പ്രസ്ഥാനങ്ങള്‍ നടത്തി പരിചയം വേണം. കാലാകാലങ്ങളില്‍ വരുന്ന സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രസ്ഥാനത്തിന് വേണ്ടി ഉപയോഗിക്കാം എന്ന് മുന്നേ ആലോചിക്കുന്ന മാനേജ്മെന്റ്‌റ് വേണം. ആ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ മാനേജ്മെന്റിന് സ്വാതന്ത്ര്യം വേണം.

ഇപ്പോള്‍ വിഷയമായ കണ്ടക്ടര്‍മാരുടെ കാര്യം എടുക്കുക. ലോകത്ത് എവിടെ പോയാലും സുരക്ഷ പ്രശ്‌നമല്ലാത്തിടത്തൊക്കെ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളാണ് ഞാന്‍. ഒരു ബസിന് ഒരു കണ്ടക്ടര്‍ എന്നൊരു ലോകം ഇപ്പോള്‍ ഞാന്‍ എവിടെയും കാണുന്നില്ല. ഇന്നലെ പറഞ്ഞതു പോലെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബസ് സ്റ്റോപ്പില്‍ ഒരു മെഷീനാണ് ടിക്കറ്റ് കൊടുക്കുന്നത്. സീറ്റിനടുത്തുള്ള ഒരു സ്വിച്ച് അമര്‍ത്തിയാണ് ആളിറങ്ങണമെന്ന് ഡ്രൈവര്‍ക്ക് അറിയിപ്പ് കൊടുക്കുന്നത്. വര്‍ഷത്തിലൊരിക്കലാണ് ബസില്‍ ചെക്കര്‍മാര്‍ വരുന്നത് ഞാന്‍ കാണുന്നത്. ഇംഗ്ലണ്ടില്‍ ഡ്രൈവറുടെ അടുത്തുള്ള ഒരു സ്മാര്‍ട്ട് കാര്‍ഡ് റീഡറില്‍ ക്രെഡിറ്റ് കാര്‍ഡോ ട്രാവല്‍ കാര്‍ഡോ സ്‌കാന്‍ ചെയ്ത് ടിക്കറ്റെടുക്കാം. അവിടെയുമില്ല കണ്ടക്ടര്‍. ഗള്‍ഫിലും തായ്ലാന്റിലും ഉക്രൈനിലും കൊളംബിയയിലും ഒന്നും കണ്ടക്ടര്‍ എന്ന തൊഴില്‍ ഇല്ല. ജനീവയില്‍ വര്‍ഷത്തിലൊരിക്കല്‍ പഴയ വേഷവും ടിക്കറ്റ് റാക്കും പീപ്പിയുമായി കണ്ടക്ടര്‍ വരുന്നത് കുട്ടികളെ പഴമ കാണിച്ചു കൊടുക്കാനാണ്. ലോകം അങ്ങനെയായിരിക്കുന്ന കാലത്താണ് നാം ആയിരക്കണക്കിന് കണ്ടക്ടര്‍മാരെ പുതിയതായി നിയമിക്കുന്നത്. ഇങ്ങനെ വരുന്നവരുടെ ശരാശരി പ്രായം മുപ്പതാണെന്ന് കരുതിയാല്‍ അവര്‍ വിരമിക്കുന്ന കാലത്ത് റിട്ടയര്‍മെന്റ് പ്രായം അറുപത് ആകുമെന്ന് ആശിക്കുക. അപ്പോള്‍ അടുത്ത മുപ്പതു കൊല്ലം കെ എസ് ആര്‍ ടി സി നിന്ന നില്പില്‍ നില്‍ക്കണമെന്നതാണ് വളരെ നിഷ്‌കളങ്കവും ന്യായവുമായി തോന്നുന്ന ഈ ആയിരക്കണക്കിന് കണ്ടക്ടര്‍മാരുടെ നിയമനത്തിന്റെ അര്‍ത്ഥം. ഒരു കാര്യം ഞാന്‍ ഉറപ്പായും പറയാം. ഇന്നത്തെ കണ്ടക്ടര്‍മാര്‍ അന്നുമുണ്ടെങ്കില്‍ കെ എസ് ആര്‍ ടി സി എന്ന പ്രസ്ഥാനം ഉണ്ടാകില്ല. പുതിയ കണ്ടക്ടര്‍മാരെ എങ്ങനെ നിയമിക്കാം എന്നതല്ല, പത്തുവര്‍ഷത്തിനകം ഡ്രൈവറില്ലാതെ ബസ് ഓടുന്ന കാലത്ത് ഇപ്പോഴത്തെ ഡ്രൈവര്‍മാരെ എന്ത് ചെയ്യുമെന്നായിരിക്കണം നമ്മള്‍ ചിന്തിക്കേണ്ടത്.

തൊഴിലില്ലായ്മ ഇത്രയുമുള്ള ലോകത്ത് തൊഴിലില്ലാതാക്കുന്ന സാങ്കേതിക വിദ്യകള്‍ കൊണ്ടുവരുന്നത് ശരിയാണോ എന്നു തോന്നാം. കുറച്ചു നാളുകള്‍ സമരം ചെയ്തു പിടിച്ചു നില്‍ക്കുകയും ചെയ്യാം. പക്ഷെ ഒരു കാര്യം നാം അടിസ്ഥാനമായി മനസ്സിലാക്കിയേ പറ്റൂ. കെ എസ് ആര്‍ ടി സി യുടെ അടിസ്ഥാന ലക്ഷ്യം കേരളത്തില്‍ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയല്ല, കേരളത്തിലെ പൊതുഗതാഗതം കാര്യക്ഷമമാക്കുകയാണ്. അതറിഞ്ഞു പ്രസ്ഥാനം നടത്തിയില്ലെങ്കില്‍ അത് ചത്തുപോകും. അന്ന് നെഞ്ചത്തടിച്ചു കരഞ്ഞിട്ട് ഒരു കാര്യവുമില്ല. മുകളില്‍ പറഞ്ഞ ആരുമല്ല അതിനെ കൊന്നതെന്ന് തോന്നാം, അവരെല്ലാം കൂടിയാണെന്നും തോന്നാം, അവരില്‍ ഒരു കൂട്ടര്‍ ആണെന്ന് മറ്റുള്ളവര്‍ പറയും. അതിലൊന്നും കാര്യമില്ല. ജെസ്സിക്കയെ ആരോ കൊന്നു എന്നത് സത്യമാണ്, അതുകഴിഞ്ഞ് എല്ലാവരും മറ്റുള്ളവരെ പരസ്പരം കുറ്റപ്പെടുത്തി എന്നുമാത്രം.

ജെസ്സിക്കയുടെ കാര്യത്തില്‍ ഭാഗ്യത്തിന് ഒരു രണ്ടാമൂഴം ഉണ്ടായി. കേസ് രണ്ടാമത് അന്വേഷിച്ചു, വിചാരണ വന്നു, കുറ്റവാളി ജയിലിലുമായി. കെ എസ് ആര്‍ ടി സി ക്ക് രണ്ടാമൂഴം ഉണ്ടാകുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക