Image

ഉപാധികള്‍(കവിത : ജിഷ രാജു )

ജിഷ രാജു Published on 19 December, 2018
ഉപാധികള്‍(കവിത : ജിഷ രാജു )
പ്രണയിക്കുന്നവര്‍ക്ക് എല്ലാം
അറിയണമെന്നാണ് ശാഠ്യം
ആദ്യം പ്രേമത്തോടെ
അവന്‍ സംസാരിക്കും
അവള്‍ ഉത്തരം പറയും
ആരും അറിയാത്തിടത്തേക്ക് 
ചെല്ലാന്‍ അനുവദിയ്ക്കും
ആരോടും പറയാത്തത് പറയും
അതു കഴിഞ്ഞാല്‍ 
ഒരു പൂക്കാലമാണ്
മരങ്ങളില്‍ നിന്നും
പൂക്കളില്‍ നിന്നും
ഇളം കാറ്റ് ഇറങ്ങി വന്ന്
രാവ്‌ന്നോ പകലെന്നോ
നോക്കാതെ രണ്ട് പേരേയും
തഴുകി ചിരിപ്പിച്ചു  
കൊണ്ടേയിരിക്കും 
അങ്ങനെ പ്രണയത്തിന്റെ
ഉപാധികള്‍ വിചിത്രമാണ്.

 ഇനി , 'നീ ,നീ 'എന്നു            
പറയുന്നതിനെയൊക്കെയും, 
നമ്മള്‍ 'നമ്മള്‍'എന്നു
പ്രതിധ്വനിപ്പിയ്ക്കുന്ന പോലെ..
അവിടെ ഒരാള്‍ ഒരറ്റത്തു.... 
പ്രണയം തന്നുകൊണ്ടിരിക്കുന്നു.
മറ്റെയാള്‍വേറൊരറ്റത്തു
ശ്രദ്ധയോടെ........ 
സ്വീകരിച്ചുകൊണ്ടിരിയ്ക്കുന്നു.

രണ്ട്  പൂക്കള്‍ രണ്ട് മാനങ്ങളില്‍ 
രണ്ട് മണങ്ങളെ ഉമ്മ വച്ച് 
ഉറങ്ങുന്നതു പോലെ....
രണ്ടു പേരും 'നമ്മള്‍'
എന്ന് സമ്മതിച്ചവരാണ്.
അദൃഷ്ടമായ രഹസ്യങ്ങളിലൂടെ.

അവരോടാണ് ഭൂമി....
വാ തോരാതെ സംസാരിക്കുന്നത്
ഒരു നേര്‍ത്ത കാറ്റിലും...
അവരിലേക്കാണ് മൗനം
മഞ്ഞു കുടയുന്നത്.
അവരുടെ കണ്ണിലേക്കാണ്
ആകാശം നക്ഷത്രങ്ങളെ....
കൊത്തിയിടുന്നത്.
ഉപാധികളില്ലാത്ത
പ്രണയങ്ങള്‍!

ഉപാധികള്‍(കവിത : ജിഷ രാജു )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക