Image

ടണല്‍ 33; ആത്മഹത്യ ചെയ്തവരുടെ പ്രേതങ്ങള്‍ക്കായി മാത്രമുള്ള തുരങ്കം (അശ്വതി ശങ്കര്‍)

അശ്വതി ശങ്കര്‍ Published on 19 December, 2018
ടണല്‍ 33; ആത്മഹത്യ ചെയ്തവരുടെ പ്രേതങ്ങള്‍ക്കായി മാത്രമുള്ള തുരങ്കം (അശ്വതി ശങ്കര്‍)
ബാലാമണിയമ്മയിലും വൈലോപ്പിള്ളിയിലും ഒ.എന്‍.വിയിലുമൊക്കെ ത്തുടങ്ങി ഇന്ന് സച്ചിദാനന്ദനിലും റഫീഖ് അഹമ്മദിലും മാത്രമെത്തി നില്‍ക്കുന്ന എന്റെ കവിതാ പ്രണയ യാത്രയില്‍ എന്നെ ഭ്രമിപ്പിച്ച, ഭയപ്പെടുത്തിയ, വേദനിപ്പിച്ച പുതുതലമുറയിലെ ഒരു കവിതാ പുസ്തകത്തെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറയട്ടെ. പറയാതിരിക്കാനാവില്ല ...
കിംഗ് ജോണ്‍സ് എന്ന പ്രിന്‍സ് ജോണിന്റെ ടണല്‍ 33. ആത്മഹത്യ ചെയ്തവരുടെ പ്രേതങ്ങള്‍ക്കായി മാത്രമുള്ള തുരങ്കം.... ഈ തുരങ്കത്തിലൂടെ സഞ്ചരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മാത്രം ഒരു പിടി കഥകള്‍...അല്ല.. തുടര്‍ക്കഥകള്‍ നിങ്ങള്‍ ക്കായി കാത്തിരിക്കുന്നു. സിംലയിലെ നാലാം തുരങ്കം ടണല്‍ 33..മരിച്ചവര്‍ മാത്രമിവിടെ കഥാപാത്രങ്ങള്‍ ശിപായിയും, തൂങ്ങി മരിച്ച കര്‍ഷകന്റെ ഭാര്യയും തങ്ങളുടെ പരസ്പരാകര്‍ഷണത്തിന്റെ ചുഴി യില്‍പ്പെട്ട് നീറി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച് വഞ്ചിയില്‍ കയറുന്നു. വഞ്ചിക്കാരനാണെങ്കില്‍ മരണത്തിന് മുമ്പായി ഒരിക്കലെങ്കിലും ഒരു സ്ത്രീയുമായി രതിയുടെ പാരമ്യത്തിലെത്താന്‍ ആഗ്രഹിച്ചു. ആക്രമണ രതി മാത്രം ശീലിച്ചു പോന്ന കര്‍ഷക ഭാര്യ ഒരു പുണ്യരതിക്കായി അയാളുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചു.. നഷ്ടമായ തന്റെ തപാലിനെക്കുറിച്ച് ബോധവാനായ ശിപായി രണ്ടു പേരെയും പങ്കായം കൊണ്ട് വെള്ളത്തിലേക്ക് മറിച്ചിടുന്നു .. ഒപ്പം അയാ ളും.കടലിന്റെ അഗാധതയില്‍ ഊളിയിട്ട അവരെ മൂന്നു പേരെയും പ്രണയത്താല്‍ കീഴ്‌പ്പെടുത്തി നീലപ്പെണ്ണ് അവരുടെ ചെരിപ്പിട്ട് കരയിലൂടെ നടന്നപ്പോള്‍ അവര്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി മനസിലായി. ടണലിന്റെ മറ്റേ അറ്റത്ത് കേണല്‍ ബരോഗും ഭണ്ഡാരിയും ഉരുളക്കിഴങ്ങുകള്‍ തിന്നുതീര്‍ക്കുകയാ ണ് .. തുരങ്ക നിര്‍മ്മാണത്തിനായി 1898 ല്‍ സിംലയില്‍ എത്തിയ കേണല്‍ തികച്ചും ഏകാകിയായിരുന്നു.

നെരിപ്പോടിനു മുകളില്‍ തൂങ്ങി കിടക്കുന്ന കെറ്റിലിലെ ചൂടുമായ മാത്രമായിരുന്നു അയാളുടെ ഏകാന്തതയിലെ കൂട്ട്' ബരോഗ്‌സ്‌റ്റേഷന്‍, തണുത്ത സായന്തനം. ഭണ്ഡാരി പച്ചക്കൊടികള്‍ കൊണ്ട് മാത്രം ട്രെയിനുകള്‍ നിയന്ത്രിക്കുന്നു. ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ പോലുമല്ലാത്ത ഭണ്ഡാരിയിലേക്ക് ഈ ജോലി കൈമാറി കൈമാറിയെത്തിയതിന് പിന്നില്‍ അധിക ജോലി വേണ്ടിവന്ന തോട്ടമല്ല ടണല്‍ 33 യിലെ ഭയാനകമായ ശബ്ദങ്ങളായിരുന്നുവെന്നത് പിന്നാമ്പുറക്കഥ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ പരാജയമടഞ്ഞ രണ്ട് തുരങ്കങ്ങള്‍. തലച്ചോറിലൂടെ വെടിയുണ്ട കടത്തിവിട്ട് കേണല്‍ ബരാഗ് ആത്മഹത്യ ചെയ്തപ്പോള്‍ പകരക്കാരനായി വന്ന എച്ച്.എസ് ഹെലിംഗ്ടണ്‍ പൂര്‍ത്തിയാക്കിയ മൂന്നാം തുരങ്കം... കേണലിന്റെ കനത്ത കാലടികളും വെടിയൊച്ചയും പതിഞ്ഞ മൂന്നാം തുരങ്കം.. അതിലെ ട്രെയിനുകള്‍ക്ക് പച്ചക്കൊടി കാണിക്കുമ്പോള്‍ ഭണ്ഡാരി നെഞ്ചില്‍ കൈവെക്കും.. ഇവയ്ക്ക് മൂന്നു തുരങ്കങ്ങള്‍ക്കുമിടയില്‍ പ്രേതങ്ങള്‍ തീര്‍ത്ത നാലാം തുരങ്കം. നാലും കൂട്ടിമുട്ടുന്ന ഡയമണ്ട് ക്രോസിംഗ്. അവിടെ നിറയെ പ്രേതങ്ങളാണ്. അവരുടെ ജീവിതങ്ങളാണ്. ആത്മഗത്യ ചെയ്തവര്‍ക്ക് മാത്രം പ്രവേശനമുള്ള ടണല്‍ 33. ടണല്‍ 33 യില്‍ പ്രേതങ്ങള്‍ മാത്രമേ ഉള്ളൂ. ഈ വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചാല്‍ മരണം ഭ്രമിപ്പിക്കും എന്നതില്‍ സംശയമില്ല. ആ ഭ്രമത്തില്‍ വീഴില്ല എന്നുറപ്പുണ്ടെങ്കില്‍ ഈ തുരങ്കത്തിലൂടെ പോയി നോക്കൂ. അനേകം ജീവിതങ്ങള്‍ കാണാം. ടണല്‍ 33 കവിയുടെ ഭാവനാസൃഷ്ടി മാത്രമാണെന്ന് ഓര്‍ക്കുക. ആത്മഹത്യ കുറ്റകരം. ജീവിതം അമൂല്യം.

ടണല്‍ 33; ആത്മഹത്യ ചെയ്തവരുടെ പ്രേതങ്ങള്‍ക്കായി മാത്രമുള്ള തുരങ്കം (അശ്വതി ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക