Image

അന്യായപ്പട്ടിക വസ്തു (ഒരു വക്കീല്‍ കഥ: ജോസഫ് ഏബ്രഹാം)

Published on 19 December, 2018
അന്യായപ്പട്ടിക വസ്തു (ഒരു വക്കീല്‍ കഥ: ജോസഫ് ഏബ്രഹാം)
മാത്തുക്കുട്ടി വക്കീല്‍ പതിവുപോലെ ഓഫീസിലെ ഹാങ്ങറില്‍ തൂക്കിയിട്ടിരുന്ന ഗൌണെടുത്തു കുടഞ്ഞതിലെ പൊടിയും മാറാലയും കൊട്ടിക്കളഞ്ഞു വൃത്തിയാക്കി. എന്നിട്ടാ ഗൌണ്‍ തോളില്‍ വളച്ചിട്ടുകൊണ്ട് പൊളിഞ്ഞു വീഴാറായ മാളികമുകളിലെ കുടുസ്സായ വക്കീല്‍ ഓഫീസില്‍ നിന്ന് കേസുകെട്ടുകള്‍പെറുക്കിയെടുത്തുദ്രവിച്ചു തുടങ്ങിയ കോവണിപ്പടിയില്‍ ശ്രെദ്ധാപൂര്‍വ്വം കാലുകളൂന്നി റോഡിലേക്കിറങ്ങി.
റോഡില്‍ എത്തിയ മാത്തുക്കുട്ടിവക്കീല്‍കാദറിന്റെ കടയില്‍നിന്നു കടം പറഞ്ഞൊരു ‘സിസര്‍ ഫില്‍ട്ടര്‍’ വാങ്ങി തീ കൊളുത്തി പുകവിട്ടുകൊണ്ട്‌സിവില്‍ കോടതി ലക്ഷ്യമാക്കി നടന്നു. കൈനിറയെ കേസുകെട്ടുകളും തടിച്ച നിയമപുസ്തകവുമായി റോഡരികിലൂടെ കോടതിയിലേക്ക് നടക്കുന്ന മാത്തുക്കുട്ടി വക്കീലിനെ ആളുകള്‍ ആദരവോടെ നോക്കി. ഫുട്പാത്തില്‍ കച്ചവടം ചെയ്യുന്ന കച്ചവടക്കാര്‍ മാത്തുക്കുട്ടി വക്കീലിനെ കണ്ടപ്പോള്‍ സലാം പറഞ്ഞു ബഹുമാനിച്ചു.
അന്നേ ദിവസം മാത്തുക്കുട്ടി വക്കീലിന് ഒരേയൊരു കേസ് മാത്രമേയുണ്ടായിരുന്നുള്ളൂ. വേറെ കേസൊന്നുമില്ലെങ്കില്‍ പിന്നെ എന്തിനാണ് വെറുതെ ബാക്കി കേസുകെട്ടുകള്‍ കോടതിയിലേക്ക് ചുമക്കുന്നതെന്നു ചോദിക്കരുത്.അത് മാത്തുക്കുട്ടിയുടെ ഒരു പ്രൊഫഷണല്‍ ഗുട്ടന്‍സാണ്.
മാത്തുക്കുട്ടിയുടെ നാട്ടുകാര്‍ക്ക് ഒരു കുഴപ്പമുണ്ട്. തിരക്കുള്ള ബസ് കണ്ടാല്‍ അവര്‍സീറ്റൊഴിവുള്ള ബസുണ്ടോന്നു നോക്കും വേണമെങ്കില്‍ അടുത്ത ബസിനായി കാത്തിരിക്കുകയും ചെയ്യും. എന്നാല്‍ ഫീസ് എത്ര കുറച്ചു പറഞ്ഞാലും തിരക്ക് കുറഞ്ഞ ഒരു വക്കീലിനവരാരും വക്കാലത്ത് ഒപ്പിട്ടു കേസ് നല്‍കില്ല.അതിനൊക്കെ അവര്‍ക്ക് തിരക്കുള്ള വലിയ വക്കീലന്മാര്‍ തന്നെ വേണം.
ഒരു വക്കീല്‍ കുറെ കേസുകെട്ടുകള്‍ ചുമന്നുകൊണ്ട് കോടതിയിലേക്ക് പോണതും വരണതും കണ്ടാല്‍ നാട്ടുകാരും കേസിന് വരുന്ന മഹാജനവും ഒന്നടങ്കം പറയും അയാള്‍ നല്ല തിരക്കുള്ള ഉഷാറ്വക്കീലാന്നും, കണ്ടില്ലേ എത്ര മാത്രം കേസ് ഫയലുകളാണ് അദ്ധേഹത്തിന്‍റെ കയ്യില്‍ എന്നൊക്കെ. എത്ര മിടുക്കനായ വക്കീലായാലും അയാള്‍ക്ക് വല്യ കേസൊന്നുമില്ലാന്ന് പത്താള്‍ പറഞ്ഞാല്‍ പിന്നെ ആ വക്കീലിന്റെ പണി തീര്‍ന്നതു തന്നെ. അതുപോലെ ഏതു ഉടായിപ്പ് വക്കീല്‍ ആണെങ്കിലും ആളുഷാറാണ് ഇഷ്ട്ടം പോലെ കേസുണ്ടെന്നൊക്കെ നാലാള്‍ പറഞ്ഞാല്‍ സംഗതി ജോര്‍ പിന്നെ ആള്‍ തെളിഞ്ഞുകഴിഞ്ഞു.
കോടതി മുറിയിലെത്തിയ മാത്തുക്കുട്ടി ഏറ്റവും പിന്നിലെ ബെഞ്ചില്‍ ഫയല്‍ വച്ചതിനരികിലായിപോയിരുന്നു. ഇനി കോടതി പിരിയുന്നതുവരെ മാത്തുക്കുട്ടി വക്കീല്‍ ഒരേ ഇരിപ്പാണ്. കോടതിയില്‍ ഏറ്റു നിന്ന് വല്ലതും പറയണമെങ്കില്‍കയ്യില്‍ കേസു വേണമല്ലോ. കോടതിയില്‍ വരാന്‍ മടിപിടിച്ചിരിക്കുന്ന ചില വക്കീലന്മാരുണ്ട് അവരുടെ ഗുമസ്ഥന്മാര്‍ ഇടയ്ക്കു ചില ഫയലുകള്‍കോടതിയില്‍ പറയാനായി മാത്തുക്കുട്ടിയെ ഏല്‍പ്പിക്കുംഅതൊക്കെ മാത്തുക്കുട്ടി കോടതിയില്‍ പറയും.
അന്നു കോടതിയില്‍ മാത്തുകുട്ടിയുടെ ചങ്ങാതിയായ തോമാച്ചന്‍ വക്കീല്‍ എതിര്‍കക്ഷിക്കുവേണ്ടി വേണ്ടി ഹാജരാകുന്ന ഒരു സിവില്‍ കേസ് വിചാരണക്ക് വച്ചിട്ടുണ്ടായിരുന്നു.
അന്യായ പട്ടിക വസ്തുവഹകളായ ‘എ’ യിലും ‘ബി’ യിലും ( കോടതിയില്‍ കൊടുക്കുന്ന അന്യായത്തില്‍ കേസില്‍പ്പെട്ട വസ്തുവഹകളെ പട്ടിക വസ്തുക്കള്‍ എന്നാണ് പറയുക. അതിന്‍റെ അതിരും അളവുകളും ഒരു പട്ടികയായി അന്യായത്തില്‍ പ്രത്യേകം ചേര്‍ത്തിട്ടുണ്ടാകും) എതിര്‍ കക്ഷി അതിക്രമിച്ചു കയറി കുഴിക്കൂര്‍ ചമയങ്ങള്‍ നശിപ്പിച്ചു നാശനഷ്ടമുണ്ടാക്കി എന്നതാണ് കേസ്.
അന്യായക്കാരിയായ ലീലാമ്മക്ക് അനുകൂലമാണ് സാക്ഷികളും അഡ്വക്കേറ്റ് കമ്മിഷണര്‍ റിപ്പോര്‍ട്ടും. അന്യായക്കാരിക്ക് വേണ്ടി ഹാജരാകുന്നതോ ആ ബാറിലെ ഏറ്റവും പ്രഗല്‍ഭനായ സിവില്‍ വക്കീലും. എതിര്‍കക്ഷിയായ ഔസേപ്പച്ചന്‍സംഗതിവശാലും, നിയമവശാലും ഈ കേസില്‍ പരാജയപ്പെടാനുള്ളവനാണ്.കേസില്‍ തോമാച്ചന്‍ വക്കീല്‍ ഹാജരായാലും ഇല്ലെങ്കിലും വാദിക്ക് അനുകൂലമായി വിധിയാകുമെന്നുറപ്പാണ്.
തോല്‍ക്കാന്‍ പോകുന്ന കേസിന് ഹാജരായി വെറുതെ സമയം കളയേണ്ട എന്നു വിചാരിച്ച തോമാച്ചന്‍ വക്കീല്‍ കാലത്തെ കക്ഷികളുടെ കയ്യില്‍ നിന്ന് കിട്ടിയ ഫീസുമായി മാര്‍ക്കറ്റില്‍ പോയി കുറച്ചു കപ്പയും ബീഫും വാങ്ങി തന്‍റെ പഴയ ജാവ മോട്ടോര്‍ സൈക്കിളോടിച്ചുവീട്ടില്‍ച്ചെന്നു കപ്പ കൊത്തിനുറുക്കാന്‍ തുടങ്ങി.
അന്യായക്കാരി ലീലാമ്മയും അയല്‍വാസിയായ എതിര്‍കക്ഷി ഔസേപ്പച്ചനും തമ്മില്‍ പണ്ട് അടുപ്പത്തില്‍ ആയിരുന്നെന്നും ലീലാമ്മയുടെ അപ്പന്‍ എതിരു നിന്നതിനാലാണ്അവരുടെ കല്യാണം നടക്കാതെ പോയതെന്നും,അതിനുശേഷം കീരിയും പാമ്പും പോലുമാണ് രണ്ടുപേരുമെന്നു ആര്‍ക്കും പ്രഥമ ദൃഷ്ടിയില്‍ തോന്നുമെങ്കിലും ഇപ്പോഴും അവരുതമ്മില്‍ചില ചുറ്റികളികളും അന്തര്‍ധാരകളും സജീവമായിട്ടുണ്ടെന്നൊക്കെയുള്ള കേസിന്റെ ഡീറ്റെയിഡു ബാക്ക്‌ഗ്രൌണ്ട് വിശേഷങ്ങള്‍ വിശദീകരിച്ചു പറഞ്ഞുകൊണ്ട് തോമാച്ചന്‍ വക്കീലിന്‍റെ ഗുമസ്തന്‍ മാത്തുക്കുട്ടി വക്കീലിന്‍റെ കയ്യില്‍ കേസുകെട്ടേല്‍പ്പിച്ചു. ഇനി കേസ് നടത്തേണ്ടത് മാത്തുക്കുട്ടി വക്കീലാണ്.
മാത്തുകുട്ടി വക്കീല്‍ കേസ് തുറന്നു അന്യായം വായിച്ചു നോക്കി. പട്ടിക വസ്തുവിന്റെ വിവരണം വായിച്ചപ്പോള്‍ മാത്തുക്കുട്ടിക്ക് വസ്തുവിന്റെ കിടപ്പിനെക്കുറിച്ചു വല്ലാത്ത സംശയംതോന്നി
‘എ’ പട്ടിക വസ്തുവിന്‍റെ കിടപ്പ് ‘ബി’ പട്ടികവസ്തുവിന്‍റെ താഴെയാണോ അതോ മുകളിലാണോയെന്നും, ഈ പട്ടിക വസ്തുവഹകളും എതിര്‍ കക്ഷിയുടെ പട്ടിക വസ്തുവഹകളും തമ്മിലുള്ള കിടപ്പ് വശം എന്താന്നും വല്ലാത്തൊരു കണ്‍ഫ്യൂഷന്‍.
അന്യായം ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ അഡ്വക്കെറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ പട്ടിക വസ്തു വിവരണവും അന്യായപ്പട്ടികയും തമ്മില്‍ ചില പൊരുത്തക്കേടുകള്‍ ഇല്ലേന്നൊരുന്യായമായ സന്ദേഹവും മാത്തുക്കുട്ടിയുടെ കൂര്‍മ്മബുദ്ധിയില്‍ തെളിഞ്ഞു വന്നു.സംശയ നിവര്‍ത്തിക്കായി തോമാച്ചന്‍ വക്കീലിന്‍റെ ഗുമസ്തനോട് ചോദിക്കാമെന്നു കരുതി ചുറ്റും നോക്കിയെങ്കിലും അപ്പോഴേക്കും അയാള്‍ അവിടെനിന്നും പോയിരുന്നു.
കേസ് വിചാരണയ്‌ക്കെടുത്തു.അന്‍പതു വയസോട് അടുത്തെങ്കിലും വിട്ടൊഴിയാന്‍ അപ്പഴും വിസമ്മതിച്ചു നില്‍ക്കുന്ന, എണ്ണക്കറുപ്പില്‍ ചാലിച്ചയൌവ്വന തുടിപ്പിന്‍റെ അംഗ ലാവണ്യ ധാരാളിത്വത്തോടെ അന്യായക്കാരി ലീലാമ്മ സാക്ഷികൂട്ടില്‍ നിറഞ്ഞു നിന്നു. ക്രോസ് വിസ്താരം തുടങ്ങാന്‍ മാത്തുക്കുട്ടി വക്കീല്‍ എഴുന്നേറ്റു.സാക്ഷി വിസ്താരം ചെയ്യാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകാറുള്ള പതിവ് ചങ്കിടിപ്പോടെയൊന്നുമല്ല ഇപ്രാവശ്യം മാത്തുക്കുട്ടി എഴുന്നേറ്റത്.നഷ്ട്ടപ്പെടുവാന്‍ ഒന്നുമില്ലാത്ത തൊഴിലാളി വര്‍ഗത്തിന്റെ ചങ്കുറപ്പോടെ ക്രോസ്സ് വിസ്താരം ചെയ്യാനായി മാത്തുക്കുട്ടി വക്കീല്‍ എഴുന്നേറ്റുനിന്നു.തോളിലെ ഗൌണ്‍ വലിച്ചു ചങ്കിനോട് ചേര്‍ത്തു പിടിച്ചിടുന്നതില്‍ കാണാമായിരുന്നു മാത്തുക്കുട്ടിയുടെ ആ ത്രസിക്കുന്ന കോണ്‍ഫിഡന്‍സ്.
എന്നതാ ഈ വക്കീലിന് ഇത്ര ചോദിക്കാനുള്ളത് എന്ന ഭാവത്തോടെ ലീലാമ്മ മാത്തുക്കുട്ടിയെ നോക്കി. സത്യത്തില്‍ മാത്തുക്കുട്ടിക്കു അപ്പോഴും ‘എ’ പട്ടിക വസ്തുവിന്റെയും ‘ബി’ പട്ടിക വസ്തുവിന്റെയും കിടപ്പിനെക്കുറിച്ചും അതിരുകളെക്കുറിച്ചുമുള്ള സംശയം മാറിയിരുന്നില്ല. എന്നാപിന്നെ വസ്തുവിന്റെ ഉടമയോടു തന്നെ നേരിട്ടു ചോദിച്ചേക്കാം എന്ന് കരുതി മാത്തുകുട്ടി ലീലാമ്മയോട് തന്നെ ചോദിച്ചു
“ലീലാമ്മേ നിങ്ങടെ ‘എ’ പട്ടിക വസ്തുവിന്‍റെ കിടപ്പ് എങ്ങിനെയാണ്?”
മാത്തുകുട്ടിയുടെ ആദ്യത്തെ ചോദ്യം കേട്ട അന്യായക്കാരി ലീലാമ്മ ചൂളിപ്പോയി. ‘എ’ എന്നൊക്കെ പറയുന്നത് സാധാരാണ ഉച്ചപടത്തിന്റെ പോസ്റ്ററില്‍ കാണാറുള്ള സംഗതിയല്ലേ ? അതെന്താ ഇമ്മാതിരി വൃത്തികെട്ട ചോദ്യം ഈ വക്കീല്‍ എന്നോട് ചോദിക്കുന്നത്എന്നൊക്കെ ചിന്തിച്ചു ലീലാമ്മ ആകെ കണ്‍ഫ്യൂഷനായി.
ലീലാമ്മയുടെ കണ്ഫ്യൂഷന് ഉപോല്‍ബലകമായിമറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. കോടതിയില്‍ നിന്ന് ഒരു നൂറടി മാറിയുള്ള സിനിമ കൊട്ടകയുടെ മുന്‍പില്‍ ഇന്നത്തെ സിനിമ എന്ന് പറഞ്ഞു തടിച്ച ഒരുത്തി മലര്‍ന്നു കിടക്കുന്ന പോസ്റ്ററും അവളുടെമേല്‍ കേറാനുള്ള കോണിപ്പടിപോലെ മുഴുത്ത ഒരു ‘അ’അരക്കെട്ടിന്മേല്‍ ചാരിവച്ചിരിക്കുന്നതും ലീലാമ്മ കണ്ടിരുന്നു. എന്തായാലും അവളുടെ കിടപ്പ് കൊള്ളാമല്ലോ എന്ന് വിചാരിച്ചു ഉള്ളിലൂറിയ ചിരിയുമായി രണ്ടു വട്ടം ലീലാമ്മ അവളെ തിരിഞ്ഞു നോക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് തന്‍റെ ‘എ’യുടെ കിടപ്പ് എങ്ങിനെയാന്നു തിരക്കി വക്കീല്‍ ചോദിക്കുന്നത്.
ലീലാമ്മ ചുറ്റുംമൊന്നു നോക്കി എല്ലാവരും ലീലാമ്മയെ തന്നെ ഉറ്റുനോക്കുന്നു ചിലരുടെ മുഖത്ത് ഒരു വല്ലാത്ത ഒരു വഴുവഴുപ്പന്‍ ചിരിയും. ലീലാമ്മ ജഡ്ജിയുടെ മുഖത്തേക്ക് നോക്കി അങ്ങേരും ലീലാമ്മയെ തന്നെ നോക്കുന്നു. കാര്യങ്ങള്‍ അത്ര സുഖമായി ലീലാമ്മയ്ക്കു തോന്നിയില്ല.
ലീലാമ്മക്ക് ചോദ്യം മനസ്സിലായില്ല എന്ന് കരുതിയ മാത്തുക്കുട്ടി വക്കീല്‍ ചോദ്യം അല്പം മാറ്റി ചോദിച്ചു.
“അല്ല ചേടത്തി നിങ്ങളുടെ ‘എ’ പട്ടിക വസ്തുവിനോട് ചേര്‍ന്നല്ലേ എതിര്‍ കക്ഷി ഔസേപ്പച്ചന്റെതും കിടക്കുന്നത് ? ”
ചോദ്യം കേട്ട് ലീലാമ്മ നോക്കിയപ്പോള്‍ കോടതിക്ക് അകത്തു നിന്ന് ഔസേപ്പച്ചന്‍ ലീലാമ്മയെ നോക്കി ഒരു വഷളന്‍ ചിരി ചിരിക്കുന്നു. അതു കണ്ടപ്പോള്‍ ലീലാമ്മയ്ക്കു കലിയിളകി അവള്‍ മനസ്സില്‍ പറഞ്ഞു
‘തെണ്ടി പഴയതൊക്കെ വക്കീലിനോട് വിളബീട്ടു നാണമില്ലാതെ നിന്നിളിക്കുന്നു’.
ലീലാമ്മയുടെ മുഖം കോപം കൊണ്ട് കറുത്തിരുണ്ടു. എന്നിരുന്നാലും കോടതിക്ക് അകമാണല്ലോ എന്ന് കരുതി കടിച്ചു പിടിച്ചു മിണ്ടാതെ നിന്നു.
ലീലാമ്മ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ മാത്തുക്കുട്ടി വക്കീല്‍ അല്പം കൂടി വിശദീകരിച്ചു കൊണ്ട് ചോദിച്ചു
“നോക്കൂ ചേടത്തി നിങ്ങടെ ‘എ’ പട്ടിക വസ്തുവില്‍ എതിര്‍കക്ഷി ഔസേപ്പച്ചന്‍ ബലാല്‍ക്കാരമായി അതിക്രമിച്ചു കടന്നുവെന്നും അക്രമം കാണിച്ചുവെന്നും, കുഴിക്കൂറുകള്‍ നാശമാക്കിയെന്നും പറയുന്നത് ഏതു ഭാഗത്ത് കൂടെയാണ് ? മുന്‍ഭാഗത്ത് കൂടയോ? അതോ പിന്‍ഭാഗത്ത് കൂടയോ അതുമല്ലെങ്കില്‍ വശങ്ങളിലൂടെയോ ?”
മാത്തുക്കുട്ടി വക്കീലിന്‍റെ വിശദമായ ചോദ്യം കേട്ടപ്പോള്‍ സിനിമാ കൊട്ടകയിലെ പോസ്റ്ററില്‍ താന്‍ മലര്‍ന്നു കിടക്കുന്നതായും ഒരു മുഴുത്ത ‘എ’ തന്‍റെ മേല്‍ ചാരിവച്ചതായും ആളുകള്‍ അതുകണ്ട് കയ്യടിച്ചു കൂവിയാര്‍ക്കുന്നതായും അവള്‍ക്കു തോന്നി. ഇത്തവണ ലീലാമ്മയുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.അവള്‍ അവിടെ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു
“ അതൊക്കെ അവന്റെ പെമ്പ്രന്നോത്തിയുടെ അടുത്തേ നടക്കത്തൊള്ളൂ.എന്‍റെ അടുത്ത് അമ്മാതിരി പണിയുമായി വന്നാലുണ്ടല്ലോ അരിഞ്ഞെടുക്കും ഞാനെന്ന് അവനു നന്നായിട്ടറിയാം”
ലീലാമ്മയുടെ മറുപടി കേട്ട കോടതി മുറി വല്ലാതെ നിശബ്ദമായി.മാത്തുക്കുട്ടി സാക്ഷിയായ ലീലാമ്മയുടെ മൊഴി കേട്ട് ഇടിവെട്ടേറ്റപോലെസ്തബ്ധനായിനിന്നുപോയി. എന്താണ് എഴുതി എടുക്കേണ്ടത് എന്നറിയാതെ ജഡ്ജി ഏമാനും കണ്‍ഫ്യൂഷനായി. അല്‍പ നിമിഷത്തെ ഇടവേളയ്ക്കു ശേഷം പരിസരബോധം വന്ന മാത്തുക്കുട്ടി ശബ്ദം താഴ്ത്തി ഇച്ചിരെ ഭയത്തോടെ ലീലാമ്മയോട് ചോദിച്ചു
“അല്ലയോ ശ്രീമതി ലീലാമ്മ അവറുകളെ അപ്പോള്‍ നിങ്ങളുടെ അന്യായപട്ടിക വസ്തുവഹകളില്‍ എതിര്‍കഷിയായ ഔസേപ്പച്ചന്‍ അതിക്രമിച്ചുകയറി നാശമുണ്ടാക്കി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കളവാണ് അല്ലെ?”
ആകപ്പാടെ പരിക്ഷീണിതയും വല്ലാത്തൊരു വിഷമവൃത്തത്തിലുമായിപ്പോയ ലീലാമ്മ പറഞ്ഞു
“ അതെ”
അതോടു കൂടി കോടതിയെ വണങ്ങി ഗൌണ്‍ ഒന്നുകൂടെ നെഞ്ചത്തേക്ക് വലിച്ചിട്ടു കൊണ്ട് മാത്തുകുട്ടി വക്കീല്‍ പറഞ്ഞു
“ദാറ്റ്‌സ് ഓള്‍ യുവര്‍ ഓണര്‍”
ലീലാമ്മയോട് എന്തോ ചോദിയ്ക്കാന്‍ വേണ്ടി എഴുന്നേറ്റ ലീലാമ്മയുടെ വക്കീലിനെ തടഞ്ഞുകൊണ്ട് ജഡ്ജി ചോദിച്ചു
“വക്കീല്‍ ഇനി എന്നാ ചോദിയ്ക്കാന്‍ പോകുവാ അന്യായസംഗതികള്‍ ശരിയല്ലഎന്ന് സാക്ഷി അര്‍ത്ഥ ശങ്കയില്ലാതെ പറഞ്ഞത് കേട്ടില്ലേ”
അന്യയാക്കാരിയുടെ വക്കീല്‍ അവിടെ ഇരുന്നു. കേസിന്റെ വിചാരണയും വാദവും പൂര്‍ത്തിയാക്കിഅന്യായം തള്ളിക്കൊണ്ട് കോടതി അപ്പോള്‍ തന്നെ വിധിയും പറഞ്ഞു.
ഇതോടു കൂടി മാത്തുക്കുട്ടി മിടുക്കനായ ഒരു സിവില്‍ വക്കീല്‍ കൂടി ആണെന്ന ഖ്യാതി ആ നാട്ടിലെങ്ങും പരന്നു. മാത്തുക്കുട്ടിക്കുകിട്ടിയ പ്രശസ്തിയില്‍ അസൂയാലുക്കളായ ചില വക്കീലന്മാര്‍ മാത്തുക്കുട്ടിയെ കൊച്ചാക്കാനായി ‘ചക്ക വീണു മുയല്‍ ചത്തു’ വെന്ന കഥയുമായി അക്കാലത്ത് രംഗത്ത് വന്നിരുന്നു.
Join WhatsApp News
Raju Thomas, New York 2018-12-20 09:46:33
Mr. Abraham must be new on the scene. But the story is very good, super. What humor! What imagination?
Joseph Abraham 2018-12-20 12:02:18
Thank u sir for your reading and comments 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക