Image

ബില്ല് പാസായി ഇന്ത്യയില്‍ ഗര്‍ഭപാത്രങ്ങള്‍ ഇനി വില്‍പ്പനയ്ക്കില്ല( ശ്രീകുമാര്‍)

ശ്രീകുമാര്‍ Published on 20 December, 2018
ബില്ല് പാസായി ഇന്ത്യയില്‍ ഗര്‍ഭപാത്രങ്ങള്‍ ഇനി വില്‍പ്പനയ്ക്കില്ല( ശ്രീകുമാര്‍)
പ്രതിഫലം പറ്റിയുള്ള വാടക ഗര്‍ഭധാരണം പൂര്‍ണമായി നിരോധിക്കുന്ന സുപ്രധാനമായ 'വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍-2016' ലോക്‌സഭ പാസാക്കിയിരിക്കുകയാണ്. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പരോപകാരാര്‍ഥമുള്ള പ്രവൃത്തിയെന്നാണ് ബില്ലില്‍ (സറോഗസി റെഗുലേഷന്‍ ബില്‍-2016) വിശേഷിപ്പിക്കുന്നത്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അവകാശ സംരക്ഷണം ഉറപ്പാക്കുന്ന ബില്‍ 2016ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ ഈ സമ്മേളനത്തില്‍ തന്നെ രാജ്യസഭയുടെ പരിഗണനയ്ക്കുവരും. അവിടെയും പായായാല്‍ പിന്നെ നിയമമാകും. അത് ഉറപ്പാണ്താനും. ഇന്ത്യയില്‍ വാടക ഗര്‍ഭപാത്ര വാണിഭം തഴച്ചുവളരുകയും ഈ കച്ചവടം ധാര്‍മികതയുടെ അതിരുകള്‍ ലംഘിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബില്ല് പാസാക്കപ്പെട്ടത്.

ഇതിന്റെ വിശദാംശങ്ങളിലേയ്ക്ക് കടക്കുംമുമ്പ് ഇക്കൊല്ലം ഫെബ്രുവരിയില്‍ ടെക്‌സസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത വായിക്കാം...പത്ത് മാസം ചുമന്ന് പ്രസവിച്ച സ്വന്തം മകന്റെ കുഞ്ഞിനേയും പ്രസവിക്കേണ്ടി വരിക...ലോകത്തിലെ ഒരമ്മയ്ക്കും ഒരു പക്ഷേ ഇത്തരം ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടാവില്ല. പറയുന്നത് ടെക്‌സസ് സ്വദേശിയായ പാറ്റി എന്ന സ്ത്രീയെ കുറിച്ചാണ്. പാറ്റിയുടെ മകന്‍ കോഡിയും ഭാര്യ കെയ്‌ലയ്ക്കും കുട്ടികള്‍ ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് തന്റെ മകന് വേണ്ടി വീണ്ടും ഒരമ്മയാകാന്‍ ഇവര്‍ ഒരുങ്ങിയത്. വീണ്ടും ഗര്‍ഭം ധരിക്കാന്‍ പതിനേഴാം വയസില്‍ ഭാഗികമായി ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നതിനാലാണ് കെയ്‌ലയ്ക്ക് അമ്മയാകാന്‍ കഴിയാതിരുന്നത്. അതിനാല്‍ ഇനിയൊരു കുഞ്ഞിനെ വേണമെങ്കില്‍ വാടക ഗര്‍ഭത്തിലൂടെ മാത്രമേ സാധിക്കൂവെന്നായി ഡോക്ടര്‍. 

ഇതോടെയാണ് തന്റെ മകനും മരുമകള്‍ക്കും വേണ്ടി പാറ്റി എന്ന അമ്മ വീണ്ടും ഗര്‍ഭം ധരിക്കാന്‍ തയ്യാറായത്. എങ്കിലും വാടക ഗര്‍ഭപാത്രത്തിനായി ആദ്യം മറ്റുള്ളവരെയായിരുന്നു കോഡിയും ഭാര്യയും അന്വേഷിച്ചത്. എന്നാല്‍ അമ്മ പാറ്റി തമാശയ്ക്ക് പറഞ്ഞ ഒരു കാര്യമാണ് സ്വന്തം അമ്മയെ തന്നെ തെരഞ്ഞെടുക്കാനുള്ള ഇവരുടെ തിരുമാനത്തിന് കാരണമായത്. ''ഞാന്‍ മതിയോ, നിന്റെ കുഞ്ഞിനെ വേണേല്‍ ഞാന്‍ തന്നെ ചുമക്കാം...'' എന്ന് തമാശയായി പാറ്റി മകനോട് പറഞ്ഞു. തന്റെ കുഞ്ഞിനെ തന്റെ അമ്മയോളം കരുതലോടെ മറ്റാരും നോക്കില്ലെന്ന ചിന്ത അങ്ങനെ കോഡിയുടെ മനസില്‍ കേറി. അതോടെ അമ്മയിലൂടെ തന്നെ മതി തനിക്ക് കുഞ്ഞെന്ന് കോഡി തിരുമാനിച്ചു. ഒടുവില്‍ കെയ്‌ലയുടെ അണ്ഡവും കോഡിയുടെ ബീജവും പാറ്റിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. 

നിരവധി ശ്രമങ്ങള്‍ക്ക് ശേഷം 2017 മെയ്യിലാണ് കോഡിയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന സന്തോഷ വാര്‍ത്ത പാറ്റി പങ്കുവെച്ചത്. പിന്നെ സന്തോഷത്തിന്റെ നാളുകളായിരുന്നു. നിറവയറുമായി നില്‍ക്കുന്ന പാറ്റിയോടൊപ്പം പ്രഗ്‌നന്‍സി ഷൂട്ടും ഇവര്‍ ചെയ്തു. ഒടുവില്‍ 'അവന്‍' തന്റെ മുത്തശ്ശിയിലൂടെ ഈ ലോകത്തേക്ക് എത്തി. എന്നാല്‍ മകന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച പാറ്റിയെ തേടി പല വിമര്‍ശനങ്ങളും എത്തി. അതേസമയം പാറ്റി ചെയ്തത് മാതൃകാപരമായ ഒരു തിരുമാനമാണെന്ന് പറഞ്ഞവരും ഉണ്ട്.
***
ഇന്ത്യയില്‍ ഇന്ന് വാടക പ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ഗുജറാത്തിലെ ആനന്ദ് നഗറാണ്. ഡോ. നയനാ പട്ടേല്‍ നടത്തുന്ന കൈവാല്‍ ക്ലിനിക്കാണ് ആനന്ദില്‍ ഈ രംഗത്തെ മുഖ്യസ്ഥാപനം. ആനന്ദ് നഗറില്‍ നിന്നുള്ള ഒരു വാര്‍ത്ത. വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ നിയമക്കുരുക്കിലായതാണ് വിഷയം. ജര്‍മ്മന്‍ ദമ്പതിള്‍ക്കുവേണ്ടി ഗുജറാത്തി സ്ത്രീ 2008 ജനുവരിയില്‍ പ്രസവിച്ച് നല്‍കിയ ഇരട്ട ആണ്‍ കുട്ടികളാണ്  പൗരത്വ പ്രശ്‌നങ്ങളില്‍ അകപ്പെട്ടത്. ഈ കുഞ്ഞുങ്ങള്‍ തങ്ങളുടേതല്ലെന്ന് ജര്‍മ്മനിയും ഇന്ത്യയും ഒരേപോലെ വ്യക്തമാക്കി. ജര്‍മ്മനിക്കാരായ ജാന്‍ ബാലസും ഭാര്യ സൂസന്‍ അന്ന ലൊഹ്ലാഡുമാണ് ഗുജറാത്തി സ്ത്രീയുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്തത്. ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ വിദേശ പൗരന്മാരായിട്ടാണ് ആനന്ദ് മുനിസിപ്പാലിറ്റി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇപ്രകാരമുണ്ടാകുന്ന കുഞ്ഞുങ്ങളെ സ്വന്തം പൗരന്മാരായി അംഗീകരിക്കാന്‍ ജര്‍മ്മനിയിലെ നിയമം അനുവദിക്കുന്നില്ല. ഇക്കാര്യം മനസിലാക്കിയതോടെ ജാന്‍ ബാലസ് ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടിയെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 

പ്രസവിച്ചത് ഇന്ത്യക്കാരിയായതിനാല്‍ കുഞ്ഞുങ്ങളെ ഇന്ത്യക്കാരായി പരിഗണിച്ച് പാസ്‌പോര്‍ട്ട് അനുവദിക്കാമെന്ന് ഹൈക്കോടതി വിധിച്ചു. ഈ വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 1955ലെ പൗരത്വ നിയമപ്രകാരം വാടകമാതാവിനെ മാതാപിതാക്കളില്‍ ഒരാളായി അംഗീകരിക്കുമോ എന്നതായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ചോദ്യം. ഇത്തരത്തിലുള്ള ഗര്‍ഭധാരണം സംബന്ധിച്ച് പാര്‍ലമെന്റ് ഇതേവരെ നിയമം പാസാക്കിയിട്ടില്ലാത്തതിനാല്‍ ദമ്പദികളും വാടകമാതാവും തമ്മിലുള്ള കറാറിന് സാധുതയുണ്ടോയെന്നും കേന്ദ്രസര്‍ക്കാര്‍ അന്ന് ചോദിച്ചു. ഒടുവില്‍ രണ്ടു വര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷം 2010ല്‍ നിക്കോളാസ്, ലെനാര്‍ഡ് എന്നീ 'മക്കളു'മായി ജര്‍മന്‍ ദമ്പതികള്‍ നാട്ടിലേയ്ക്ക് പോയി.
***
വാടക പ്രസവത്തെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലവില്‍ ഇന്ത്യയിലില്ല. അത് നിയമവിരുദ്ധമോ വിധേയമോ അല്ല. ഇരു കക്ഷികള്‍ തമ്മിലുള്ള ഒരു സ്വകാര്യ ഉടമ്പടി മാത്രമാണിത്. ഈ കരാറിന്റെ ലംഘനത്തിന്മേല്‍ നിയമനടപടി സ്വീകരിക്കാന്‍ പലപ്പോഴും സാധിക്കുകയുമില്ല. വാടക ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. സറഗസി അഥവാ വാടക ഗര്‍ഭം ധരിക്കുന്ന സ്ത്രീയെ സറഗേറ്റ് മദര്‍ അഥവാ 'മാറ്റമ്മ' എന്ന് വിളിക്കുന്നു. ഇപ്പോള്‍ ലോക്‌സഭ പാസാക്കിയ 'വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016' അഥവാ സറോഗസി റെഗുലേഷന്‍ ബില്‍-2016 ലെ വ്യവസ്ഥകള്‍ ഇങ്ങനെ...

*നിയമപരമായി അഞ്ചോ അതിലധികമോ വര്‍ഷം വിവാഹിതരായി കഴിയുന്ന കുട്ടിയില്ലാത്ത ദമ്പതിമാര്‍ക്ക് അടുത്ത ബന്ധുവില്‍നിന്ന് വാടക ഗര്‍ഭപാത്രം സ്വീകരിക്കാം. ഇങ്ങനെ ജനിക്കുന്ന കുട്ടിയെ നിയമപരമായ കുഞ്ഞായി പരിഗണിക്കും. *വിവാഹിതരല്ലാത്ത പങ്കാളികള്‍ (ലിവ് ഇന്‍), പങ്കാളി മരിച്ചവര്‍, വിവാഹമോചിതര്‍, ഏകരക്ഷിതാക്കള്‍, സ്വവര്‍ഗ പങ്കാളികള്‍ എന്നിവര്‍ക്ക് വാടകയ്ക്ക് ഗര്‍ഭപാത്രം സ്വീകരിക്കാന്‍ അനുമതിയില്ല. *ഗര്‍ഭപാത്രത്തിനായി അടുത്ത ബന്ധുവിനെ മാത്രമേ ആശ്രയിക്കാവൂ. അടുത്ത ബന്ധുക്കള്‍ ഇല്ലാത്തവര്‍ക്കും ബന്ധുക്കള്‍ തയ്യാറാകാത്തവര്‍ക്കും സ്വീകരിക്കാനാവില്ല. ബന്ധുക്കളെ ആശ്രയിക്കിക്കുന്നതുവഴി ഈ രംഗത്തുള്ള ചൂഷണം ഒഴിവാക്കാനാകും. *ഗര്‍ഭപാത്രം വാടകയ്ക്കുനല്‍കുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം. *ഒരാള്‍ക്ക് ഒരുതവണയേ ഗര്‍ഭപാത്രം നല്‍കാനാവൂ. *പ്രവാസി ഇന്ത്യന്‍ വനിതകള്‍ക്കും വിദേശികള്‍ക്കും അനുമതിയില്ല. എന്നാല്‍ ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി ദമ്പതിമാര്‍ക്ക് ഇന്ത്യയില്‍നിന്ന് വാടക ഗര്‍ഭപാത്രം സ്വീകരിക്കാം *ദേശീയ-സംസ്ഥാന തലങ്ങളില്‍ വാടക ഗര്‍ഭപാത്ര ബോര്‍ഡ് രൂപവത്കരിക്കണം. *നല്‍കുന്നയാള്‍ക്കും സ്വീകരിക്കുന്ന ദമ്പതിമാര്‍ക്കും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം *ദുരുപയോഗംചെയ്താല്‍ കനത്ത ശിക്ഷ.

തിരക്കഥാകൃത്ത് ലോഹിതദാസിന്റെ വ്യത്യസ്ഥമായ ഒരു പ്രമേയവുമായി 1989ല്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത 'ദശരഥം' എന്ന ചിത്രം വാടക ഗര്‍ഭപാത്രത്തം അധികരിച്ചുള്ളതാണ്. വിവാഹ വിരോധിയും എന്നാല്‍ കുട്ടികളെ സ്വജീവനേക്കാള്‍ മോഹിക്കുകയും ചെയ്യുന്ന നായകന്‍ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം വിലയ്‌ക്കെടുത്ത് ഒരു കുഞ്ഞിനെ സ്വന്തമാക്കിയ കഥയാണ് ദശരഥം എന്ന സിനിമയില്‍ വളരെ വൈകാരികമായി പറയുന്നത്. എന്നാല്‍ ഇന്ന് ഈ യാഥാര്‍ത്ഥ്യം നമുക്ക് തൊട്ടടുത്തുണ്ട്. ഗര്‍ഭം പോലും ഔട്ട് സോഴ്‌സ് ചെയ്യുന്ന പുതിയ രീതി. പണം കൊടുത്താല്‍ അമ്മയെയും അച്ഛനെയും വരെ കിട്ടാനുണ്ടെന്ന വാചകത്തിന്റെ യഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള പരിവര്‍ത്തനം. പണം കൊടുത്താല്‍ ഗര്‍ഭപാത്രവും കിട്ടാനുണ്ടെന്ന അവസ്ഥ. ഇത് ശരിയോ തെറ്റോ എന്ന കാര്യം മറ്റുശരിതെറ്റുകളെപ്പോലെതന്നെ ആപേക്ഷികമാണ്. ഇന്ത്യയില്‍ ഇതിപ്പോള്‍ തഴച്ചുവളരുന്ന ഒരു ബിസിനസായി മാറി. സ്വദേശികളെന്നപോലെ വിദേശികളും കൂട്ടമായി ഇന്ത്യയിലെ ഗര്‍ഭപാത്രങ്ങള്‍ തേടിയെത്തുന്ന അവസ്ഥയുണ്ടായി.

ഇത്തരത്തില്‍ കുട്ടികളെ സ്വന്തമാക്കിയ വിദേശികളില്‍ പലരും കുട്ടികളെ ഇന്ത്യയില്‍ നിന്നും കൊണ്ടു പോകുന്നകാര്യത്തിലും മറ്റും ഒട്ടേറെ നിയമതടസങ്ങള്‍ നേരിട്ടിരുന്നു. മേല്‍ സൂചിപ്പിച്ച ജര്‍മന്‍ ദമ്പതികളുടെ കാര്യം ഉദാഹരണം. എന്നാല്‍ നിയമ തടസങ്ങളൊന്നും വകവയ്ക്കാതെ ആളുകള്‍ ഈ രീതിയെ കൂടുതലായി ആശ്രയിക്കുകയാണ്. സ്വവര്‍ഗ ദമ്പതികളും ഇത്തരത്തില്‍ വാടക ഗര്‍ഭപാത്രം വഴി കുട്ടികളെ സ്വന്തമാക്കിയ കഥകള്‍ ലോകത്ത് ഒരുപാട് പ്രചരിച്ചിട്ടുണ്ട്. കുട്ടികളില്ലാത്തവര്‍ പലപ്പോഴും ഈ രീതിയിലെ വൈകാരികമായാണ് സമീപിക്കുന്നത്. അങ്ങനെയാകുമ്പോള്‍ കാശിന്റെ കണക്ക് നോക്കുന്നവര്‍ ചുരുക്കം. 

എന്നാല്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ പലപ്പോഴും ഇതിലെ സാമ്പത്തിക ലാഭം തന്നെയാണ് ലക്ഷ്യമിടുന്നത്. പലപ്പോഴും കുട്ടികളില്ലാത്തതിന്റെ ദുഖവുമായെത്തുന്ന ദമ്പതികള്‍ക്ക് മുമ്പില്‍ വാടക ഗര്‍ഭപാത്രമെന്ന ആശയം അവതരിപ്പിക്കുന്ന ക്ലിനിക്കുകളാണുള്ളത്. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഇവരും ഈവഴി കൊയ്യുന്ന പണത്തിന് കയ്യും കണക്കുമില്ല. പതിനായിരത്തില്‍ തുടങ്ങുന്ന ഗര്‍ഭപാത്രക്കൂലി ചിലപ്പോള്‍ ലക്ഷങ്ങള്‍ വരെ ചെന്നെത്തും. ഇത് സ്ഥിരം തൊഴിലാക്കിയ ഒട്ടേറെ സ്ത്രീകള്‍ മുംബൈ പോലുള്ള നഗരങ്ങളിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍ വഴിയാണ് വാടക സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത്. ആവശ്യക്കാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ചശേഷം അവ വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അണ്ഡവും ഈ വാടക സ്ത്രീയില്‍ നിന്നും സ്വീകരിക്കുന്നു. കുഞ്ഞിനെ പ്രസവിച്ച് നല്‍കിയശേഷമാണ് പലേടത്തും വാടക കൊടുത്ത് ബാധ്യത തീര്‍ക്കുന്നത്. നിയമവശങ്ങളും ധാര്‍മ്മികതയും എല്ലാം മാറ്റിവച്ച് നോക്കുമ്പോള്‍ ജീവിതത്തിന് അര്‍ത്ഥമില്ലെന്ന് തോന്നുന്ന രണ്ടുപേരുടെ ജീവിതത്തില്‍ വെളിച്ചം വിതറാന്‍ സഹായിക്കുന്ന ഒരു പ്രവൃത്തിയായി ഇതിനെ കാണാന്‍ കഴിയും. പക്ഷേ തിരക്കുകള്‍ക്കിയില്‍ ഗര്‍ഭംധരിക്കാനും പത്തുമാസമെത്തുമ്പോള്‍ നൊന്ത് പ്രസവിക്കാനും വയ്യെന്ന് പറയുന്ന ഒരു തലമുറയാണ് വരാനിരിക്കുന്നതെങ്കില്‍ ഇതൊരു വന്‍ ബിസിനസ് ശൃംഗലയായി വളരുമെന്നതില്‍ സംശയമില്ല. 

വാടക ഗര്‍ഭപാത്ര വ്യവസായം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കാന്‍ ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് വിസ നല്‍ക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ വഴി നേരത്തെ ബുക്ക് ചെയ്തവരുടെ വിസ റദ്ദാക്കുവാനും 2012 ജൂലൈ മാസത്തില്‍ ഇറങ്ങിയ സര്‍ക്കുലര്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ വഴി ഗര്‍ഭപാത്രം വാടകയ്ക്ക് എടുത്ത് ജനിക്കുന്ന നവജാതശിശുകളെ കൊണ്ടുപോകുന്നതിനും അനുമതി നിഷേധിച്ചു. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതിന് കേസ് ഫയല്‍ ചെയ്ത് ഉത്തരവ് ലഭിച്ചതിനു ശേഷം മാത്രമേ സാധിക്കൂ. ഗര്‍ഭപാത്രം വാണിജ്യം നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന സുപ്രീ കോടതി വിധി നേരത്തെ വന്നിരുന്നു.

ബില്ല് പാസായി ഇന്ത്യയില്‍ ഗര്‍ഭപാത്രങ്ങള്‍ ഇനി വില്‍പ്പനയ്ക്കില്ല( ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക