Image

മതിലുകള്‍( കവിത: രാജന്‍ കിണറ്റിങ്കര )

രാജന്‍ കിണറ്റിങ്കര Published on 20 December, 2018
മതിലുകള്‍( കവിത: രാജന്‍ കിണറ്റിങ്കര )
ഓരോ മനസ്സിലും

ഓരോ വയസ്സിലും

ഓരോ മതിലുകളുണ്ട് ..

 

ശൈശവത്തില്‍

മുറ്റത്തിറങ്ങരുത്

തൊടിയില്‍ പോകരുത്

ചെളിയില്‍ ചവിട്ടരുത്

ആജ്ഞകളുടെ

ശാസനാ മതില്‍ …

 

ബാല്യത്തില്‍

മരത്തില്‍ കയറരുത്

കളിച്ചു നടക്കരുത്

ഗൃഹപാഠം ചെയ്യണം

സ്‌കൂളില്‍ പോകണം

നേര്‍വഴികളുടെ 

ഉപദേശ മതില്‍ …

 

കൗമാരത്തില്‍

നിഷേധിക്കപ്പെട്ട

പ്രണയത്തിന്റെ

കണ്ണീരില്‍ കുതിര്‍ന്ന

സദാചാര മതില്‍ …

 

യൗവനത്തില്‍

കടമകളും ബന്ധങ്ങളും

ബന്ധനങ്ങളും 

തീര്‍ക്കുന്ന

അതിജീവനത്തിന്റെ 

വന്‍മതില്‍ …

 

വാര്‍ധക്യത്തിന്റെ 

എരിഞ്ഞു തീര്‍ന്ന 

ഏകാന്ത സന്ധ്യയില്‍

അകന്നുപോകുന്ന

രക്ത ബന്ധങ്ങളുടെ

സ്വാര്‍ത്ഥ മതില്‍ …

 

ഒടുവില്‍

തെക്കേ തൊടിയിലെ

ആറടി മണ്ണില്‍

എല്ലാ മതിലുകളെയും

ഭേദിച്ച്

ഒഴുകുന്ന കണ്ണീര്‍മഴയില്‍

മോചനത്തിന്റെ

ശാന്തി മതില്‍ …

************


മതിലുകള്‍( കവിത: രാജന്‍ കിണറ്റിങ്കര )
Join WhatsApp News
വിദ്യാധരൻ 2018-12-20 23:24:38
എന്റെ ചുറ്റും 
എന്റെ വീട്ടുകാർ 
നാട്ടുകാർ 
കൂട്ടുകാർ 
ചേർന്ന തീർത്ത  
മതിലു പൊളിക്കാൻ  
ഞാൻ പെട്ടപാട് 
എനിക്കെ അറിയൂ 
ഒരുപാട് 
സഹിക്കേണ്ടി വന്നു
ഒന്ന് നേരെ 
നിവർന്നു നിൽക്കാൻ 
നാക്കെടുത്ത് സംസാരിക്കാൻ 
വളരെ നാളെടുത്തു .
നൂറു ശരി ചെയ്താലും 
ഒരു തെറ്റിന് വേണ്ടി 
പലപ്പോഴും ശിക്ഷ  
ഇന്നും അതിന്റെ പാട് 
തുടയിൽ കിടപ്പുണ്ട്
പക്ഷെ എന്റെ മകൻ 
വളർന്നിരിക്കുന്നു 
അവൻ ഞാൻ പോളികാത്ത 
മതില് പൊളിച്ചു തുടങ്ങിയിരിയ്ക്കുന്നു 
ഇന്ന് ഞാൻ മതിലിന് പുറത്തും 
അവൻ അകത്തും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക