Image

ഇനിയും കിളിപോകാത്ത ആങ്ങളമാര്‍ വായിച്ചറിയാന്‍ (മുരളി തുമ്മാരുകുടി)

Published on 20 December, 2018
ഇനിയും കിളിപോകാത്ത ആങ്ങളമാര്‍ വായിച്ചറിയാന്‍ (മുരളി തുമ്മാരുകുടി)
ഇന്നലെ ജറുസലേമില്‍ നിന്നും തിരിച്ചുള്ള യാത്രയിലായിരുന്നു. രാത്രി പ്രന്ത്രണ്ട് മണിക്കാണ് ജനീവയില്‍ എത്തിയത്. അതിനിടക്ക് കിളിനക്കോട് എന്ന് ടൈംലൈനില്‍ പല പ്രാവശ്യം കണ്ടെങ്കിലും വിശദമായി വായിക്കാന്‍ സമയം കിട്ടിയില്ല. ഇവിടെ എത്തിയപ്പോഴേക്കും "ചേട്ടന്‍ ഈ വിഷയത്തില്‍ എഴുതുന്നില്ലേ" എന്ന് ചോദിച്ചു പലരും എത്തി.

ഒരു കാര്യം ആദ്യമേ പറയാം. കിളിനക്കോടിലെ സദാചാര പൊന്നാങ്ങളമാരോട് ഇനി ഞാന്‍ ഒന്നും പറയാന്‍ പോകുന്നില്ല. ബഹുഭൂരിപക്ഷം മലയാളികളും കേട്ടിട്ടില്ലാത്ത ഒരു ഗ്രാമത്തിലെ ‘സംസ്കാരം’ അവര്‍ ലോകമലയാളികളുടെ സമക്ഷം എത്തിച്ചല്ലോ. അതിന് പകരമായി കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറായി അവര്‍ക്ക് സമൂഹമാധ്യമത്തിലൂടെ മൊത്തമായി ഉപദേശങ്ങളും ട്രോളുകളും കിട്ടിക്കൊണ്ടിരിക്കുന്നു. പോലീസ് കേസ് പോലും ഉണ്ടെന്നാണ് അറിഞ്ഞത്. ഇത്തരം പോലീസ് കേസുകള്‍ ഒന്നും കോടതിയില്‍ എത്തി ശിക്ഷ കിട്ടി തീരാറില്ല. മറിച്ച് ആവേശം തീരുന്‌പോള്‍ സ്‌റ്റേഷനിലോ പുറത്തോ ‘ലേലു അല്ലു’ പറഞ്ഞു കോംപ്രമൈസ് ആക്കാറാണ് പതിവ്. അതുവരെ "കിളി നഹി, കിളി നഹി" എന്നും പറഞ്ഞ് അവരിപ്പോള്‍ ഏതെങ്കിലും കണ്ടം നോക്കി നടക്കുകയായിരിക്കും. ഞാന്‍ ഇനി അവരുടെ പുറകെ ഉപദേശിക്കാനോ കളിയാക്കാനോ പോകുന്നില്ല.

എന്നാല്‍ കിളിനക്കോടിന് പുറത്തുള്ള മലയാളികളിലും ‘നാടിന്റെ സംസ്കാരവും’ മറ്റുള്ളവരുടെ ‘സദാചാരവും’ കാത്തുസൂക്ഷിക്കേണ്ടത് അവരുടെ കടമയാണെന്ന് കരുതുന്ന ആങ്ങളമാര്‍ ഉണ്ട്. അല്പം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും ഇവര്‍ എല്ലാ ജാതി മതങ്ങളിലും, ഗ്രാമത്തിലും, നഗരത്തിലും, നിരത്തിലും, ഓണ്‍ലൈനിലും, വീടിനകത്തും, പുറത്തും, കേരളത്തിലും പുറത്തും ഉണ്ട്. ഈ സംഭവത്തില്‍ തന്നെ സെല്‍ഫി എടുക്കാന്‍ പോയത് തടഞ്ഞത് മോശമായി എന്ന് കരുതുന്നവരില്‍ പോലും "എന്തിനാണ് അവര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് പ്രകോപിപ്പിക്കാന്‍ പോയത്" എന്ന് ചിന്തിക്കുന്നവരുണ്ട്. ഇവരില്‍ ഇനിയും കിളിപോകാത്തവര്‍ ഉണ്ടെങ്കില്‍ അവരോട് ഒരു സത്യം പറയാം.

കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ ഏറെ മുന്നിലേക്ക് സഞ്ചരിച്ചു കഴിഞ്ഞു. ചുറ്റും ലഭ്യമായ വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അറിവിന്റെയും അവസരങ്ങള്‍ അവര്‍ ശരിക്കും ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിക്കുന്നു. ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ അവര്‍ അറിയുന്നുണ്ട്, ഫേസ്ബുക്കില്‍ വന്ന് ഓരോ ദിവസവും പ്രതികരിക്കുന്നില്ലെങ്കിലും സ്വന്തമായ അഭിപ്രായങ്ങളും വ്യക്തിത്വവും അവര്‍ ഉണ്ടാക്കിക്കഴിഞ്ഞു.

പക്ഷെ, കേരളത്തിലെ ഏറെ ആണ്‍കുട്ടികള്‍ ഇപ്പോഴും നേരം വെളുത്തതറിയാതെ കിടന്നുറങ്ങുകയാണ്. കാര്യം സ്മാര്‍ട്ട് ഫോണും, ഫേസ്ബുക്കും, സമൂഹമാധ്യമത്തില്‍ സ്ഥിരം പ്രതികരണവും ഉണ്ടെങ്കിലും മനസ്സിപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലാണ്. ചുറ്റുമുള്ള പെണ്‍കുട്ടികളെ, അത് തെരുവിലായാലും സമൂഹമാധ്യമത്തില്‍ ആയാലും, സ്വന്തം പഴഞ്ചന്‍ സദാചാരബോധത്തിനനുസരിച്ചു നടത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്ന് ഇപ്പോഴും അവര്‍ തെറ്റിദ്ധരിക്കുന്നു. ഈ സദാചാരവും സംസ്കാരവും ഒന്നും അവരുടെ പ്രവര്‍ത്തികള്‍ക്ക് ബാധകമല്ല എന്നത് വേറെ കാര്യം. പെണ്‍കുട്ടികളെ തെറിപറഞ്ഞും ഭീഷണിപ്പെടുത്തിയും ‘ശരിയാക്കാം’ എന്നീ ആങ്ങളമാര്‍ കരുതുന്നു.

ചേട്ടന്മാരെ, ആ സമയം സത്യത്തില്‍ കഴിഞ്ഞു. ഇംഗ്‌ളീഷില്‍ മിലേനിയല്‍സ് എന്നൊരു വാക്കുണ്ട്. സമയം കിട്ടുന്‌പോള്‍ ഒന്ന് വായിച്ചു നോക്കണം. കമന്റടിച്ചും, ഒളിഞ്ഞു നോക്കിയും, പൊതുസ്ഥലങ്ങളിലും കോളേജിലും തട്ടിയും മുട്ടിയും തെറിപറഞ്ഞും പഴയ തലമുറയോട് നടത്തിയ അഭ്യാസമൊന്നും പുതിയ പിള്ളേരുടെ അടുത്ത് നടക്കില്ല. ഫേസ്ബുക്ക് ലൈവിലും
#metoo  വിലും വന്ന് അവര്‍ നിങ്ങളെ നാറ്റിക്കും. യു പിയിലെ ഗ്രാമങ്ങളില്‍ നിന്ന് പോലും കമന്റടിക്കാന്‍ വരുന്ന പയ്യന്മാരെ ചെരുപ്പൂരി അടിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വരുന്നത് നിങ്ങള്‍ കാണുന്നില്ലേ. പിന്നെ ഒരു കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ. കാര്യം നിങ്ങളെ പോലെയുള്ള സദാചാര ആങ്ങളമാര്‍ ചുറ്റും ധാരാളം ഉണ്ടെങ്കിലും പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ഒറ്റക്കാണ്. ആദ്യം അടിയും പിന്നെ ട്രോളും ഉപദേശവും ഒക്കെയായി വരുന്നവര്‍ ഇവര്‍ തന്നെയായിരിക്കും. പണ്ടൊക്കെ മതനേതാക്കളും രാഷ്ട്രീയക്കാരും പിന്തുണക്കാന്‍ ഉണ്ടാകുമായിരുന്നു. ഇനി അതും ഉണ്ടാവില്ല. കേരളത്തില്‍ മതങ്ങള്‍ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നതും രാഷ്ട്രീയ സമവാക്യങ്ങള്‍ തെറ്റാതിരിക്കുന്നതും സ്ത്രീകള്‍ സംഘടിതമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണെന്ന് മറ്റാരേക്കാളും നന്നായി അവര്‍ക്കറിയാം. അതുകൊണ്ട് സ്ത്രീകളെ സംഘടിപ്പിക്കാനോ പ്രതികരിക്കാനോ പ്രേരിപ്പിക്കുന്ന കാര്യങ്ങളില്‍ അവര്‍ തന്ത്രപൂര്‍വ്വമായ മൗനം പാലിക്കും. അഥവാ അവര്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അതിന് മുന്നില്‍ കയറി നിന്ന് വിഷയം ഏറ്റെടുക്കും. നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കേണ്ടി വരും.

അതുകൊണ്ട് പാഠങ്ങള്‍ സ്വയം പഠിക്കൂ. പെണ്‍കുട്ടികളെ സദാചാരം പഠിപ്പിക്കാന്‍ വന്നാല്‍ അവര്‍ “പോയി പണിനോക്കാന്‍" പറയും, ചിലപ്പോള്‍ അതിലപ്പുറവും ചെയ്തുവെന്ന് വരാം. നിങ്ങള്‍ ഇങ്ങനെ പൊതുവഴിയില്‍ കിളിനക്കോടിലെ ആങ്ങളമാരെപ്പോലെ അപഹാസ്യരാവുന്നത് തമ്പുരാന് കുറച്ചില്‍ ആകും. അതുകൊണ്ട് കാലം മാറി, നേരം വെളുത്തു എന്നൊക്കെ മനസ്സിലാക്കി നിങ്ങള്‍ നിങ്ങളുടെ കാര്യവും നോക്കി അടങ്ങി ഒതുങ്ങി കഴിയുന്നതാണ് ബുദ്ധി. പെണ്‍കുട്ടികളുടെ കാര്യം അവര്‍ നോക്കിക്കോളും.
ഇനിയും കിളിപോകാത്ത ആങ്ങളമാര്‍ വായിച്ചറിയാന്‍ (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക