Image

മതിലുകള്‍ക്കപ്പുറത്ത് (എഴുതാപ്പുറങ്ങള്‍-33: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 21 December, 2018
മതിലുകള്‍ക്കപ്പുറത്ത് (എഴുതാപ്പുറങ്ങള്‍-33: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
സ്ത്രീയെ അകത്തളങ്ങളില്‍, ചുമരുകള്‍ക്കുള്ളില്‍ ഒരു കാലഘട്ടത്തില്‍ പുരുഷമേധാവിത്വം തളച്ചിട്ടിരുന്നു. എന്നാല്‍ ആ സ്ത്രീ തന്നെ ചുമരുകള്‍ ഭേദിച്ച് പുറത്തിറങ്ങി സ്ത്രീ സമത്വത്തിനുവേണ്ടി സ്വയം വന്‍മതിലായി രൂപം പ്രാപിച്ചിരിയ്ക്കുന്നു. 'വനിത മതില്‍' ശക്തമായ തലക്കെട്ട്, ആര്‍ക്കും തകര്‍ക്കാനാകാത്ത സ്ത്രീയുടെ കരുത്തായ കൂട്ടായ്മ.

ശബരിമല സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കികൊണ്ടുള്ള സുപ്രിം കോടതിയുടെ അനുമതിയെത്തുടര്‍ന്നു കേരളത്തില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന രാഷ്ട്രീയ, മത, സംഘടനാ വിവാദങ്ങളുടെ സാഹചര്യത്തില്‍ നവോഥാന മൂല്യങ്ങളെ ഉയര്‍ത്തിപിടിയ്ക്കുക , സ്ത്രീകള്‍ക്ക് അവരുടെ തുല്യത ഉറപ്പുവരുത്തുക, ഐക്യദാര്‍ഡ്യം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിയ്ക്കുന്ന വനിത മതില്‍ വിജയിപ്പിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംസ്വയംഭരണ സ്ഥാപനങ്ങളും ചൂടേറിയ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നു.. അതെ സമയം നവോഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിയ്‌ക്കേണ്ടുന്നത് ഒരു പാര്‍ട്ടിയുടെ മാത്രം ഉത്തരവാദിത്വമല്ല മൊത്തം കേരളം ജനതയുടെ, അതും ഇന്നലെ ഉണ്ടായ, ഉത്തരവാദിത്വമല്ല. അതിനാല്‍ നവോത്ഥാന മൂല്യങ്ങളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിനിയോഗിച്ചുകൊണ്ടും ഭിന്നതകളിലൂടെയുമല്ല അതിന്റെ കാത്തുകൊള്ളേണ്ടതെന്ന എതിര്‍പാര്‍ട്ടികളുടെ വാദങ്ങളും, വിവാദങ്ങളുമായി കേരളം മുന്നോട്ടു പോകുന്നു.

വനിതാ മതിലിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഇതിനെ അനുകൂലിയ്ക്കുന്നവര്‍, അല്ലെങ്കില്‍ പ്രതികൂലിയ്ക്കുന്നവര്‍ എത്രപേരുണ്ട്? "നവോഥാന മൂല്യങ്ങള്‍ സംരക്ഷിയ്ക്കണം സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനോപ്പം" എന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചുകൊണ്ടു വനിതാ മതിലിനെ പിന്തുണച്ച പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യര്‍ "സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യമെന്ന ധാര്‍ണയിലാണ് വനിതാ മതില്‍ എന്ന പരിപാടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷെ അതിനു ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേരുന്നത് ഞാന്‍ അറിഞിരുന്നില്ല അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്" എന്ന് അതെ മാധ്യമങ്ങളോട് പറഞ്ഞു നിഷ്പ്രയാസം പിന്‍തുണ പിന്‍വലിച്ച വാര്‍ത്ത വായിച്ചപ്പോള്‍ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതും ഇത്രയും മാധ്യമങ്ങളുമായി അടുത്ത ബന്ധവും ജന പിന്തുണയും ഉള്ളതുമായ മഞ്ജു വാര്യര്‍ എന്ന വനിതയ്ക്ക് വനിതാ മതിലെന്ന ഈ കൂട്ടാഴ്മയെക്കുറിച്ചുള്ള ധാരണ ഇതാണെങ്കില്‍ ഇതിനെ അനുകൂലിയ്ക്കുന്നതും പ്രതികൂലിയ്ക്കുന്നവരുമായ സാധാരണ കിടയിലുള്ള സ്ത്രീകള്‍ 'വനിത മതിലി'ന്റെ ഉദ്ദേശ ശുദ്ധിയെ കുറിച്ച യഥാര്‍ത്ഥത്തില്‍ വിലയിരുത്തിയവര്‍ തന്നെയാണോ എന്ന സംശയം തോന്നിപ്പോയി. മാത്രമല്ല സ്ത്രീയെ അകത്തളങ്ങളിലേയ്ക്ക് മാത്രം വലിച്ചിഴയ്ക്കാന്‍ താല്‍പര്യപ്പെടുന്ന ഒരു വിഭാഗം പുരുഷ മേധാവിത്വത്തിന്റെ എത്തിനോട്ടം തടുക്കാനുള്ള ഒരു ശക്തമായ മതില്‍ എന്ന തെറ്റിദ്ധാരണയും, ഈ സംരംഭത്തെ അനുകൂലിച്ചും പ്രതികൂലിച്ചും 'നാളെയും നമുക്ക് കാണേണ്ടവരാണല്ലോ' എന്ന പട്ടികയില്‍ ഉള്‍പ്പെടുന്ന ചിലരെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയോ ഉള്ളതാണ് ഇവിടെ വനിതാ മതിലിനു ലഭിയ്ക്കുന്ന പ്രതികരണം എന്ന ഒരു സ്ഥിതിവിശേഷവും ശ്രദ്ധിയ്ക്കപ്പെട്ടു. വനിതകള്‍ തന്നെ വനിതകളുടെ ശക്തി തെളിയിക്കാന്‍ ഉണ്ടാക്കിയ ഒരു കുട്ടായ്മയാണിത് എങ്കില്‍ ഇത്തരത്തിലുള്ള ഒരു പ്രതികരണം ഉണ്ടാകുമായിരുന്നോ?
ഈ സംരംഭത്തില്‍ പങ്കെടുക്കുന്നവര്‍ ആരുടേയും നിര്ബന്ധപ്രകാരമല്ല എന്നത് കോടതി മുമ്പാകെ വെളിപ്പെടുത്തി എങ്കിലും "കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദൂരം ഓരോ നിയോജകമണ്ഡലം കമ്മിറ്റികള്‍ക്ക് വിഭജിച്ച് നല്‍കിയിട്ടുണ്ട്. അനുവദിയ്ക്കപ്പെട്ട സ്ഥലത്ത് മതില്‍ തീര്‍ക്കാനാവശ്യമായ സ്ത്രീകളെ എല്‍.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികള്‍ എത്തിയ്ക്കണം. പാര്‍ട്ടിയ്ക്ക് കീഴിലെ വര്‍ഗ ബഹുജന സംഘനകളിലെ മുഴുവന്‍ സ്ത്രീകളെയും അണിനിരത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിനു പുറമെ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളെയും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സര്‍വ്വീസ് സംഘടനകളിലെ സ്ത്രീകളെയും വനിത മതിലില്‍ പങ്കെടുപ്പിയ്ക്കും" എന്ന വാര്‍ത്ത വായിച്ചപ്പോള്‍ അതിലെവിടെയോ ഒരു നിര്ബന്ധത്തിന്റെ സ്വരം ഉള്ളതായി തോന്നിയിരുന്നുവോ? "കുടുംബ സ്ത്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിനിറങ്ങിയാല്‍ നിയമപരമായി നേരിടുമെന്നും. സ്കൂള്‍ കുട്ടികളെ വനിതാ മതിലിനു അണിനിരത്താന്‍ ശ്രമിയ്ക്കുന്നത് ബാലാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സ്കൂള്‍ മാനേജുമെന്റുകളുടെ വാഹനങ്ങള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടിയ്ക്കു മുതിരുമെന്നും" കെ.പി.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതുമായ വാര്‍ത്ത വായിച്ചപ്പോള്‍ നവോഥാന മൂല്യങ്ങളുടെ പേരുപറഞ്ഞു പരസ്പരം വടംവലിയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഞെങ്ങിഞെരുങ്ങുന്ന രാഷ്ട്രീയ താല്പര്യങ്ങളാകുന്ന ചരടുവലികള്‍ക്കനുസരിച്ച് ആടുന്ന നൂല്‍ പാവകളായല്ലോ കേരളം ജനത എന്ന് തോന്നിപ്പോയി .
പ്രളയ ദുരിതാശ്വത്തിനും അറ്റകുറ്റപണികള്‍ക്കും കേരളത്തില്‍ പണം തികയുന്നില്ല എന്ന ഒരു വാര്‍ത്ത വാര്‍ത്ത രണ്ടു ദിവസം മുന്‍പ് പത്രത്തില്‍ വായിയ്ക്കുകയുണ്ടായി. ഭരണപക്ഷ പ്രതിപക്ഷങ്ങള്‍ സമരങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ചെലവഴിയ്ക്കുന്ന പണം, ഹര്‍ത്താലുകളിലൂടെയും സമരങ്ങളിലൂടെയും വ്യാപാര വ്യവസായങ്ങള്‍ സ്തംഭിപ്പിയ്ക്കുന്നതിലൂടെ വരുന്ന സാമ്പത്തിക നഷ്ടങ്ങള്‍ അത് സംസ്ഥാന സര്‍ക്കാരിന്റെയോ, പ്രതിപക്ഷത്തിന്റെയോ, ഇതുമല്ലാത്ത മറ്റൊരു പാര്‍ട്ടിയുടേയോ ആരുടേയുമാകട്ടെ കേരള ജനതയുടെ നഷ്ടത്തിന്റെ ആകെ തുകയല്ലേ? സാധാരണ ജനങ്ങളുടെ ഈ സംശയത്തിന് ഉത്തരമെന്നോണം വനിതാ മതിലിനുവേണ്ടി ചെലവിടുന്ന പണം സര്‍ക്കാരിന്റേതാണെന്നും, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നീക്കിവെച്ച 50 കോടിയില്‍ നിന്നാണെന്നും ഈ സാമ്പത്തികവര്‍ഷം ഇത് ചെലവുചെയ്തില്ലെങ്കില്‍ നഷ്ടമാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേരളം കണ്ടിട്ടില്ലാത്ത ഇത്രയും വലിയ ദുരന്തം നേരിട്ട് അതില്‍ നിന്നും കരകയറാന്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിയ്ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ, നിയമങ്ങളുടെ അനുവാദത്തോടു കൂടിത്തന്നെ ഈ തുക ദുരിതമനുഭവിയ്ക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് വേണ്ടി ഈ സാമ്പത്തികവര്‍ഷത്തില്‍ തന്നെ ചെലവിടണമെന്നാണ് തീരുമാനമെങ്കില്‍ അതൊരു മഹത്തായ തീരുമാനമായിരുന്നില്ലേ? കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിയ്ക്കുന്ന ഈ വനിതാ മതിലിനു അതിനായി ചെലവിടുന്ന തുകയുടെ മൂല്യത്തിനു തത്തുല്യമായ ഒരു ഫലം നല്കാനാകുമോ? അത് മാത്രമല്ല പ്രളയദുരിതങ്ങളില്‍ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കി മനുഷ്യത്വത്തിന്റെ പേരില്‍ പരസ്പരം സംഘടിച്ച് ഊണും ഉറക്കവും ഉപേക്ഷിച്ച് പണവും അത്യാവശ്യ സാധനങ്ങളും ശേഖരിച്ച് കേരളത്തിലെ ദുരിതാശ്വാസത്തിനായി നല്‍കാന്‍ വിയര്‍പ്പൊഴുക്കിയ കേരളത്തിന് വെളിയിലുള്ള മനുഷ്യരുടെ മനുഷ്യത്വത്തെ കരിവാരി തേയ്ക്കുന്ന ഒരു പ്രവൃത്തി കൂടിയല്ലേ ഇത്?

ഈ കൂട്ടായ്!മയെ വിലയിരുത്തുകയാണെങ്കില്‍, കേരളം നേരിട്ട പ്രളയ കെടുതിയില്‍ നിന്നും പുതിയ കേരളത്തെ പടുത്തുയര്‍ത്തണമെങ്കില്‍ ഇവിടുത്തെ ജനങ്ങള്‍ ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ ഒറ്റ കെട്ടായി വര്ഷങ്ങളോളം പണിപ്പെടേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മാകളും സമരങ്ങളും സംഘടിപ്പിയ്ക്കുന്നതിനും സ്ത്രീയും പുരുഷനും തന്റെ ശക്തി തെളിയിയ്ക്കുന്നതിനും ഏതു രാഷ്ട്രീയ പാര്‍ട്ടിയോ ആകട്ടെ ചെലവിടുന്ന സമയം കേരളത്തിന്റെ പുരോഗമനത്തിനുവേണ്ടിയുള്ള, ക്രിയാത്മകമായ സമയമാണ്. ഈ ക്രിയാത്മകമായ സമയത്തിന്റെ മൂല്യം വിലയിരുത്താതെ കുറെ രാഷ്ട്രീയ, വര്‍ഗ്ഗീയ നേതാക്കള്‍ സമരങ്ങളും, കൂട്ടായ്മകളും സംഘടിപ്പിയ്ക്കുന്നതിനും മറ്റൊരു വിഭാഗം അതിനെ അലംകോലപ്പെടുത്തുന്നതിനും, എതിര്‍ക്കാനും വേണ്ടിയുള്ള ഗുഡാലോചനകള്‍ നടത്തുന്നതിനും നടപടികള്‍ എടുക്കുന്നതിനും സമയം ചെലവിടുന്നു. രാജ്യത്തിന്റെ പുരോഗമനത്തിനു ഉപയോഗിയ്‌ക്കേണ്ടുന്ന ക്രിയാത്മകമായ സമയത്തെ വെറുതെ നിഷ്ക്രിയമാക്കുകയാണിവിടെ .
സ്ത്രീകള്‍ക്ക് പലയിടത്തും മുന്‍ഗണയും, ലിംഗസമത്വവും സ്ത്രീ അര്‍ഹിയ്ക്കുന്നു. അതിനെ കൂട്ടായ്മയിലൂടെ തന്നെ നേടിയെടുക്കണം. എന്നാല്‍ സ്ത്രീയുടെ മുന്‍ഗണനെയും , ലിംഗസമത്വമെന്ന ആശയത്തെയും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം കരിവാരിത്തേച്ച് സ്വന്തം രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് ഓരോ സാഹചര്യങ്ങളെയും വിനിയോഗിയ്ക്കുന്ന ഏതു പാര്‍ട്ടിയെയും ജാതി മത ഭേദമന്യേ ജനങ്ങള്‍ സംഘടിച്ച് നേരിടണം. അത്തരം സാഹചര്യത്തില്‍ ഒരേ ഒരു ആശയമേ ജനങ്ങളില്‍ ഉണ്ടാകാവൂ 'ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി'. സ്ത്രീ ശക്തി പുരുഷ ശക്തി എന്നത് പരസ്പരം ശത്രുക്കളാകരുത്. സ്ത്രീയ്ക്കും, പുരുഷനും പ്രകൃതി നല്‍കിയിട്ടുള്ള ശാരീരിക ഘടനകളെയും പ്രക്രിയകളെയും പരസ്പരം ഒരു പോരായ്മയായി കാണാന്‍ ശ്രമിയ്ക്കരുത്. ഒരു സമൂഹം എന്നത് സ്ത്രീശക്തിയും പുരുഷശക്തിയും ചേര്‍ന്നാല്‍ മാത്രം കെട്ടിപ്പടുക്കാന്‍ കഴിയുന്ന ഒന്നാണ്. ഇവിടെ പുരുഷന്‍ സ്ത്രീയ്ക്ക് മുന്നില്‍ അവന്റെ ശക്തി കാണിയ്‌ക്കേണ്ടതോ, സ്ത്രീ പുരുഷനുമുന്നില്‍ അവളുടെ ശക്തി കാണിയ്‌ക്കേണ്ടതോ അല്ല. സ്ത്രീയെയും പുരുഷനെയും ഒരു സമൂഹത്തിന്റെ തുല്യ ഘടകങ്ങളാക്കി പരസ്പരം ബഹുമാനിയ്ക്കാന്‍ പുരുഷനും സ്ത്രീയും തയ്യാറായാല്‍ മാത്രമേ ഈ വിവാദത്തിനു വിരാമമിടാന്‍ കഴിയൂ. ഇതിന്റെ പേരില്‍ നടക്കുന്ന രാഷ്ട്രീയ കളികള്‍ അവസാനിപ്പിയ്ക്കാന്‍ ഏത് ശെരി, ഏത് തെറ്റ് എന്ന തിരിച്ചറിവോടെ രാഷ്ട്രീയം മറന്ന ജനങളുടെ കൂട്ടായ്മയാണ് മുന്നോട്ടുവരേണ്ടത്.

അതുപോലെത്തന്നെ പഴയ വ്യവസ്ഥകളെ മാത്രം കെട്ടിപിടിച്ചിരുന്നാല്‍ പുരോഗമനങ്ങള്‍ വഴിമാറി പോകും. ആഗോളപരിമാണങ്ങള്‍ക്ക് അനുസൃതമായ വഴികള്‍ മാറ്റി ചവിട്ടിയാല്‍ മാത്രമേ പുരോഗമനത്തിലേക്കെത്താന്‍ കഴിയു. നവോഥാനം പുതിയ തലമുറകളുടെ പുരോഗമനത്തിലേക്കുള്ള വഴിയാണ്. എന്നാല്‍ അതിനെ ഉയര്‍ത്തിപിടിയ്‌ക്കേണ്ടത് ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലല്ല. മതത്തെ ഉള്‍പ്പെടുത്താതെ രാഷ്ട്രീയത്തെ കൂട്ടുചേര്‍ക്കാതെ വിശ്വാസത്തെ ചവിട്ടി അരായ്ക്കാതെ, അടിച്ചെല്‍പ്പിയ്ക്കാതെ ഓരോ വ്യക്തിയിലും വിജ്ഞാനത്തിലൂടെ നവോഥാന മൂല്യങ്ങള്‍ വളരണം. ഏതൊരു വിഭാഗവും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി പൊതു ജനങ്ങളെ വിനിയോഗിയ്ക്കുമ്പോള്‍ അത് മനസ്സിലാക്കുവാനും പ്രതികരിയ്ക്കാനുമുള്ള തിരിച്ചറിവ് ഓരോ പൗരനും നേടിയിരിയ്ക്കണം.
ഞാന്‍ ഒരു രാഷ്ട്രീയത്തിന്റെയും അനുഭാവിയല്ല. "വനിത മതില്‍" എന്ന മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാദപ്രതിവാദങ്ങളെ ഒരു സാധാരണ വ്യക്തി എന്ന നിലയിലുള്ള വളരെ ചുരുങ്ങിയ അറിവിലൂടെയുള്ള ഒരു വിലയിരുത്തല്‍ മാത്രം.
Join WhatsApp News
we make our Prison 2018-12-21 09:24:02
''We make our own Prison, Chains, to enslave ourselves and remain in a false sense of temporary comfort.
We don't want to be free from ignorance
we want to survive & die attached to something''
Those who simply exist like that attitude will never enjoy the Heaven of Inner Peace.
andrew
P R Girish Nair 2018-12-21 12:19:15
സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികൾക്കു വകയിരുത്തിയ 50 കോടി രൂപയിൽനിന്നു വനിതാ മതിലിനു പണമെടുക്കുമെന്ന നിലപാട് ജനത്തെ കബളിപ്പിക്കലാണ്. സ്ത്രീസുരക്ഷയ്ക്കായി മാറ്റിവച്ച തുക വനിതാ മതിലിന് ഉപയോഗിക്കുന്നതിനു ഒരിക്കലും ന്യായീകരിക്കാനാവില്ല. തുക ചെലവഴിക്കാൻ കാലതാമസം വരുത്തിയതിനു വനിതാ, ശിശുവികസന വകുപ്പ് മറുപടി പറയണം. പ്രളയാനന്തര പുനർനിർമാണത്തിനായി ആ പണം ഉപയോഗിച്ചിരുന്നുവെങ്കിൽ ആരും പരാതി പറയില്ലായിരുന്നു. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് മനുഷ്യരെ തമ്മിൽ അടിപ്പിച്ഛ് കലക്കവെള്ളത്തിൽ മീൻ പിടിക്കുക. മനസിലാക്കാൻ കഴുവില്ലാത്ത പ്രബുദ്ധ കേരളം. സമൂഹത്തിൽ നിലനില്ക്കുന്ന വ്യവസ്ഥിതിക്കെതിരെ രൂപപ്പെടുന്ന സമരമാണ് ഒരു നവോത്ഥാനമായി മാറുന്നത്. സമരങ്ങൾ പരാജയപ്പെട്ട കഥയാണ് ഇവിടെ നവോത്ഥാനമായി മാർക്സിസ്റ്റ്‌ പാർട്ടിക്ക് പറയാനുള്ളത്. ഉദാഹരണത്തിനായി യന്ത്രവത്കരണ വിരുദ്ധ സമരം കമ്പ്യൂട്ടർ വിരുദ്ധ സമരത്തെക്കാൾ കൂടുതൾ കാലം നിന്നെങ്കിലും സമരം പരാജയപ്പെട്ടതിനാൾ മലയാളികൾ രക്ഷപ്പെട്ടു. സമകാലിക ചിന്തകൾ ഉണർത്തുന്ന ഒരു ലേഖനം. അഭിനന്ദനീയം.
amerikkan mollakka 2018-12-21 14:51:27
നമ്പ്യാർ സാഹിബയുടെ ലേഖനവും ഒപ്പം 
അവരുടെ മൊഞ്ചുള്ള പടവും ഞമ്മള് ശ്രദ്ധിക്കും.
നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ നമ്പ്യാർ 
സാഹിബ എഴുതുന്നത് നമ്മെ കൂടുതൽ 
ബോധവാന്മാരാക്കും. ഞമ്മടെ മൂന്നു ബീവിമാരിൽ 
ഒരാളോട് മതിലായി പോയി നിക്കാൻ പറഞ്ഞപ്പോൾ 
മൂന്നു ബീവിമാരും കൂടി ഞമ്മടെ ചുറ്റും മതിൽ 
തീർക്കുന്നു. എല്ലാ കെട്ടിയോന്മാർക്കും ഇങ്ങനെ 
ഓരോ മതിൽ കാണും. ചില വിരുതന്മാർ ആ മതിൽ 
ചാടും. ഇതിപ്പോ അയ്യപ്പനു ചുറ്റും ഈ 
പെണ്ണുങ്ങളൊക്കെ പോയി നിന്നാൽ അങ്ങേരുടെ 
ബ്രഹ്മചര്യം പോയത് തന്നെ. ഒരു ഹൂറി കൂടെയില്ലാതെ 
എങ്ങനെ ജീവിക്കും. ഈ മതിൽ എല്ലാ ബ്രഹ്മചാരികളെയും 
ഉണർത്തട്ടെ. നമ്പ്യാർ സാഹിബക്ക് പടച്ചോന്റെ കൃപ 
ഉണ്ടാകട്ടെ. 
Vasudev Pulickal 2018-12-21 15:44:58
Nicely written. Congratulations. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക