Image

സൊഹ്‌റാബുദ്ദീന്‍ ഷെയ്‌ക്ക്‌ വ്യാജ ഏറ്റുമുട്ടല്‍ കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

Published on 22 December, 2018
സൊഹ്‌റാബുദ്ദീന്‍ ഷെയ്‌ക്ക്‌ വ്യാജ ഏറ്റുമുട്ടല്‍ കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്‌തു


മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്‌ക്ക്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ടതിന്‌ തൊട്ടുപിന്നാലെ കേസ്‌ അദ്യം അന്വേഷിച്ച ഉദ്യോഗസ്ഥന്‌ സസ്‌പെന്‍ഷന്‍. ഗുജറാത്ത്‌ കേഡര്‍ ഐ.പി.എസ്‌ ഉദ്യോഗസ്ഥനായ രജ്‌നീഷ്‌ റായിയെയാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെന്റ്‌ ചെയ്‌തത്‌.

സൊഹ്‌റാബുദ്ദീന്‍ ഷെയ്‌ക്ക്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഡി.ജി വന്‍സാര അടക്കമുള്ള ആളുകളെ അറസ്റ്റ്‌ ചെയ്‌തത്‌ രജ്‌നീഷ്‌ ആയിരുന്നു. യുറേനിയം കോര്‍പ്പറേഷനില്‍ അഴിമതിയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചിരുന്നു.

1992 ബാച്ചിലെ ഐ.പി.എസ്‌ ഉദ്യോഗസ്ഥനായ റായിയെ. ഓഫീസില്‍ ഹാജരായില്ലെന്ന്‌ കാണിച്ചാണ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌. 52 വയസുകാരനായ റായി കഴിഞ്ഞ ആഗസ്റ്റില്‍ സ്വമേധയാ വിരമിക്കുന്നതിന്‌ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇത്‌ തള്ളുകയായിരുന്നു. അപേക്ഷ കൊടുത്തതിന്‌ പിന്നാലെ റായി ഓഫീസില്‍ എത്തിയിരുന്നില്ല.

ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിക്കെതിരെ റായി ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ്‌ റായിയെ സസ്‌പെന്റ്‌ ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ്‌ സൊഹ്‌റാബുദ്ദീന്‍ ഷെയ്‌ക്ക്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയരായ 22 പൊലീസുകാരെയും സി.ബി.ഐ കോടതി വെറുതെ വിട്ടത്‌.

പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന്‌ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായും ഗുജറാത്തിലെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥറും ഉള്‍പ്പെടെ 38 പേര്‍ പ്രതിപ്പട്ടികയുണ്ടായിരുന്ന കേസില്‍ അമിത്‌ ഷായുള്‍പ്പെടെ 16 പേരെ 2014ല്‍ കോടതി വെറുതെ വിട്ടിരുന്നു.

ഗുജറാത്ത്‌, രാജസ്ഥാന്‍ പൊലീസ്‌ സംഘങ്ങള്‍ നടത്തിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസില്‍ 21 പൊലീസ്‌ ഉദ്യോഗസ്ഥരും ഗുജറാത്തിലെ ഒരു ഫാം ഹൗസ്‌ ഉടമയുമാണ്‌ പ്രതികളായിരുന്നത്‌.

സോഹ്‌റാബുദ്ദീന്‌ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയുമായും പാക്‌ ചാരസംഘടന ഐ.എസ്‌.ഐയുമായും ബന്ധമുണ്ടെന്നും ഗുജറാത്തിലെ ഉന്നത രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ആരോപിച്ച്‌ വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയേയും കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌.

സൊഹ്‌റാബുദ്ദീന്റെ സഹായിയായിരുന്ന തുളസീറാം പ്രജാപതിയേയും പിന്നീട്‌ കൊലപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക