Image

അഞ്ച് ജില്ലകളില്‍ നേരിയ ഭൂചലനം: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

Published on 11 April, 2012
 അഞ്ച് ജില്ലകളില്‍ നേരിയ ഭൂചലനം: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം
കോട്ടയം: തിരുവനന്തപുരമുള്‍പ്പെടെ കേരളത്തിലെ അഞ്ച് ജില്ലകളില്‍ നേരിയ ഭൂചലനം. കൊച്ചി, കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളിലാണ് ഭൂചലനമുണ്ടായത്. കൊച്ചിയില്‍ അഞ്ചുസെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്.

ആളുകള്‍ ഓഫീസുകളില്‍ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ഓടിയിറങ്ങി. പനമ്പള്ളി നഗര്‍, കലൂര്‍ എന്നീ ഭാഗങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. കോട്ടയത്ത് ഒരു മിനിറ്റലധികം സമയം ഇടവിട്ട് ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ സുമാത്രയിലുണ്ടായ വന്‍ ഭൂചലനത്തിന്റെ തുടര്‍ച്ചയായാണ് കേരളത്തിലും ചലനം അനുഭവപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. റിക്ടര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തിയ ചലനമാണ് വടക്കന്‍ സുമാത്രയില്‍ അനുഭവപ്പെട്ടത്. വ്യാപക ഭൂചലനത്തെ തുടര്‍ന്ന് 28 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചെന്നൈയിലും ആസാമിലെ ഗോഹട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. ചെന്നൈയില്‍ പത്തുസെക്കന്‍ഡ് സമയം നീണ്ടുനിന്ന ചലനമാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് എന്തെങ്കിലും നാശനഷ്ടമുണ്ടായിട്ടുണ്‌ടോയെന്ന് വ്യക്തമായിട്ടില്ല. സിംഗപ്പൂര്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.
ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കേരളത്തിലെ ഭൗമശാസ്ത്ര പഠന കേന്ദ്രം സംസ്ഥാനത്തെങ്ങും ജാഗ്രതാ നിര്‍ദേശം  നല്‍കി. ഇന്ന് ഉച്ചക്ക് 2.08 നാണ് സുമാത്രയില്‍ റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കടലിലെ തിരമാലകളില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവര്‍ അതീവ ജാഗ്രതയോടെയിരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഭൂചലനത്തിന്റെ പ്രകമ്പനം കേരളത്തിലെങ്ങും അനുഭവപ്പെട്ടു. കോഴിക്കോട്ടും കോട്ടയത്തും ആളുകള്‍ പരിഭ്രാന്തരായി കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങി.

പീച്ചി അടക്കമുള്ള കേരളത്തിലെ ഭൂചലന മാപിനികളില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കാന്‍ മന്ത്രി കലക്ടര്‍മാരോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ താന, ഫോര്‍ട്ട് റോഡ്, തലശ്ശേരി, കോഴിക്കോട്ട് നടക്കാവ്, ബീച്ച്,കോട്ടയം, കൊച്ചി, പത്തനംതിട്ട, ആലപ്പുഴ, എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആലുവയില്‍ ഫെഡറല്‍ ബാങ്ക് ആസ്ഥാന കെട്ടിടത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ പുറത്തേക്കോടി. പന്തളത്ത് അച്ചന്‍കോവിലാറ്റില്‍ തിരയിളക്കം ഉണ്ടായത് പരിഭ്രാന്തി പരത്തി. മലപ്പുറം പരപ്പനങ്ങാടി തീരപ്രദേശത്തെ പത്തോളം വീടുകളിലും ചലനം അനുഭവപ്പെട്ടു. മല്‍സ്യബന്ധനത്തിന് പോയവര്‍ സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ നിന്ന് കരയിലേക്ക് തിരിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിലും ഭൂചലനം അനുഭവപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന ശേഷം താഴ്ന്നതായി സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അണക്കെട്ട് സുരക്ഷിതമാണ്.

കോട്ടയത്ത് ചങ്ങനാശ്ശേരി, കോട്ടയം ടൗണ്‍ ,പാല ,മണര്‍കാട്, തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ നേരിയ ഭൂചലനമനുഭവപ്പെട്ടു. തലയോലപ്പറമ്പിലെ പുഴയില്‍ വെള്ളം കലങ്ങളുകയും തിരയിളക്കം അനുഭവപ്പെടുയും ചെയ്തു. തുടര്‍ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ കോട്ടയത്ത് സര്‍ക്കാര്‍ ആപ്പീസുകള്‍ക്ക് ഉച്ചക്ക് ശേഷം കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് കടപ്പുറത്ത് നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക