Image

മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ മിഷന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

Published on 22 December, 2018
മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ മിഷന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

മെല്‍ബണ്‍: സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബണ്‍ അതിന്റെ അഞ്ചാം വാര്‍ഷികം ഡിസംബര്‍ 2 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചര്‍ച് ക്ലയിറ്റനില്‍ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. കോട്ടയം അതിരൂപതയുടെ സഹായമെത്രാനും സീറോമലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ ചെയര്‍മാനുമായ അഭി. മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്‌നാനായ മിഷന്‍ ചാപ്ലിന്‍ ഫാ. തോമസ് കുന്പുക്കല്‍, പ്രഥമ ചാപ്ലിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. ഷിബു എസ്എസി എന്നിവര്‍ സഹകാര്‍മികരായിരുന്നു. 

തുടര്‍ന്നു നടത്തപ്പെട്ട പൊതു സമ്മേളനത്തിലും കലാപരിപാടികളിലും മെല്‍ബണ്‍ സിറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യ അതിഥിയായിരുന്നു. ക്‌നാനായ മിഷന്റ വിവിധ കൂടാരയോഗങ്ങളും കെസിവൈഎല്ലും അണിയിച്ചൊരുക്കിയ കലാസന്ധ്യയും ബീറ്റ്‌സ് ബൈ സെന്റ് മേരീസിന്റെ ചെണ്ടമേളവും ആഘോഷങ്ങള്‍ക്ക് വര്‍ണപ്പകിട്ടേകി. 

ക്‌നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബൈബിള്‍ കലോത്സവത്തിന്റെയും മറ്റു മത്സരങ്ങളുടെയും വിജയികള്‍ക്ക് അഭി. പിതാക്കന്മാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓവറോള്‍ ചാന്പ്യന്‍ഷിപ് കരസ്ഥമാക്കിയ വൈക ജോ മുരിയാന്മ്യാലില്‍, ശിഖ ജോ മുരിയാന്മ്യാലില്‍
ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. സ്‌നേഹ വിരുന്നോടു കൂടി പരിപാടികള്‍ക്ക് തിരശീല വീണു.

കൈക്കാന്മാരായ ബേബി കരിശേരിക്കല്‍, ആന്റണി പ്ലാക്കൂട്ടത്തില്‍,പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്ത സംഘടനകളായ മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്, മെല്‍ബണ്‍ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, കെസിവൈഎല്‍, മിഷ്യന്‍ ലീഗ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും ചാപ്ലിന്‍ ഫാ. തോമസ് കുന്പുക്കല്‍ നന്ദി അറിയിച്ചു. 

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക