Image

പരാജയത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണം': നിതിന്‍ ഗഡ്കരി

Published on 23 December, 2018
പരാജയത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണം': നിതിന്‍ ഗഡ്കരി

വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്ന് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഗഡ്കരിയുടെ പരാമര്‍ശം. പൂനെ ജില്ലാ അര്‍ബന്‍ കോ -ഓപ്പറേറ്റീവ് ബാങ്ക്‌ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിജയത്തിന് നിരവധി അവകാശികളുണ്ടാകും എന്നാല്‍ പരാജയം അനാഥമാണ്. വിജയിക്കുമ്ബോള്‍ അതിന്റെ അംഗീകാരം സ്വന്തമാക്കാന്‍ 
പലരും മത്സരമായിരിക്കും. എന്നാല്‍ പരാജയം ഉണ്ടാകുമ്ബോള്‍ എല്ലാവരും പരസ്പരം പഴിചാരുകയാണ് ചെയ്യുന്നത്'- ഗഡ്കരി പറഞ്ഞു. പരാജയം നേരിടുമ്ബോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് വരെ നേതൃത്വത്തിന് സംഘടനയോടുള്ള വിശ്വാസം തെളിയിക്കാനാകില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

'രാഷ്ട്രീയത്തില്‍, സംസ്ഥാന-ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ അവര്‍ക്ക് പാ‍ര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് പരാതിപ്പെടാന്‍ തുടങ്ങി. നിങ്ങള്‍ക്ക് പരാജയം നേരിട്ടിട്ടുണ്ടെങ്കില്‍ അതിന് കാരണം നിങ്ങള്‍ക്കും പാര്‍ട്ടിക്കും ജനങ്ങളുടെ വിശ്വാസം നേടാന്‍‌ സാധിക്കാത്തതിനാലാണെന്ന് തോല്‍വി നേരിട്ട ഒരു സ്ഥാനാര്‍ത്ഥിയോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണ്'-ഗഡ്കരി ഓര്‍മ്മപ്പെടുത്തി.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം പാര്‍ട്ടിയില്‍ ചില നേതാക്കളുടെ വായില്‍ തുണി തിരുകി കയറ്റണമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ബി ജെ പിയിലെ ചില നേതാക്കള്‍ സംസാരം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും രാഷ്ട്രീയക്കാര്‍ പൊതുവെ വാചകമടി കുറയ്ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളുമായി വളരെക്കുറച്ച്‌ ആശയവിനിമയം മാത്രമേ നടത്താവൂ. ബി ജെ പിയില്‍ അത് ഇത്തിരി കൂടുതലാണെന്നും ഗഡ്കരി പറഞ്ഞിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക