Image

വിക്രമാദിത്യന്‍ വക്കീല്‍ (കഥ: ജോസഫ് ഏബ്രഹാം)

Published on 23 December, 2018
വിക്രമാദിത്യന്‍ വക്കീല്‍ (കഥ: ജോസഫ് ഏബ്രഹാം)
വിക്രമാദിത്യന്‍ വക്കീല്‍ പതിവ് പോലെ വക്കീല്‍ ഓഫീസിലെ ഹാങ്ങറില്‍ തൂക്കിയിട്ടിരുന്ന തന്‍റെ കറുത്തഗൌണ്‍ എടുത്തു കുടഞ്ഞ് അതില്‍ പറ്റിപ്പിടിച്ചിരുന്ന പൊടിയും മാറാലയും കൊട്ടികളഞ്ഞു. എന്നിട്ടാ ഗൌണും തോളിലിട്ട് ഒരു സിസേഴ്‌സും കത്തിച്ച് പുകവിട്ടുകൊണ്ട് റോഡരികിലൂടെ മയിസ്രെട്ട് കോടതി ലക്ഷ്യമാക്കി നടന്നു.
തോളില്‍ കിടന്ന് വൃചിക കാറ്റില്‍ ഇളകിയാടിയ ഗൌണ്‍ കഴിഞ്ഞ നാളില്‍ കോടതി മുറിയില്‍ നടന്ന ഒരു കേസ് വിചാരണയെക്കുറിച്ച് വിക്രമാദിത്യന്‍ വക്കീലിനോട് സംസാരിച്ചു.
കഴിഞ്ഞ ദിവസം മയിസ്രെട്ട് കോടതിയില്‍ ഒരു കേസ് വിചാരണക്ക് വെച്ചിട്ടുണ്ടായിരുന്നു. വനത്തില്‍ കയറി കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് അതിന്‍റെ ഇറച്ചി എടുത്ത് ഉണക്കി സൂക്ഷിച്ചു എന്നതായിരുന്നു കേസ്. തൊണ്ടിമുതലായി കുറച്ച് ഉണക്കിറച്ചിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.
വളരെക്കാലമായി കോടതിയുടെ മുന്‍പില്‍ തീര്‍പ്പുകല്‍പ്പിക്കപെടാതെ കിടക്കുന്ന ഒരു കേസായിരുന്നത്. സീനിയര്‍ വക്കീലായ കുട്ടപ്പായി വക്കീലിന്‍റെ വക്കാലത്തിലുള്ള കേസ്. സംഭവ ദിവസം മേല്‍പ്പടി കേസ് വിളിച്ചപ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്നത് കുട്ടപ്പായി വക്കീലിന്റെ ജൂനിയര്‍ ആയ മാത്തുക്കുട്ടി വക്കീല്‍ ആയിരുന്നു.
മാത്തുക്കുട്ടി എന്നയാള്‍ വക്കീല്‍ ആയി നാളിച്ചിരി ആയെങ്കിലും അതുവരെ കേസ് നടത്താന്‍ ഒന്നും കാര്യമായ അവസരം കിട്ടിയിട്ടില്ല. വലിയ കേസുകള്‍ എല്ലാം സീനിയര്‍ വക്കീല്‍ നടത്തും. ചെറിയ ചെറിയ കേസുകള്‍ ഓഫീസിലെ അല്പം സീനിയര്‍ ആയ ജൂനിയര്‍ വക്കീലമ്മാര്‍ നടത്തും. മാത്തുകുട്ടി എന്നും പിന്‍ ബഞ്ചില്‍ മൂകസാക്ഷിയായി ഇരിക്കും.
കാട്ടില്‍ കയറി വേട്ടയാടിയ സംഭവങ്ങള്‍ പോലുള്ള കേസുകളില്‍ സാക്ഷികള്‍ എല്ലാംതന്നെ വളരെ തഴക്കവും പഴക്കവുമുള്ള ഫോറെസ്റ്റ് ഉദ്യോഗസ്ഥന്മാര്‍ ആണ്. അവരെല്ലാം കോടതികളില്‍ സാക്ഷി പറയുന്നതില്‍ ബഹു കേമന്മാരുമാണ് അതുകൊണ്ട് അത്തരം കേസുകള്‍ സീനിയര്‍ വക്കീലന്മാര്‍ മാത്രമാണ് നടത്താറുള്ളത്.
കേസ് വിളിച്ചു. മാത്തുക്കുട്ടി വക്കീല്‍ എഴുന്നേറ്റ് നിന്ന് പ്രതികള്‍ ഹാജരുണ്ട് എന്ന് കോടതിയോട് ഉണര്‍ത്തിച്ചു. കോടതി ശിപായി സാക്ഷികളുടെ പേരു വിളിച്ചു. സാക്ഷിയായി ഹാജരായ കൊമ്പന്‍മീശക്കാരന്‍ ഹൈദ്രോസ് ഫോറസ്റ്റര്‍ മുന്‍പോട്ടു കയറിവന്നു.
കോടതി പറഞ്ഞു കേസ് കുറച്ച് കഴിഞ്ഞു സാക്ഷി വിചാരണക്കായി വിളിക്കാമെന്ന്. അപ്പോള്‍ ഭാവ്യദരവോടെ മാത്തുക്കുട്ടി വക്കീല്‍ കോടതിയോട് പറഞ്ഞു.
‘സീനിയര്‍ വക്കീല്‍ സ്ഥലത്തില്ല വിചാരണ വേറൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കണമെന്ന് അപേക്ഷ’
“ഇത് പഴയ കേസാണ് മാറ്റിവയ്ക്കാന്‍ പറ്റില്ല ഇന്ന് തന്നെ വിചാരണ നടത്തണം കുറച്ച് കഴിഞ്ഞു വിളിക്കും”എന്ന് കോടതിയും പറഞ്ഞു.
കുറച്ച് കഴിഞ്ഞു കേസ് വീണ്ടും വിളിച്ചു. മാത്തുക്കുട്ടി വക്കീല്‍ ചുറ്റും നോക്കി സീനിയര്‍ വക്കീലിനെയോ ഗുമസ്തനയോ അവിടെങ്ങും കണ്ടില്ല. എന്താ ഇപ്പ ചെയ്ക എന്ന് ഒരു നിശ്ചയമില്ല. ഒരിക്കല്‍ കൂടി സീനിയര്‍ ഇല്ല കേസ് മാറ്റിവെക്കണം എന്നൊക്കെ പറഞ്ഞു നോക്കി.
കോടതി പറഞ്ഞു
“മിസ്റ്റര്‍മാത്തുക്കുട്ടി, കാലം കുറച്ചായല്ലോ താങ്ങള്‍ കോടതിയില്‍ വന്നു കുത്തീരിക്കാന്‍ തുടങ്ങീട്ട്. ഇനിയെങ്കിലും ഒരു കേസ് നടത്തൂ. വേണമെങ്കില്‍ അടുത്ത കേസ് കഴിഞ്ഞിട്ട് വിളിക്കാം”എന്ന് പറഞ്ഞു കേസ് അല്പ സമയത്തേക്ക് വീണ്ടും മാറ്റിവെച്ചു.
കേസ് വീണ്ടും വിളിച്ചു. ഇതുവരെ സീനിയര്‍ വന്നില്ല സഹായത്തിനു ഗുമസ്ഥനയോ മറ്റ് ജൂനിയര്‍മാരെയോ കണ്ടില്ല. കൊമ്പന്‍ മീശക്കാരന്‍ ഫോറസ്റ്റര്‍ സാക്ഷിക്കൂട്ടില്‍ കയറി. പബ്ലിക് പ്രോസിക്യൂട്ടര്‍ സാക്ഷിയോട് ചോദ്യങ്ങള്‍ ചോദിച്ചു, എല്ലാം കാണാപാഠം പഠിച്ചപോലെ കൊമ്പന്‍ മീശക്കാരന്‍ മറുപടികളും പറഞ്ഞു.
ഇനി മാത്തുക്കുട്ടിയുടെ ഊഴമാണ്. ഫോറസ്റ്റര്‍ മീശപിരിച്ചു ചോരനിറമുള്ള ഉണ്ടക്കണ്ണുരുട്ടി നീയൊക്കെ എന്നോട് എന്നാ ചോദിക്കാന എന്ന അര്‍ത്ഥത്തില്‍ മാത്തുക്കുട്ടിയെ തുറിച്ചുനോക്കി.
എല്ലാ കണ്ണുകളും മാത്തുക്കുട്ടിയിലേക്ക് നീണ്ടു ചെന്നു. മാത്തുക്കുട്ടി കേസ് ഫയല്‍ വെറുതെ തുറന്ന് പിടിച്ചു. നെറ്റിയിലൂടെ വിയര്‍പ്പു ധാരധാരയായി ഒഴുകുന്നു. ശരീരം സന്നിബാധിച്ചമാതിരി ചുട്ടുപൊള്ളുകയും പൂക്കുല പോലെ വിറക്കുകയും ചെയ്യുന്നു. വായിലെ ഉമിനീര്‍ വറ്റി, നാവ് അണ്ണാക്കില്‍ ഒട്ടിയപോലെ തോന്നി.
“വക്കീലെ ക്രോസ് വിസ്താരം ചെയ്യൂസമയം കളയാതെ”കോടതി ഓര്‍മിപ്പിച്ചു.
ധൈര്യമുണ്ടെങ്കില്‍ ചോദിക്കടാ എന്ന മുഖഭാവത്തില്‍ കൊമ്പന്മീശക്കാരന്‍ മാത്തുക്കുട്ടിയെ തുറിച്ചു നോക്കി വെല്ലുവിളിച്ചു.
മാത്തുക്കുട്ടി നിന്ന നില്‍പ്പില്‍ ഒരു കൂട് മെഴുകുതിരി അന്തോണീസ് പുണ്യാളന്റെ കുരിശ് പള്ളിക്ക് നേര്‍ന്നു. നേര്‍ന്നു കഴിഞ്ഞപ്പോള്‍ ഇനി പുണ്യാളന് തിരികളുടെ എണ്ണം പോരാതെ വന്നെങ്കിലോ എന്ന് കരുതി മൂന്ന് കൂടാക്കി എണ്ണം ഉയര്‍ത്തി നേര്‍ച്ച പുതുക്കി.
കൊമ്പന്‍ മീശക്കാരനെ നോക്കിയാല്‍ തന്റെ ധൈര്യം ചോര്‍ന്നു പോകുമെന്ന് തോന്നിയ മാത്തുക്കുട്ടി കേസ് കെട്ടിലേക്ക് തന്നെ വെറുതെ കണ്ണും നട്ടുകൊണ്ട് ഒരൊറ്റ ചോദ്യം.
‘കാട്ടില്‍ എത്ര കാട്ടുപോത്തുകള്‍ ഉണ്ട് എന്നതിന് നിങ്ങളുടെ പക്കല്‍ കണക്കുകള്‍ വല്ലതും ഉണ്ടോ ?’
ചോദ്യം കേട്ട കോടതി ഒന്നടങ്കം നിശബ്ധമായി. അടുത്തിരുന്ന റപ്പായി വക്കീല്‍ മാത്തുക്കുട്ടിയോട് പറഞ്ഞു
“മാത്തുക്കുട്ടി ചോദ്യം കലക്കീട്ടോ. ഇതുപോലെ അങ്ങട് പോരട്ടെ”
റപ്പായി വക്കീലിന്റെ വാക്ക് കേട്ടപ്പോള്‍ മാത്തുക്കുട്ടിക്കും ഒരല്പം ആശ്വാസമായി. മാത്തുക്കുട്ടി കൊമ്പന്‍ മീശക്കാരന്‍ ഹൈദ്രോസ് ഫോറസ്റ്ററുടെ മുഖത്തേക്ക് പാളി നോക്കി
വലിയ മീശയില്‍ തടവികൊണ്ട് ഹൈദ്രോസ് ഫോറസ്റ്റര്‍ ഗമയില്‍ പറഞ്ഞു.
“ഉണ്ട്. കൃത്യമായ കണക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ട്”

എന്നിട്ട് ഇനി എന്താണ് അറിയേണ്ടത് എന്ന് ഭാവത്തോടെ മാത്തുക്കുട്ടിയെ നോക്കി.മാത്തുക്കുട്ടി ചോദിച്ചു
‘ഈ കേസില്‍ പോത്തിന്റെ ജഡം കിട്ടയിട്ടില്ല. ഇറച്ചി മാത്രമേ കണ്ടെടുത്തിട്ടുള്ളൂ.ശരിയല്ലേ ?’
“അതെ അത് മഹസറില്‍ പറഞ്ഞിട്ടുണ്ട്”
മാത്തുക്കുട്ടിയെ ഒന്ന് പരിഹസിക്കുന്ന മട്ടില്‍ ഹൈദ്രോസ് പറഞ്ഞു.
‘ഈ സംഭവത്തിനു മുന്‍പ് കാട്ടില്‍ എത്ര പോത്തുകള്‍ ഉണ്ടായിരുന്നു സംഭവത്തിന് ശേഷം എത്ര പോത്തുകള്‍ ബാക്കി ഉണ്ട്?’
ഹൈദ്രോസ് ഒന്ന് പരുങ്ങി എന്നിട്ട് പതുക്കെ പറഞ്ഞു
“അതിന് ബന്ധപ്പെട്ട രേഖകള്‍ നോക്കണം”
‘ആ രേഖ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടോ?’
“ഇല്ല”
മാത്തുക്കുട്ടി വക്കീല്‍ ആവേശത്തോടെ കോടതിയെ നോക്കി പറഞ്ഞു
‘യുവര്‍ ഓണര്‍ ഈ സംഭവത്തിനു മുന്‍പും ശേഷവും കാട്ടില്‍ എത്ര കാട്ടുപോത്തുകള്‍ ഉണ്ട് എന്ന കണക്കില്ലാത്ത സ്ഥിതിക്ക് പ്രതികള്‍ പോത്തിനെ വേട്ടയാടി എന്നതിന്റെ ആധികാരികത എന്താണ് ഉള്ളത് ?’
മാത്തുക്കുട്ടിയുടെ പോയിന്റ് കോടതി നോട്ട് ചെയ്തു
ഇനിപ്പൊ എന്താ ചോദിക്കുക ? മാത്തുക്കുട്ടിക്കു ഒന്നും തന്നെ മനസ്സിലേക്ക് വന്നില്ല.
ഫോറസ്റ്റര്‍ ചോരക്കണണുമായി മാത്തുക്കുട്ടിയെ ഭീകരമായി നോക്കി നില്കുന്നു. മാത്തുക്കുട്ടിയുടെ അടുത്ത ചോദ്യം കേള്‍ക്കാന്‍ കോടതിയും ബാക്കി എല്ലാവരും കാത്തു നില്കുന്നു .
കോടതി പറഞ്ഞു
“വക്കീലെ സമയം കളയാതെ ചോദിക്ക് വേറേ കേസുകള്‍ ഉള്ളതാണ്”
അപ്പോഴാണ് അപ്പന്റെ ചില കൂട്ടുകാര്‍ കാട്ടില്‍ നിന്ന് കൊണ്ടുവന്ന ഉണക്ക പോത്തിറച്ചി അരകല്ലില്‍ വച്ച് ചതച്ചപ്പോള്‍ അമ്മച്ചി പറഞ്ഞ വാക്ക് മാത്തുകുട്ടിയുടെ ഓര്‍മ്മയില്‍ വന്നത്. അമ്മച്ചി അന്ന് പറഞ്ഞു
“ഇത് വായിലിട്ടു ചവച്ചാല്‍ ഒരു മാതിരി ചകിരി പോലെ ഇരിക്കുന്നു. വല്ല നാട്ടിറച്ചീം ആര്‍ന്നെങ്കില്‍ ബാക്കിയൊള്ളോനും ഇച്ചിരെ തിന്നാര്‍ന്നു”
മാത്തുക്കുട്ടി ഹൈദ്രോസിനോട് ചോദിച്ചു.
‘നാടന്‍ പോത്തിന്റെ ഉണക്കിറച്ചിയും കാട്ടുപോത്തിന്റെ ഉണക്കിറച്ചിയും തമ്മില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമോ ?’
“കണ്ടാല്‍ അറിയില്ല പക്ഷെ തിന്ന് നോക്കുമ്പോള്‍ അറിയാം. കാട്ടുപോത്തിന്റെ ഇറച്ചിക്ക് നാര് കൂടുതല്‍ ആണ്”ഹൈദ്രോസ് എടുത്ത വായ്ക്കു മറുപടി പറഞ്ഞു.
‘അതെങ്ങനെ നിങ്ങള്‍ക്ക് അറിയാം ഫോറെസ്റ്റ് ഉദ്യോഗസ്ഥനായ നിങ്ങള്‍ കാട്ടുപോത്തിന്റെ ഇറച്ചി തിന്ന് നോക്കിയിട്ടുണ്ടോ?’മാത്തുക്കുട്ടി ചോദിച്ചു
ഹൈദ്രോസ് നിന്ന് വിയര്‍ത്തു. മേലോട്ട് പിരിച്ചു വച്ചിരുന്ന മീശ താഴോട്ട് തടവിക്കൊണ്ട് ചിന്താമഗ്‌നനായി. തൊണ്ടിയായി പിടിച്ച ഇറച്ചിയുടെ ഒരുഭാഗം അരകല്ലില്‍ വച്ച് ഇടിച്ചു ചതച്ചു ഭാര്യ ബീവാത്തു തനിക്കും കൂട്ടുകാര്‍ക്കും റമ്മിന്റെ കൂടെ ടച്ചിങ്ങ്‌സ് ആയി തന്ന സംഭവം ഹൈദ്രോസിന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നു. പക്ഷെ അത് ഇവിടെ പറഞ്ഞാല്‍ തന്റെ പണിപോകുമെന്നു ഉറപ്പാണ്.
ഹൈദ്രോസിന്റെ മൌനം കണ്ട മാത്തുക്കുട്ടിക്കു ആവേശം മൂത്തു
‘നിങ്ങള്‍എന്റെ ചോദ്യത്തിന്റെ ഉത്തരംപറയൂ’ഹൈദ്രോസ് പറഞ്ഞു
“ഞാന്‍ തിന്നിട്ടില്ല പക്ഷെ പറഞ്ഞു കേട്ടിട്ടുണ്ട്”
‘അപ്പോള്‍ ഈ കേസിലെ തൊണ്ടി മുതലായ ഉണക്കിറച്ചി കാട്ടുപോത്തിന്റെ ആണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് നേരിട്ട് അറിവില്ല?’
ഗത്യന്തരമില്ലാതെ കൊമ്പന്‍ മീശ താഴേക്ക് തടവിക്കൊണ്ട് ഹൈദ്രോസ് പറഞ്ഞു
“ഇല്ല, പക്ഷെ കാട്ടു പോത്തിന്റെ ഇറച്ചിയാണെന്നു പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്”
“പിന്നീട് എന്ത് സംഭവിച്ചു? ” ആകാംക്ഷയോടെ വിക്രമാദിത്യന്‍ വക്കീല്‍ തോളില്‍ കിടന്ന് കഥ പറയുന്ന ഗൌണിനോടു ചോദിച്ചു.
ഗൌണ്‍ കഥ തുടര്‍ന്നു.
മാത്തുക്കുട്ടി കോടതിയുടെ നേരെ നോക്കി പറഞ്ഞു.
‘യുവര്‍ ഓണര്‍ പ്രതികള്‍ പറഞ്ഞു എന്ന് സാക്ഷി പറയുന്നതല്ലാതെ തൊണ്ടി മുതല്‍ കാട്ടുപോത്തിന്റെ ഇറച്ചിയാണെന്ന് യാതൊരു തെളിവുമില്ല.’
ചോദ്യം അവസാനിപ്പിച്ച് തന്റെ ഗൌണ്‍ ഒന്ന് വിടര്‍ത്തി കോടതിയെ കുനിഞ്ഞ് വന്ദിച്ചു മാത്തുക്കുട്ടി കസേരയില്‍ ഇരുന്നു.
കോടതി കേസ് ഫയലുകള്‍ പരിശോധിച്ചു. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഇല്ലായെന്നു പറഞ്ഞു കേസ് വെറുതെ വിട്ടതായി പ്രഖ്യാപിച്ചു.
“അപ്പോള്‍ മാത്തുക്കുട്ടിക്കു സന്തോഷം ആയി കാണുമല്ലോ”വിക്രമാദിത്യന്‍ വക്കീല്‍ ചോദിച്ചു.
ഉത്തരമായി ഗൌണ്‍ ഈ കഥ പറഞ്ഞു
തന്‍റെ കന്നി കേസ് നടത്തലില്‍ വിജയാശ്രീലാളിതനായി പുറത്ത് വന്ന മാത്തുക്കുട്ടി കേസിലെ പ്രതികളെ അവിടെ തിരഞ്ഞു നോക്കി പക്ഷെ അവരെയാരെയും അവിടെ കണ്ടില്ല. കണ്ടതോ കേസ് വിചാരണക്കെടുക്കാതെ വയ്യ എന്ന വിവരം അറിഞ്ഞു എത്തിയ സീനിയര്‍ വക്കീലിനെയും ഗുമസ്തനെയുമാണ്.
മാത്തുകുട്ടി അഭിമാനത്തോടെ കേസ് വെറുതെ വിട്ട കാര്യം സീനിയര്‍ വക്കീലിനോട് പറഞ്ഞു. അദ്ദേഹം ഗുമസ്തന്റെ മുഖത്തേക്ക് നോക്കി.പിന്നെ ഒന്നും മിണ്ടാതെ കോടതിയുടെ പടിക്കെട്ടുകള്‍ ഇറങ്ങി തിരിച്ച് നടന്നു.
കാര്യം മനസിലായ ഗുമസ്തന്‍ മാത്തുക്കുട്ടിയോടു ഗൌരവത്തില്‍ പറഞ്ഞു.
“സീനിയര്‍ കാറിന്റെ ഈ മാസത്തെ സി സി അടക്കാന്‍ കണക്കാക്കി വെച്ചിരുന്ന പൈസയാണ് നിങ്ങള്‍ തുലച്ചത്. കേസ് രണ്ടു അവധി കൂടെ മുന്നോട്ടു പോയിരുന്നെങ്കില്‍ അവമ്മാര് ഫീസ് മുഴുവന്‍ കൊണ്ടുവന്ന് തന്നേനെ. ദേ ഇപ്പൊ കേസ് വിട്ടത് അറിഞ്ഞു കഷികള്‍ സ്ഥലം വിട്ടു. ഇനി പത്ത് പൈസ അവമ്മാരുടെ കയ്യീന്ന് കിട്ടില്ല”.
തിരികെ ഓഫീസില്‍ എത്തിയ മാത്തുക്കുട്ടിയെ കാത്തു ഓഫീസിന്റെ പുറത്ത് വരാന്തയില്‍ മാത്തുക്കുട്ടിയുടെ ഡയറിയും സ്വന്തമായ ഏതാനും പുസ്തകങ്ങളും ചിതറിക്കിടപ്പുണ്ടായിരുന്നു.
കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ തോളില്‍ കിടന്ന ഗൌണ്‍ വിക്രമാദിത്യന്‍ വക്കീലിനോട് ചോദിച്ചു ഈ കഥയില്‍ ധര്‍മ്മം ആരുടെ ഭാഗത്താണ്. മാത്തുക്കുട്ടി വക്കീലിന്റെ ഭാഗത്തോ അതോ സീനിയര്‍ വക്കീലിന്റെ ഭാഗത്തോ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക