Image

ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍- (ഭാഗം:1 - ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 24 December, 2018
 ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍- (ഭാഗം:1 -  ജോണ്‍ വേറ്റം)
ഉത്തരബംഗാളിന്റെ ഉത്തരാതിര്‍ത്തിയില്‍ 236 മൈല്‍ നീളമുള്ളൊരു അന്തര്‍ദേശീയ അതിര്‍ത്തിരേഖയെ സ്പര്‍ശിച്ചും നേപ്പാള്‍, ഭൂട്ടാന്‍ സിക്കിം എന്നീ അയല്‍രാജ്യങ്ങളെ തൊട്ടുരുമ്മിയും സ്ഥിതി ചെയ്യുന്ന ഒരു ഹിമാലയപര്‍വ്വതപാര്‍ശ്വമാണ് ഡാര്‍ജിലിംഗ്്. സമുദ്രനിരപ്പില്‍നിന്നും ഏഴായിരം അടിയോളം പൊക്കമുള്ള ഈ പര്‍വ്വതശൃംഗം, വിഭിന്നവും അവര്‍ണ്ണനീയവും അനുപമവുമായ പ്രകൃതിഭംഗികളാല്‍ നിറഞ്ഞവയാണ്. ഇത്രത്തോളം വിശാലബന്ധുരമായ ഒരു ഭൂമുഖത്തെങ്ങും വേറെയില്ലെന്ന് വിശ്വസിക്കാം. പകലും രാത്രിയും മധുരമാക്കുന്ന, എപ്പോഴും ഏതൊരു മനുഷ്യഹൃദയത്തിനും ആത്മസംതൃപ്തി പകര്‍ന്നുകൊടുക്കാന്‍ പര്യാപ്തമായ ഈ സുന്ദരലോകത്തിന്റെ ചരിത്രത്തിലും അവസ്ഥാ വിശേഷങ്ങളിലും ഒന്നെത്തിനോക്കാം.

റ്റിബറ്റിലെ സംസാരഭാഷയിലുള്ള 'ഡോര്‍ജി' ലിംങ്ഗ് എന്നീ ഏകകങ്ങളില്‍ നിന്നും ഉത്ഭവിച്ചിട്ടുള്ളതാണ് ഡാര്‍ജിലിംഗ് എന്ന നാമം. ഈ സ്ഥലത്തിന്റെ അടുത്ത് സ്ഥിതിചെയ്യുന്ന ഒബ്‌സേര്‍വേറ്റിഹില്‍' എന്ന് വിളിക്കപ്പെടുന്നൊരു മലയില്‍ പണിതിട്ടുള്ള അതിപുരാതന ബുദ്ധസന്യാസി മഠത്തിന് നല്‍കിയിട്ടുള്ളതാണ് ഈ പേര്. മലകളും കുന്നുകളും താഴ് വരകളും സമതലവും കൊണ്ട് നിറഞ്ഞ, 1200-ചതുരശ്രൈല്‍ വിസ്തീര്‍ണ്ണമുള്ള ഭൂവിഭാഗമാണ് ഡാര്‍ജിലിംഗ് ജില്ല. ക്രിസ്തുവര്‍ഷം 1828 വരെ ആരാലും കാണപ്പെടാതെകിടന്ന ഈ പര്‍വ്വതശൃംഗം സിക്കിമിലെ മഹാരാജാവിന്റെ അധികാരപരിധിക്കുള്ളില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് ഇത് എങ്ങനെ ഇന്‍്ഡ്യയുടെ ഭാഗായിത്തീര്‍ന്നു എന്നു നോ്ക്കാം.

ഇന്നത്തെ 'കലിംപാങ്ഗ്' സബ്ഡിവിഷന്‍ സിക്കിമിലെ മഹാരാജാവില്‍നിന്നും 1706-ല്‍ ഭൂട്ടാണികള്‍ പിടിച്ചെടുത്തു. അതിനെത്തുടര്‍ന്ന് ഭൂട്ടാണികളായ ഗൂര്‍ഖാകളോട് വളരെക്കാലം മല്ലടിച്ചെങ്കിലും സിക്കിമിലെ രാജാക്കന്മാര്‍ക്ക് വിജയിക്കുവാനോ 'കലിംപാങ്ഗ്' തിരിച്ചെടുക്കുവാനോ കഴിഞ്ഞില്ല. 1780-ല്‍ ഗൂര്‍ഖാകള്‍ നീപ്പാള്‍ദേശം കൂടി പിടിച്ചടക്കി കലിംപാങ്ഗ് സബ്ഡിവിനുമായി കൂട്ടിച്ചേര്‍ത്തു. അതിനുശേഷം ഗൂര്‍ഖാകളുടെ ശക്തി വര്‍ദ്ധിച്ചു. മുപ്പത് വര്‍ഷക്കാലത്തോളം അവിടെ അധികാരം നിലനിര്‍ത്തി. ഈ ഘട്ടത്തില്‍ ഇംഗ്ലീ്ഷ്‌കാരുടെ 'ഈസ്റ്റിന്‍ഡ്യാ കമ്പനി' നീപ്പാളുമായി യുദ്ധത്തിലേര്‍പ്പെട്ടു. ഗൂര്‍ഖാകള്‍ പിടിച്ചെടുത്തപ്രദേശങ്ങള്‍ ഈസ്റ്റിഡ്യാ കമ്പനി സ്വന്തമാക്കി. പ്രസ്തുത ഭൂവിഭാഗം ഈസ്റ്റിഡ്യാ കമ്പനി സിക്കിം രാജാവിനു വിട്ടുകൊടുത്തു. അങ്ങനെ 'സിക്കിം' പുനസ്ഥാപിക്കപ്പെട്ടു. എങ്കിലും അയല്‍രാജ്യങ്ങളുായി ഉണ്ടാകാവുന്ന ഏതൊരു കലഹത്തിനും ബ്രിട്ടീ് ഗവണ്‍മെന്റിന്റെ മദ്ധ്യസ്ഥത സ്വീകരിച്ചുകൊള്ളാമെന്ന വ്യവസ്ഥ സിക്കിം രാജാവിന് സ്വീകരിക്കേണ്ടിവന്നു. ഈ ഉടമ്പടികള്‍ക്കുശേഷം പത്ത് സംവത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍, സിക്കിം നീപ്പാള്‍ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ കലഹം ഉണ്ടായി. ഈ വിവരം സിക്കിം രാജാവ് ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അറിയിച്ചതനുസരിച്ച്, 1829-ല്‍, ക്യാപ്റ്റന്‍ ലായിഡ് മിസ്റ്റര്‍ ഗ്രാന്റ് എന്നീ ബ്രിട്ടീഷ് ഉദ്യോഗ്സ്ഥന്മാര്‍ ഡാര്‍ജിലിംഗില്‍ എത്തി. ആരോഗ്യദായകമായ കാലാവസ്ഥ, ചൈതന്യവും സുഖവും പകരുന്ന കുളിര്‍കാറ്റ് അകലെ ആകാശം മുട്ടിനില്‍ക്കുന്ന തുഹിനാചലങ്ങള്‍, മറ്റ് സുന്ദരദൃശ്യങ്ങള്‍ എന്നിവ അവരെ അത്യധികം ആകര്‍ഷിച്ചു. മഞ്ഞലകളിലൂടെ വഴിഞ്ഞൊഴുകുന്ന പ്രഭാതപ്രഭയും മലകളെ തഴുകിയൊഴുകുന്ന വെണ്ണിലാവും അവരുടെ കലാഹൃദയങ്ങളെ പുളകിതമാക്കി. അവിടം ആരോഗ്യസംരക്ക സ്ഥാനമാണെന്നും മനസ്സിലാക്കി. 'കാസി' വര്‍ഗ്ഗക്കാര്‍ ഒട്ടൊരു  കാലത്തോളം അവിടെ വസിച്ചിരുന്നുവെങ്കിലും, ആ ഘട്ടത്തില്‍ അവിടം ആള്‍ശൂന്യമായിരുന്നു. ഡാര്‍ജിലിംഗില്‍ ഒരു സാനിറ്റോറയത്തിന് ആവശ്യമായ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടെന്നും അവരുടെ മേലധികാരി ഗവര്‍ണ്ണര്‍ ജനറലിനെ അറിയിച്ചു. അതുകൊണ്ട്, ഒരു ഭരണ സമിതി ഡാര്‍ജിലിംഗില്‍ വന്നു. അന്വേഷണം നടത്തി. അവരുടെ സംഘത്തലവന്‍ ജനറല്‍ ലായിഡ് സിക്കിം രാജാവുമായി വസ്തു കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു ഉടമ്പടി തയ്യാറാക്കി. 1835 ഫെബ്രുവരി മാസം ഒന്നാം തീയതിയിലെ പ്രസ്തുത ഉടമ്പടിയുടെ ഉള്ളടക്കം, വാസയോഗ്യമല്ലാതിരുന്ന ഒരു പര്‍വ്വതശൃംഗത്തിന്മേലുള്ള അവകാശം ചാര്‍ത്തിക്കൊടുക്കയെന്നതായിരുന്നു.

1836-ല്‍ ജനറല്‍ ലായ്ഡ്, ഡോക്ടര്‍ ചാമ്പന്‍ എന്നിവര്‍ ഡാര്‍ജിലിംഗില്‍ എത്തി. അവിടം ഒരു 'സാനിറ്റോറിയം' ആക്കിത്തീര്‍ക്കുന്നതിന് അവര്‍ തീരുമാനിച്ചു. ആ സമയത്ത്്, അനാകര്‍ഷകമായ ഏതാനും കുടിലുകള്‍മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അക്കാരണത്താല്‍ കല്‍ക്കട്ടാ (കൊല്‍ക്കത്ത) യില്‍ നിന്നും ജനങ്ങളെ ക്ഷണിച്ചുവരുത്തി ഭൂമി വീതിച്ചുകൊടുത്തു പാര്‍പ്പിച്ചു. 1840-ആയപ്പോഴേക്കും, ഡാര്‍ജിലിംഗിന്റെ ഭാവത്തിന് ഗണ്യമായ മാറ്റമുണ്ടായി. പുതിയ ഭവനങ്ങളും, റോഡുകളും മറ്റ് ജീവിതസൗകര്യങ്ങളും ഉണ്ടാക്കി. 1849- ആയപ്പോഴേക്കും, ജനസംഖ്യ വര്‍ദ്ധിച്ചു. കുടിയേറ്റക്കാരായ കൃഷിക്കാരെ പരമാവധി പ്രോത്സാഹിപ്പിച്ചതാണ് ഈ പുരോഗതിയുടെ കാരണം. നിരന്തരമായ കഠിനാദ്ധ്വാനം അതിന് പിന്തുണയായി. എന്നിട്ടും, സിക്കിമുമായുള്ള അവരുടെ സൗഹൃദബന്ധം ഉടഞ്ഞു! ഡാര്‍ജിലിംഗിന്റെ വളര്‍ച്ച,' 'ലാമാവര്‍ഗ്ഗക്കാര്‍ക്ക്് ' കഷ്ടനഷ്ടങ്ങള്‍ വരുത്തിയതാണ് കാരണം. അതിനെത്തുടര്‍ന്നുണ്ടായ കലഹം 1849 വരെ വീണ്ടു. 1850-ആയപ്പോഴേക്കും, എതിര്‍പ്പുകളെ അടിച്ചമര്‍ത്തുവാന്‍ ഈസ്റ്റു ഇന്‍ഡ്യാകമ്പനിക്ക് സാധിച്ചു. അതുകൂടാതെ, സിക്കിം മലകളുടെ ഒരു ഭാഗവും അതിനോട് ചേര്‍ന്ന സമതലവും 'പൂര്‍ണ്ണിയ' പ്രവിശ്യയോടും പിന്നീട് ഡാര്‍ജിലിംഗിനോടും ചേര്‍ത്തു. ഇത് കുടികിടപ്പുകാര്‍ക്ക് സഹായവും സന്തോഷവുമായി.

1860-ല്‍ സിക്കിമുമായുള്ള സൗഹാര്‍ദൂതക്ക് ഭംഗം വന്നു. അത് ഒരു യുദ്ധത്തിന് കാരണമായി. 1861-ല്‍, ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ പട്ടാളം സിക്കിമിന്റെ തലസ്ഥാനമായിരുന്ന 'റ്റം ലാങ്ങ്ഗ്' എന്ന സ്ഥലത്തെത്തി. ഭരണത്തിലിരുന്ന രാജാവ് സ്ഥാനമൊഴിഞ്ഞതിനാല്‍, ഇളയരാജാവിനെ ഉടമ്പടിപ്രകാരം വാഴിച്ചു. അങ്ങനെ, സിക്കിമിന്റെ അതിര്‍ത്തിയില്‍, ബ്രിട്ടീഷുകാര്‍ പരമാധികാരം സ്ഥാപിച്ചു. എന്നാല്‍, ഭൂട്ടാണികളുടെ ദ്രോഹപ്രവര്‍ത്തികള്‍ ശമിച്ചില്ല. കൊല ചെയ്യുക, കൊള്ളയടിക്കുക, ആളുകളെ അടിമകളാക്കിക്കൊണ്ടുപോവുക എന്നീ അക്രമങ്ങള്‍ വര്‍ദ്ധിച്ചു. ഇവ തടയാന്‍, 1863-ല്‍, ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ നിയുക്തസംഘം ഭൂട്ടാണിലെത്തി. അപ്പോഴും, അവരുടെ ഉദ്യേശ്യം ഫലിച്ചില്ല. അപമാനിക്കപ്പെട്ട്, അവര്‍ മടങ്ങിപ്പോയി. ഭൂട്ടാണികളുടെ കടന്നാക്രമണങ്ങള്‍ പൂര്‍വ്വാധികമാവുകയും ചെയ്തു. 1864-ല്‍, പല പ്രതിരോധസംഘങ്ങളും ഭൂട്ടാണിലെത്തി. എന്നിട്ടും, നിരാശാജനകമായിരുന്നു ഫലം. പിന്നീട്, 1865-ല്‍ കലിംപാങ്ഗ്, ഭൂട്ടാന്‍സേന നിവേശം ചെയ്തിരുന്നഗ്രാമങ്ങള്‍, സുപ്രധാന ഭൂട്ടാണ്‍ കുന്നുകള്‍ എന്നിവ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ അധികാരപരിധിക്കുള്ളില്‍ വന്നുചേര്‍ന്നു. 1866-ല്‍, ഈ പ്രദേശങ്ങളെല്ലാം ഡാര്‍ജിലിംഗിനോട് ചേര്‍ത്തു. പിന്നീട്, അതിന്റെ പരിണാമക്ലിപ്തക്ക് മാറ്റം വന്നില്ല. ഇംഗ്ലീഷുകാരുടെ അധികാരപരിധിക്കുള്ളില്‍ കലിംപാങ്ഗ് ചേര്‍ത്തതോടെ; മലകള്‍ ഉള്‍പ്പെട്ടഭാഗം, താഴ് വരകളും സമതലങ്ങളും ചേര്‍ന്ന മറ്റൊരുഭാഗം എന്നിങ്ങനെ രണ്ട് സബ്ഡിവിഷനുകള്‍ സ്ഥാപിച്ചു. 1864-മുതല്‍ 1880 വരെ 'ഫാന്‍സിദേവ' എന്ന സ്ഥലത്തായിരുന്നു ആസ്ഥാനം. 1891-ല്‍ കര്‍സിയോങ്ഗും, 1907-ല്‍ സിലിഗുരിയും സബ്ഡിവിഷനുകളായി. അതിനുശേഷം ഡാര്‍ജിലിംഗ് പ്രസ്തുത നാല് സബ്ഡിവിഷനുകള്‍ ചേര്‍ന്ന ജില്ലയായി. 1881-ല്‍, സിലിഗുരിവരെ ഉണ്ടായിരുന്ന, മീറ്റര്‍ഗേജ് റയില്‍മാര്‍ഗ്ഗം ഡാര്‍ജിലിംഗ് വരെ നീട്ടി. ഡാര്‍ജിലിംഗ് മലനിരകളുടെ ഭംഗി ആസ്വദിക്കാന്‍ സഹായിക്കുന്ന ഈ കളിപ്പാട്ട ട്രെയിനിന്റെ, സിലിഗുരി മുതല്‍ ഡാര്‍ജിലിംഗ് വരെയുള്ള, സഞ്ചാരദൂരം രണ്ടായിരത്തോളം മീറ്ററാണ്.
(തുടരും...)

 ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍- (ഭാഗം:1 -  ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക