Image

ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന ഉറച്ച നിലപാടെടുത്ത് പോലീസ്

Published on 25 December, 2018
ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന ഉറച്ച നിലപാടെടുത്ത് പോലീസ്
മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇനിയുള്ള ദിവസങ്ങളില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന ഉറച്ച നിലപാടെടുത്ത് പോലീസ്. യുവതികളെത്തിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസിന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, നട അടയ്ക്കാന്‍ കേവലം രണ്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയിലേക്ക് ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ അണിയിക്കുന്നതിനായി ആറന്‍മുളയില്‍ നിന്നും പുറപ്പെട്ട തങ്കഅങ്കി രഥഘോഷയാത്ര ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പമ്ബയില്‍ എത്തും. പമ്ബ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനുവയ്ക്കുന്ന തങ്കഅങ്കി വൈകിട്ട് മൂന്നരയോടെ പേടകത്തിലാക്കി ശബരിമലയ്ക്ക് പുറപ്പെടും. 

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് നിയന്ത്രണമുണ്ട്. തങ്ക അങ്കി കടന്നുപോയ ശേഷം അഞ്ച് മണിയോടെ മാത്രമേ കടത്തിവടൂ. അഞ്ചരയ്ക്ക് ശരംകുത്തിയിലെത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ജീവനക്കാര്‍ ചേര്‍ന്ന് സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിക്കും. 

പതിനെട്ടാംപടി കയറി എത്തുമ്ബോള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. തന്ത്രിയും മേല്‍ശാന്തിയും ശ്രീകോവിലില്‍ ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നടയടയ്ക്കും. തങ്കഅങ്കി ചാര്‍ത്തിയാണ് ദീപാരാധന. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ണിക്കാണ് മണ്ഡലപൂജ. ഇതിന് മുന്നോടിയായി 11 മണിക്ക് നെയ്യഭിഷേകം നിര്‍ത്തിവയ്ക്കും. തുടര്‍ന്ന് മണ്ഡലപൂജാ ചടങ്ങുകള്‍ ആരംഭിക്കും. അന്ന് രാത്രി 10 മണിക്ക് അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. ജാനുവരി 14 നാണ് മകരവിളക്ക്. 

കഴിഞ്ഞ ഒരാഴ്ചയിലേറെയായി വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച മാത്രം ഒന്നരലക്ഷത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയതായാണ് പോലീസിന്റെ ഔദ്യോഗിക കണക്ക്. തിങ്കളാഴ്ചയും മരക്കൂട്ടം മുതല്‍ ഭക്തരെ നിയന്ത്രിച്ചാണ് കയറ്റി വിടുന്നത്. വൈകിട്ട് ആറ് മണിവരെ ഒരു ലക്ഷത്തോളം തീര്‍ത്ഥാടകരെത്തി. 

നിലയ്ക്കലിലും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. എരുമേലി നിലയ്ക്കല്‍ റൂട്ടില്‍ കഴിഞ്ഞദിവസം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തുലാപ്പള്ളി മുതല്‍ വാഹനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. വാഹനങ്ങളുടെ ബാഹുല്യം കാരണം നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടും നിറഞ്ഞുതുടങ്ങി. ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി അംഗങ്ങള്‍ തിങ്കളാഴ്ച രാത്രിയോടെ സന്നിധാനത്ത് എത്തി. അവധി ദിവസമായ ബുധനാഴ്ചയും ശബരിമലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
Join WhatsApp News
Snapshot 2018-12-26 17:46:44
വിവരക്കേടിന്റെ ഫോട്ടോ എടുത്താൽ ഇങ്ങനെ ഇരിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക